എന്റെ ഒരു ഹൈറേഞ്ച് യാത്രയിൽ വളരെ അവിചാരിതമായാണ് ഞാൻ “അവരെ “കണ്ടത്

0
61
Thozhuthuparambil Ratheesh Trivis
എന്റെ ഒരു ഹൈറേഞ്ച് യാത്രയിൽ വളരെ അവിചാരിതമായാണ് ഞാൻ “അവരെ “കണ്ടത് ,,
പറഞ്ഞാൽ ചിലപ്പോൾ അവരെ നിങ്ങൾക്കും അറിയുമായിരിക്കും !!!
തമിഴ് നാട്ടിലെ “കോട്ടഗിരി “,,
ഒരുപാട് കാഴ്ചകൾ നിറഞ്ഞ ഒരു ഹൈറേഞ്ച് ആണ് കോട്ടഗിരി ,,കോട്ടഗിരിക്കടുത്ത് ഒരു വ്യൂ പോയിന്റ് ഉണ്ട് ,,
“കോടനാട് വ്യൂ പോയിന്റ് “
താഴെ ചെങ്കുത്തായ കൊക്കയെ മുഴുവനും കോടമഞ്ഞു വിഴുങ്ങുന്നൊരു കാഴ്ചയുണ്ട് അവിടെ പോയാൽ !!!
അതൊരു വല്ലാത്ത ഫീൽ തന്നെയാണ് !!!
ഞാൻ എത്തിയപ്പോൾ സമയം ഏതാണ്ട് വൈകുന്നേരം ഒരു 4 മണിയായിക്കാണും ,,കോടയിറങ്ങി തുടങ്ങിയിട്ടുണ്ട് ,,ഞാൻ ആ കാഴ്ചയും കണ്ടുകൊണ്ട് മലനിരകളെയും തഴുകിക്കൊണ്ട് വീശുന്ന കാറ്റും തണുപ്പും ആസ്വദിച്ചുകൊണ്ട് കുറെ നേരം ആ വ്യൂ പോയിന്റിൽ ഇരുന്നു ,,,
ഇങ്ങനെയിരിക്കുമ്പോൾ വല്ലാത്തൊരു സുഖമുണ്ട് ,,ജീവിതത്തിൽ ഇന്നോളം അനുഭവിച്ച എല്ലാ നിമിഷങ്ങളും ഓർമകളായി വന്ന് കണ്മുന്നിൽ വന്ന് നിൽക്കുന്ന പോലെ !!!
എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും ഇടയ്ക് ഇതുപോലൊരു ട്രിപ്പ്‌ എനിക്ക് പതിവാണ് ,,കൂടെ ആരെയും കൂട്ടാറില്ല ,,
വെള്ളിയാഴ്ച വൈകുന്നേരം ബൈക്കുമെടുത്ത് ഇതുപോലെ ഏതെങ്കിലും പ്രദേശത്തേക്ക് അങ്ങ് പോരും ,,
ഇതിന് മുൻപ് നമ്മളെ അറിയാത്ത പല മനുഷ്യരെയും കണ്ടുകൊണ്ട് അവരുടെ ജീവിതത്തെ അറിഞ്ഞുകൊണ്ട് മനസ്സ് നിറഞ്ഞ് പ്രകൃതിയെയും ആസ്വദിച്ചുകൊണ്ട് ഒരു യാത്ര !!!!
