ചെയ്യാത്ത തെറ്റിന് കനയ്യ വിചാരണ നേരിടേണ്ടി വരുമ്പോൾ സഞ്ജീവ് ഭട്ടിനെ ഓർക്കുന്നത് നന്നായിരിക്കും

128
കനയ്യക്ക് അഗ്നിശുദ്ധി വരുത്താൻ കിട്ടിയ അവസരമാണ് രാജ്യദ്രോഹക്കേസില് വിചാരണ ചെയ്യാന് കേജ്രരിവാള് അനുമതി നല്കിയതിലൂടെ ലഭിക്കുന്നതെന്ന് പലരും എഴുതി കണ്ടു. മൂന്ന് കാര്യങ്ങൾ അവരെ ഓർമിപ്പിക്കുന്നു.
1. ഡൽഹി സർക്കാർ തന്നെ ജില്ലാ മജിസ്‌ട്രേറ്റിനെ വെച്ച് കനയ്യയ്ക്കെതിരെയുള്ള ചാർജുകൾ അന്വേഷിച്ചിരുന്നു. 2016 ൽ സമർപ്പിച്ച ആ അന്വേഷണ റിപ്പോർട്ടിൽ കനയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. സാക്ഷികളിൽ ഒരാൾ പോലും കനയ്യ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചില്ല എന്ന് റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിരുന്നു. അതിന് നാല് വർഷം കഴിഞ്ഞ് ദേശദ്രോഹകുറ്റം ചുമത്താനുള്ള കേജ്രിവാൾ സർക്കാരിന്റെ തീരുമാനം ആരെ സന്തോഷിപ്പിക്കാനാണ്. എന്ത്‌ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നത്. എങ്ങനെ സാധാരണ നടപടിയാവും.
2. ഈ വരുന്ന നവംബറിൽ ബീഹാർ ഇലക്ഷൻ നടക്കാൻ പോകുന്നു. ദേശദ്രോഹിയായി സർക്കാർ കണ്ടെത്തിയ കനയ്യ കോടതിയിൽ വിചാരണ നേരിടുന്ന പശ്ചാത്തലത്തിൽ നടക്കുന്ന ഇലക്ഷനിൽ കനയ്യയ്ക്കെതിരെ BJP ഉന്നയിക്കുന്ന വിഷയം ഇത് തന്നെയായിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണൻ നടത്തിയ റാലിയെക്കാൾ വലിയ അല്ലെങ്കിൽ ബീഹാർ ഇന്ന് വരെ കാണാത്ത റാലി കനയ്യയുടെ നേതൃത്വത്തിൽ നടത്തി നിൽക്കുന്ന പശ്ചാത്തലമാണിതെന്നോർക്കണം.
3. മുപ്പത് വർഷം മുൻപ് നടന്ന ഒരു കേസിൽ IPS ഓഫിസറായിരുന്ന സഞ്ജീവ് ഭട്ട് കുറ്റം ചെയ്തിരുന്നു എന്ന് കരുതുന്ന എത്ര പേരുണ്ട്. അദ്ദേഹം അഗ്നിശുദ്ധി വരുത്തി ഇപ്പോൾ പുറത്താണോ അല്ലെങ്കിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് അകത്താണോ. രാത്രിയ്ക്ക് രാത്രി ഒരു ന്യായാധിപന് സ്ഥലം മാറ്റ ഓർഡർ കിട്ടിയ കോടതിയിലാണ് കനയ്യ പോയി നിൽക്കേണ്ടത്.