ഒരു പാന്റ് കീറുന്നതിന് എന്താണിത്ര അത്ഭുതം എന്ന് ചിന്തിച്ചാൽ ഈ സീനിന്റെ ഭംഗി ആസ്വദിക്കാൻ പറ്റില്ല

115

Thozhuthuparambil Ratheesh Trivis

ഇക്കണ്ട കാലം മുഴുവനും കണ്ട സിനിമകളിൽ വച്ച് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ ഒരു സീൻ ആണ് കാർണിവൽ സിനിമയിലെ ഭരതന്റെ പാന്റ് കീറുന്ന സീൻ ! ഒരു പാന്റ് കീറുന്നതിന് എന്താണിത്ര അത്ഭുതം എന്ന് ചിന്തിച്ചാൽ ഒരുപക്ഷെ ഈ സീനിന്റെ ഭംഗി ആസ്വദിക്കാൻ പറ്റില്ല !ജീവിതത്തിൽ കുറച്ചു പരിഷ്കാരമൊക്കെ ആവാം എന്ന് കരുതി ഭരതൻ പാന്റ് ഇടുന്നു ,,,അതിന് മാച്ച് ആയ ഒരു ടിഷർട്ട്‌ഉം ഇടുന്നു ,ജീവിതത്തിൽ ആദ്യമായി ഭരതനെ ആ രൂപത്തിൽ കാണുന്ന പെൺകുട്ടിയുടെ കണ്ണിൽ അത്ഭുതം !!!

എന്തായാലും പുത്തൻ രൂപത്തിൽ താൻ സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടിൽ ചെന്ന് അവളെയും അവളുടെ വീട്ടുകാരെയും ഒന്ന് കാണാൻ ഭരതൻ ചെല്ലുന്നു !അവിടെയുള്ളവരുടെ കണ്ണുകളിലും അത്ഭുതം !അതിനിടയിൽ മൂന്ന് പോക്കറ്റ് ഉള്ള ഭരതന്റെ പാന്റിന്മേൽ ഒരു തലതെറിച്ച ചെക്കൻ വന്ന് ഊഞ്ഞാലാടാൻ തുടങ്ങി !ആ പാന്റ് പഴയതാവുമ്പോ അവന്റെ അമ്മയ്ക്ക് സ്റ്റീൽപാത്രം വാങ്ങാൻ കൊടുക്കുമോ എന്ന് ചോദിച്ച് അവിടെ ഒരു പുതിയ ഡീൽ ഉറപ്പിക്കുന്നു !നിമിഷങ്ങൾ കൊണ്ട് ഭരതന്റെ പുത്തൻ പാന്റിന് സംവിധായകൻ കൊടുത്ത ബിൽഡപ് ചെറുതല്ല !!!പാന്റ് ഇട്ട് അഭിനയിച്ച പല നടന്മാരെയും നമ്മള് കണ്ടിട്ടുണ്ടെങ്കിലും ഈ സീൻ അതിൽ നിന്നൊക്കെ വ്യത്യ്സ്തമാണ് !!!ആ പാന്റ് കണ്ട പലരുടെയും മുഖത്ത് തെളിഞ്ഞ വികാരങ്ങളും ആഗ്രഹങ്ങളും ഇത്രയും മനോഹരമായി ദൃശ്യവൽക്കരിച്ചത് ഒരുപക്ഷെ ഇത് ആദ്യമായിരിക്കും !!!

ഇനിയാണ് ആ സീനിന്റെ എടുത്തു പറയേണ്ട ഭംഗി !ഭരതൻ ആ വീട്ടുമുറ്റത്ത് നിന്നും എല്ലാവരോടും യാത്ര പറഞ്ഞ് തന്റെ ബൈക്കിന്റെ അടുത്തേക്ക് നടക്കുന്നു ,,,കൂടെയുള്ള കൂട്ടുകാരനോട് വാടാ എന്നും പറഞ്ഞ് ബൈക്കിൽ കയറാൻ നോക്കവേ ,”ശർർർ ” ന്ന് പാന്റിന്റെ മൂട് പൊളിയുന്നു !യാതൊരു ഏച്ചുകെട്ടലും ഫീൽ ചെയ്യാതെ വളരെ നാച്ചുറൽ ആയിട്ടായിരുന്നു ആ മൂട് കീറൽ !ആ സീൻ കാണുന്തോറും അത്ഭുതം കൂടുകയാണ് !ശരിക്കും എങ്ങനെയായിരിക്കും ഇത്രയും കൃത്യമായി ആ സീൻ എടുത്തിട്ടുണ്ടാവുക ?നല്ല ടൈറ്റ് ഉള്ള പാന്റിട്ട് ധൃതിയിൽ ബൈക്കിൽ കയറിയാൽ മിക്കവാറും മൂട് കീറും എന്ന ലോജിക് മാത്രമല്ല ഈ സീനിൽ ഉപയോഗിച്ചിട്ടുള്ളത് !!!