അങ്ങനെയാണ് ഇന്ന് ഞാൻ കോട്ടഗിരി എത്തിയത് ,,ഇന്ന് രാത്രി ഇവിടെ അടുത്തൊരു ചെറിയ ഹോം സ്റ്റേയിൽ ആണ് താമസം ,,ഇവിടുത്തെ വൈകുന്നേരം ആസ്വദിച്ചതിനു ശേഷം അങ്ങോട്ടേക്ക് പോകാൻ ആണ് പ്ലാൻ ,,
സമയം ഏറെക്കുറെ കഴിഞ്ഞ് പോയി ,,അകലെ കോടമഞ്ഞു വിഴുങ്ങിയ മലനിരകളെ ഇപ്പോൾ ഇരുട്ട് ആക്രമിച്ചിരുന്നു ,,ഞാൻ ആ വ്യൂ പോയിന്റിൽ നിന്നും മുകളിലേക്ക് കയറി ,,
ആ വ്യൂ പോയിന്റ് ഒരു ബസ് ഹബ് കൂടിയാണ് ,,കോട്ടഗിരിയിൽ നിന്നും കോടനാട് വ്യൂ പോയിന്റിലേക്കുള്ള ബസ്സുകൾ അങ്ങോട്ടേക്ക് വരും ,,മിക്കവാറും സഞ്ചാരികളുമായാണ് മിക്ക ബസ്സുകളും വരുന്നത് ,,
വൈകുന്നേരം 7.30 നോ മറ്റോ അവിടേക്കുള്ള അവസാനത്തെ ബസ്സ് വരും ,,
അതും കൂടി കഴിഞ്ഞാൽ പിന്നെ അവിടം ആകെ ശാന്തമാണ് ,,
ആ തണുത്ത വിജനതയിൽ തണുപ്പടിച്ചു കാവലിരിക്കാൻ ഒരു സെക്യൂരിറ്റിക്കാരൻ മാത്രമേ പിന്നെ അവിടെയുണ്ടാകൂ !!!…
അതിന്റെ തൊട്ടടുത്ത് കൊക്കയോട് ചേർന്ന് ഒരു കാന്റീൻ ഉണ്ട് ,,
കാന്റീൻ അടയ്ക്കാനുള്ള സമയം ആയിരിക്കുന്നു ,,എന്നാലും ഞാനടക്കം വേറെ കുറച്ച് യാത്രികരും കൂടി അവിടെയുള്ളതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി അവർ നല്ല ചൂട് കായ ബജ്ജിയും മുളക് ബജ്ജിയും ഉണ്ടാക്കുന്നുണ്ട് ,,
ഞാൻ അവിടെ നിന്ന് രണ്ട് കായബജ്ജിയും ഒരു കട്ടനും വാങ്ങി കാന്റീന് പുറത്തെ തണുപ്പിലേക്കിറങ്ങി ,,ചുണ്ടുകൊണ്ട് ഊതി ചായ തണുപ്പിക്കേണ്ട ആവശ്യം ഇല്ല !!!
അത്രയ്ക്കും തണുപ്പാണ് !!
ചൂട് ബജ്ജി ഒരു കടിയും കടിച്ച് ആ തണുപ്പിനെ ആസ്വദിച്ചുകൊണ്ട് ഞാൻ കട്ടനെ അകത്താക്കി ,,
ഇനി ഹോംസ്റ്റേ അന്വേഷിക്കണം ,,
മുൻപൊരിക്കൽ അവിടെ താമസിച്ച ഒരു കൂട്ടുകാരൻ ആണ് ആ സ്ഥലത്തെ പറ്റി പറഞ്ഞു തന്നത് ,,തിരക്കുകളിൽ നിന്നെല്ലാം മാറി ദൂരെ മലനിരകളിൽ ഉള്ള ആ ഹോംസ്റ്റേ ,,
ഞാൻ കൂട്ടുകാരനെ വിളിച്ചു ,,
ശരിയായ വഴി ചോദിച്ച് മനസ്സിലാക്കിയതിനു ശേഷം മഞ്ഞും ഇരുട്ടും മൂടിയ വഴികളിലേക്ക് ബൈക്കിന്റെ വെട്ടം തെളിച്ചു ……
