Thwaha Bin Abdurahman ന്റെ കുറിപ്പ്
ചോളപ്പാടത്ത് ഉയർന്നു വന്ന അഗ്നി പർവ്വതം.
1943 February 20 ,സ്ഥലം മെക്സിക്കോയിലെ paricutin (പരികുട്ടിൻ)വൈകുന്നേരം നാല് മണിയോട് കൂടി തൻ്റെ ചോളപ്പാടത്ത് നിലമൊരുക്കുന്ന തിരക്കിലായിരുന്ന കർഷകനായ ദിയോണിസിയോ പുലിഡോ ഭൂമിക്കടിയിൽ നിന്ന് ഒരു തരത്തിലുള്ള വൻ ഇടി ശബ്ദം കേൾക്കുവാൻ തുടങ്ങി.രണ്ടു മൂന്നു ആഴ്‌ചകൾക്ക് മുൻപും ഇത്തരം ശബ്ദങ്ങൾ കേട്ടത് കൊണ്ട് തന്നെ ആദ്യം പുലിഡോ അത് കാര്യമാക്കിയില്ല.പക്ഷേ അവിടുന്ന് കുറച്ചു കഴിഞ്ഞപ്പോ തൻ്റെ പാടത്ത് ഒരുവശത്തായി ഭൂമിയിൽ അര മീറ്റർ ആഴത്തിലുള്ള ഒരു ചെറിയ വിള്ളൽ അയാളുടെ ശ്രദ്ധയിൽ പെട്ടു.
രണ്ടര മീറ്റർ നീളവും അര മീറ്റർ ആഴവുമുള്ള വിള്ളൽ കണ്ടതോടെ അയാള് തൻ്റെ പണി നിർത്തി കൂടെ സഹായിച്ചു കൊണ്ടിരുന്നു കുടുംബാംഗങ്ങളെ അന്വേഷിച്ച് പോയി.അവരെ ആരെയും കാണാതെ വീണ്ടും തിരിച്ചു കുഴിയുടെ അടുത്തേക്ക് വന്ന പുലിഡോ കണ്ടത് നേരത്തെ കണ്ട വിള്ളൽ രണ്ടര മീറ്റർ ഉയരത്തിൽ ഒരു മൺകൂനയായി ഉയർന്നു നിൽക്കുന്നതാണ് ,മാത്രവുമല്ല ഇതിൻ്റെ നടുക്ക് നിന്ന് നല്ല കടുത്ത പുകയും പുറത്തോട്ട് വരുന്നു.പെട്ടെന്ന് തന്നെ വിവരം കാട്ടു തീ പോലെ പടർന്നു അധികാരികൾ പാഞ്ഞെത്തി.പഠന സംഗങ്ങൾ എത്തി.ജിയോളജിക്കൽ വിഭാഗം എത്തി.നിരീക്ഷണം തുടങ്ങി .
പക്ഷേ അന്ന് രാത്രി പ്രക്ഷുബ്ധമായി സകല കലിപ്പും തീർത്തു കൊണ്ട് ആ കൊച്ചു മൺകൂന പൊട്ടിത്തെറിക്കാൻ തുടങ്ങി .800 മീറ്റർ വരെ ഉയരത്തിൽ ലാവ പൊട്ടിത്തെറിച്ച് 24 മണിക്കൂർ കൊണ്ട് 80 മീറ്റർ ഉയരമുള്ള ഒരു കൊച്ചു മല അവിടെ സൃഷ്ടിക്കപ്പെട്ടു.
ഒരാഴ്ചക്കുള്ളിൽ എൺപതിൽ നിന്നും 150 ആയി ഉയരം വർദ്ധിച്ചു കൊണ്ടേയിരുന്നു.അവിടെത്തിയ വിദഗ്ദർ വിധിയെഴുതി ഒരഗ്നി പർവ്വതം ജനിക്കുകയാണ്. വീഡിയോയും ഒഡിയോയും ഫോട്ടോയും ഒക്കെ റെക്കോർഡ് ചെയ്യാൻ കഴിയാവുന്ന കാലഘട്ടത്തിൽ ആദ്യമായി ഭൂമിയിൽ ജനിക്കുന്ന ഒരഗ്നി പർവ്വതം ആയിരുന്നു paricutin volcan.അതിൻ്റെ ജനനം മുതൽ മരണം വരെയുള്ള ഓരോ ഘട്ടവും കൃത്യമായി രേഖപ്പെടുത്തി.
അങ്ങനെ രേഖപ്പെടുത്തുന്ന ഭൂമിയിലെ ഒരേയൊരു പ്രകൃതി പ്രതിഭാസവും paricutin തന്നെ.1943 മുതൽ 1952 വരെ പലപ്പോഴായി പ്രക്ഷുബ്ധനായ പരിക്കുട്ടിൻ ഇപ്പൊ പഴയ ശൗര്യം ഒന്നുമില്ലാതെ വിശ്രമിക്കുകയാണ്.1997 ഇൽ സിഎൻഎൻ ഭൂമിയിലെ ഏഴ് പ്രകൃതി അൽഭുതങ്ങളിൽ ഒന്നായി പരിക്കുടിൻ അഗ്നി പർവ്വതത്തിനെ തിരഞ്ഞെടുത്തു.