ഈ ഡയലോഗുകൾ നിങ്ങൾ ജീവിതത്തിൽ തന്നെ എത്രതവണ പറഞ്ഞിട്ടുണ്ടാകും ?

0
88

Thozhuthuparambil Ratheesh Trivis

പണ്ട് പോളിടെക്‌നിക്കിൽ പഠിക്കുന്ന സമയം .ഞങ്ങൾ ഫൈനൽ ഇയർ ആയി വിലസുന്ന സമയം ,,പുതിയ ബാച്ച് പിള്ളേർ വന്ന സമയം ,,ഇരവിഴുങ്ങാൻ കാത്തിരുന്ന മലമ്പാമ്പിനെപ്പോലെ ഞങ്ങൾ പതിയിരുന്നു !ഞങ്ങളുടെ സീനിയേഴ്സ് ഞങ്ങളിൽ കുറെ പേരോട് കോളേജിൽ വന്ന സമയത്ത് ചെയ്ത പോലെ ഞങ്ങളും ഞങ്ങടെ ജൂനിയേഴ്സിനെ ഭരിക്കാൻ ഇറങ്ങുന്ന ഡൈമൻ ചട്ടമ്പിമാരായി !!!
അങ്ങനെ വിലസുന്ന സമയം ,ഒരിക്കൽ കൂട്ടത്തിൽ ഒരുത്തന്റെ അഭ്യാസം കുറച്ചു കൂടിപ്പോയി എന്ന് പറയാം !!!

കോട്ടയത്ത് നിന്ന് ചേലക്കര പോളിടെക്‌നികിൽ അഡ്മിഷൻ കിട്ടി വന്ന ഒരു ജൂനിയർ പയ്യനെ അവൻ ഒന്ന് ശരിക്ക് കുടഞ്ഞു ,അവനെ ഡോമിനേറ്റ് ചെയ്ത് നമ്മടെ കൂട്ടുകാരൻ മര്യാദക്ക് ചൊറിഞ്ഞു !!!
അവൻ എതിർക്കില്ല എന്നറിഞ്ഞതുകൊണ്ടു തന്നെ അവന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്ത് അവനോട് സിഗരറ്റ് വാങ്ങിക്കാൻ പറഞ്ഞു ,അവൻ സിഗരറ്റ് വാങ്ങി വന്നു ,വീണ്ടും അവനെ കുറെ ചൊറിഞ്ഞു !!!

ഒടുവിൽ അവനും തിരിച് ചൂടായപ്പോൾ അവനെ അസ്സലായി ഒന്ന് പൊട്ടിക്കുകയും ചെയ്തു !!!
ഈ സംഭവം നടന്നത് മൊത്തം രാത്രിയിൽ ആയിരുന്നു ,,കോളേജിനടുത്ത് വാടകക്ക് മുറിയെടുത്തായിരുന്നു മിക്ക പിള്ളേരും നിന്നിരുന്നത് ,,തല്ല് കൊണ്ടവനും തല്ലിയവനും എല്ലാം അക്കൂട്ടത്തിൽ പെടും ,,

എന്റെ വീട് കോളേജിന്റെ അടുത്ത് തന്നെ ആയതുകൊണ്ട് ഞാൻ രാത്രി നമ്മടെ ഗാങ്ങിന്റെ കൂടെ ഉണ്ടാകില്ല ,,അതോണ്ട് ഈ സംഭവം നടക്കുമ്പോഴും ഇമ്മള് സ്ഥലത്തുണ്ടായില്ല …
അങ്ങനെ പിറ്റേന്ന് ഞാൻ കോളേജിൽ എത്തി ,,കോളേജിൽ കയറുന്നതിന് മുൻപ് ഇമ്മടെ പിള്ളേരുടെ റൂമിൽ പോയിട്ടേ സാധാരണ ക്ലാസ്സ്‌ നടക്കുന്ന പരിസരങ്ങളിൽ പോകാറുള്ളൂ ,,
അന്ന് ഞാൻ റൂമിൽ എത്തിയപ്പോ കണ്ട കാഴ്ച !!!

