Thushara S Kumar എഴുതുന്നു
ഇന്നു ഞാൻ മോനെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോ വാഷിങ് മെഷീൻ നന്നാക്കാൻ രണ്ടുപേര് വന്നു ഇരുപതിനടുത്ത് പ്രായം ഉണ്ടാവും.. സിറ്റൗട്ടിലെ കസേരകൾ കാണിച്ച് അവിടെ ഇരിക്കാനും കുറച്ചുനേരം ഒന്ന് വെയിറ്റ് ചെയ്യണേന്നും പറഞ്ഞിട്ട് ഞാൻ അകത്തേക്ക് പോയി.
മോനെ കുളിപ്പിച്ച് ഉടുപ്പിടീച്ച് അവരെ അകത്തേയ്ക്ക് വിളിക്കാൻ പോവുമ്പോ അവര് രണ്ടാളും മുറ്റത്തെ പുല്ലിൽ കുത്തിയിരിക്കുന്നതാണ് കാണുന്നത്.
നാട്ടിലേക്ക് പോവുന്നതിനു മുൻപും അവര് വന്നിരുന്നു.. ഏകദേശം11 മണി മുതൽ 2 മണി വരെ പണിയെടുത്തുകൊണ്ട് നിൽക്കുമ്പോൾ പലതവണ വെള്ളം വേണോ നിമ്പൂപാനി തരട്ടേ എന്നൊക്കെ ചോദിച്ചെങ്കിലും വേണ്ട വേണ്ട എന്നുമാത്രം പറഞ്ഞു. അവസാനം രണ്ടും കൽപ്പിച്ച് ഓരോ കോഫിയും കുറച്ച് ബിസ്കറ്റും സ്നാക്ക്സും കൊണ്ട് കൊടുത്തു. വിശക്കുന്നുണ്ടാവുമെന്ന് അറിയാം ഈ പ്രായത്തിൽ ഒരു അനിയൻ എനിക്കുമുണ്ട് എന്ന് പറഞ്ഞിട്ടാണ് അവരത് എടുത്തത്.വാഷിംഗ്‌ മെഷീൻ ഇരുന്ന ടോയ്‌ലെറ്റിനകത്ത് പോയിരുന്ന് കഴിക്കാൻ പോവുമ്പോൾ കുറെയധികം നിർബന്ധിക്കേണ്ടി വന്നു ഹാളിൽ ഇരുത്തി കഴിപ്പിക്കാൻ.
സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച ഏതു ഗൃഹോപകരണവും നന്നാക്കാൻതക്ക പ്രവൃത്തിപരിചയമുള്ള യുവാക്കളാണ്. ഇത്തരമൊരു പെരുമാറ്റം അവരിൽനിന്ന്  ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
കേരളത്തിൽ ജനിച്ചു വളർന്നത് കൊണ്ടുമാത്രം നമുക്ക് അതിശയവും സങ്കടവും തോന്നുന്നതരം പെരുമാറ്റരീതികൾ ചെറിയചെറിയ ജോലികൾ ചെയ്യുന്നവരിൽ മുൻപ് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ കുറെയേറെ സങ്കടം തോന്നി. അവർക്ക് എന്റെ ജാതി അറിയില്ല. അവർക്കത് വിഷയമാവുന്നതുമില്ല.പരസ്പരം അറിയുന്ന ഇടങ്ങളിൽ ജാതിയും അല്ലാത്തിടത്ത് ക്ലാസ്സും ചേർന്ന് അവരെ താഴേക്ക് താഴേക്ക് എത്രയേറെ ചവിട്ടിതാഴ്ത്താൻ നോക്കിയിട്ടുണ്ടാവണം.
ഈ പ്രായത്തിനിടയിൽ അവരുടെ എത്രമാത്രം കഴിവും കോൺഫിഡൻസും അവസരങ്ങളും ഈ സിസ്റ്റം ഊറ്റിക്കുടിച്ചിട്ടുണ്ടാവണം.
നൂറ്റിക്കണക്കിനു ജാതികളും ഉപജാതികളും ചേർന്ന് “നമ്മുടെ ആൾക്കാരാണോ” എന്നുള്ള അത്രമേൽ സ്വാഭാവികമെന്ന് നടിക്കുന്ന അശ്ലീല ചോദ്യം മുതൽ കുഞ്ഞുങ്ങളുടെ ഇടയിലും വർഗീയതയുടെ വിത്തുപാകുന്ന “അമ്പലക്കാരനോ പള്ളിക്കാരാണോ” എന്നുള്ള ചോദ്യം വരെ ഓർത്തു.. കൊല്ലുന്നവരും മരിക്കുന്നവരും തമ്മിൽ മുകളിലിരിക്കുന്നവന് വ്യത്യാസമില്ലാത്ത ആ ഒടുവിലത്തെ തട്ടിനെക്കുറിച്ച് ഓർത്തു.. അതിന് തൊട്ടുമുകളിൽ മാത്രം ഏതൊക്കെയോ പ്രിവിലേജുകളുടെ ഔദാര്യത്തിലിരുന്ന് എല്ലാം കണ്ടുകൊണ്ട്മാത്രം ഇരിക്കുന്ന നമ്മളെക്കുറിച്ചും.വരുമ്പോൾ മേം എന്ന് വിളിച്ച് പോവുമ്പോൾ ദീദി എന്നാവുമ്പോൾ ഇതൊക്കെ ഇത്രയുമേ ഉള്ളൂ എന്നും അത്തരം പെരുമാറ്റങ്ങളുടെ കാലമൊക്കെ കഴിഞ്ഞു എന്നും അവരോട് വെറുതേ പറഞ്ഞു.. കാര്യമൊന്നുമുണ്ടാവില്ലായിരിക്കുമെങ്കിലും.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.