Thozhuthuparambil Ratheesh Trivis
‘പൊറിഞ്ചു മറിയം ജോസ് ‘സിനിമ ഇറങ്ങുന്നതിന് മുൻപ് തൃശ്ശൂരിൽ മണ്ണുത്തി ഓവർ ബ്രിഡ്ജിന്റെ മുകളിൽ കൂടി പോകുമ്പോൾ വലിയൊരു പോസ്റ്റർ കണ്ണിൽ പെട്ടിരുന്നു.. ആഴ്ചയിൽ ഒരു ദിവസം ആ റൂട്ടിലൂടെ വർക്കിന് പോകുമ്പോൾ ആ പോസ്റ്ററിൽ ഏതാനും സെക്കന്റുകൾ കണ്ണുടക്കും.. ആ പടത്തിന്റെ ആദ്യമായി മനസ്സിൽ പതിഞ്ഞ ചിത്രം ജോജു ജോർജ് ബ്ലാക്ക് ഷർട്ടും വെള്ളമുണ്ടുമിട്ട് മഴയത്ത് വാളും പിടിച്ചിരിക്കുന്നതായിരുന്നു.. ജോഷി സാറിന്റെ പടത്തിൽ ജോജു ജോർജ് നായകൻ, പിന്നെ പക്കാ ആക്ഷൻ മൂഡിലുള്ള ആ പോസ്റ്റർ.വല്ലാത്തൊരു പവർ ഉള്ള പോസ്റ്റർ..പൊറിഞ്ചു മറിയം ജോസിനെ കാത്തിരിക്കാൻ അത് മാത്രം മതിയായിരുന്നു..ഇനി പറയാനുള്ളത് പടം ഇറങ്ങിക്കഴിഞ്ഞതിന് ശേഷമുള്ള കാര്യം. പടം ഇറങ്ങുന്നതിന് മുൻപുള്ള ആ പോസ്റ്ററിന്റെ പവർ ഒന്നുകൂടി കൂടിയ ഫീൽ !!!
പുത്തൻപള്ളി ജോസിന്റെ മരണത്തിന് ശേഷം കനത്ത മഴ പെയ്ത ആ നേരത്ത് ജോസിന്റെ കുഴിമാടത്തിന് മുന്നിലിരിക്കുന്ന പൊറിഞ്ചു.. പൊറിഞ്ചുവിന്റെ അരികിലേക്ക് എത്തുന്ന മറിയം.. അവസാനം ആ വാള് പൊറിഞ്ചുവിന്റെ അരികിൽ വച്ച് പോകുമ്പോൾ പറയുന്ന ഡയലോഗ്..ചാവാണ്ടെ നോക്കണം!!!
ശേഷം കുടയ്ക്കുള്ളിൽ മറച്ചു വച്ചിരിക്കുന്ന വാൾ എടുത്ത് നനഞ്ഞ മണ്ണിൽ കുത്തിയുള്ള ആ ഇരുപ്പ്.. പെയ്യുന്ന മഴയെക്കാൾ ഭീകരമായ തീമഴയ്ക്ക് മുന്നേയുള്ള ആ ഇരുപ്പ്.പടത്തിന് മുൻപേ കണ്ടതിനേക്കാൾ പവർ പിന്നീട് ആ പോസ്റ്റർ കാണുമ്പോഴൊക്കെ തോന്നും.. കാരണം ആ ഇരുപ്പിന്റെ പഞ്ച് ബിൽഡ് ചെയ്തിരിക്കുന്നത് അത്രത്തോളം സ്ട്രോങ്ങ് ആയിട്ടായിരുന്നു…
“പുത്തൻപള്ളി ജോസിന്റെ മരണം ”
തിയറ്ററിൽ സിനിമ കാണാൻ എത്തുന്ന ജോസിനെ ഐപ്പിന്റെ കൊച്ചുമോനും പുറത്ത് നിന്ന് ഇറക്കിയ ഗുണ്ടകളും കൂടി വെട്ടി വീഴ്ത്തുന്നു.സംഭവസ്ഥലത്ത് എത്തുന്ന പൊറിഞ്ചു ജോസിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നു.. പോകുന്ന വഴിയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ജോസ് പൊറിഞ്ചുവിനോട് ഒരു ബീഡി ചോദിക്കുന്നു.. ശേഷം പൊറിഞ്ചുവിനോട്,,,
പൊറിഞ്ചോ,,
നീ എന്റെ കൂടെ പോരരുത് ട്ട്റാ.