ഇമ്മടെ പിള്ളേരെടെയൊക്കെ മോന്തയും ചുണ്ടുമെല്ലാം അസ്സലായി വീങ്ങിയിരിക്കുന്നു !ചിലരുടെ മുഖത്ത് ചോരപ്പാടും !!വിവരം തിരക്കിയതിൽ നിന്നും ഒരു കാര്യം മനസ്സിലായി ,തലേ ദിവസം വൈകുന്നേരം ഇമ്മടെ പിള്ളേർ തല്ലിയ ജൂനിയർ പയ്യൻ അവന്റെ ചേട്ടനെ വിളിച്ചു രാത്രിക്ക് രാത്രി വിവരം പറഞ്ഞു ,അവർ കോട്ടയത്ത് നിന്നും ഒരു ടീം വന്നു ,അസ്സലായി ഇമ്മടെ പിള്ളേരെ പെരുക്കി !!!
അതിന് ശേഷം അവർ കോളേജിലെ പ്രിൻസിപ്പൽ മുമ്പാകെ അവരുടെ അനിയനെ റാഗ് ചെയ്തു എന്ന് പരാതിയും കൊടുത്തു !പ്രിൻസിപ്പൽ ഇമ്മടെ പിള്ളേരെ എല്ലാവരെയും വിളിച്ചു വരുത്തി സംഗതി ഒരുവിധം ഒത്തുതീർപ്പാക്കി സഭ തത്കാലം പിരിച്ചു വിട്ടു ,കോട്ടയത്ത് നിന്നും വന്ന ജൂനിയർ പയ്യന്റെ ചേട്ടൻ പ്രിൻസിപ്പാളുടെ റൂമിന്റെ പുറത്ത് വച്ച് ഞങ്ങളുടെ മുഖത്ത് നോക്കിപ്പറഞ്ഞു ,,
ഇനി വരേണ്ടി വന്നാൽ ഇങ്ങനെ ആവില്ല !!!
എല്ലാം ഒന്നോർത്തോ !!!
കോട്ടയം ടീം പോയി !!!!
ദിവസങ്ങൾ വീണ്ടും കടന്ന്‌ പോയി ,,
തല്ല് കിട്ടിയതൊക്ക സെറ്റായി ഞങ്ങൾ പതിവ് പരിപാടികളോടെ കോളേജിൽ വിലസി ,,
അങ്ങനെ വീണ്ടും ഒരു ദിവസം ,,
കൂട്ടത്തിൽ വച്ച് ഏറ്റവും കലിപ്പ് കൂട്ടുകാരൻ ഓടിവന്ന് പറഞ്ഞു ,,,
ടാ മറ്റവന്റെ ചേട്ടൻ വന്നിട്ടുണ്ട് !!!
ആരടെ ???
ടാ മൈ …ളെ അന്ന് ഇമ്മളെ പഞ്ഞിക്കിട്ടില്ലെ ,,അവൻ !!
അത് കേട്ടതും എല്ലാവരും കൂടി ചോദിച്ചു ???
എവടെ ???
അവൻ അവന്റെ അനിയനെ കാണാൻ വന്നതാണ് ,,ഇപ്പൊ അവന്റെ അനിയന്റെ റൂമിൽ ഉണ്ട് ,,അവര് രണ്ടാളും മാത്രമേ ഉളളൂ !!!
ഇപ്പൊ പോയാൽ ചാമ്പാൻ പറ്റിയ ടൈം ആണ് !!!
പുറപ്പെട്ടു !!!
ഞങ്ങൾ ഉദ്ദേശം ഒരു എട്ടു പേര് !!!
കോളേജിനടുത്ത് നിന്നും മാറിയാണ് ജൂനിയർ പയ്യൻ താമസിക്കുന്നത് ,,അവന്റെ സുഖവിവരങ്ങൾ അന്വേഷിക്കാൻ വന്നതാണ് അവന്റെ ചേട്ടൻ ,,കുറച്ചു നാൾ മുൻപ് ഇമ്മടെ പിള്ളേരെ ചാമ്പിയതൊക്കെ പുള്ളി മറന്നു !!!
അന്നത്തെ പുള്ളിയുടെ ഭീഷണിയും തല്ലും കാരണം ഇമ്മടെ പിള്ളേരൊക്കെ പേടിച്ച് ഒതുങ്ങിപ്പോയി എന്ന് പുള്ളിയങ്ങട്ട് സ്വയം തീരുമാനിച്ചു !!!
പക്ഷെ പുള്ളിക്ക് എല്ലാം മനസ്സിലായി !!!
