സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരുക എന്നൊക്കെ പറഞ്ഞാൽ അതൊക്കെ ഉസ്സിരുള്ള ആങ്കുട്ട്യോൾക്ക് പറഞ്ഞിട്ടുള്ളതാണ്

112
Thozhuthuparambil Ratheesh Trivis
സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരുക എന്നൊക്കെ പറഞ്ഞാൽ അതൊക്കെ ഉസ്സിരുള്ള ആങ്കുട്ട്യോൾക്ക് പറഞ്ഞിട്ടുള്ളതാണ് !!!!
“മഴവിൽക്കാവടി “സിനിമ ഇമ്മളൊക്കെ കണ്ടിട്ടുള്ള സിനിമയാണ് ,,
അതിൽ അമ്മിണിക്കുട്ടിയെ പഴനിയിൽ ജോലി ചെയ്യേണ്ടി വരുന്ന വേലായുധൻകുട്ടിയുടെ അടുത്തെത്തിക്കാൻ ഒരു രക്ഷകനെ പോലെ കുഞ്ഞിക്കാദർ ഒരു വരവുണ്ട് ,,,
കുഞ്ഞിക്കാദർ നാട്ടിൽ എത്തിയതിന് ശേഷം തൊട്ട് അമ്മിണിക്കുട്ടിയെ അവിടുന്ന് കടത്താൻ നോക്കുന്ന വരെയുള്ള പ്ലാനുകൾ എല്ലാം നല്ല രസമാണ് …
പ്രത്ത്യേകിച്ചും ,,
അതിന് വേണ്ടി കുഞ്ഞിക്കാദറിന്റെ കൂടെ നിന്ന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന നാട്ടുകാരുടെ പച്ചയായ ചില കൗണ്ടറുകൾ !!!
ഓർത്തോർത്തു ചിരിക്കാൻ കുറെ മുഹൂർത്തങ്ങൾ ശങ്കരാടിയും ,,ഒടുവിലും ,,പറവൂർ ഭരതനും ,,മാമുക്കോയയും എല്ലാം കൂടി നമുക്ക് തന്നു ,,,
സിനിമയിൽ ഇത് കാണുമ്പോളൊക്കെ നല്ല കോമഡിയായിരുന്നു ..പണ്ട് ഇതൊക്കെ കണ്ട് ചിരിച്ചപ്പോഴൊന്നും ഇമ്മടെ ജീവിതത്തിൽ ഏതാണ്ട് ഈ വക പരിപാടി കടന്ന് വരുമെന്ന് വിചാരിച്ചില്ല !!പക്ഷെ ,,,,
ഇപ്പൊ മഴവിൽക്കാവടിയിലെ ,,,
കുഞ്ഞിക്കാദറിന്റെയും സംഘത്തിന്റെയും ആ പ്ലാനിങ് ഒക്കെ വീണ്ടും കാണാൻ ഇടവരുമ്പോൾ ഇമ്മള് നടത്തിയ ചിലതൊക്കെ ഓർമയിൽ തെളിയും !!!!
ഏകദേശം രണ്ട് വർഷം മുൻപ് ,,,
ചങ്കോളം സ്നേഹിച്ച ഒരു പ്രണയം ഉണ്ടായിരുന്നു ഇമ്മക്ക് …സാധാരണ പ്രണയത്തിൽ ഉണ്ടാകുന്ന പോലെ ഇമ്മടെ പ്രണയത്തിലും സാമ്പത്തികം എന്ന ആട്ടിന്കാട്ടം വില്ലനായി !!!
അതായത് ,,
എനിക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ ആയിരുന്നു ജോലി …എന്നാലും സ്നേഹിച്ച പെണ്ണുമൊത്തു സന്തോഷത്തോടെ ജീവിക്കാം എന്ന കോൺഫിഡൻസ് ഉണ്ടായിരുന്നു ..അത് അവൾക്കും ഉണ്ടായിരുന്നു ….
പക്ഷെ ,,,
വില്ലൻ സൈഡിൽ നിൽക്കുന്ന അവളുടെ ഉറ്റവർക്ക് അറിയില്ലല്ലോ ഞങ്ങടെ ആധി …
അങ്ങനെ അവർ എതിർത്തു …
എന്റെ വീട്ടിൽ പ്രത്ത്യേകിച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല ,,അനിയത്തിയുടെ കല്യാണം മുന്നേ തന്നെ കഴിഞ്ഞത്കൊണ്ട് പിന്നെ എന്റെ കാര്യം മാത്രമേ നോക്കേണ്ട കാര്യം ഉണ്ടായുള്ളൂ ….
അതുകൊണ്ട് എന്ത് വന്നാലും ഞാൻ ഉണ്ട് എന്ന് അവളോട്‌ പറഞ്ഞു ,,
പക്ഷെ പോകെ പോകെ അവളുടെ വീട്ടുകാർ പിടിമുറുക്കി ..
അവളുടെ ഫോൺ വാങ്ങിവെച്ചു !!
വീട്ടുതടങ്കലിലുമായി !!!
പിന്നെ ഏതാണ്ട് കുറെ മാസങ്ങളോളം അങ്ങോട്ടുമിങ്ങോട്ടും ഒരു വിവരവും ഇല്ലാതെ ഞാനും അവളും കഴിഞ്ഞു ..
അവളുടെ അവസ്ഥ അറിയാൻ വേണ്ടി വീടിന് മുന്നിൽ കൂടി ബൈക്കിൽ കൂടി കുറെ കറങ്ങി ..കറങ്ങിയത് മിച്ചം എന്നല്ലാതെ അവളെ പുറത്തേക്ക് കണ്ടില്ല !!!
ആകെ കണ്ടത് ,,,
ഒരു ദിവസം അവളുടെ അച്ഛൻ ഊണൊക്കെ കഴിച്ച് മുറ്റത്തേക്കിറങ്ങി വയറഴിഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതാണ് !!!