നീയേ കൊറേ കാലം കൂടി ഇമ്മടെ തൃശ്ശൂര് വെലസണം..
കേട്ട്റാ പൊറിഞ്ചോ,,
നീ മറിയേനെ കെട്ടണം
അവൾടെ കയ്യും പിടിച്ച് നെഞ്ചും വിരിച്ച് പള്ളിപ്പറമ്പിലൂടെ നടക്കണം.
കേട്ട്റാ പൊറിഞ്ചോ???
ജോസിന്റെ അവസാനത്തെ വാക്കുകൾ.. ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ അയാൾ മരിക്കുന്നു.. “പൊറിഞ്ചു മറിയം ജോസ് “ലെ ജോസ് വീണു…
‘ജോസിന്റെ വീട് ‘
ജോസിന്റെ മൃതദേഹത്തിന് ചുറ്റും കൂടിയിരിക്കുന്ന ആളുകൾ.
മരവിച്ച മനസ്സുമായി അച്ഛൻ..
‘മോനെ ‘എന്ന് ഏങ്ങിക്കരഞ്ഞുകൊണ്ട് അന്ത്യചുംബനം കൊടുക്കുന്ന അമ്മയും ജോസിന്റെ ഭാര്യയും..
‘അപ്പാ കണ്ണ് തുറക്കപ്പാ ‘എന്ന് പറഞ്ഞുകൊണ്ട് മുത്തം കൊടുക്കുന്ന ജോസിന്റെ മകൾ..
ഇതെല്ലാം കണ്ട് ആ മുറ്റത്ത് നിർവികാരനായി നിൽക്കുന്ന പൊറിഞ്ചു..
ജോസേട്ടാ എന്നുള്ള അലറിക്കറച്ചിലിനിടയിൽ ജോസിന്റെ ശരീരം പള്ളിയിലേക്ക് എടുക്കുന്നു..
കനത്ത മഴയിൽ തൂണ് പോലെ തുണയായി നിന്നവന്റെ അവസാനയാത്ര..
കുഴിയിലേക്ക് എടുക്കുന്നതിന്റെ തൊട്ട് മുൻപിലത്തെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ അച്ഛൻ പറയുന്നു..
‘ഇനി മുത്താൻ ഉള്ളവർക്ക് മുത്താം ‘
ജോസിന്റെ അനിയൻ വിതുമ്പികരഞ്ഞുകൊണ്ട് ഒരു ഷർട്ടുമായി ജോസിന്റെ അരികിലെത്തി.. ആ ഷർട്ട് ജോസിനെ പുതപ്പിക്കാൻ നോക്കി.. തന്റെ ചേട്ടൻ ആഗ്രഹിച്ചു ചോദിച്ച സമയത്ത് തനിക്കിത് കൊടുക്കാൻ തോന്നിയില്ലല്ലോ എന്ന തോന്നലിൽ അയാൾ ഉള്ള്പൊള്ളി കരഞ്ഞു..
തിയറ്ററിൽ നിന്ന് കുത്തുകൊണ്ട് ജോസ് മരിച്ച് അടക്ക് വരെയുള്ള ഏതാനും സീനുകൾ.. പലരുടെയും കണ്ണ് നിറച്ച സീനുകൾ.. ജോസിന്റെ മകൾ ‘കണ്ണ് തുറക്കച്ചാ ‘എന്ന് പറഞ്ഞു കരയുന്നത് മുതൽ പള്ളിപ്പറമ്പിൽ വച്ച് ജോസിന്റെ അനിയൻ
‘ഇന്നാ ജോസേട്ടാ ഷർട്ട് ഇട്ടോ ‘എന്ന് പറയുന്നത് വരെയുള്ള ഈ സീനുകൾ അത്രയും വല്ലാത്തൊരു വിങ്ങലാണ് ഓരോരുത്തരിലും ഉണ്ടാക്കിയത്..