റൂമിൽ കയറി ഇമ്മടെ പിള്ളേർ തിരിച് പണിതപ്പോൾ !!!
അത്യാവശ്യം ബേഷ് ആയിത്തന്നെ പുള്ളിക്ക് കൊടുത്തു പിള്ളേർ !!!
തല്ല് മുറുകി !!!
റൂമിൽ നിന്നും പുറത്തേക്ക് അടി നീണ്ടു !!
പുള്ളിയും കോട്ടയത്തെ പോരാട്ടവീര്യം പുറത്തെടുത്ത് ഒറ്റയ്ക്ക് പൊരുതി !!!
ഒടുവിൽ നാട്ടുകാർ ഇടപെട്ടു !!
അവരുടെ കൂട്ടത്തിൽ നിന്നാരോ പോലീസ് സ്റ്റേഷനിൽ വിളിച്ചു !!!
സംഗതി കൂടെ പോയെങ്കിലും ഇമ്മള് അവിടെയും ന്യൂട്രൽ ആയിരുന്നു ട്ടോ ,,
അതോണ്ട് പോലീസ് വണ്ടി അകലെ നിന്ന് കണ്ടതും ഞാൻ ഓടി അസ്സല് ഓട്ടം !!!
ഞാൻ മാത്രമല്ല !!!മറ്റുള്ളവരും !!!
റോഡ് ഏതാ ???
തൊടി ഏതാ എന്നുള്ള നിഗമനത്തിലെത്താനൊന്നും സമയം ഇല്ലാത്തോണ്ട് ഞാൻ നേരെ അപ്പുറത്ത് കണ്ട ഒരു വളപ്പിലേക്കാണ് ചാടിയത് !!!
ശേഷം അകലെയായി കണ്ട ഒരു തേക്കാത്ത കരിങ്കൽ ഭിത്തിയും ലക്ഷ്യമാക്കി ഓടി ,,അപ്പുറത്ത് എന്താണ് എന്നുപോലും നോക്കാതെ കരിങ്കല്ലിന്റെ ചെറിയ മതിലെടുത്തു ഞാൻ ചാടി !!!
പിഴച്ചില്ല !!!
ചാടിയത് ചതുരാകൃതിയിൽ പടുത്തുയർത്തിയിരുന്ന ഒരു കിണറ്റിലേക്ക് !!!
പക്ഷേങ്കില് നല്ല കാലം കൊണ്ട് അധികം ആഴമുണ്ടായില്ല ,,
വെള്ളവും കുറവായിരുന്നു ,,
ചെന്ന് കാലുറപ്പിച്ചത് കിണറിന്റെ ഉൾവശത് പടുത്തുയർത്തിയ ചെറിയ ഒരു പടവിലും ആയിരുന്നു !!!
ചാടിയ പാടെ ഞാൻ തല പൊക്കാതെ അവിടെ തന്നെ കിടന്നു ,,,
തലയെങ്ങാനും പൊക്കിയാൽ എന്തായാലും ആ വളപ്പിന് ചുറ്റും ഞങ്ങളെ തപ്പി നടക്കുന്ന പോലീസിന്റെ കയ്യിൽ പെടും എന്നുറപ്പായിരുന്നു !!!അതുകൊണ്ട് എത്ര നേരമായാലും സാരമില്ല ,,
ഞാൻ ശ്വാസമടക്കിത്തന്നെ ആ പടവിൽ കിടന്നു !!!
അന്ന് അങ്ങനെ കിടക്കുമ്പോൾ ഞാൻ ആത്മാർഥമായി ആഗ്രഹിച്ച ഒരു കാര്യമുണ്ടായിരുന്നു ,,,
ദൈവമേ ,,
അഥവാ ഇപ്പൊ പിടിക്കപ്പെടുകയാണെങ്കിൽ
എന്നെ ഒറ്റയ്ക്ക് പിടിക്കരുതേ !!!
കൂടെ വന്ന ഏതെങ്കിലും ഒരുത്തനേം കൂടി പിടിക്കണേ എന്ന് !!!
സംഗതി പല സിനിമകളിലെ പഞ്ച് ഡയലോഗ് പോലെ പോലിസ് സ്റ്റേഷനും ലോക്കപ്പുമെല്ലാം ചങ്കൂറ്റമുള്ളോർക്കു പറഞ്ഞിട്ടുള്ളതാ !!!