ഇനിയിപ്പോ ഇത് ഒരു ടേക്ക് ആയിട്ടല്ല എടുത്തത് എന്നിരിക്കട്ടെ ,ഭരതൻ കാല് പൊക്കുന്നത് ഒരു ടേക്കും മൂട് കീറിയ പാന്റ് ഇട്ടത് വേറെ ടേക്കും ആണെന്നിരിക്കട്ടെ ,അങ്ങനെയാണെങ്കിൽ ഈ സീൻ എഡിറ്റ് ചെയ്തയാള് നമ്മളെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ് !!!എത്ര സ്പീഡിൽ ആണ് അത് ചെയ്തിരിക്കുന്നത് ?ഒരു ശരാശരി ടൈറ്റ് പാന്റ് ഇട്ട് ബൈക്കിൽ കയറുന്നയാളിന്റെ മൂട് പൊളിയുന്നത് മാത്രമല്ല അവിടെ അത്ഭുതപ്പെടുത്തുന്നത് !ആാാ മൂട് പൊളിയുന്ന നേരത്ത് ആന പനമ്പട്ട വലിച്ചു കീറുന്ന പോലത്തെ ഒരു നൈസ് ശബ്ദമുണ്ട് !!!
എത്ര മനോഹരമായിട്ടാണ് ആ ശബ്ദം അവിടെ പ്ലേസ് ചെയ്തിരിക്കുന്നത് !മൂട് പൊളിഞ്ഞതിന് ശേഷം പുറകോട്ട് തിരിഞ്ഞു നോക്കാതെ ഭരതന്റെയൊരു നില്പുണ്ട് !!!പാന്റിന്റെ പിൻഭാഗത്ത് സംഭവിച്ചിരിക്കുന്ന ആ വലിയ യാഥാർത്യം അയാൾ രണ്ടാമതൊന്ന് തൊട്ടറിഞ്ഞില്ല !!!
ഉയർന്ന് കേട്ട കൂട്ടച്ചിരികളിൽ നിന്നും തന്റെ ഓട്ട വീണ പിൻഭാഗം മറയ്ക്കാൻ അയാൾ ശ്രമിക്കുന്നത് തന്നെ എത്ര സാധാരണമായിട്ടാണ് !!!കൂടെ വന്ന കൂട്ടുകാരൻ ഒന്ന് ബൈക്ക് തള്ളാൻ പോലും സഹായിക്കാതെ ഭരതന്റെ മൂട് കീറിയതും നോക്കിനിന്നപ്പോഴും അയാൾ പതറിയില്ല !!!
മുഖത്തെ ജാള്യത ഒന്ന് കൈവച്ചു മറയ്ക്കാൻ പോലും അയാൾക്കായില്ലെങ്കിലും അയാൾ രണ്ടും കല്പിച്ചുകൊണ്ട് തന്റെ ബൈക്ക് തള്ളി !!!ഒരു കയ്യിൽ ബൈക്കിന്റെ ഹാൻഡിലും മറ്റേ കൈ തന്റെ കീറിയ പാന്റിന്റെ മൂട്ടിലും വച്ച് അയാൾ നടന്നകലുന്നതിന് പോലും വല്ലാത്തൊരു ഭംഗിയായിരുന്നു !!!

