ഇനിയും ക്ലീഷേകൾ കാട്ടിക്കൂട്ടുന്ന നടന്മാരെ സപ്പോർട്ട് ചെയ്ത് വഞ്ചിതരാകാതിരിക്കുക

0
160

Thozhuthuparambil Ratheesh Trivis

എന്നെ ഒരു നടൻ ആക്കിയാൽ പ്രേക്ഷകരായ നിങ്ങൾക്ക് വേണ്ടി ചെയ്തു തരും എന്നുറപ്പുള്ള കുറച്ചു കാര്യങ്ങൾ ചുവടെ ചേർക്കുന്നു ….

1)ഞാൻ ഭക്ഷണം കഴിക്കുന്ന സീൻ ആണ് അഭിനയിക്കുന്നത് എങ്കിൽ എന്റെ മുന്നിൽ കൊണ്ട് വന്ന് വയ്ക്കുന്ന മുഴുവൻ ഭക്ഷണവും ഞാൻ ഇല വടിച്ചു വെടിപ്പാക്കി അകത്താക്കുന്നതായിരിക്കും ,,അത് മൂലം പല സിനിമകളിലും പകുതി മോന്തിയ ചായയുടെയും ,,ഒന്ന് കയ്യിട്ട് തിരിച് അലമ്പാക്കി കഴിക്കാതെ കളഞ്ഞ ബിരിയാണിയുടെയും ,,നാരങ്ങസോഡകളുടെയും ജ്യൂസ്കളുടെയും ,,മറ്റനേകം സാനങ്ങളുടെയും കാര്യത്തിൽ ഇനിയെങ്കിലും പ്രേക്ഷകരായ നിങ്ങൾക്ക് പരിതപിക്കാതെ സീനുകൾ ആസ്വദിക്കാം !!!

2)ഞാൻ ഒരു പച്ചക്കറി വണ്ടിയുടെ ഡ്രൈവർ ആയിട്ടാണ് അഭിനയിക്കുന്നത് എങ്കിൽ ഒരിക്കലും നരസിംഹത്തിലെ ഇന്ദുചൂഢന്റെ വണ്ടിയിൽ നിന്ന് മത്തങ്ങ ചാടിപ്പോയത് പോലെ എന്റെ വണ്ടിയിൽ നിന്ന് ചാടിപ്പോകാൻ ഇട വരുത്തില്ല !!!

3)കാറിൽ രക്ഷപ്പെടുന്ന വില്ലനെ ചെയ്‌സ് ചെയ്യുന്ന സീൻ ആണ് അഭിനയിക്കുന്നതെങ്കിൽ ഒരിക്കലും റോഡരികിൽ ഇരിക്കുന്ന വല്ലവന്റെയും ബൈക്ക് തട്ടിയെടുത്ത് പിന്നാലെ പോകില്ല ,,ഏത് വണ്ടിയായാലും അതിന്റെ ഒടെക്കാരനെ കണ്ട് കാര്യം പറഞ്ഞ് വണ്ടി എപ്പോൾ തിരിച് കൊടുക്കും എന്ന് പറഞ്ഞുറപ്പിച്ചതിനു ശേഷം മാത്രമേ വില്ലനെ ചെയ്‌സ് ചെയ്യാൻ പോകൂ !!!

4)എന്റെ സിനിമയിലെ എല്ലാ ഫൈറ്റ് സീനുകളും പരമാവധി ഏതെങ്കിലും ആളൊഴിഞ്ഞ മരുഭൂമിയിൽ വച്ചേ എടുക്കൂ ,,അത് മൂലം ജനവാസകേന്ദ്രങ്ങളിലെ നാശനഷ്ടങ്ങളും പൊതുമുതൽ നഷ്ടങ്ങളും ഒഴിവാക്കാൻ ശ്രമിക്കും !!!

5)ഒരു സീരിയൽ കില്ലറുടെ റോളിൽ ആണ് അഭിനയിക്കുന്നതെങ്കിൽ ഒരിക്കലും പോലീസിന്റെ മുന്നിൽ സൈക്കോ ഹീറോ കളിക്കാൻ വേണ്ടി നീതിദേവതയുടെ പ്രതിമയോ ,,ബൊമ്മക്കുട്ടിയോ മുന്നിലേക്കിട്ട് കൊടുക്കില്ല ,,അതിനി കഥാഗതി നിയന്ത്രിക്കുന്ന ഡയറക്ടർ പറഞ്ഞാലും ചെയ്യില്ല എന്ന് പറഞ്ഞാൽ ചെയ്യില്ല !!!