അവളുടെ ഭാഗത്ത് നിന്ന് ശരിയായ ഇൻഡിക്കേഷൻ കിട്ടാത്തത് കൊണ്ട് നേരെ വീട്ടിൽ കേറിചെന്ന് ചോദിക്കാനും പേടി !!!
ഞാൻ പിന്നെയും കാത്തിരുന്നു ..
നെഞ്ചിൽ വലിയ ഉരുളൻകല്ല് കയറ്റിവച്ച പോലത്തെ ഭാരത്തോടെ ഓരോ ദിവസവും ഞാൻ വർക്കിനിറങ്ങി ,,,
അങ്ങനെ ഒരു ദിവസം ,,,
എന്റെ മൊബൈലിൽ ഒരു കാൾ വന്നു !!!
ഒരു പയ്യൻ ആണ് !!
അവൻ പറഞ്ഞു ,,,
ചേട്ടന് തരാൻ വേണ്ടി ഒരു കവർ തന്നിട്ടുണ്ട് !!!
സംഗതി ഇങ്ങനെയാണ് ,,,
എന്റെ പെണ്ണിന് ചെറുതായി കവിത എഴുതുന്ന പരിപാടി ഉണ്ടായിരുന്നു ,,
കുറെ നാളത്തെ വീട്ടുതടങ്കലിനിടയിൽ അവൾ ഒരു കവിതയെഴുതി ,,
എന്നിട്ട് അവളുടെ വീടിനടുത്തുള്ള ഒരു പയ്യന്റെ കയ്യിൽ കൊടുത്തു ,,വീട്ടുകാരുടെ അറിവോടെ തന്നെ ,,
ഏതോ മാഗസീനിലേക്ക്‌ അയച്ചുകൊടുക്കാൻ ആണ് അവന്റെ കയ്യിൽ കൊടുത്തത് ,,
ആ കവറിന്റെ പുറത്ത് അവൾ ഒരു നമ്പറും കുറിച്ചു ..എന്നിട്ട് അവനോട് ആ നമ്പറിൽ വിളിച്ചിട്ട് ആ കവർ കൊടുത്താൽ മതിയെന്ന് പറഞ്ഞു !!!!
അങ്ങനെ ആ കവിത എന്റെയടുത്തെത്തി !!!
ഞാൻ കവർ പൊട്ടിച്ചു വായിച്ച് തുടങ്ങി …
വീട്ടിൽ പൂട്ടിയിട്ട ഓരോ ദിവസത്തെയും അനുഭവങ്ങൾ അവൾ അതിൽ കുറിച്ചിട്ടുണ്ട് !!എഴുത്തിന്റെ അവസാനഭാഗത്ത് എന്നെ ഞെട്ടിക്കുന്ന വേറൊരു സംഗതി !!!
അതായത് ,,,
എന്റെ കയ്യിൽ ആ കവർ കിട്ടിയതിന്റെ പിറ്റേ ദിവസം അവളെ പെണ്ണ്കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് !!!രണ്ടാമത്തെ കാണൽ ആണ് !!!വീട്ടുകാരൊക്കെ കൂടി !!ഇതും കൂടി ഓക്കേ ആയാൽ ചിലപ്പോൾ ഉറപ്പിക്കും!!!
പോരാത്തതിന് ചെക്കനെയും ചുറ്റുപാടും അവളുടെ വീട്ടുകാർക്കും ബോധിച്ചിട്ടുണ്ട് !!!
എനിക്കുള്ള മെസ്സേജ് ഇതാണ് ,,
ഏട്ടൻ കുറച്ച് ആളുകളെയും കൂട്ടി വരണം !!
അടുത്തുള്ള പോലീസ്സ്റ്റേഷനിൽ അറിയിച്ചിട്ട് വന്നാൽ മതി ,,അല്ലെങ്കിൽ ഇവർ ചിലപ്പോൾ ഏട്ടനെ കുടുക്കും !!!
എന്റെ തല പെരുത്ത്കയറി !!!
ഏതാവത് പണ്ണ്ഡാ ,,എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു ,,,
അന്നത്തെ രാത്രി പ്ലാനിങ്ന് ഉള്ളതായിരുന്നു !!!
ആദ്യം തന്നെ ഇമ്മടെ ഏറ്റവും അടുത്ത ഒരു ചങ്ങായിടെ അടുത്ത് കാര്യം പറഞ്ഞു ,,
അവനാണെങ്കിൽ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാൻ നിൽക്കാണ് ,,എന്നിട്ടും അവൻ പിറ്റേ ദിവസം വരാം എന്ന് തീരുമാനിച്ചു !!!
അങ്ങനെ അവൻ ഓക്കേ !!!
അവന്റെ കാറും ഓക്കേ !!!
പോരല്ലോ ,,,
ഇനി ഒരു ടീമും കൂടി വേണം ,,
അങ്ങനെ നാട്ടിൽ ഈ വക കേസുകളൊക്കെ അറ്റൻഡ് ചെയ്ത് പരിചയമുള്ള ഒരു ചേട്ടനെ കൂടെ കൂട്ടാൻ തീരുമാനിച്ചു ,,,
ആ ചേട്ടനെ നേരിട്ട് പരിചയമില്ലാത്തതുകൊണ്ട് നാട്ടിലെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ഇമ്മടെ വേറെ ഒരു കൂട്ടുകാരൻ മുഖാന്തരം പുള്ളിയെ ബന്ധപ്പെട്ടു …
അങ്ങനെ പുള്ളി വരാം എന്ന് സമ്മതിച്ചു ..
അങ്ങനെ ഞാനും കാറുള്ള കൂട്ടുകാരനും പിന്നെ കാരണവർ ചേട്ടനും പിന്നെ ഓട്ടോ കൂട്ടുകാരനും കൂടി കാറിൽ ,,
കൂടെ കാറിന്റെ പിന്നാലെ രണ്ട് പേര് ബൈക്കിൽ !!!
ഇനി ഒരാളെയും കൂടി കൂട്ടാനുണ്ട് !!
