പേര് – അത് വെറും പേരിനു മാത്രം!

2
275

സ്കൂളുകളില്‍ യൂണിഫോം ധരിക്കുന്നത് എന്തിനാണെന്ന് നമുക്കറിയാമായിരുന്നു. അതിട്ടു ചെന്നില്ലെങ്കില്‍ ടീച്ചര്‍ പിടിച്ചു പുറത്താക്കുമെന്നായിരുന്നു അപ്പോഴുള്ള ആ അറിവ്.
ഇന്ന് നമ്മുടെ ആ അറിവില്‍ മാറ്റമുണ്ടായിട്ടുണ്ട്.

പണക്കാരന്റെയും പാവപ്പെട്ടവന്റെയും കറുത്തവന്റെയും വെളുത്തവന്റെയും മക്കള്‍ ഒന്നിച്ചു പഠിച്ചും കളിച്ചും വളരാനായിരുന്നു അത് എന്ന് ഇന്ന് നമുക്കറിയാം. എല്ലാവരും തുല്യരാണെന്ന ആ അറിവ്, അത് തന്നെയാണ് നമ്മുടെ വിദ്യാലയങ്ങള്‍ നമുക്ക് തരുന്ന ഏറ്റവും വലിയ അറിവ്. അറിവ് പ്രയോഗിക്കാനുള്ളതാണ്. പ്രായോഗികമല്ലാത്ത അറിവൊന്നും അറിവല്ല.

ഇങ്ങനെ ഒരു അറിവുണ്ടായിട്ടും നമുക്കിടയില്‍ ഇന്നും സതീഷ്‌ നമ്പ്യാരും സുനില്‍ മേനോനും അഞ്ജലി നായരുമൊക്കെ ജീവിക്കുന്നു. തന്റെ പേര് തീര്‍ച്ചയായും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. പേരിന്റെ അവസാനം  ജാതിപ്പേരിടുന്നതും അതൊരു അലങ്കാരമായി കൊണ്ട് നടക്കുന്നതും വ്യക്തിസ്വാതന്ത്ര്യമാണോ ധാര്‍ഷ്ട്യമാണോ?

പേരിന്റെ അവസാനം വേണ്ടത് പിതാവിന്റെ പേരാണ്, വിവാഹിതയായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ പേരും, അതാണ്‌ ശരി. പിതാവിനേക്കാളും ഭര്‍ത്താവിനെകാളും വലുതാണോ സാങ്കല്‍പ്പിക ലോകത്തെ ഉയര്‍ന്ന ജാതിപ്പേര്? (സാങ്കല്‍പ്പിക ലോകം എന്ന് തന്നെയാണ് ഉദ്ദേശിച്ചത്, യഥാര്‍ത്ഥ ലോകത്ത് ജീവിക്കുന്നവരില്‍ ഇമ്മാതിരി ആശയങ്ങള്‍ വേരോടില്ല. അവര്‍ സ്കൂളില്‍ പോയവരും അതിന്റെ ഗുണം കാണിക്കുന്നവരുമാണ്)

വാല്‍ക്കഷണം: അടിസ്ഥാന വിദ്യാഭ്യാസം സൗജന്യമാണ്. ആ സൗജന്യം വേണ്ടെന്നു വെച്ച് കുറെ കാശു അങ്ങോട്ടും കൊടുത്തു വിദ്യാഭ്യാസ കച്ചവടശാലകളില്‍ മക്കളെ അയച്ചു തന്റെ അല്പത്തരം വിളംബരം ചെയ്യുന്നവരുണ്ട്. കാശില്ലാത്ത ഒരു ദിവസം തനിക്കും വരുമെന്നും അന്ന് മറ്റേ അല്പന്മാര്‍- അതേത് മുന്തിയ നായര്‍ ആയാലും നമ്പ്യാര്‍ ആയാലും- തന്നെ പുറംകാലു കൊണ്ട് ചവിട്ടിയരക്കുമെന്നും ഈ മാന്യന്മാര്‍ ഓര്‍ക്കേണ്ടതുണ്ട്.

Comments are closed.