****************************************************
മെയിൻ റോഡിൽ നിന്നും കൂട്ടുകാരൻ പറഞ്ഞു തന്ന വഴിയും പിടിച്ച് ഞാൻ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് ,,
മലഞ്ചെരിവിലൂടെയുള്ള ചെറിയ മൺപാതയാണ് ,,പാതയുടെ ഒരു വശം ചെരിഞ്ഞുകിടക്കുന്ന തേയിലത്തോട്ടവും ഒരു വശം ഉയരത്തിലുള്ള മലകളുമാണ് ,,മലയുടെ മുകളിൽ അങ്ങിങ്ങായി ചെറിയ വീടുകളുണ്ട് ,,അവിടെ നിന്നും മിന്നാമിന്നി വെളിച്ചം പോലെ ചെറിയ വെട്ടം കാണാനുണ്ട് ,,അവിടെയാണ് ഞാൻ പോകുന്ന ഹോംസ്റ്റേ ,,
ഇനി ആ ഹോംസ്റ്റേയുടെ അടുത്തെത്താനുള്ള മൺപാതയുടെ തുടക്കമാണ് ,,അതിന്റെ തുടക്കത്തിൽ തന്നെ എന്നെയും കാത്ത് സെന്തിൽ നിന്നിരുന്നു ,,
കൂട്ടുകാരൻ ആണ് സെന്തിലിന്റെ നമ്പർ തന്നത് ,,അന്ന് അവന് വേണ്ടി ഹോംസ്റ്റേ സൗകര്യം ഒരുക്കികൊടുത്തത് സെന്തിൽ ആയിരുന്നു ,,
ആ മലഞ്ചെരിവിൽ ഉള്ള ഹോംസ്റ്റേ സെറ്റപ്പുകൾ എല്ലാം പല പ്രദേശവാസികളുടെയും കയ്യിലുള്ളതാണ് ,,അങ്ങനെ അധികം വീടുകൾ ഒന്നുമില്ല ,,കൂടിപ്പോയാൽ ഒരു ആറെണ്ണം മാത്രമേ ആ ഭാഗത്ത്‌ ഉളളൂ താനും ,,അതിന്റെ എല്ലാത്തിന്റെയും കാര്യങ്ങൾ കൈകാര്യം ചെയുന്നത് സെന്തിൽ ആണ് ..
അങ്ങനെ ഞാനും സെന്തിലും കൂടി എനിക്കായി ഒരുക്കിയിരുന്ന ആ ഹോംസ്‌റ്റേയിൽ എത്തി ,,ചെറിയ ഒരു വീടാണ് ,,ഒരു മുറിയും ടോയ്ലറ്റും പിന്നെ കയറിച്ചെല്ലുന്ന ചെറിയ ഭാഗത്തായി ഭക്ഷണം കഴിക്കാനുള്ള ഒരു ടേബിളും ,,കൊടുക്കുന്ന വാടകക്കനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങളൊക്കെ അവിടെയുണ്ടെന്ന് എനിക്ക് തോന്നി ,,,
അങ്ങനെ എനിക്ക് ആ ഒറ്റമുറി വീട് സെറ്റാക്കി തന്ന് സെന്തിൽ യാത്ര പറഞ്ഞു ,,പോകാൻ നേരം എന്റെ വീടിന്റെ നേരെ മുന്നിലായി ഉയരെയുള്ള വെളിച്ചമുള്ള ഒരു ചെറിയ വീട് കാണിച്ച് തന്നു ,,എന്നിട്ട് പറഞ്ഞു ,,
ഇന്ത വീട്ടുക്ക് അവര് താൻ ഓണർ ,,
ഏതാവത് തേവയിരുന്താൽ അങ്കെ പോയി കേക്കലാം ,,
ഒന്നും കവലയ് വേണ്ട ,,
അതും പറഞ്ഞുകൊണ്ട് നാളെ വെക്കേറ്റ് ചെയ്യുന്ന സമയത്ത് വരാമെന്നു പറഞ്ഞ് സെന്തിൽ പോയി ,,ഞാൻ ബാഗൊക്കെ ഒരു സൈഡിൽ വച്ച് ഒരു സിഗരറ്റും കത്തിച്ചു സെന്തിൽ കാണിച്ച് തന്ന വീട്ടിലേക്കും നോക്കിയങ്ങനെ നിന്നു….