പോകുന്ന വഴി ,,
ഇമ്മടെ അമ്മാവനെ ,,
അങ്ങനെ ഞങ്ങൾ നേരത്തെ തന്നെ പുറപ്പെട്ടു ,,കാരണം ആദ്യം സ്റ്റേഷനിൽ പോകണം ,,എന്നിട്ട് കാര്യം പറയണം ,,എന്നിട്ട് പോലീസുകാരുടെ അനുമതിയോടെ അവളുടെ വീട്ടിൽ പോകണം ,,അതൊക്കെയാണ് പ്ലാൻ …
വണ്ടി ശടപടാന്ന് പോവാണ് ….
മാമൻ നിക്കാം എന്ന് പറഞ്ഞ സ്ഥലത്തെത്തി ,,മാമനെ വിളിച്ചു ,,
അപ്പോഴതാ ആദ്യത്തെ വല !!!
മാമന് മരംവെട്ടുന്ന പരിപാടിയാണ് ..പുള്ളി അടുത്ത് തന്നെയുള്ള ഏതോ വീട്ടിൽ മരംമുറിച്ചുകൊണ്ടിരിക്കുന്നു !!!
കാർ വഴിയിൽ നിർത്തിയിട്ട് ഞാനും വേറൊരു കൂട്ടുകാരനും കൂടി പുള്ളിയുണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് പാഞ്ഞു ..ആരുടെയൊക്കെയോ തൊടിയിലൂടെ പാഞ്ഞിട്ട് !!!
അങ്ങനെ മരംമുറിക്കുന്ന സ്ഥലത്തെത്തി ,,
അവിടെ ചെന്നപ്പോഴല്ലേ അടുത്ത പുകില് ,,,
മാമൻ മരംമുറിക്കുന്നത് അതിർത്തിപ്രശ്നം നടക്കുന്ന രണ്ട് വീട്ടുകാരുടെ അതിർത്തിയിൽ ഉള്ള മരമാണ് !!!
ഒരതിര് ,,പാറകത്തിങ്കലെ അമ്മിണിയമ്മയുടെ ,,
രണ്ടാമത്തെ അതിര് ,,മേലൂട്ടെ കൃഷ്ണന്റെ ,,
വില്ലജ് ആപ്പീസർ വന്ന്‌ അളന്നു തരം തിരിച് പോയപ്പോൾ മരത്തിന്റെ അവകാശം മേലൂട്ടെ കൃഷ്ണന് പോയി !!!!
വേലിക്ക് അപ്പുറവും ഇപ്പുറവും രണ്ട് വീട്ടുകാരും തമ്പടിച്ചിട്ടുണ്ട് ,,
അഥവാ എന്തേലും പ്രശ്നം ഉണ്ടായാൽ ചാടി വീഴാൻ വേണ്ടി !!!
മരത്തിന്റെ അവകാശം നേടിയ കൃഷ്ണന്റെ വീട്ടുകാര് അവരുടെ വളപ്പിൽ നിന്ന് മരത്തിന്റെ ഒരു ചില്ല പോലും അമ്മിണിയമ്മയുടെ വളപ്പിൽ വീഴാതിരിക്കാൻ ശ്രദ്ദിച് ഒരു വശം ,,,,
എങ്ങാനും അബദ്ധവശാൽ എങ്ങാനും ഒരു ചില്ല ഇങ്ങോട്ട് വന്നാൽ അത്ന്റെ പേരിൽ കൃഷ്ണനെയും കുടുംബത്തെയും സരസ്വതി പാടാൻ അമ്മിണിയമ്മയും മക്കളും മറ്റേ വശത്ത് ,,,
താമരശ്ശേരി ചുരത്തിൽ വച്ച് ബ്രേക്ക്‌ പോയ ബസ്സിന്റെ ഡ്രൈവറുടെ മുഖഭാവത്തോടെ മാമനും ഒരു സഹായിയും !!!!
ഇതൊന്നുമറിയാതെ ,,,
വെടിക്കെട്ടിനിടയ്ക്കു പെട്ട നായയുടെ അവസ്ഥയിൽ ഞാനും കൂട്ടുകാരനും !!!!
അതായത് ,,
എന്റെ പ്രണയം തത്കാലം മാമന്റെ കണ്ണിൽ സെക്കന്ററി ആണ് ..ഇവിടുന്ന് പെട്ടന്ന് എല്ലാം വിട്ട് എന്റെ കൂടെ പോന്നാൽ അതിർത്തിയിൽ ചിലപ്പോ യുദ്ധം നടക്കും !!!
വേറെ നിവർത്തിയില്ലല്ലോ ???
കൂട്ടുകാരൻ എന്റെ മുഖത്തേക്ക് നോക്കി ,,
കംഫർട് സ്റ്റേഷനിൽ കക്കൂസിന് ക്യൂ നിക്കുന്ന ഭാവത്തോടെ ഞാൻ അവനെയും !!!
എന്തായാലും ഒരു പോസ്റ്റ് ഉറപ്പിച്ചു !!!
അതെത്ര മണിക്കൂർ ആകുമെന്ന കാര്യത്തിൽ മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ !!!
അങ്ങനെ മുള്ളിന്മേൽ ഞാനും ,,കൂട്ടത്തിൽ അമ്മാവനെ പ്രാകിക്കൊണ്ടു കൂട്ടുകാരനും അമ്മാവനെ നോക്കാൻ പോയ ഞങ്ങളെയും അമ്മാവനെയും എല്ലാം ചേർത്ത് പ്രാകിക്കൊണ്ട് റോഡിൽ കാറിലും ബൈക്കിലുമായി കാത്തിരുന്ന ഇമ്മടെ മറ്റേ ചങ്കോളും ……..
ഒരു വിധം മരം നിലംപൊത്തി !!!
അതിർത്തി അപ്പൊ തന്നെ തരംതിരിച് സുരക്ഷിതമാക്കി ..