ചോരയ്ക്ക് ചോര കൊണ്ട് മറുപടി പറയണം എന്ന് കണ്ടിരിക്കുന്ന മനുഷ്യരെകൊണ്ട് തോന്നിപ്പിച്ച സീനുകൾ..
പള്ളിയിൽ ജോസിന്റെ അടക്കിന് ശേഷം മറിയം ജോസിന്റെ വീട്ടിലെത്തി ജോസിന്റെ ഭാര്യയെ കാണുന്ന സീൻ..
കട്ടിലിൽ കിടന്ന് കരയുന്ന ജോസിന്റെ ഭാര്യ.. അടുത്ത് മകൾ. മറിയം ജോസിന്റെ ഭാര്യയോട്,,
ഇങ്ങനൊരു ചതി നടക്കുംന്ന് ഇമ്മള് വിചാരിച്ചില്ലല്ലോ ലിസ്യേ,, ജോസ് ഇന്റെ കൂട്ടുകാരൻ മാത്രമായിരുന്നില്ല,, ഇന്റെ കൂടെപ്പിറപ്പും കൂടിയായിരുന്നു..
ലിസി കരഞ്ഞുകൊണ്ട്,,
ഇന്റെ ജോസേട്ടന്റെ അടുത്ത് ഒരു കത്തിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ……….
അപ്പോഴേക്കും പുറത്ത് നിന്ന് കയ്യിൽ കത്തിയും പിടിച്ചുകൊണ്ട് അനിയന്റെ അലർച്ച.. തന്റെ ചേട്ടനെ കൊന്നവരെ വെട്ടി നുറുക്കി പ്രതികാരം ചെയ്യണമെന്ന് പറഞ്ഞ് അലമുറയിട്ട് കരയുന്ന അനിയൻ…
എല്ലാം കണ്ട് മറിയം പറഞ്ഞു..
‘അതിന് ഇവിടെ ഞങ്ങളൊക്കെ ഇല്ലേടാ ‘
ഇനി പ്രതികാരത്തിന്റെ സമയമാണ്!!!
ഐപ്പിന്റെ കൊച്ചുമോനെയും ടീമിനെയും യാതൊരു ദയയുമില്ലാതെ തീർത്ത് ചോരയ്ക്ക് ചോര കൊണ്ട് മറുപടി കൊടുക്കണം എന്ന് കണ്ടിരിക്കുന്നവരെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നു……
ഇനി അയാളുടെ ഊഴമാണ്..
മറിയത്തിന്റെയും
ചാവ് കുറിക്കേണ്ടത് അവിടെ നിന്നാണ്..
ജോസിന്റെ കുഴിമാടത്ത് നിന്ന്..
കട്ടയ്ക്ക് കൂടെ നിന്ന ചങ്കിന്റെ കുഴിമാടം
മഴയിൽ നനഞ്ഞ മണ്ണ്..
വാക്കുകൾ ഉരുവിട്ട് കൊണ്ടുള്ള ഒരു ശപഥവും പൊറിഞ്ചു എടുത്തില്ല.. പകരം ആ നനഞ്ഞ മണ്ണിൽ മറിയം കൊടുത്ത വാൾ കുത്തിയിറക്കി. ദൃഢതയോടെ അതിൽ പിടിച്ചു.. കനത്ത മഴയിലും അയാളുടെ കണ്ണിൽ കാണാൻ പറ്റുന്നത് അണയാത്തൊരു തീനാളമാണ്.പടം കാണുന്നതിന് മുൻപേ തന്നെ ജോസിന്റെ കുഴിമാടത്തിന് അടുത്തുള്ള പൊറിഞ്ചുവിന്റെ ആ ഇരുപ്പ് എന്തുകൊണ്ട് ഇത്ര ആഴത്തിൽ ഉള്ളിൽ പതിഞ്ഞു എന്നതിനുള്ള ഉത്തരം അവിടെ കിട്ടുകയായിരുന്നു.