വിശപ്പ്‌ തോന്നുന്നില്ല ,,
കാരണം ബജ്ജി അകത്താക്കിയത് കാരണം ഒരു ചെറിയ തടയിട്ടിട്ടുണ്ട് ,,
അഥവാ ഇനി വിശന്നാലും കഴിക്കാൻ വേണ്ടി ബാഗിൽ ബ്രെഡും രണ്ടുമൂന്ന് പഴവും എല്ലാം ഇരിപ്പുണ്ട് ,,
ഇനിയിപ്പോ കുറച്ച് സമയം എഴുതണം …
കാരണം എന്റെ ഓരോ യാത്രയുടെ ഉദ്ദേശവും അത് തന്നെയാണ് ,,എല്ലാ യാത്രയും എന്തെങ്കിലും കഥയിലേക്കാവും ,,
പോകുന്ന വഴികളിൽ കാണുന്ന ഓരോ മനുഷ്യരിലും ഒരു കഥയുണ്ടാകും ,,
ഓരോ മനുഷ്യനും വ്യത്യ്സ്തമായ കഥകൾ ആയിരിക്കും ,,
എന്റെ യാത്രയും അത് കണ്ടെത്താൻ ആണ് ,,ഞാനറിയാത്ത കഥകൾ തേടി ,,,ആ കഥകളിൽ ഞാൻ കണ്ട മനുഷ്യരെ കഥാപാത്രങ്ങൾ ആക്കാൻ ,,
ആ കഥാപാത്രങ്ങളെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമ എന്ന വെള്ളിവെളിച്ചതോടൊപ്പം സ്‌ക്രീനിൽ തെളിയിക്കാൻ !!!!
എല്ലാ യാത്രയിലും എന്റെ ചിന്ത ഇതൊക്കെ തന്നെയാണ് !!!
അങ്ങനെ അന്ന് കണ്ട ചില വ്യത്യ്സ്തരായ മനുഷ്യരെക്കുറിച്ച് ഞാൻ കണ്ട കാഴ്ചകളിൽ നിന്നും ചിലത് എഴുതി ,,സമയം കുറെ മുന്നോട്ട് പോയി ,,തണുപ്പ് കൂടിക്കൂടി വന്നു ,,ഞാൻ ജാക്കറ്റ് എടുത്ത് ടീഷർട്ന്റെ മുകളിൽക്കൂടി ഇട്ടു ,,വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു ,,
പുറത്തേക്ക് വന്നു ,,
ഒരു രക്ഷയുമില്ല ,,ജാക്കറ്റും കൂടി തുളച്ചു കയറുന്ന തണുപ്പാണ് ,,
തത്സമയം മുകളിലേക്കൂതി വിടുന്ന പുകച്ചുരുളുകൾ ജീവവായു ആണെന്ന് എനിക്ക് തോന്നി !!!
ഞാൻ സെന്തിൽ നേരത്തെ കാണിച്ച് തന്ന വീട്ടിലേക്ക് ഒന്ന് നോക്കി ,,
അപ്പോൾ ,,,
അവരുടെ വീടിന്റെ മുന്നിലായി തീയെരിയുന്നത് കണ്ടു ,,തീകൂട്ടിയിട്ട് അതിന്റെ വശങ്ങളിലായി ഇരിക്കുന്ന അവ്യക്തമായ രണ്ട് മനുഷ്യരൂപങ്ങളും കാണാനുണ്ട് ,,
ഞാൻ മൊബൈൽ എടുത്ത് സമയം നോക്കി ,,ഏകദേശം എട്ടര ആയിട്ടേ ഉളളൂ ,,ഞാൻ മനസ്സിൽ ഓർത്തു ,,
ഒന്ന് അത് വരെ പോകാം ,,
കുറച്ച് നേരം അവരോട് ചോദിച്ചിട്ട് ആ തീ ഒന്ന് കായാം ,,
അങ്ങനെ മനസ്സിൽ ഓർത്ത് ഞാൻ അവരുടെ വീടിന് അടുത്തേക്ക് നടന്നു ,,ചെറിയ കയറ്റമുണ്ട് ,,മഞ്ഞു വീണ് താഴെ പുല്ലൊക്കെ നനഞ്ഞുകിടക്കുകയാണ് ,,നടക്കുമ്പോൾ ഷൂ തെന്നി മാറുന്നുണ്ട് ,,ഞാൻ പതുക്കെ തന്നെ ഓരോ അടിയും വച്ച് അവരുടെ വീടിന്റെ മുന്നിലെത്തി ….