ചില്ലറ സഹായത്തിന് ഞങ്ങളും ഇറങ്ങി …
ഒടുവിൽ മാമൻ വെള്ളയും വെള്ളയും അണിഞ്ഞു പക്കാ കാർന്നോർ ലുക്കിൽ വന്നു ,,,
വന്നപാടെ പുള്ളി എന്നെ അടിമുടിയൊരു നോട്ടം ,,,
“ഇതാണോ അന്റെ വേഷം “എന്ന ഭാവം മാമന്റെ നോട്ടത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി !!!
കാരണം ഞാൻ ഒരു ഫുൾസ്ലീവ് ടിഷർട്ടും ഒരു മിലിറ്ററി കളർ ജീൻസുമാണ് ഇട്ടിരുന്നത് !!!
മാമൻ എന്നോട് ,,,
ഈ വേഷത്തിൽ ആണോ ഇയ്യ്‌ പെണ്ണ് ചോദിക്കാൻ പോണത് ???
ഞാൻ ::മാമാ ,,ഇനി സമയം കളയാൻ പറ്റില്ല ,,
മാമൻ ::എന്ത് സമയം പോയാലും വേണ്ടില്ല ,,ഇയ്യ്‌ ആദ്യം പോയി ഒരു വെടിപ്പും മെനയുമുള്ള ഷർട്ട്‌ വാങ് ,,അല്ലാതെ ഈ ജാതി കോലം കെട്ടീട്ട് ഒരു കുടുംബത്തില് കേറി ചെല്ലുന്നത് നല്ല കുടുംബക്കാർക്ക് ചേർന്നതല്ല !!!!
ഒന്നാമത് നേരം വൈകി നിൽക്കുന്നു !!!അതിന്റെയിടയിൽ മാമന്റെ ഈ ഡയലോഗ് കൂടി ആയപ്പോൾ കൂട്ടുകാരന്റെ പല്ല് ഞെരിയുന്നതു ഞാൻ കേട്ടു !!!
അങ്ങനെ കാറിന്റെ മുൻസീറ്റിൽ മാമൻ കേറി ..വീണ്ടും യാത്ര…പോണ പോക്കിൽ ഒരു തുണിക്കടയുടെ മുന്നിൽ മാമൻ വണ്ടി നിർബന്ധിച്ചു നിർത്തിച്ചു !!!
എന്നോട് പോയി കാണാൻ മെനയുള്ള ഒരു ഷർട്ട്‌ വാങ്ങി വരാൻ പറഞ്ഞു !!!
അങ്ങനെ തുണിക്കടയിൽ അടുത്ത പോസ്റ്റ്‌ !!!
തുണിക്കടക്കാരൻ ഓരോന്ന് വലിച്ചിട്ടു ..
എനിക്ക് ഇഷ്ടപ്പെടുന്നത് അമ്മാവന് ഇഷ്ടപ്പെടില്ല ,,അമ്മാവന് ഇഷ്ടപ്പെടുന്നത് എനിക്കും !!
ഞങ്ങളുടെ രണ്ടുപേരുടെയും അത് വേണ്ട ,,ഇത് വേണ്ട എന്ന മാറിമറിയുള്ള ഡയലോഗ് കേട്ട് പ്രാന്ത് മൂത്ത കൂട്ടുകാരൻ എന്നെയൊന്നു നോക്കി ,,,
നിനക്ക് ഷർട്ട്‌ വാങ്ങാനാണോ മൈ …..ഇത്ര മെനക്കെട്ടു വന്നത് എന്ന അവന്റെ ഭാവം ഞാൻ ഊഹിച്ചെടുത്തു …
ഇനിയും വൈകിയാൽ പ്രേമിക്കുന്ന പെണ്ണ് കയ്യിന്നു പോകും എന്ന പേടിയേക്കാളേറെ കൂടെ വന്നവർ പഞ്ഞിക്കിടുമെന്ന് എനിക്കുറപ്പായി …
പിന്നെ കൂടുതൽ സമയം കളഞ്ഞില്ല ,,എന്റെ മുഖം തെളിഞ്ഞില്ലെങ്കിലും മാമന്റെ മുഖത്തെ തൃപ്തി നോക്കി ഒരു ചാണകപ്പച്ച കളർ നരിസാനം അങ്ങോട്ട് വാങ്ങി !!!
ആാാ പോട്ടെ രൂപ 540 ക ….
വരട്ടെ ഒരു തറവാട്ടുകാരന്റെ പവർ !!!
വണ്ടി വീണ്ടും സ്റ്റാർട്ട്‌ …..
ഞാൻ ചാണകപ്പച്ച കളർ ഷർട്ടൊക്കെ ഇട്ട് മൂട്ടിൽ തീയിട്ട പോലെ കാറിന്റെ ബാക്ക്സീറ്റിൽ ഇമ്മടെ കൂട്ടുകാരന്റെയും നാട്ടിലെ കാരണവർ ചേട്ടന്റെയും നടുക്ക് അങ്ങനെ ഇരിക്കുന്നു …
മാമൻ കാറിന്റെ മുന്നിൽ ഇടതു വശത്തെ സീറ്റിൽ ഒക്കെ ഞാൻ ഏറ്റു എന്ന ഭാവത്തിൽ ,,
കൂട്ടുകാരൻ എത്രയും വേഗം കാര്യം നടന്നാൽ മതിയെന്ന ഉദ്ദേശത്തിൽ ഡ്രൈവ് ചെയ്യുന്നു …
പെണ്ണിന്റെ വീടിനടുത്തുള്ള ചെറിയ ടൗൺ ..ഞങ്ങൾ അവിടെ വണ്ടി നിർത്തി …
ഫൈനൽ പ്ലാൻ !!!
വിത്ത്‌ ദി പ്രെസെൻസ്‌ ഓഫ് തറവാട്ട്കാർന്നോർ !!!
മാമൻ :::എന്താ ഉദ്ദേശം ???
ഞാൻ ::അവള് പറഞ്ഞത് സ്റ്റേഷനിൽ പോയി പറഞ്ഞിട്ട് വീട്ടിൽ വന്നാൽ മതിയെന്നാണ് !!!
