ഡോക്ടർ മനോജ് വെള്ളനാട് (Manoj Vellanad)എഴുതുന്നു

പ്രകടിപ്പിക്കാൻ പറ്റിയ കഴിവൊന്നുമില്ലാത്തതിനാൽ ഡൗൺലോഡ് ചെയ്യണമെന്ന് ചിന്തിച്ചിട്ടു കൂടിയില്ലാത്ത ഒന്നായിരുന്നു ടിക് ടോക്. പക്ഷെ ഫേസ് ബുക്കിലും വാട്സാപ്പിലും ഷെയർ ചെയ്തുവന്ന വീഡിയോസൊരുപാട്‌ കണ്ടിട്ടൊണ്ട്. ഓരോരോ മനുഷ്യന്മാരുടെയുള്ളിലിരിക്കുന്ന സർഗാത്മകത കണ്ട് അസൂയപ്പെട്ടിട്ടുണ്ട്.

മനുഷ്യന് അവനവനെ പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിച്ചപ്പോൾ സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു. അശ്ലീലമല്ലായിരുന്നു. കുഗ്രാമങ്ങളിൽ നിന്നുപോലും പ്രതിഭകളുടെ പ്രയാണമുണ്ടായി. ടിക് ടോക്കും സ്മ്യൂളും മ്യൂസിക്കലിയും മറ്റു പലതുമൊക്കെ അതുപയോഗിക്കുന്നവരുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനവും വ്യക്തിപരമായി അവരുടെ വിനോദോപാധികളുമായിരുന്നു. വാട്സാപ്പിനോ ഫേസ് ബുക്കിനോ ടെലഗ്രാമിനോ ഇല്ലാത്ത, ലംഘിക്കാനായി ഒരു സദാചാരസീമയും അതിലുമില്ലായിരുന്നു.

നിരോധനങ്ങളുടെ മനശാസ്ത്രം എന്നും സാഡിസത്തിന്റേതാണ്. വലിയൊരു ജനാധിപത്യ സമൂഹത്തിൽ അതിന് വലിയ വില കൊടുക്കേണ്ടി വരും. പരിണിത ഫലങ്ങൾ ചിലപ്പോൾ വിഷാദമോ നിസംഗതയോ പ്രതികരണശേഷിയും ആത്മവിശ്വാസവും നഷ്ടപ്പെട്ട പ്രജകളോ ഒക്കെ ആവാം.

വെറുമൊരു വിനോദോപാധി മാത്രമായിരുന്ന ടിക് ടോക് ഇന്നൊരു രാഷ്ട്രീയ ഉപകരണമാണ്. അതിനേക്കാൾ മികച്ച മറ്റൊന്നിന്റെ വരവോടെ സ്വയമേ അപ്രസക്തമാകുമായിരുന്ന ഒരു ആപ്പിന്റെ നിരോധനം നൽകുന്നത് നല്ല സൂചനയല്ല. ഇപ്പോളിതു നിങ്ങൾ വായിക്കുന്ന ഫേസ്ബുക്കുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളെ ഏതെങ്കിലും ലൊട്ടുലൊടുക്ക് കാരണം പറഞ്ഞ് നിരോധിക്കാൻ തുടങ്ങിയാൽ എന്താവുമവസ്ഥ!

ശാസ്ത്രവും സാങ്കേതികവിദ്യയും നമുക്ക് നൽകിയ നാവാണ് സമൂഹമാധ്യമങ്ങൾ. അതു നമ്മൾ നിയമവിധേയമായി വിവേകപൂർവ്വം ഉപയോഗിക്കുന്നിടത്തോളം നമ്മൾ സ്വതന്ത്രരാണ്. നിയമലംഘനമുണ്ടായാലും നിയമവിധേയമായ ശിക്ഷയാണ് വേണ്ടത്. നിരോധനമല്ല.

നിരോധനം ഒരു ജയിലാണ്. അതിനനുവദിക്കരുത്.

മനോജ് വെള്ളനാട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.