ഇത്രയും നേരം പറഞ്ഞത് എല്ലാവരും കണ്ട് ചിരിച്ച ആ സീനിന്റെ മനോഹാര്യതയാണെങ്കിൽ ഇനി പറയാനുള്ളത് ആ സമയത്ത് ഭരതൻ അനുഭവിച്ച ആത്മസങ്കർഷത്തെ പറ്റിയാണ് !!തന്നെ കളിയാക്കി കൂട്ടച്ചിരി ചിരിക്കുന്നവർക്കിടയിൽ നിന്നും തന്റെ ബൈക്കും തള്ളിക്കൊണ്ട് കാണാമറയത്തേക്ക് നടന്ന ഭരതൻ ആ ചുരുങ്ങിയ സമയം കൊണ്ട് അനുഭവിച്ച ആത്മസങ്കർഷം എത്ര വലുതായിരിക്കുമെന്ന് ഒരിക്കൽ എങ്കിലും ആ അവസ്ഥ അനുഭവിച്ചവർക്കേ മനസ്സിലാകൂ !തമ്പുരാന്റെ കൃപയാൽ ഈയുള്ളവന് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട് ,,,,
2008-09കാലം ….

എനിക്കന്ന് എറണാകുളം ഇടപ്പള്ളിയിൽ ആണ് ജോലി ,,,അന്ന് ലുലുമാൾന്റെ പണി നടക്കുന്നതെ ഉളളൂ ,,,അതിനടുത്ത് തന്നെയാണ് ഞങ്ങടെ ഓഫീസ് ,,,ഇലക്ട്രോണിക് ത്രാസ്സ്ഉം ഒരു രൂപയിട്ട് ഫോൺ വിളിക്കുന്ന കോയിൻ ബോക്സും സർവീസ് ചെയ്യുന്ന പണിയാണ് അന്ന് എനിക്ക് ,,അന്ന് ഓഫീസിൽ ഒരു കാൾ വന്നു ,,,ഇടപ്പള്ളിയിൽ നിന്നും കുറെ മാറിയുള്ള “പട്ടിമറ്റത്ത്” നിന്ന് ,,ഒരു ത്രാസ്സ് ശരിയാക്കണം ,,,എത്രയും വേഗം എത്തണം ,,,രാവിലെ പണിത്തിരക്കുള്ളത് കൊണ്ട് ഉച്ചയ്ക്ക് ശേഷം എത്താമെന്ന് കടക്കാരനോട് വാക്ക് പറഞ്ഞു ..ആകെയുള്ള ത്രാസ്സ് പണിമുടക്കിയ കാരണം കടക്കാരൻ വെപ്രാളത്തിൽ ആണ് ,,,അന്ന് എന്തായാലും വരാതെ ഇരിക്കരുത് എന്ന് പറഞ്ഞ് പുള്ളിക്കാരൻ ഫോൺ വച്ചു ,,,സാധാരണ ഒരു ദിവസത്തെ പോലും ആ ദിവസത്തിന്റെ പകുതിയും പോയി ,,,ഉച്ചക്ക് ശേഷം ഞാനും ഇമ്മടെ ബോസും കൂടി പട്ടിമറ്റത്തേക്ക്‌ പുറപ്പെട്ടു ,,,സർവീസ്ന് എത്തേണ്ട സ്ഥലത്തിന്റെ മുൻപായി ഒന്ന് ചായ കുടിക്കാൻ കയറി ,,,അങ്ങനെ ചായയൊക്ക ആസ്വദിച്ചു കുടിച്ചതിനു ശേഷം ഞങ്ങൾ വീണ്ടും ബൈക്കിനടുത്തേക്ക് ,,ആദ്യം ഇമ്മടെ ബോസ്സ് ,,,
പിന്നാലെ ഇമ്മളും ,,,ബോസ്സ് കയറി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ,,,എന്നോട് കയറിക്കോ എന്ന് പറഞ്ഞതും ഞാൻ വലത്തേ കാൽ പൊക്കി കയറി !!!!പക്ഷേങ്കില് നേരത്തെ കാർണിവലിൽ പൊളിഞ്ഞതിന്റെ അങ്ങേപ്പുറം ഇമ്മടെ പാന്റിന്റെ മൂട് കീറി !!!