മാമൻ ::എന്ത് സ്റ്റേഷൻ ???ആദ്യം ഇമ്മക്ക് അവരുടെ വീട്ടിൽ പോകാം ,,ഞാൻ ആ കുട്ടിയുമായി ഒന്ന് സംസാരിക്കട്ടെ ,,,
ഞാൻ ::അല്ല മാമാ ,,അവൾടെ അച്ഛൻ ചെലപ്പോ പ്രശ്നം എന്തേലും ഉണ്ടാക്കും അല്ലെങ്കിൽ അവളെ കാണാൻ സമ്മതിക്കില്ല എന്ന് അവള് തന്നെയാണ് പറഞ്ഞത് ???
മാമൻ :::എന്ത് പ്രശ്നം ,,ഇയ്യും അവളും തമ്മിൽ ഇഷ്ടമല്ലേ ,,അത് സത്യമല്ലേ ???
ഞാൻ ::അത് സത്യമാണ് ..
മാമൻ :::ആ ,,അപ്പൊ ഞാൻ ചെല്ലുമ്പോൾ അവൾടെ അച്ഛൻ അവളെ കാണിച്ച് തരണം ,,അതങ്ങനെ അല്ലെങ്കിൽ ഈ നാട്ടിലും കാര്യഗൗരവം ഉള്ള പ്രമാണിമാർ ഇണ്ടാവും ,,ആദ്യം വീട്ടിലേക്ക് വിട് ….
വണ്ടി വീണ്ടും സ്റ്റാർട്ട്‌ …..
അങ്ങനെ എന്റെ ചങ്കിടിപ് വീണ്ടും കൂടി …വണ്ടി അവളുടെ വീടിന്റെ കുറച്ച് അപ്പുറം മാറി നിർത്തി ..അമ്മാവൻ പറഞ്ഞു ,,,
ആദ്യം ഞാൻ ഒന്ന് പോയി നോക്കട്ടെ ,,
കുട്ടിയുമായി ഒന്ന് സംസാരിക്കട്ടെ ,,
എന്താ നിലപാട് എന്നറിയണം …
അങ്ങനെ മാമൻ അവളുടെ വീട്ടിലേക്ക് !!!പക്ഷെ കഷ്ടിച്ച് അഞ്ചുമിനിറ്റ് തികഞ്ഞില്ല ,,മാമൻ പുറത്തേക്ക് തന്നെ വന്നു ,,
വന്ന പാടെ എന്നോട് ,,,
ബാ ,,സ്റ്റേഷനിൽ പോകാം !!!
ഞാൻ ::എന്താ മാമാ ,,കണ്ടോ അവളെ ???
മാമൻ ::അവളെ പുറത്തേക്ക് വിടുന്നില്ല ,,ഞാൻ അവൾടെ അച്ഛനോട് ചോദിച്ചപ്പോൾ അവൻ പറയാണ് അവളെ കാണിക്കാൻ പറ്റില്ല എന്ന് ,,എന്നാൽ ഒന്ന് അറിയണമല്ലോ ,,ഒരു പെൺകുട്ടി ഒരാളെ ഇഷ്ടപ്പെട്ടു എന്ന് വച്ച് അവളെ പൂട്ടിയിടാൻ ഏതച്ഛനാ അവകാശം ???
ഞാൻ ഒന്നും മിണ്ടിയില്ല !!
ഇത് തന്നെയല്ലേ മാമാ ഞാൻ ആദ്യം പറഞ്ഞത് ,,സ്റ്റേഷനിൽ പോകാമെന്ന് ,,എന്ന ചോദ്യം എന്നോട് തന്നെ ചോദിച്ച് മിണ്ടാതെ ഇരുന്നു !!!
വണ്ടി ഇനി സ്റ്റേഷനിലേക്ക് !!!
അങ്ങനെ അവളുടെ വീടിന്റെ പരിധിപെടുന്ന ആ സ്റ്റേഷനിൽ ഞങ്ങൾ എത്തി ..ആദ്യം ഒരു ഹെഡ്കോൺസ്റ്റബിളിനോട് കാര്യം പറഞ്ഞു ,,
അദ്ദേഹം പറഞ്ഞു ,,
എന്തായാലും ഒരു പരാതി എഴുതു ,,
എസ് ഐ വന്നിട്ടില്ല ..
കുറച്ച് വൈകും !!!
ഇനിയാണ് ശരിക്കുള്ള പോസ്റ്റ് …നല്ല മിനുസമുള്ള ടൈൽസ് ഇട്ട നിലത്തൂടെ പാമ്പ് ഇഴയുന്ന പോലെ പോകുന്ന മണിക്കൂറുകൾ ,,
കൂടെ വന്നവരൊക്കെ ഹരിമുരളീരവം പാടിത്തുടങ്ങി !!
ഒരു പരാതിയെഴുതി കയ്യിൽ പിടിച്ചിട്ടുണ്ട് ,,
ഒപ്പം ഒരു ബലത്തിനും തെളിവിനുമായി അവൾ എനിക്ക്‌ തന്ന കത്തും കൂടി അതിന്റെ കൂട്ടത്തിൽ പിടിച്ച് സ്റ്റേഷനിലെ കാഴ്ചകളും കണ്ട് കുറേ നേരം അങ്ങനെ ……..
സമയം ഉച്ചരയായി !!!
കൂടെ വന്നവരിൽ ചിലർ വയർ ഉഴിയാൻ തുടങ്ങി ,,,അങ്ങനെ തൊട്ടടുത്തെ ഹോട്ടലിൽ ,,
അവിടെ എത്തിയ പാടെ ഹോട്ടല്കാരൻ ,,,
ചോറ് തീർന്നുട്ടോ ,,
ബിരിയാണി മാത്രമേ ഉളളൂ !!!
അങ്ങനെ ബിരിയാണിമേള …..
കഴിഞ്ഞ് ,,,
വീണ്ടും സ്റ്റേഷനിൽ ,,,
പോസ്റ്റ് ബിഗിൻസ് !!!!