പ്രത്യേകിച്ച് ഗേറ്റോ, മതിലോ ഒന്നും അവിടെ കണ്ടില്ല ,,എന്നിരുന്നാലും വീടിന് കുറച്ചകലെ നിന്ന് തന്നെ ഞാൻ അവരെ വിളിച്ചു ,,
നേരത്തെ കണ്ടത് രണ്ട് സ്ത്രീകളെ ആയിരുന്നു എന്നെനിക്കു ഇപ്പോൾ അവരെ തെളിഞ്ഞുകണ്ടപ്പോൾ മനസ്സിലായി ,,ഞാൻ പറ്റുന്ന പോലെ തമിഴിൽ അവരോടു വിളിച്ചു പറഞ്ഞു ,,
അക്കാ ,,
നാൻ ഉങ്കെ ഹോംസ്റ്റേക്ക് വന്ത ആള് ,,അങ്കെ ഒരെ കോടയിരുക് ,,
അതാ അങ്കേന്നു പാത്തപ്പോൾ ഇങ്കെ തീയെരിയിതു തെരിഞ്ചത് ,,അതാ ,,
ഞാൻ കൈകൾ കൂട്ടിത്തിരുമ്മി ..
അപ്പോൾ ഉള്ളിൽ നിന്നും അവരിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു ,,
സരി സരി ഉള്ളെ വാ
ഞാൻ അതിയായ ആവേശത്തോടെ ആ തീയിനടുത്തേക്ക് ഓടി ,,ആദ്യം അവിടെ ചെന്ന് നിന്ന് കൈകൾ രണ്ടും എരിയുന്ന തീയിന്റെ മുകളിൽ പിടിച്ചു ,,
അപ്പോൾ അവരിൽ ഒരാൾ എനിക്കായി ഇറച്ചിക്കടയിലൊക്കെ കാണുന്ന പോലെ ഒരു വലിയ മരക്കഷ്ണം ഇട്ടു തന്നു ,,എന്നോട് അതിൽ ഇരുന്നോളാൻ പറഞ്ഞു ,,
ഞാൻ ആ മരക്കഷ്ണം പരമാവധി ആ തീയിനോട് അടുപ്പിച്ചു തന്നെ ഇട്ടു ,,അതിൽ ഇരുന്നു ,,അതിന് ശേഷം ഞാൻ അവരെ നോക്കി ,,
സഹോദരികളെ പോലെ തോന്നിക്കുന്ന രണ്ട് വയസ്സായ സ്ത്രീകൾ ,,
ഒരാൾക്ക് ഏകദേശം ഒരു 60 വയസ്സും ഒരാൾക്ക് ഏകദേശം ഒരു 50 ഉം തോന്നിക്കും !!!
ഞാൻ അവരെ നോക്കി നന്ദിയോടെ ചിരിച്ചു ,,അപ്പോൾ അവരിൽ പ്രായം കുറഞ്ഞയാൾ എന്നെ നോക്കി ചോദിച്ചു ,,
നാട്ടിൽ എവിടെയാ ???
മലയാളം കേട്ടപ്പോൾ ഉള്ള സന്തോഷം കാരണം അവരുടെ ആ ചോദ്യത്തിനുള്ള ഉത്തരത്തിന് പകരം തിരിച്ചൊരു ചോദ്യം ചോദിക്കുകയാണ് ഞാൻ ചെയ്തത് ,,,
ആഹാ ,,
നിങ്ങളും ഇമ്മടെ ആൾക്കാർ ആണോ ???
അപ്പോൾ പ്രായം കൂടിയ ആൾ പറഞ്ഞു ,,
നിങ്ങടെ ഭാഷയാണ് ഞങ്ങടെ ഭാഷ !!!
ആ ഉത്തരം എനിക്ക് ഒരെത്തും പിടിയും നൽകിയില്ല എന്ന് മനസ്സിലായപ്പോൾ പ്രായം കുറഞ്ഞയാൾ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു ,,,,
ഞങ്ങള് മലയാളിയെ കണ്ടാൽ മലയാളികൾ ആകും
തമിഴരെ കണ്ടാൽ തമിഴരാകും
കന്നഡയോ ,,തെലുങ്കോ
ഹിന്ദിയൊ ആണെങ്കിൽ അങ്ങനെയുമാകും !!!