6)ബാഹുബലി പോലെ ഒരു കഥയിൽ ആണ് അഭിനയിക്കുന്നതെങ്കിൽ ,,ഏതെങ്കിലും യുദ്ധമോ മറ്റോ ഉണ്ടാകുമ്പോൾ ഒരിക്കലും കുതിരപ്പുറത്ത് യുദ്ധം ചെയ്യാൻ പോകില്ല ,,അത് മൂലം എനിക്ക് കിട്ടേണ്ട വെട്ട് ഒരു മിണ്ടാപ്രാണിക്ക് കിട്ടാൻ ഇട വരുത്തില്ല !!!

7)ഞാൻ ഒരു പോലീസ് ഓഫീസർ ആയിട്ടാണ് അഭിനയിക്കുന്നത് എന്നിരിക്കട്ടെ ,,കോടതിയിൽ കൊണ്ട് പോകുന്ന വഴി എന്റെയും കൂടെയുള്ള പോലീസുകാരുടെയും കണ്ണ് വെട്ടിച്ചുകൊണ്ട് ഒരു കൊടുംകുറ്റവാളി ഒരു പാലത്തിന്റെ മുകളിൽ നിന്ന് പെട്ടന്ന് വെള്ളമുള്ള പുഴയിലേക്ക് ചാടിയാൽ ഞാൻ ഒരിക്കലും തോക്കെടുത്ത് വെള്ളത്തിലേക്ക് വെടി വെക്കില്ല !!!എന്റെ വെടികൊണ്ട് അങ്ങനെ പുഴയിലെ ഒരു മൽസ്യത്തിനോ ,,തവളക്കോ അപകടം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല !!!

8)വലിയ പണക്കാരന്റെ റോളിൽ ആണ് അഭിനയിക്കുന്നതെങ്കിൽ ഒരുകാരണവശാലും എന്റെ മുന്നിൽ പൈസ ആവശ്യപ്പെട്ട് വരുന്ന പാവപ്പെട്ടവനോട് എത്രയാണെന്ന് വച്ചാൽ എഴുതിയെടുത്തോ എന്ന് ബ്ലാങ്ക് ചെക്ക് നീട്ടി തള്ളാൻ നിൽക്കില്ല ,,വരുന്നവന് എത്ര പൈസയാണോ ആവശ്യം ആ തുക മാത്രം നൽകും ,,അത് മൂലം സാമ്പത്തികഭദ്രതയിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് ഓരോ പ്രേക്ഷകനും മനസ്സിലാക്കിക്കൊടുക്കും !!!

9)ഒരു ബാങ്ക് റോബെറി സീൻ ആണ് അഭിനയിക്കുന്നതെങ്കിൽ കൊള്ളയടിക്കാൻ ഉദ്ദേശിക്കുന്ന ബാങ്കിന്റെ ബ്ലൂ പ്രിന്റ് പ്ലാനിങ് എന്തായാലും ഉണ്ടാകും ,,അത്തരം സീനുകൾ അഭിനയിക്കില്ല ,,ബാങ്ക് കൊള്ളയടിക്കില്ല എന്ന സദുദ്ദേശം മാത്രമല്ല ,,കേവലം 50 സ്‌ക്വയർ ഫീറ്റ് മൂത്രപ്പുരയുടെ പ്ലാൻ കണ്ടാൽ പോലും അതെന്താന്നു മനസ്സിലാകില്ല എന്ന വ്യക്തിപരമായ കാരണം കൂടി ഇതിൽ പരിഗണിക്കേണ്ടി വരും !!!

10)നരൻ എന്ന സിനിമയിലെ വേലായുധനെപ്പോലെ ഒരു നാട്ടുഗുണ്ടയുടെ റോൾ ആണ് അഭിനയിക്കുന്നതെങ്കിൽ ,,, വീടിനകത്ത് കയറിക്കിടന്നോളു എന്ന് പറഞ്ഞ കുന്നുമ്മൽ ശാന്തയുടെ ആ വലിയ മനസ്സ് കാണാതിരിക്കില്ല ,,ക്ഷണം സ്വീകരിക്കുകയും അകത്ത് കയറി കിടക്കുകയും ചെയ്യും !!!