എന്താണ് പുള്ളി വൈകുന്നതെന്ന് ചുമ്മാ ഒന്ന് അന്വേഷിച്ചുനോക്കിയപ്പോൾ കിട്ടിയ ഒരു കരക്കമ്പി !!!
പുള്ളി ഇന്നലെ രാത്രി പുഴയിൽ നിന്നും കള്ളമണൽ കടത്താൻ നോക്കിയ ചിലരെ പൂട്ടാൻ വേണ്ടി രാത്രി മുഴുവൻ മെനക്കെട്ട കാരണം ഇന്ന് ഇത്തിരി വൈകിയേ വരൂ എന്ന് അറിയിപ്പ് ഉണ്ടായിരുന്നുവത്രെ !!!
കഴിച്ച ബിരിയാണി ദഹിക്കുന്നതിന്റെ അമ്പത്താറാമത്തെ ഏമ്പക്കം വരുന്നതിന് മുൻപ് സ്റ്റേഷൻ ചടുലമായി !!!
എസ് ഐ എത്തി !!!
കുറച്ചു നേരം വീണ്ടും കഴിഞ്ഞു ,,ഒരു കോൺസ്റ്റബിൾ വന്ന് ഞങ്ങളോട് ഉള്ളിലേക്ക് കയറി വരാൻ പറഞ്ഞു ,,,
ഞാനും അമ്മാവനും നാട്ടിലെ കാരണവർ ചേട്ടനും കൂടി എസ് ഐ യുടെ മുറിയിലേക്ക് കയറി ,,അദ്ദേഹത്തിന് നമസ്കാരം പറഞ്ഞു ..പരാതി കൈമാറി ,,
അദ്ദേഹം പരാതിയും കൂടെ കൊടുത്ത കത്തും വായിച്ചു ,,,
എന്നിട്ട് ഞങ്ങളോട് പറഞ്ഞു ,,,
ഇതിപ്പോ നിങ്ങളും ആ പെൺകുട്ടിയും തമ്മിൽ ഇഷ്ടമായിരിക്കാം ,,,
അവൾ ഈ കത്തെഴുതി നിങ്ങളെ വിളിച്ചിട്ടും ഉണ്ടായിരിക്കാം ,,,
പക്ഷെ ,,,
അവളെ വീട്ടിൽ പൂട്ടിയിരിക്കുന്നു എന്ന് നിങ്ങള് വന്ന് പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല !!!
കാരണം അങ്ങനെ പരാതി പറയേണ്ടത് ആ പെൺകുട്ടിയാണ് ,,അവൾക്ക് നേരിട്ട് വരാൻ പറ്റില്ലെങ്കിൽ അവളുടെ കൈപ്പടയിൽ എഴുതിയ പരാതിയെലും ഉണ്ടേൽ ഞങ്ങക്ക് ഇടപെടാമായിരുന്നു !!!
ഇല്ലെങ്കിൽ എല്ലാവരും തൂങ്ങും ..
നിങ്ങൾ ആ പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടിയിട്ടൊന്നും ഇല്ലല്ലോ ???
ആയതിനാൽ ആ പെൺകുട്ടിയുടെ കാര്യത്തിൽ ഉള്ള പൂർണ്ണ അവകാശം അവളുടെ മാതാപിതാക്കൾക്ക് ആണ് !!!!
അപ്പൊ സർ എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ ???
എസ് ഐ ::പിന്നെയൊരു വഴിയുണ്ട് ,,ഈ കാണാതായ ആളിനെയൊക്കെ കണ്ടുപിടിച്ചുകൊടുക്കാൻ ഫയൽ ചെയ്യുന്ന ഒരു പരിപാടി ,,മറ്റേ ഹേബിയസ് കോർപ്പസ് കൊടുത്താൽ ???
പക്ഷെ അവിടെയും പെൺകുട്ടിയുടെ അച്ഛനും അമ്മയ്കുമാണ് മുൻഗണന !!!
നിങ്ങൾ ആ വഴിക്ക് നീങ്ങിയിട്ട് ,,വീട്ടുതടങ്കൽ ആണെന്നൊക്കെ പറഞ്ഞിട്ട് ,,അവസാനം ആ പെൺകുട്ടിയോട് കോടതി ചോദിക്കുമ്പോൾ മാറ്റിപറഞ്ഞാൽ നിങ്ങള് തൂങ്ങും !!!!
കാരണം ഞങ്ങൾ ഇങ്ങനത്തെ കുറെ കേസുകൾ കാണുന്നതാണ് ,,എന്ത് പ്രേമം എന്നൊക്കെ പറഞ്ഞാലും വളർത്തിയുണ്ടാക്കിയ അമ്മയും അച്ഛനും ചാവുമെന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി പെങ്കുട്ട്യോളൊക്കെ കാല്മാറും !!!
അതുകൊണ്ട് നിങ്ങള് തത്കാലം ഒന്നും ചെയ്യാൻ നിക്കണ്ട ,,
കാത്തിരിക്ക് ,,
അവരുടെ മനസ്സ് മാറുമോ എന്ന് നോക്ക് ,,
ഞങ്ങൾ തലതാഴ്ത്തി അവിടുന്ന് ഇറങ്ങി ..
ഞങ്ങൾ തിരിഞ്ഞുനടക്കുമ്പോൾ എസ് ഐ വിളിച്ചു പറഞ്ഞു ,,,
ഇനി നിങ്ങൾ അവിടെപ്പോയി ,,
ഒരു ധൈര്യത്തിൽ വീട്ടിൽ കയറി അവളെ കാണാൻ ഒന്നും നിക്കണ്ട !!!!അവര് പരാതി തന്നാൽ പിന്നെ നിങ്ങക്കെതിരെ കേസ് എടുക്കേണ്ടി വരും !!!
അങ്ങനെ മുട്ടക്കച്ചോടത്തിൽ നഷ്ടംപറ്റിയ പോലെ ഞങ്ങൾ വണ്ടിയിൽ കയറി ,,,
എന്റെ മനസ്സ് ആകെ ഇരുണ്ട്കയറി ,,
ഇന്നലെ രാത്രിമുഴുവൻ പ്ലാൻ ചെയ്തിട്ട് അവളെയൊന്നു കാണാൻ പോലും പറ്റിയില്ല !!!
