സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതി !!!
Thozhuthuparambil Ratheesh Trivis
ഒന്നോ രണ്ടോ കോമഡി സീനിന് വേണ്ടി വന്ന് ആളുകളെ ചിരിപ്പിച്ചു പോകുന്ന കുറെ കഥാപാത്രങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്..പലപ്പോഴും അത്തരം കോമഡി കഥാപാത്രങ്ങളുടെ തുടർച്ചയൊന്നും പിന്നീട് സ്ക്രിപ്റ്റിൽ ചേർക്കാനും ചിത്രീകരിച്ച് നമുക്ക് മുൻപിൽ എത്തിക്കാനും പലരും മിനക്കെട്ടും കണ്ടിട്ടില്ല.. ഇനിയിപ്പോ ഏതെങ്കിലും ഒരു സീനിൽ അങ്ങനെ ചിരിപ്പിച്ച ഒരു കഥാപാത്രം വീണ്ടും വന്നില്ല എന്ന് വച്ച് ആ കഥയ്ക്ക് പോരായ്മ ഉള്ളതായി പ്രേക്ഷകനും തോന്നില്ല..
അങ്ങനെ തോന്നിയ ഒരു സീനാണ് ചിത്രത്തിലെ മോഹൻലാൽ ഇൻട്രോ സീൻ.മോഹൻലാലിന്റെ കൂടെയുള്ള കഥാപാത്രം വെള്ളത്തിൽ മുങ്ങിത്താഴുന്നു..ഒരു പാലത്തിന്റെ മുകളിൽ നിന്ന് മോഹൻലാൽ നിലവിളിക്കുന്നു.. അപ്പോൾ അത് വഴി വന്ന ഒരു സായിപ്പിനോട് അവനെ രക്ഷിക്കണം തനിക്ക് നീന്താൻ അറിയില്ല എന്ന് പറയുന്നു.അത് കേട്ട വഴി ഒരു മനുഷ്യന്റെ ജീവനല്ലേ എന്ന് കരുതി സായിപ്പ് ഉടുത്ത തുണിയും സാധനങ്ങളും ഊരി വച്ച് പുഴയിലേക്ക് ചാടുന്നു!!!
സായിപ്പ് ചാടിയ വഴി പുള്ളിയുടെ സാധനങ്ങളുമായി മോഹൻലാൽ മുങ്ങുന്നു!!!വെള്ളത്തിൽ മുങ്ങിതാഴ്ന്നവനെ പിടിച്ചു രക്ഷിക്കാൻ നോക്കിയപ്പോ അവന്റെ വക ഒരു ഡയലോഗ്,,മര്യാദക്ക് കുളിക്കാനും സമ്മതിക്കില്ലേ സായിപ്പേ!!! ഉത്തരത്തിലുള്ളത് എടുക്കാനും പറ്റിയില്ല,കക്ഷത്തിലുള്ളത് പോവുകയും ചെയ്തു എന്ന അരിശത്തിൽ പുഴയിൽ നിന്ന് കയറി വന്ന സായിപ്പിനോട് അത് വഴി വന്ന നെടുമുടി,,
വാട്ട് ഹാപ്പൻഡ്???
വാട്ട് ഹാപ്പൻഡ്???
ഉടുതുണിയടക്കം അടിച്ചോണ്ട് പോയ അരിശത്തിൽ നിന്ന സായിപ്പ് കൈ നീട്ടി നെടുമുടിയുടെ ചെകിടത്ത് ഒരു താങ്ങ് താങ്ങി!!!
ഠപ്പേ!!!
ഈ സായിപ്പ് എന്തിനാപ്പൊ തന്റെ ചെകിടത്ത് പടക്കം പൊട്ടിച്ചത് എന്നറിയാതെ താടിയുഴിഞ്ഞു നിൽക്കുന്ന നെടുമുടി!!!ഇതിനിടെ കൂട്ടായി മോഷണം പ്ലാൻ ചെയ്ത് സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതി വാങ്ങാൻ കയറി വരുന്ന മറ്റേ ചങ്ങായി!!! ഈ സീൻ അവിടെ കൊണ്ട് തീർന്നാലും ചിത്രം എന്ന സിനിമയുടെ കഥാഗതിയിൽ വലിയ മാറ്റമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.. ഒരുപക്ഷെ ആ സിനിമയിൽ പിന്നീട് അതിന്റെ തുടർച്ചയായുള്ള സീൻ ഇല്ലായിരുന്നെങ്കിൽ “നരസിംഹം “എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗത്ത് ഇന്ദുചൂടന്റെ ജീപ്പിൽ നിന്ന് ചാടിപ്പോയ “മത്തങ്ങ” വർഷങ്ങൾ പ്രേക്ഷകരുടെ നെഞ്ചിൽ ഒരു നോവായി നിന്ന പോലെ,, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതി കിട്ടാതെ പോയ ആ ചങ്ങായിയും ഒരു നൊമ്പരമായേനെ!!!
അവിടെയാണ് ചിത്രത്തിലെ ഈ സീൻ വ്യത്യസ്തമാകുന്നത്!!! പ്രതീക്ഷിച്ചിരിക്കാത്ത സമയത്ത് സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതി വാങ്ങിക്കാൻ ആ ചങ്ങാതി വീണ്ടും വരുന്നത്.. അയാളുടെ രംഗം അവിടെ നീതീകരിക്കപ്പെടുകയായിരുന്നു!!! സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതിക്ക് പകരം മുഴുവനും കിട്ടിയപ്പോ അയാളും ഹാപ്പി .സായിപ്പിന്റെ കയ്യീന്ന് കിട്ടിയത് മറ്റൊരാവശ്യക്കാരന് തിരിച്ചു കൊടുത്തപ്പോ നെടുമുടിയും ഹാപ്പി .രണ്ടുപേരുടെയും മനസ്സ് നിറഞ്ഞ സീൻ.