ഞാൻ ഞെട്ടി !!!
അതായത് എനിക്കറിയാവുന്നതിനുമപ്പുറം എത്രയോ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള രണ്ട് സ്ത്രീകൾ !!!
കാഴ്ചയിൽ വയസ്സായി എന്ന് തോന്നിക്കുമെങ്കിലും പുപ്പുലികൾ !!!
അങ്ങനെ പരിചയപ്പെടലൊക്കെ കഴിഞ്ഞപ്പോഴേക്കും ഞാനും അവരും തമ്മിൽ വളരെ അടുത്തു ,,
എന്റെ സിനിമയോടുള്ള ആഗ്രഹവും കഥകൾ തേടിയുള്ള ഈ യാത്രകളും എല്ലാം അവരോട് പറഞ്ഞു ,,
സിനിമ എന്ന് കേട്ടപ്പോൾ അവരും ഒരുപാട് വാചാലരായി ,,
കുട്ടിക്കാലത്തൊന്നും അവർക്ക് അധികം സിനിമ കാണാൻ സാധിച്ചിട്ടില്ലെന്നും ഇവിടെ വന്നതിന് ശേഷമാണ് സിനിമയൊക്കെ കാണാൻ തുടങ്ങിയതെന്നും അവർ പറഞ്ഞു ,,കൂടാതെ അവർക്കിഷ്ടപ്പെട്ട കുറെ സിനിമകളെയും നടന്മാരെയും നടികളെയും പറ്റിയെല്ലാം അവർ സംസാരിച്ചു !!!
അങ്ങനെ ഒരുപാട് അടുത്തപ്പോൾ എനിക്ക് അവരുടെ കഥകൾ അറിയണം എന്ന് തോന്നി ,,അവർ ശരിക്കും എവിടുത്തുകാരാണെന്നും അവരുടെ കഴിഞ്ഞുപോയ കാലങ്ങളും എല്ലാം !!!
ആദ്യം അവർ എന്റെ ആവശ്യത്തെ ചിരിച്ചു തള്ളി ,,എന്നിട്ട് എന്നോടായി പറഞ്ഞു ,,
ഞങ്ങടെ കഥയൊക്കെ ഇനിയെന്തിനാ മാഷേ ,,
ഞങ്ങടെയൊക്ക ക്ലൈമാക്സ്‌ കഴിഞ്ഞതല്ലേ !!!
അത് പറയുമ്പോൾ അവരുടെ മുഖത്തെ നിരാശ ഞാൻ കണ്ടു ,,അതുകൊണ്ട് തന്നെ ഞാൻ അവരോട് പറഞ്ഞു ,,
ക്ലൈമാക്സ്‌ തീരുമാനിക്കേണ്ടത് കേട്ടിരിക്കുന്നവനല്ലേ ,,
ഞാനൊന്ന് കേൾക്കട്ടെ ,,
എന്നിട്ട് പറയാം ക്ലൈമാക്സ്‌ കഴിഞ്ഞോ എന്ന് !!!
അങ്ങനെ ഒരുപാട് നിർബന്ധിച്ചതിന്റെ ഫലമായി അവർ പറഞ്ഞു തുടങ്ങി ,,
അവരുടെ കഥ ,,
അതിൽ എല്ലാമുണ്ടായിരുന്നു ,,
കുട്ടിക്കാലത്തെ അനാഥത്വം കുഴിച്ചു മൂടിയ ആഗ്രഹങ്ങൾ ,,
വയർ ആഗ്രഹിക്കുന്നത് തട്ടിത്തെറിപ്പിച്ച പട്ടിണി ,,
ആട്ടും തുപ്പും പരിഹാസങ്ങളും ,,
അർഹിക്കാത്ത പ്രണയം ,,
സ്വന്തം മാംസത്തിന് വിലയിട്ട ദിവസങ്ങൾ
കാലം കയ്യിൽ പുരട്ടിയ ചോരക്കറ ,,
ജയിലറകൾ ,,
ചണ്ടിയാക്കപ്പെട്ട യൗവനം ,,
എല്ലാം !!!!