ഇനിയിപ്പോ ബൈക്കിൽ നിന്നും ഇറങ്ങുന്നതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല ബോസ്സേ എന്ന് മൂപ്പരോട് പറഞ്ഞു ,,,ഇവിടത്തെ സർവീസ് പിന്നെ നോക്കാം എത്രയും വേഗം എന്നെ റൂമിൽ എത്തിക്കണം എന്ന് മൂപ്പരോട് പറഞ്ഞു ,,,പുള്ളിക്കാരന് ഒരെ സമയം ദേഷ്യവും ചിരിയും വന്നു ,,,എന്തായാലും മൂട് കീറിയ പാന്റുമിട്ട് എന്നെക്കൊണ്ട് സർവീസ്ന് പോകാൻ മൂപ്പർക്ക് തോന്നിയില്ല ,,,വീണ്ടും തിരികെ ഇടപ്പള്ളിയിലേക്ക് !!!ഹോ !!!ആാ ദൂരം !!!ആാ യാത്ര !!!

റൂം എത്തുന്ന വരെ ധമ്മിട്ട ബിരിയാണിചെമ്പിന്റെ പോലെ” ചോട്ടിലും തീ മോളിലും തീ “എന്നുള്ള അവസ്ഥയിൽ ആ ബൈക്കിന്റെ പിൻസീറ്റിൽ ഉള്ള ആ യാത്ര ഒരിക്കലും മറക്കാൻ സാധിക്കില്ല !!!ഒരുപാട് ചിന്തകൾ മനസ്സിൽ മിന്നിമാഞ്ഞു !!!
കാലത്ത് ആ പാന്റ് ഇട്ടപ്പോൾ ഞാൻ ചിന്തിക്കേണ്ടതായിരുന്നു ,,,അന്ന് ആദ്യമായിട്ടാണ് പുതിയതായി തയ്ച്ചു കിട്ടിയ ആ പാന്റ് ഇട്ടത് ,,,
ശരിക്കും തുണി മേലെ വച്ച് തുന്നിയതാണോ ,,,അതോ അച്ചിലിട്ട് വാർത്തതാണോ എന്ന് അറിയാൻ പാടാത്ത വടിവൊത്ത ഷേപ്പ് കണ്ടപ്പോഴെങ്കിലും എനിക്ക് ചിന്തിക്കാമായിരുന്നു !!!പക്ഷെ പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ ???എത്രയും വേഗം റൂം എത്തണേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് ഞാൻ പുറകിലിരുന്നു ,,,പോണ വഴിക്ക് ചെക്കിങ് ഒന്നും ഉണ്ടാവരുതേ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു ,,,പോകുന്ന വഴികളിൽ കണ്ട പെൺകുട്ടികളിൽ ചിലതിൽ സ്വതസിദ്ധമായ കണ്ണുടക്കൽ ഉണ്ടായെങ്കിലും പെട്ടന്ന് മൂട് കീറിയിരിക്കുന്ന കാര്യം ഓർത്തപ്പോൾ എല്ലാ പെൺമുഖങ്ങളിൽ നിന്നും ആമ തല വലിക്കുന്ന പോലെ തത്കാലം തല വലിച്ചു !!!

ആ സമയങ്ങളിൽ ഞാൻ മനസ്സിലാക്കിയൊരു വലിയ സത്യമുണ്ട് ,,,ലോകത്തുള്ള ഏത് വലിയ മോട്ടിവേഷൻ സ്‌പീക്കർക്കും ഇത്തരത്തിൽ “മൂട്” കീറിയിരിക്കുന്നവന്റെ ആ സമയത്തെ മാനസികസങ്കർഷങ്ങളെ നിയന്ത്രിച്ചു നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല !!!
ആാ ഒരു സമയം ,,കാർണിവലിലെ ഭരതനും ഞാനുമൊക്ക അനുഭവിച്ചറിഞ്ഞ സത്യം ! ജീവിതത്തിൽ നേരിടേണ്ടി വരുന്ന തീവ്രതയേറിയ വെല്ലുവിളികളിൽ വച്ച് ഏറ്റവും പ്രധാനമായത് നാലാള് കൂടുന്നിടത്ത് അപ്രതീക്ഷിതമായി പാന്റിന്റെ മൂട് കീറുന്നത് തന്നെയാണ്….!!!