എന്നൊക്കെ പലയിടത്തും തള്ളിയിട്ടുണ്ടെങ്കിലും അന്നത്തോടെ ഒരു കാര്യം മനസ്സിലായി ,,,
നാടോടിക്കാറ്റ് സിനിമയിൽ ,,
വിജയൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ,,
“”എന്റെ കഷ്ടകാലം നേരത്താണ് എനിക്ക് ആ വീലിന്റെ കാറ്റഴിച്ചുവിടാൻ തോന്നിയത് !!!
അപ്പോൾ ദാസൻ പറയും ,,
“”നീയപ്പോ അങ്ങനെ ചെയ്തത് നന്നായി !!
ഇല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റയ്ക്കായെനെ !!!
സംഗതി ഇത് കേൾക്കുമ്പോൾ പലർക്കും തോന്നാം ദാസൻ ഒരു കുനിട്ടൻ ആണെന്നും ആത്മാർത്ഥസുഹൃത്‌ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കാത്തവൻ ആണെന്നുമൊക്കെ !!!
പക്ഷേങ്കില് ഇങ്ങനത്തെ പല അവസരങ്ങളിലും ഇമ്മളെപോലുള്ളവരുടെ മനസ്സ് ദാസന്റെ കൂടെയേ നിൽക്കൂ !!!
അതിപ്പോ കൂട്ടുകാരനായ വിജയനോട് സ്നേഹമില്ലാഞ്ഞിട്ടല്ല !!!
അത് ഒരു നിർദോഷമായ ഒരു സുഖവും ആശ്വാസവുമാണ് !!!
തലമുറകൾ അനുഭവിച്ചു വന്ന ആനന്ദമാണ് !!!
പെങ്കുട്ട്യോൾടെ മുന്നില് വച്ച് ചെവിപിടിച്ചു തിരുമ്പി പൊന്നാക്കിയ കണക്ക് മാഷിന്റെ മണ്ടേല് ഒളിഞ്ഞു നിന്നെറിഞ്ഞോട്ടയാക്കി എന്ന കുറ്റത്തിന് പിടിക്കപ്പെടുമ്പോഴും ,,,
പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് കഴുത്തിന് പിടിച്ചു പുറത്താക്കുമ്പോഴും ,,,
കൊല്ലപ്പരീക്ഷയ്ക്ക് തോറ്റുതുന്നം പാടുമ്പോഴും ,,
ലവ് ലെറ്റർ കൊടുത്തു എന്ന കുറ്റത്തിന് സ്നേഹിച്ച പെണ്ണിന്റെ അച്ഛനോ ആങ്ങളയോ വന്ന് പഞ്ഞിക്കിടുമ്പോഴും ,,,
മാനേജരെ തെറിപറഞ് കഞ്ഞികുടിക്കാനുള്ള വകയ്ക്കുള്ള ജോലി കളയുന്ന സമയത്തുമെല്ലാം
ആരാണ് ഒരു കൂട്ട് ആഗ്രഹിക്കാത്തത് !!!
ദാസൻ പറഞ്ഞ പോലെ,,
നീയപ്പോ അങ്ങനെ ചെയ്തത് നന്നായി ,,
നീയും കൂടി തോറ്റത് നന്നായി ,,
നീയും കൂടി അവനെ തല്ലാൻ ഉണ്ടായത് നന്നായി ,,
എന്നിങ്ങനെയുള്ള എത്രയോ സാഹചര്യങ്ങളിൽ നമ്മുടെ എത്രയോ ചങ്കുകൾ
സ്വയം ആശ്വാസം കണ്ടെത്തിയിരിക്കും ???

Nb ::തല്ലിത്തലപൊളിക്കാൻ നടന്നവരൊക്ക കാലങ്ങൾക്കു ശേഷം തോളിൽ കയ്യിട്ട് നടന്ന ക്ലീഷേകളിൽ ഒന്നായി പിന്നീട് ഞങ്ങടെയൊക്കെ തമ്മിൽത്തല്ലും …..