ഒടുവിൽ വയസ്സായി എന്ന് വിധിയെഴുതിയവരെ ജയിച്ചു കാണിച്ച അതിജീവനം !!!
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് ഒരുകാര്യം മനസ്സിലായി ,,
അവർ പറഞ്ഞത് രണ്ട് മനുഷ്യരുടെ ജീവിതം ആണെങ്കിലും ആ ജീവിതങ്ങൾ ഒരുപാട് ശിഖരങ്ങൾ നിറഞ്ഞ വലിയ മരം പോലെയാണ് !!!
ഓരോ കൊമ്പിലും നിറയെ കഥകളാണ് ,,
അവർ അനുഭവിച്ച യാഥാർത്യങ്ങൾ ആണ് ,,ഇനിയൊരു പത്തുകൊല്ലം സിനിമ എടുത്താലും തീരാത്ത അത്രയും കഥകൾ ആ അനുഭവങ്ങളിൽ ഓരോന്നിലും ഉണ്ടെന്ന് എനിക്ക് തോന്നി !!!
അവരോട് എത്ര സംസാരിച്ചാലും തീരില്ല എന്നെനിക്കു തോന്നി ,,എന്നിരുന്നാലും അപ്പോഴേക്കും സമയം ഏതാണ്ട് പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു ,,അവരുടെ വക ഇടയ്ക്കിടയ്ക്ക് ഓരോ ചുക്കുകാപ്പിയും പഴവും കഴിച്ചത് കാരണം ഞാൻ വിശപ്പും അറിഞ്ഞില്ല !!!
അങ്ങനെ തത്കാലം അവരോട് യാത്ര പറഞ്ഞ് ഞാൻ റൂമിലേക്ക്‌ പോയി ,,
പക്ഷെ പിറ്റേന്ന് സ്ഥലങ്ങൾ കാണാനുള്ള എന്റെ പ്ലാനൊക്കെ മാറ്റി വച്ച് ഞാൻ കുറെ സമയം അവരോടൊപ്പം തന്നെ ചെലവാക്കി !!!
അവരുടെ ജോലിത്തിരക്കും കാര്യങ്ങളുമെല്ലാം ആ പകലിൽ എനിക്ക് മനസ്സിലായി ,,
അവർക്ക് സ്വന്തമായി എനിക്ക് വാടകക്ക് തന്ന പോലത്തെ രണ്ട് വീടുകൾ ഉണ്ട് ,,
അതുകൂടാതെ ഏകദേശം അമ്പതോളം ആടുകൾ ഉണ്ട് ,,അത് നോക്കാൻ വേറെ ആളുകളെ ഏല്പിച്ചിരിക്കയാണ് ,,
എല്ലാറ്റിനും പുറമെ ചെറിയ ഒരു ബേക്കിംഗ് യൂണിറ്റും വീട്ടിൽ ഉണ്ട് ,,
ആ ഹൈറേഞ്ചിൽ വരുന്ന സഞ്ചാരികൾക്ക് അവർ ചോക്ലേറ്റ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് ,,
ഇതാണ് ഞാൻ മുൻപേ പറഞ്ഞ പുപ്പുലികൾ !!!
ചിതറിത്തെറിച്ചിടത്ത് നിന്ന് ചീറിയെഴുന്നേറ്റവർ !!!
“കിരൺ “
“ദേവുമ്മ “
1991ൽ ബോംബെയിലെ തെരുവിലേക്ക് വലിച്ചെറിയപ്പെടുമായിരുന്ന കിരണ് ഒരു കൂട്ടായി ഹാരിയണ്ണൻ വന്നു ,,പക്ഷെ ബോംബെയിൽ പടർന്ന തനിക്ക് വേണ്ടപ്പെട്ടവരുടെ രക്തത്തിനു പകരം ചോദിക്കാൻ ഹരിയണ്ണനും ഇറങ്ങിത്തിരിച്ചപ്പോൾ ബോംബെ പോലീസിന്റെ തോക്കുകൾ ഹരിയണ്ണന്റെ നെഞ്ചിന് നേരെയും നീണ്ടു ,,ചിതറിത്തെറിച്ച ചോരത്തുള്ളികൾക്കിടയിൽ ഹരിയണ്ണനെയും കെട്ടിപിടിച്ചിരുന്നു കരഞ്ഞ കിരൺ വീണ്ടും ബോംബെയിലെ തെരുവിലേക്ക് എറിയപ്പെട്ടു ,,ആഗ്രഹങ്ങൾ നശിച്ചു ജീവിക്കേണ്ടി വന്നു !!!
