ഇന്ത്യയാണ് ശരിയെന്ന് കാലം തെളിയിക്കും.

മുഹമ്മദ്‌ അലി ജിന്നയുടെ നിലപാടുകളോട്‌ കടുത്ത വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു മൗലാന അബുൽ കലാം ആസാദ്‌. ജിന്നയുടെ വികലമായ പാക്കിസ്ഥാൻ വാദമായിരുന്നു മൗലാന ആസാദിനെ അദ്ധേഹത്തിന്റെ വിമർശകനാക്കി മാറ്റിയത്‌‌. ജിന്നയെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു പക്ഷെ ഏറ്റവും കൂടുതൽ ശ്രമിച്ച വ്യക്തിയും അബുൽ കലാം ആസാദ്‌ ആയിരിക്കും. പക്ഷെ, അദ്ധേഹത്തിന്റെ ആ പരിശ്രമങ്ങളെല്ലാം പാഴ്‌വേലയായെന്നത്‌ ബാക്കിപത്രം.
ഒരു വശത്ത്‌ മൗലാന ആസാദ്‌ വിഭജന വാദത്തെ ശക്തമായി എതിർക്കുമ്പോൾ തന്നെ, ആസാദിനെ പാക്കിസ്ഥാനിലേക്ക്‌ കൊണ്ടുപോവാനായി ജിന്ന പലവട്ടം ശ്രമിച്ചു നോക്കുന്നുണ്ടായിരുന്നു. ഈ ആവശ്യമുന്നയിച്ച്‌ ആസാദിന് ജിന്ന കത്തുകളെഴുതുകയും മൂന്ന് തവണ ജിന്ന ഇതിനുമാത്രമായി ആസാദിനെ സന്ദർശിക്കുകയും ഉണ്ടായി.
പ്രഗൽഭ പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനും പത്രപ്രവർത്തകനും തന്ത്രജ്ഞനും വിദ്യഭ്യാസ വിചിക്ഷണനുമായിരുന്നു മൗലാന അബുൽ കലാം ആസാദ്‌. അത്കൊണ്ട്‌ തന്നെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യഭ്യാസ മന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ നെഹ്‌റുവിനും പട്ടേലിനുമൊന്നും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. അദ്ധേഹത്തിന്റെ അഗാധപാണ്ഡിത്യം കണ്ടുകൊണ്ട്‌ തന്നെയാവാം ആസാദിനെ പുതിയ രാജ്യത്തേക്ക്‌ അതിന്റെ ഉപജ്ഞാതാവായ ജിന്ന ക്ഷണിച്ചതും.
വിഭജന ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെ ഒരിക്കൽ ഗാന്ധിജിയുമായി കൂടിക്കാഴ്ച്ചക്ക്‌ വന്ന ജിന്ന, അവിടെ ഉണ്ടായിരുന്ന മൗലാന ആസാദുമായി ഈ ആവശ്യം അവസാനമായി വീണ്ടുമുന്നയിച്ചത്‌. 1946 നവംബറിലായിരുന്നു ഈ കൂടിക്കാഴ്ച്ച നടന്നത്‌. ഇതിലായിരുന്നു ജിന്നക്ക്‌ ശക്തമായ മറുപടി ആസാദ്‌ നൽകിയത്‌. പിന്നീട്‌ ആസാദിനോട്‌ ഇന്ത്യ വിട്ട്‌ പാക്കിസ്ഥാനിലേക്ക്‌ വരാൻ ജിന്ന ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയപ്പെടുന്നു.
അന്ന് മുഹമ്മദ്‌ അലി ജിന്ന പറഞ്ഞു. “മൗലാന സാബ്‌, താങ്കൾ ഒരു കാര്യം ഓർത്തുവെക്കുന്നത്‌ നല്ലതാണ്. ഭാവിയിലെ ഇന്ത്യയെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്‌. താങ്കളും നെഹ്‌റുവും ഗാന്ധിജിയും പട്ടേലുമൊക്കെയുളള ഇന്ത്യയെ പറ്റി എനിക്ക്‌ ആശങ്കയില്ല. നിങ്ങൾക്കെല്ലാം ശേഷം ഇന്ത്യയുടെ അവസ്ഥ വളരെ മോശമായിത്തീരുമെന്ന് ഞാൻ ഭയപ്പെടുന്നു. ആ ഇന്ത്യയിൽ ജീവിക്കുന്ന മുസ്‌ലിംകളുടെ അവസ്ഥ വളരെ അപകടത്തിലാവും, അത്പോലെ മറ്റ്‌ ന്യൂനപക്ഷങ്ങളുടേയും അവസ്ഥ സമാനമായിരിക്കും. നാം കണ്ടതല്ലേ തീവ്രനിലപാടുകാരായ ഹിന്ദുമഹാസഭയുടേയും ആർ.എസ്‌.എസിന്റേയും പ്രവൃത്തികൾ. അവർ ഭാവിയിൽ ശക്തിയാർജ്ജിച്ചാൽ മുസ്‌ലിംകളുടെ ഭാവി ദുഷ്കരമാവും. പിന്നെ നൂറുക്കണിക്കിന് ജാതികളും ഭാഷകൾ സംസാരിക്കുന്നവരുമായ ഇവിടുത്തെ ജനങ്ങൾ പരസ്പ്പരം തമ്മിലടിച്ച്‌ ഈ നാട്‌ നശിക്കും. അത്തരമൊരു നാട്ടിൽ തുടരാനാണോ മൗലാന സാബ്‌ ആഗ്രഹിക്കുന്നത്‌. താങ്കളുടെ ഈ തീരുമാനം വലിയൊരു വിഡ്ഡിത്തമായിരിക്കുമെന്നാണ് എനിക്ക്‌ തോന്നുന്നത്‌…”