11)ബിഗ്ബി പോലുള്ള സിനിമയാണെങ്കിൽ ബിലാലിന്റെ കാലിൽ സ്പീഡ്ഗവർണർ പിടിപ്പിച്ച പോലെ എന്റെ കാലിൽ പിടിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ല ,,ഒന്നര മണിക്കൂറുകൊണ്ട് തീർന്നേക്കാവുന്ന പടം സ്ലോമോഷനിൽ നടന്ന് രണ്ടര മണിക്കൂർ നീട്ടി എന്ന ഖ്യാതി കേൾപ്പിക്കില്ല !!!

12)വില്ലനുമായുള്ള ക്ലൈമാക്സ്‌ ഫൈറ്റ് നടക്കുമ്പോൾ എന്റെ കയ്യിൽ തോക്ക് ഉണ്ടെങ്കിൽ ഒരിക്കലും തോക്ക് മാറ്റിപ്പിടിച്ചു് പഞ്ച് ഡയലോഗ് തള്ളി വില്ലനെയും കണ്ടിരിക്കുന്നവരെയും ബോറടിപ്പിക്കാൻ നിക്കില്ല ,,
ഒറ്റവെടിയിൽ ക്ലൈമാക്സ്‌ തീർക്കും !!!

13)എന്റെ പടത്തിലെ എല്ലാ ബെഡ്‌റൂം സീനുകളിലും ഒരു സ്ട്രീറ്റ്ലൈറ്റ് സ്ഥാപിക്കും ,,അതുകൊണ്ട് വെളിച്ചക്കുറവ് മൂലമുണ്ടാകുന്ന പ്രേക്ഷകന്റെ അസ്വാരസ്യം അവസാനിപ്പിക്കാനും ദർശനസുഖം പരമാവധി മൂർദ്ധന്യാവസ്ഥയിൽ എത്തിക്കാനും ശ്രമിക്കും !!!

14)ഞാനും നായികയും കൂടി ഇഴുകിചേർന്ന് അഭിനയിക്കേണ്ടി വരുന്ന സീൻ ആണെങ്കിൽ ,,
ഒരു കെട്ടിപ്പിടുത്തത്തിനു ശേഷം തത്തമ്മയെക്കൊണ്ട് കൊക്കുരുമ്മിക്കുന്നതോ ,,പാമ്പ് ഇണ ചേരുന്നതോ ആയ ദൃശ്യങ്ങൾ സിംബോളിക് സബോളയായി കാണിക്കുന്ന പരിപാടി ഇമ്മടെ പടത്തിൽ അനുവദിക്കില്ല ,,,

ചോരയും നീരുമുള്ള ആണൊരുത്തനും പെണ്ണൊരുത്തിയും എന്ന നിലയ്ക്ക് സീനിന്റെ ഭംഗിക്ക് വേണ്ടി ഞങ്ങടെ സ്വകാര്യനിമിഷങ്ങൾ പച്ചയായി തന്നെ കാണിക്കുന്നത്കൊണ്ട് ഞങ്ങൾക്ക് യാതൊരു ബുദ്ദിമുട്ടും ഇല്ല ,,അതിന് വേണ്ടി ഈ ഭൂമിയിലെ മറ്റ് ജീവികളുടെ സ്വകാര്യനിമിഷങ്ങൾ കട്ടെടുത്ത് കുത്തിത്തിരുകുന്ന പരിപാടി വേണ്ട !!!അതിനി എന്ത് സംസ്കാരത്തിന്റെ പേരിലായാലും !!!
പ്രിയരേ ,,

ദയവുചെയ്ത് ഇനിയും ക്ലീഷേകൾ കാട്ടിക്കൂട്ടുന്ന നടന്മാരെ സപ്പോർട്ട് ചെയ്ത് വഞ്ചിതരാകാതിരിക്കുക !!!
യഥാർത്ഥ സിനിമാപ്രേമിയുടെ മനസ്സറിഞ്ഞു പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കുന്ന എന്നെപ്പോലെയുള്ള ജൂവാക്കളെ മുൻനിരയിലേക്ക് കൊണ്ട് വരിക .പ്രകടനപത്രികയിൽ എന്തെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തുക ,,മുകളിൽ പറഞ്ഞ പോലത്തെ സീരിയസ് ആയ കാര്യമാണെങ്കിൽ പരിഗണിക്കാം …….