Thozhuthuparambil Ratheesh Trivis
പാർട്ട് 1, പാർട്ട് 2,3, പ്ലാനുകൾ സ്ഥിരം കാഴ്ചയാകുന്നിടത്ത് വീണ്ടും പുതിയ അധ്യായം
“വെന്ത് തണിന്തത് കാട് “
ബാഹുബലി ഹിറ്റ് ആയതോട് കൂടി ഈയൊരു പാറ്റേൺ പിടിച്ചുള്ള കുറച്ച് ചിത്രങ്ങൾ വന്നു. ആദ്യഭാഗം അവസാനിക്കുമ്പോൾ രണ്ടാംഭാഗത്തിന് കാത്തിരിക്കാൻ പാകത്തിലുള്ള ആകാംഷ നിറയ്ക്കുന്ന എൻഡിങ് കൊടുത്ത് പരീക്ഷണം. അതിൽ വലിയ വിജയമായത് ബാഹുബലി, കെ.ജി.എഫ് അധ്യായങ്ങൾ.. ചിലത് ഒന്നാം ഭാഗം നന്നായെങ്കിലും പ്രതീക്ഷിച്ച പോലൊരു ഇമ്പാക്ട് കിട്ടാത്തത് കൊണ്ട് എന്തോ രണ്ടാം ഭാഗം ഇനി വരുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
വെട്രിമാരൻ -ആൻഡ്രിയ -ധനുഷ് “ടീമിന്റെ വട ചെന്നൈ “ഏകദേശം ആ ശ്രേണിയിൽ പെടുത്താൻ പറ്റുന്ന ഐറ്റമാണ്.പിന്നെയുള്ളത് രണ്ടാംഭാഗം കൂടി ചേർത്ത് പ്ലാൻ ചെയ്തിട്ട് ഒന്നാം ഭാഗം തന്നെ തകർന്നു പോയ ചിലത്. ചിമ്പുവിന്റെ” AAA”, രവി തേജയുടെ “ഡിസ്കോ രാജ “തുടങ്ങിയവ ആ വിധം ആദ്യശ്രമത്തിൽ തന്നെ പരാജയപ്പെട്ടു. ആ വിധം പാർട്ട് കാഴ്ച്ചകൾ ഇനിയും വന്നുകൊണ്ടിരിക്കുന്നിടത്താണ് ഗൗതം മേനോനും ചിമ്പുവും കൂടി വീണ്ടും വരുന്നത്. മേക്കിങ് കൊണ്ടും ചിന്നുവിന്റെ പ്രകടനം കൊണ്ടും തരക്കേടില്ലാത്ത ആസ്വാദനം കിട്ടുന്നുണ്ടെങ്കിലും ഈ പടത്തിന്റെയും സെക്കന്റ് പാർട്ട് എന്നത് ചോദ്യചിഹ്നമാണ്. തിയറ്ററിൽ ഞാനടക്കം വെറും 4 പേർ ആയിരുന്നു കാഴ്ചക്കാർ. പടം റിലീസ് ആയതിന് ശേഷം ആദ്യം കേട്ട അഭിപ്രായങ്ങളിൽ കൂടുതലും നിഴലിച്ചു നിന്നത് നല്ല ലാഗ് ഉണ്ട് എന്നതായിരുന്നു.
പക്ഷെ “ബില്ല “യെക്കാൾ ബില്ല 2 ഇഷ്ടമുള്ള പ്രേക്ഷകൻ എന്ന നിലയിൽ ഈ ലാഗ് എനിക്കിഷ്ടപ്പെടുമെന്ന് സ്വയം ചിന്തിച്ച് പടത്തിന് കയറി. വെറും 4 പേർ. എത്ര വലിയ ഫാൻസ് ഉണ്ടെന്നോ സംവിധായകൻ ഗംഭീരൻ ആയിരുന്നു എന്നൊക്ക പറഞ്ഞാലും തിയറ്ററിൽ ആള് കേറണമെങ്കിൽ ഫോർമാറ്റുകൾ ഇനിയും മാറ്റിപ്പിടിക്കേണ്ടി വരുമെന്ന് ചിന്തിച്ച നിമിഷങ്ങൾ. “വേട്ടയാട് വിളയാട് “, “വിണ്ണയ് താണ്ടി വരുവായ”, “വാരണം ആയിരം” തുടങ്ങിയതൊക്കെ നിറഞ്ഞ സദസ്സിൽ കണ്ട എന്നിലെ പ്രേക്ഷകന് ഈ 4പേരുടെ സദസ്സ് മടുപ്പ് പിടിപ്പിക്കുന്നതായിരുന്നു. ഗാങ്സ്റ്റർ പടങ്ങളിലെ സ്ഥിരം കാഴ്ചകൾ ഇവിടെയുമുണ്ടെങ്കിലും മോശം എന്ന് പറയിപ്പിക്കാത്ത തരത്തിൽ എടുത്ത് വച്ചിട്ടുണ്ട് എന്ന് തോന്നി. ലാഗ് ഉണ്ട് എന്ന് പറഞ്ഞാലും ആ ലാഗ് ഈ പടത്തിന്റെ കഥ പറച്ചിലിന് ആവശ്യമായതായി തോന്നി.
പടത്തിന്റെ ടൈറ്റിൽ ആദ്യം കണ്ടപ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും കണ്ട് കഴിഞ്ഞപ്പോൾ ഈ പടത്തിന് ഏറ്റവും യോജിച്ച ടൈറ്റിൽ തന്നെയാണെന്ന് തോന്നിയത് .വെയിലിൽ കരിഞ്ഞ മഴയത്ത് തണുത്ത കാട് മാറി വരുന്ന ഋതുക്കളെ ചെറുക്കുന്നത് പോലെ തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളെ നേരിടാൻ ഇറങ്ങുന്ന ചില മനുഷ്യർ, സാധാരണ മനുഷ്യന്റെ ജീവിതം കൊതിച്ചിട്ടും വഴിമാറി നടക്കാൻ വിധിക്കപ്പെട്ടവർ,തിരിച്ചുവരവില്ലാത്ത വഴിയിൽ മുൻപോട്ട് തന്നെ നടക്കാൻ നിർബന്ധിതരായവർ തല കുനിച്ചാൽ ചവിട്ടിത്താഴ്ത്തുന്നവന്റെ തലയ്ക്ക് നേരെ ആയുധം പിടിക്കാൻ ശീലിച്ചവർ, വാളെടുത്തവൻ വാളാലെ എന്ന് ചുറ്റുമുള്ള സാധാരണലോകം പാടുമ്പോഴും ആയുധം ഭരിക്കുന്ന അൽപ്പായുസ്സിന്റെ അധികാരലോകത്ത് ജീവിക്കാൻ കൊതിച്ചവർ, ഗാങ്സ്റ്റേഴ്സ് …. അങ്ങനെ കണ്ടുകേട്ടറിഞ്ഞ കഥകളിലെ ചില മനുഷ്യർ 2.45 മണിക്കൂറിന്റെ വെന്ത് തണുത്ത കാട്ടിൽ ജീവിക്കുന്നു..
(പടം ഇഷ്ടപ്പെട്ടു )