ലെനിൻ- മൂന്ന് കവിതകൾ
ഇന്ന് സഖാവ് ലെനിൻ മരണപ്പെട്ടിട്ട് 96 വർഷം പൂർത്തിയാവുന്നു. ലോകമെമ്പാടുമുള്ളവർ സഖാവിനെക്കുറിച്ച് എഴുതിയിരിക്കുന്നു. മലയാളത്തിലും തമിഴിലും ബംഗാളിലുമെല്ലാം ഇന്ത്യയിലും സ്പാനിഷിലും ഇംഗ്ലീഷിലും പോർച്ചുഗീസ് ഭാഷയിലുമെല്ലാം സഖാവ് ലെനിനെക്കുറിച്ച് ആളുകൾ എഴുതിയിരിക്കുന്നു. അന്നുമിന്നും മനുഷ്യന് പോരാടാൻ ഊർജം നൽകുന്ന അനശ്വരവിപ്ലവകാരിയാണ് ലെനിൻ.
“ഇന്ത്യയോർക്കും ലെനിനെ; മനുഷ്യന്റെ കണ്ണിൽ‍‍
ബാഷ്പം നിറയുമ്പൊഴൊക്കെയും
ഇന്ത്യയോർക്കും ലെനിനെ;വിലങ്ങുകൾ
വന്നു കൈകളിൽ‍‍ വീഴുമ്പൊഴൊക്കെയും
ഇന്ത്യയോർക്കും ലെനിനെ;പടിഞ്ഞാറു
ഗന്ധകപ്പുക പൊങ്ങുമ്പൊഴൊക്കെയും
ഇന്ത്യയോർക്കും ലെനിനെ;വിയറ്റ്‌നാമിൽ
നിന്നു ഗദ്ഗദം കേൾക്കുമ്പൊഴൊക്കെയും
ഇന്ത്യയോർക്കും ലെനിനെ;സയൻസിന്റെ
യന്ത്രപക്ഷി പറക്കുമ്പൊഴൊക്കെയും
ഇന്ത്യയോർക്കും ലെനിനെ;മനുഷ്യന്റെ
മുന്നിൽ ദൈവം മരിക്കുമ്പൊഴൊക്കെയും”
– വയലാർ
ലെനിൻ മരിച്ച ദിവസം
അദ്ദേഹത്തിന്റെ ജഡത്തിനു
കാവൽ നിന്ന ഒരു പട്ടാളക്കാരൻ
കൂടെയുള്ള സഖാക്കളോടു പറഞ്ഞുവത്രെ:
എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,
ഞാൻ അകത്തു ചെന്ന്
അദ്ദേഹത്തിന്റെ കാതിൽ ഉറക്കെപ്പറഞ്ഞു:
“ഇല്യിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!”
അദ്ദേഹം ഇളകിയില്ല.
അപ്പോൾ എനിക്കുറപ്പായി,
അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്.
– ബ്രഹ്ത്.
കൃതജ്ഞത, ലെനിൻ,
ഊർജ്ജത്താലും അധ്യയനത്താലും.
ആ ദൃഢതയ്ക്ക് നന്ദി
ലെനിൻഗ്രാഡിനും പുൽമേടുകൾക്കും നന്ദി
യുദ്ധത്തിനും സമാധാനത്തിനും നന്ദി
നിലയ്ക്കാത്ത ഗോതമ്പിന് നന്ദി
പള്ളിക്കൂടങ്ങൾക്കു നന്ദി
നിന്റെ ചെറുമക്കൾക്ക്,
ബലിഷ്ഠഗാത്രരായ പടയാളികൾക്ക് നന്ദി
നിന്റെ നാട്ടിൽ ഞാൻ ശ്വസിക്കുന്ന ഈ വായുവിന്
മറ്റെങ്ങും ലഭിക്കാത്ത ഈ ജീവവായുവിനു നന്ദി
ഇവിടം സുഗന്ധപൂരിതം
ഊക്കൻ പർവതങ്ങളിലെ മിൻസാരംപോലെ
കൃതജ്ഞത, ലെനിൻ,
വായുവിനാൽ, അപ്പത്താൽ, പ്രതീക്ഷയാൽ.
– പാബ്ലോ നെരൂദ
(ചിത്രം : ത്രിപുരയിൽ സംഘപരിവാർ സഖാവ് ലെനിൻ്റെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് തമിഴ്നാടിലെ സിപിഐഎം പ്രവർത്തകർ തിരുനെൽവേലി ജില്ലാക്കമ്മിറ്റി ഓഫീസിന് മുന്നിൽ 12 അടി ഉയരത്തിൽ നിർമിച്ച പ്രതിമ)
കാട്ടുകടന്നൽ
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.