പെറ്റവർക്കില്ലാത്ത ബന്ധം
പ്രേമിച്ചവന് ഇല്ല !!!
അതാണ് നിയമം !!!
അതുകൊണ്ട് മിണ്ടാതെ വന്ന വഴി വിട്ടോ !!!!
വണ്ടി വീണ്ടും അവളുടെ വീടിനടുത്തെ ചെറിയ ടൗണിൽ എത്തി !!!
ഒരു വഴി അവളുടെ വീട്ടിലേക്ക് !!!
ഒരു വഴി ഞങ്ങൾക്ക് മടങ്ങിപ്പോകാൻ !!!
ഞാൻ പറഞ്ഞു ,,,
ഡാ വണ്ടി അവൾടെ വീട്ടിലേക്ക് വിട്
എനിക്കവളെ കാണണം !!!
എന്റെ ശബ്ദത്തിലെ ഉറപ്പുമനസ്സിലാക്കിയ ചങ്ക് രണ്ടാമതൊന്ന് ചിന്തിച്ചില്ല ..നേരെ തിരിച്ചു അവളുടെ വീട്ടിലേക്ക് ,,,
നിയമവും നാട്ടുമര്യാദയും ആചാരങ്ങളും നോക്കിയിട്ടല്ല ഞങ്ങൾ പ്രേമിച്ചത് ,,,പക്ഷെ ഞങ്ങൾക്ക് ഒന്നിക്കാൻ ഈ നിയമവും ആചാരങ്ങളും മര്യധകളും വേണം !!!
അത് തെറ്റിച്ചാൽ നിയമം എനിക്കെതിരെ തിരിയുമത്രെ !!!
പക്ഷെ ,,,
അങ്ങനെ എനിക്കെതിരെ തിരിയുന്ന ഒരു നിയമത്തിനെതിരെ നെഞ്ച് വിരിക്കാനുള്ള ധൈര്യം എനിക്കില്ലെങ്കിൽ പിന്നെ ,,,
നാളെ എന്നെ വിശ്വസിച്ചു് കാത്തിരുന്നവൾടെ കൈപിടിക്കാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളത് ???
തിരിയുന്നത് തിരിയട്ടെ !!!
പക്ഷെ !!!
ഞാൻ തിരയുന്നവളെ കണ്ടിട്ടേ ഞാൻ ഇവിടുന്ന് പോകൂ !!!
അവൾടെ വീടെത്തി !!!
ഞാൻ ഒറ്റയ്ക്ക് ഇറങ്ങിചെന്ന് ഉമ്മറത്തുനിന്ന് വിളിച്ചു ..അവളുടെ അച്ഛൻ ഇറങ്ങി വന്നു !!!
അച്ഛൻ :::എന്തെ ???
ഞാൻ ::എനിക്കവളെ ഒന്ന് കാണണം
അച്ഛൻ ::നീ കാണില്ല
ഞാൻ ::അതവള് പറയട്ടെ
സംസാരം കൂടി ..എന്റെ കൂടെ എന്റെ കൂട്ടുകാരനും ഇറങ്ങി വന്നു …അപ്പോൾ ഉള്ളിൽ നിന്ന് അവളുടെ അമ്മ ഇറങ്ങി വന്നു ,,,
എന്നോട് ചോദിച്ചു ,,
നിനക്ക് എന്താ വേണ്ടത് ???
ഞാൻ :::എനിക്കവളെ കാണണം ,,,അവളോട്‌ ഒന്ന് സംസാരിക്കണം ,,,
അമ്മ :::പുറത്ത് നിന്ന് സംസാരിക്കണ്ട ,,,ഉള്ളിലേക്ക് കയറി വാ ,,,
അവൾക്ക് പറയാൻ ഉള്ളത് കേട്ടാൽ പിന്നെ ഇവിടെ പ്രശ്നം ഉണ്ടാക്കില്ല എന്നുറപ്പാണെങ്കിൽ ഉള്ളിലേക്ക് കയറിക്കോ ,,,
ഞാനും കൂട്ടുകാരനും ഉള്ളിലേക്ക് കയറി ,,,
അമ്മ അവളെ വിളിച്ചു ..അവൾ പേടിയോടെ റൂമിൽ നിന്നും പുറത്തേക്ക് വന്നു ,,
അമ്മ കലിതുള്ളി അവളോട്‌ ചോദിച്ചു ,,
നിനക്ക് ഇവന്റെ കൂടെ പോകണോ ???ഞങ്ങൾ ആരും തടുക്കില്ല ,,പോകണമെങ്കിൽ പൊക്കൊ !!!
ഒപ്പം അച്ഛനും ,,
വായ തുറന്നു പറയെടി ,,,
അവൾ നിസ്സഹായതയോടെ അച്ഛനെയും ഒപ്പം എന്നെയും മാറിമാറി നോക്കി ,,,
ആ നോട്ടത്തിൽ എനിക്കെല്ലാം മനസ്സിലായി ,,ഞാൻ പറഞ്ഞു ,,
നീ പേടിക്കേണ്ട ,,
ആരും നിന്നെ ഒന്നും ചെയ്യില്ല ,,
ഒച്ചപ്പാടും ബഹളവും ഒന്നും ഞാൻ ഉണ്ടാക്കില്ല ,,ഇപ്പൊ നീ എന്റെ കൂടെ വന്നാൽ ഞാൻ കൊണ്ട് പോകും ,,ഇല്ലെങ്കിൽ തിരിച്ചുപോകും ,,നിന്നോട് ദേഷ്യപ്പെട്ടിട്ടല്ല ,,നിനക്ക് പറ്റാതായി എന്ന് നിനക്ക് തോന്നുന്ന സമയത്ത് ഇട്ട ഡ്രെസ്സോടെ നീ ഇവിടുന്ന് ഇറങ്ങിക്കോ ,,
വിളിച്ചോ ,,
എവിടെ ആണെങ്കിലും ഞാൻ വരും ….
