ഒരു മനോഹരമായ ബന്ധത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടതു മൂന്നു കാര്യങ്ങളാണ്

178

Parvathy Sumesh

ഒരു മനോഹരമായ ബന്ധത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടതു മൂന്നു കാര്യങ്ങളാണ്.. സ്നേഹം,പരിഗണന, വിശ്വാസം. Love, Care and Trust. ഇതിൽ care എന്ന ഇംഗ്ലീഷ് വാക്കിന് ശ്രെദ്ധിക്കുക , പരിഗണിക്കുക, കരുതൽ എന്നൊക്കെ മലയാളത്തിൽ പറയാം. എങ്കിലും കെയർ ചെയ്യുന്നില്ല അല്ലെങ്കിൽ നന്നായി കെയർ ചെയ്യുന്നുണ്ട് എന്ന് തന്നെയാണ് നമ്മൾ പൊതുവെ പറയാറുള്ളത്. കെയർ എന്ന വാക്ക് ഉപയോഗിക്കാനാണ് ഞാനും ഇഷ്ടപ്പെടുന്നത്.സ്നേഹം, വിശ്വാസം, കെയർ എന്നീ മൂന്ന് അവശ്യ ഘടകങ്ങളിലും ഏതാണ് ഏറ്റവും പ്രാധാന്യം അർഹിക്കുന്നതെന്നു ചോദിച്ചാൽ ഉത്തരം നൽകാൻ പ്രയാസമാണ്.

നമുക്ക് ചുറ്റും ബന്ധങ്ങൾ കെട്ടുപിണഞ്ഞ് കിടക്കുകയാണ്. ജനനം മുതൽ മരണം വരെ പലതരം ബന്ധങ്ങളിൽ ഊന്നു നിൽക്കുന്നതാണ് ജീവിതം. ജനനം നമുക്ക് ബന്ധങ്ങളെ സമ്മാനിക്കുന്നു, എന്നാൽ വളരുന്നതിനനുസരിച്ചു അയൽക്കാർ, സുഹൃത്തുക്കൾ ,അധ്യാപകർ, പങ്കാളി, കുട്ടികൾ, സഹപ്രവർത്തകർ അങ്ങനെ ബന്ധങ്ങളുടെ പട്ടിക വർധിച്ചു വരുന്നു.

കെയർ എന്ന വാക്കിലേക്ക് തിരിച്ചു വരുമ്പോൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വ്യക്തിക്ക് കെയർ ആവശ്യമാണ്. നമ്മൾ ചുറ്റും കാണുന്ന പരിചരണം ആവശ്യമുള്ള പലതിലും care എന്ന പദം ഉൾപ്പെട്ടിരിക്കുന്നു. ചൈൽഡ് കെയർ സെന്റർ, ഡേ കെയർ, ഹോം കെയർ, പാലിയേറ്റീവ് കെയർ അങ്ങനെ പലതിലും.ഇവിടെയൊക്കെ കുട്ടികളെയും വന്ദ്യവയോധികരെയും, കെയർ ഇല്ലാതെയും കെയറു കൊടുത്തും പരിചരിക്കാം. പരിചരിക്കുന്ന എല്ലാവരും ഒരേ ജോലി ആണ് ചെയ്യുന്നത്.പക്ഷേ ചില വ്യക്തികൾ നമുക്ക് പ്രിയപ്പെട്ടവരാകും.

ബന്ധങ്ങളിലേക്കു വരുമ്പോൾ കെയറിങ് ഇല്ലാത്ത ബന്ധങ്ങൾക്ക് കാമ്പില്ല. കെയർ എന്നത് ചോദിച്ചും പറഞ്ഞും കിട്ടേണ്ട ഒന്നല്ല.എന്റെ ഭർത്താവിന് എന്നോട് വല്യ സ്നേഹമാണ്, എന്റെ അച്ഛന്റെ ഉള്ളു നിറയെ സ്നേഹമാണ് എന്നൊക്കെ നമ്മൾ പതിവായി കേൾക്കുന്ന പല്ലവിയാണ്..സ്നേഹവും കെയറിങ്ങും തമ്മിൽ വ്യത്യാസപ്പെടുന്നതു ഇവിടെയാണ്. തീർച്ചയായും ഒരു ബന്ധത്തിൽ സ്നേഹം വേണം.അതു ഹൃദയത്തിൽ തൊട്ടുള്ളതാകണം.പക്ഷേ care നു വേറൊരു അർത്ഥതലമാണ്. അങ്ങോട്ടും ഇങ്ങോട്ടും കെയർ ചെയ്യുന്ന ബന്ധങ്ങളിൽ സ്നേഹം കൂടിക്കൊണ്ടേയിരിക്കും, അല്ലാത്തപക്ഷം സ്നേഹം വറ്റിക്കൊണ്ടും.