ജിന്നയുടെ സംസാരം സശ്രദ്ധം ശ്രവിച്ചിരുന്ന മൗലാന ആസാദ്‌ തുടർന്നു. “ജിന്നാ സാബ്,‌ താങ്കൾ പറഞ്ഞ അതേ വിഭാഗത്തിന്റെ ( ദ്വിരാഷ്ട്രവാദം ആദ്യമുന്നയിച്ച
ഹിന്ദുമഹാസഭയേയും പിന്നെ ആർ.എസ്‌.എസിനേയും‌ ) ആഗ്രഹങ്ങൾ ഏറ്റെടുക്കുകയായിരുന്നുവല്ലോ നിങ്ങൾ ചെയ്തത്‌. അതിനേയാണ് ഞാൻ മഹാമണ്ടത്തരമെന്ന് വിളിക്കുക. താങ്കൾ പറയുന്ന പോലെ ഇത്‌ നശിക്കാൻ പോവുന്ന ഒരു നാടായിരിക്കില്ല. ഇന്ത്യയാണ് ശരിയെന്ന് കാലം തെളിയിക്കും. വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഈ നാട്‌ ഒത്തൊരുമയോടേയും ഒറ്റമനസ്സോടേയും കെട്ടുറപ്പോടേയും നിലകൊണ്ട്‌ ലോകത്തിനു മുന്നിൽ അത്ഭുതമായിരിക്കും സമ്മാനിക്കുക. അന്ന് താങ്കളെടുത്ത തീരുമാനം അബദ്ധമായിരുന്നുവെന്നും തിരിച്ചറിയും. നൂറ്റാണ്ടുകളായി പരസ്പരം പോരടിക്കുന്ന പഷ്തൂൺ ഗോത്രങ്ങളും മറ്റുമുളള, നിങ്ങൾ വിഭാവനം ചെയ്യുന്ന പുതിയ നാടിനെ കുറിച്ച്‌ അഗാധമായി ചിന്തിക്കുന്നത്‌ വളരെ നല്ലതായിരിക്കുമെന്ന് ഞാനും കരുതുന്നു.
പിന്നെ, താങ്കൾ പറയുന്ന പോലെ ഭാവിയിൽ ‘തീവ്രനിലപാടുകാർ’ ശക്തരായി മാറി മുസ്‌ലിംകൾക്കും മറ്റും ദോഷകരമായി മാറുന്നുവെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദി താങ്കൾ മാത്രമായിരിക്കും. കാരണം അവരുടെ ആഗ്രഹവും ആവശ്യവും ഏറ്റുപിടിച്ച്‌‌ നടപ്പിലാക്കിയത്‌ നിങ്ങളാണല്ലോ. അതിനാൽ കാലവും സമുദായവും നിങ്ങളോട്‌ പൊറുക്കില്ല. അധികാരത്തോടുളള ആർത്തി മാത്രമാണ് നിങ്ങളെ ഈ തീരുമാനമെടുപ്പിച്ചതെന്നാണ് എന്റെ അഭിപ്രായം. ആ ചിന്ത നിങ്ങളെ അന്ധനാക്കുകയും ചെയ്തിരിക്കുന്നു. ഒരുനിലക്കും യോജിക്കാനാവാത്ത ആശയവുമായാണ് നിങ്ങൾ സഞ്ചരിക്കുന്നത്‌. അത്‌ തിരുത്താവുന്ന സമയമാണെങ്കിൽ അതിക്രമിക്കുകയും ചെയ്തിരിക്കുന്നു. ഇനി താങ്കളുടേയും കൂട്ടരുടേയും മനസ്സ്‌ മാറ്റിയെടുക്കുക എന്നത്‌ വെറും പാഴ്‌വേല മാത്രമാണെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അത്‌ വളരെ വേദനയോടെയുളള തിരിച്ചറിവാണെന്ന് മാത്രം…” ഈ കൂടിക്കാഴ്ച്ചക്ക്‌ ശേഷം ജിന്ന ആസാദിനെ പിന്നീട്‌ പാക്കിസ്ഥാനിലേക്ക്‌ ക്ഷണിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു.
ഇന്ത്യ തന്നെയാണ് എന്നും ശരി. ഏതെങ്കിലും ഒരു ഭരണാധികാരിയുടെ നിലപാട്‌ നോക്കിയല്ല ജന്മനാടിനെ വിലയിരുത്തേണ്ടത്‌. ഭരണാധികാരികളിൽ പലർക്കും പല താൽപ്പര്യങ്ങൾ ഉണ്ടാവാം. പക്ഷെ, ജന്മനാടിനോടുളള വികാരം എപ്പോഴും ഒരുപോലെയാവും-സ്വാർത്ഥർക്കും വഞ്ചകർക്കും ഒഴികെ.
Reference:- India wins‌ freedom , മറ്റു ബുക്കുകളും.
Abdulla Bin Hussain Pattambi.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.