ഒടുവിൽ ആഗ്രഹിച്ചതൊന്നും ലഭിക്കാത്ത ആ നഗരം അവളെ പുറന്തള്ളിയപ്പോൾ അവൾ ആരംഭിച്ച യാത്രയാണ് ,,ആ യാത്രയിൽ എപ്പോഴോ ഒരു ട്രെയിനിൽ വച്ച് കണ്ടതാണ് ദേവയാനി എന്ന ദേവുമ്മയെ !!!
പാണ്ഡവപുരത്തെ വേശ്യാലയം നടത്തിപ്പുകാരി ദേവുമ്മയുടെ കയ്യിൽ പുരണ്ട കാക്കിയുടുപ്പിനുള്ളിലെ ചോരയുടെ കഥ വരെയുള്ള കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ കിരണ് ഒരു കാര്യം മനസ്സിലായി ,,,
കേവലം ഒരു കിരണിനോടും ദേവുമ്മയോടും ഇത് തീരില്ല ,,മാംസക്കച്ചവടത്തിൽ ചോര വറ്റിയപ്പോൾ തെരുവിൽ വലിച്ചെറിയപ്പെട്ടവരിൽ രണ്ട് പേര് മാത്രമാണ് ഞങ്ങൾ !!!
ഭൂരിപക്ഷത്തിന്റെ വാക്കിൽ പറഞ്ഞാൽ !!
രണ്ട് ചോരയും നീരും ഇല്ലാത്ത വേശ്യകൾ !!!
പക്ഷെ തോറ്റു തീർക്കാൻ ഉദ്ദേശിക്കാതെ ബാക്കിയുള്ള ജീവിതം ജയിച്ചു ജീവിക്കാൻ തീരുമാനിച്ചതാണ് അന്ന് ആ ട്രെയിനിൽ നിന്ന് ,,ആ ട്രെയ്നിൽ നിന്നും ഇറങ്ങുമ്പോൾ പിടിച്ചതാണ് കിരൺ ദേവുമ്മയുടെ കയ്യിൽ !!!
ഇത് വരെ വിട്ടിട്ടില്ല അവർ രണ്ട് പേരും !!!
കാരണം അവർ പരസ്പരം ചേർത്തുപിടിച്ചത് ജയിച്ചു കാണിക്കാൻ വേണ്ടിയാണ് !!!
അതവർ തെളിയിച്ചു കഴിഞ്ഞു !!!
എന്റെ യാത്ര കഴിഞ്ഞ് ഇറങ്ങാൻ നേരം അവരോട് യാത്ര പറഞ്ഞു ,,ആ മലഞ്ചെരിവിൽ അവരുടെ വീടിനെ പിന്നിലാക്കി എന്റെ ബൈക്ക് മൺപാതയിലൂടെ നീങ്ങവേ ഞാൻ മനസ്സിൽ ഓർത്തു ,,,
അഭിമന്യുവിലും
സൂത്രധാരനിലും
നമ്മൾ കണ്ടത് ദുരന്തമുഖത്ത് വഴിയറിയാതെ പതറിപ്പോയ രണ്ട് പെണ്ണുങ്ങളെ ആണ് !!!
പക്ഷേ ഇവിടെ ഞാൻ കണ്ടത് ആ ദുരന്തമുഖത്ത് നിന്നും കുതിച്ചുയർന്ന ആ പെൺപുലികളെയാണ് !!!!!!
കിരൺ തമാശയ്ക്ക് പറഞ്ഞ പോലെ ,,
നിങ്ങളുടെ ക്ലൈമാക്സ്‌ നടന്നത് ബോംബെയിലും പാണ്ഡവപുരത്തും അല്ല !!!
അതിവിടെയാണ് !!”
നിങ്ങൾ ജയിച്ചയിടത്ത് !!!!!!!!!!