Thulasi Gonginikariyil
അമ്മയും മകനും തമ്മിലും, അച്ഛനും മകളും തമ്മിലും ഉള്ള ബന്ധങ്ങളിൽ ലൈംഗീകത ഒരു ഘടകമാണെന്ന് ഫ്രോയിഡ് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ കിഴക്കിൻ്റെ കാഴ്ചപ്പാട് അതല്ല. ലൈംഗീകതയ്ക്കും, സ്നേഹത്തിനും വ്യത്യസ്തമായ കേന്ദ്രങ്ങളാണുള്ളത്. അമ്മയും മകനും തമ്മിലുള്ള ശുദ്ധമായ സ്നേഹ ബന്ധത്തിൽ ലൈംഗീകതയ്ക്ക് യാതൊരു സ്ഥാനവുമില്ല. അവർ തമ്മിലുണ്ടായിരിക്കുന്ന ലിംഗവ്യത്യാസം, ആ സ്നേഹത്തിന് സഹായിക്കുന്ന അഗ്നിയായി പരിവർത്തനം ചെയ്യപ്പെടുന്നു.
അതുകൊണ്ടാണ് അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന് സാധാരണ ഗതിയിൽ തീഷ്ണത കൂടുതൽ അനുഭവപ്പെടുന്നത്. അതു പോലെ തന്നെയാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിലും സംഭവിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിലും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലും ലിംഗവ്യത്യാസം ഇല്ലെങ്കിലും സ്വാഭാവികമായ സ്നേഹബന്ധം ഉണ്ടെന്നുള്ളത് പറയേണ്ട കാര്യമില്ലല്ലോ.സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തിലും എതിർലിംഗങ്ങളെന്ന നിലയിലുണ്ടാകുന്ന ആകർഷണത്തിൻ്റെ ഊർജ്ജം അഗ്നി സമാനമായി തന്നെയാണ് പ്രവർത്തിക്കുന്നത്. അതായത് ലൈംഗികത സാന്നിദ്ധ്യമറിയിക്കാതെ എരിഞ്ഞു പോകുന്നു
മനുഷ്യ ബന്ധങ്ങളിൽ സൌഹൃദമെന്നത് ഏറെ മനോഹരമായ ഒന്നാണ്. സ്ത്രീയും പുരുഷനും തമ്മിൽ ഏറ്റവും നല്ല സുഹൃത് ബന്ധം ഉണ്ടാകുമ്പോഴും അവർ എതിർലിംഗങ്ങളിലായിരിക്കുന്നത് കൊണ്ട് പ്രണയത്തിലധിഷ്ഠിതമായ ഒരാകർഷണവും കൂടി ഉണ്ടായേക്കാം. അങ്ങിനെയുണ്ടാകുമ്പോൾ ശുദ്ധമായ സൌഹൃദത്തിൽ നിന്നും അവർ ലൈംഗീകതയിൽ അധിഷ്ഠിതമായ ബന്ധത്തിലേക്ക് എത്തിച്ചേർന്നേക്കാം. അങ്ങിനെ അല്ലാതെയിരിക്കണമെങ്കിൽ ഇവിടുത്തെ പ്രണയമെന്ന ഊർജ്ജത്തെ പൂർണ്ണമായും അഗ്നിയായി മാറ്റണം.
അങ്ങിനെ സൌഹൃദമെന്ന ബന്ധത്തിനെ ഊഷ്മളമാക്കി കൊണ്ട് പ്രണയമെന്ന ഊർജ്ജം എരിയുമ്പോൾ മനുഷ്യബന്ധങ്ങളിലെ ഏറ്റവും മനോഹരമായ ഒന്ന് അവിടെ സംഭവിക്കുന്നു. അത് ശുദ്ധമായ സൌഹൃദമാണ്. എന്നാൽ അത് സാധാരണ സൌഹൃദത്തെക്കാൾ ഊഷ്മളതയുള്ളതാണ്. അവിടെ പ്രണയത്തിനും ലൈംഗീകതയ്ക്കും ഒന്നും ഒരു സ്ഥാനവുമില്ല. ഇങ്ങിനെ ഒരു ബന്ധത്തിൻ്റെ കഥയാണ് രാമൻ്റെ ഏദൻ തോട്ടം എന്ന സിനിമയിലൂടെ രഞ്ചിത് ശങ്കർ പറയുന്നത്. അത്തരം ബന്ധത്തിൻ്റെ ഊഷ്മളതയും സൌന്ദര്യവും ആവോളം നുണയുവാൻ ഈ സിനിമ സഹായിക്കുക തന്നെ ചെയ്യും. അത്തരം ബന്ധങ്ങളെ ഇഷ്ടപ്പെടുന്നവർ ഈ സിനിമ കാണുന്നത് അവർക്ക് ഒരു നല്ല അനുഭവമായിരിക്കും