നമ്മൾക്കു എന്താണ് വേണ്ടതെന്നു അങ്ങോട്ട് ചോദിക്കാതെ കണ്ടും അറിഞ്ഞും ചെയ്യുന്നതാണ് യഥാർത്ഥ കെയറിങ്.എന്നെ എന്റെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ നന്നായിട്ട് നോക്കുന്നുണ്ട് എന്ന് പറയുന്നതല്ല caring.സമയാസമയത്തു ആഹാരം ഉണ്ടാക്കി നൽകലും, വസ്ത്രം അലക്കി കൊടുക്കുന്നതും, കുട്ടികളെ നോക്കുന്നതും, വീട്ടിലേക്കു വേണ്ടതെല്ലാം വാങ്ങിച്ചു നൽകുന്നതും, മറ്റു വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്നതും തുടങ്ങിയുള്ള സ്ഥിരം എസ്റ്റാബ്ലിഷ്‌മെന്റുകൾ മാത്രമല്ല caring. പരിഗണന വീടിനു അകത്തും പുറത്തും വേണം.കെയർ ചെയ്യുന്നുണ്ടെന്നു വിശ്വസിപ്പിക്കാൻ പറ്റും, അതു ശെരിക്കുള്ള caring അല്ല. ഒരാൾ കൂടുതൽ കെയർ ചെയ്യുകയും മറ്റൊരാൾ ഒട്ടും തന്നെ ചെയ്യാതിരിക്കുകയും ആകാം.ഇതൊന്നും നല്ല ബന്ധത്തിന്റെ ലക്ഷണങ്ങൾ അല്ല.

ഒരു നോട്ടം കൊണ്ടോ ഭാവം കൊണ്ടോ ഒരു കാര്യത്തിലും ശ്രെദ്ധിക്കാതെ മക്കളുടെ ആവശ്യങ്ങൾ മാത്രം നിറവേറ്റി കൊടുക്കുന്ന അച്ഛന്മാർ ഉണ്ട്.മക്കളുടെ മാനസിക വ്യാപാരങ്ങളിൽ ഒന്നും തന്നെ കടന്നു ചെല്ലാതെ അവരുടെ മറ്റു കാര്യങ്ങൾ എല്ലാം ചെയ്തുകൊടുക്കുന്ന അമ്മമാരും ഉണ്ട്. കാര്യം സാധിക്കാൻ വേണ്ടി മാത്രം പുറകെ നടക്കുന്ന സഹോദരങ്ങളും ബന്ധുക്കളും ഉണ്ട്.കൂടെ നടക്കുമ്പോഴും, നല്ല സമയത്തും മാത്രം കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ ഉണ്ട്, വിശ്വാസവഞ്ചന കാട്ടുന്ന പങ്കാളികൾ ഉണ്ട്. ഇവിടെയെല്ലാം ഏതൊക്കെയോ രീതിയിൽ സ്നേഹവും, വിശ്വാസവും, കെയറിങുമെല്ലാം ഉണ്ട്.പക്ഷെ ഒന്നും പാകത്തിനല്ല, അളവുകോലുകളിൽ ഏറ്റക്കുറച്ചിലുണ്ട്. ഇത് മൂന്നും അതു ചേരേണ്ട അളവിൽ ചേരുമ്പോഴാണ് ഒരു ബന്ധം മനോഹരമാകുന്നത്. അല്ലാത്തതെല്ലാം ഒന്നുകിൽ അറുത്തെറിയപ്പെടും അല്ലെങ്കിൽ ബന്ധങ്ങളുടെ പേരിൽ ബന്ധനങ്ങളാകും.

വിശ്വാസം ഒരിക്കൽ നഷ്ടപെട്ടാൽ പോയതാ, പിന്നെയത് തിരിച്ചു കിട്ടില്ല, ആണോ?? അങ്ങനെയൊന്നും ഇല്ല.വിശ്വാസം തിരിച്ചു പിടിക്കാൻ പറ്റും. ഏതു രീതിയിലുള്ള വിശ്വാസത്തിനാണ് കോട്ടമേറ്റതു, അതിലേക്കു നയിച്ച സാഹചര്യമെന്തു, മനസിലാക്കാനും പൊറുത്തു നൽകാനും എതിർഭാഗത്തു നിൽക്കുന്ന വ്യക്തി തയ്യാറാണോ അങ്ങനെ ഒരുപാടു വശങ്ങൾ അതിനുണ്ട്. സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്.വെറുതെ ഉള്ളിൽ വച്ചു ചിതലരിക്കാൻ ഉള്ളതല്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ജീവിതം ഒന്നേയുള്ളു.കരുതലോടെ സ്നേഹിക്കുക, വിശ്വാസം ഊട്ടിയുറപ്പിക്കുക.
Nobody gets a second chance to live.