അതുംകൂടി കേട്ടപ്പോൾ അവളുടെ അച്ഛന് വീണ്ടും ദേഷ്യം ,,എന്റെ ഷർട്ടിൽ പിടിച്ചുതള്ളി ,,അപ്പോളേക്കും അവളുടെ അമ്മാവൻ എത്തി ,,കൂട്ടുകാരൻ പറഞ്ഞു ,,
ഡാ നീ പുറത്ത് നിക്ക്
ഞാൻ പുറത്തേക്ക് നിന്നു …
കൂട്ടുകാരൻ ഉള്ളിൽ അവളുമായി കുറച്ചുനേരം സംസാരിച്ചു ,,അവൾ അവനോട് പറഞ്ഞു ,,
ഏട്ടനോട് ഇപ്പൊ പോകാൻ പറയു ,,ഞാൻ ഇപ്പൊ പോന്നാൽ ഇവർ എന്തേലും ചെയ്യും ,,,
അങ്ങനെ കൂട്ടുകാരൻ പുറത്തേക്കിറങ്ങി ,,അവൾ ജനലിലൂടെ വന്ന്‌ എന്റെ നേരെ കൈനീട്ടി ,,അച്ഛൻ അവളെ അവിടുന്ന് പിടിച്ചുമാറ്റി ,,,
അങ്ങനെ ഞങ്ങൾ ആ പടിയിറങ്ങുന്നതിനു തൊട്ട്മുൻപ് ,,,
അവൾടെ അച്ഛന് നെഞ്ച് വേദന !!!!
അവൾ കരഞ്ഞുകൊണ്ട് ഞങ്ങളെ വിളിച്ചു …
ഞങ്ങൾ അങ്ങോട്ടേക്ക് ഓടി ചെന്നു !!!
അവൾടെ അച്ഛൻ കുഴഞ്ഞ പോലെ ,,ഏതാണ്ട് സി ഐ ഡി മൂസ സിനിമയിൽ ജഗതി മണ്ണിൽകിടന്നുകൊണ്ട് ഒരുപിടി മണ്ണ് നെഞ്ചോട്‌ ചേർത്ത് പിടിച്ച് കൊണ്ട് കിടക്കുന്ന ആ പാറ്റേൺ പിടിച്ച പോലെ ബോധരഹിതൻ ആവാൻ വേണ്ടി ശ്രമം നടത്തുന്നു ,,,അമ്മയും അവളും താങ്ങിപിടിച്ചിരിക്കുന്നു !!!
ഞങ്ങൾ ചോദിച്ചു ,,,
ഹോസ്പിറ്റലിൽ പോകണോ ,,,
അപ്പൊ അവളുടെ അമ്മ ,,,
വേണ്ട ഞങ്ങള് കൊണ്ടോയ്ക്കോളാം ,,,
എന്നും പറഞ്ഞ് ഞങ്ങൾക്ക് മുന്നിൽ ഉമ്മറത്തെ വാതിൽ അടച്ച് കർട്ടൻ ഇട്ടു !!!
സംഗതി നാടകം തോൽക്കും അഭിനയമാണ് നടന്നതെങ്കിലും ഞങ്ങൾ കുറച്ച് നേരം കൂടി പുറത്ത് നിന്നതിന് ശേഷം അവിടെ നിന്നും പോന്നു …
പോരുമ്പോൾ എന്റെ മനസ്സിൽ അവളുടെ അവസ്ഥയെക്കാൾ കൂടുതൽ ടെൻഷൻ കേറിയത്‌ അവളുടെ അച്ഛന്റെ കാര്യമോർത്താണ് ,,,
പ്രാർത്ഥിച്ചതും അതാണ് ,,,
കാട്ടിയതൊക്കെ അവളുടെ അച്ഛന്റെ നമ്പർ ആവണേ എന്ന് …..
തിരിച് വന്ന്‌ ഞാനും കൂട്ടുകാരനും കൂടി വണ്ടിയിൽ കയറി ..തലപെരുക്കുന്ന പോലെ തോന്നിയ അവസ്ഥയിൽ ഞാൻ കുറെ നേരം തല താഴ്ത്തിയിരുന്നു !!!!
എന്റെ ടെൻഷൻ കണ്ട് കൂട്ടുകാരൻ പറഞ്ഞു ,,,
ഡാ ,,
നീ ടെൻഷൻ ആവണ്ട ,,
അവൾടെ അവസ്ഥ അങ്ങനെ ആയതോണ്ട് ആണ് ,,ആ പെണ്ണിനെ അവർ പേടിപ്പിച്ചു നിർത്തിയിരിക്കാണ് ചാവുംന്ന് പറഞ്ഞ് !!!സമയം പോലെ അവൾ ആലോചിച്ചു തീരുമാനിക്കട്ടെ ,,എന്തായാലും വിളിച്ചാൽ നീ വരുമെന്ന് അവൾക്ക് ഒരുറപ്പ് കൊടുക്കാൻ പറ്റിയില്ലേ ,,അത് മതി …….
ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു …..
പക്ഷെ ,,,
ശരിക്കും അശ്വസിക്കാനുള്ള ആ മോട്ടിവേഷൻ ഡയലോഗ് വന്നത് പിന്നെയാണ് !!!!
ഇമ്മടെ മാമന്റെ വക !!!!
തല താഴ്ത്തിയിരിക്കായിരുന്ന എന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു ,,,
ഡാ ,,
ഇന്റെ സൈക്കിള് ഇരിക്കുന്നത് അമ്മിണിയമ്മയുടെ വളപ്പിലാണ് ,,വണ്ടി അങ്ങോട്ട്‌ വിട് !!!!അത് എടുത്തില്ലെങ്കിൽ മരം പോയ ദേഷ്യത്തിന് സൈക്കിള് എടുത്ത് പതിനാറ് കഷ്ണമാക്കും ചെലപ്പോ !!!!