പതിനെട്ട് വർഷം മുൻപൊരു ഓണക്കാലത്ത് നമ്മളെല്ലാരും പരിഹസിച്ചു വിട്ട ആളാണ്

126

Tinku Johnson

കഴിഞ്ഞ കുറേക്കാലമായി ഫഹദ് ഫാസിൽ എന്നൊരാൾ ഇവിടെ അതിശയമാണ് . ഓരോ കഥാപാത്രമാകുമ്പോഴും അയാൾ ഫഹദ് എന്നൊരു വ്യക്തിയെ എവിടെയൊക്കെയോ മറന്ന് വെച്ച് അതേ കഥാപാത്രങ്ങൾ മാത്രമായി നിറഞ്ഞാടുമ്പോൾ ആരാണ് അതിശയപ്പെട്ട് പോകാത്തത് .ഓരോ കഥാപാത്രത്തിനും ഓരോ ശരീരഭാഷ നല്കാൻ കഴിയുന്ന താരങ്ങൾ ലോകസിനിമയിൽ തന്നെ വിരളമാണ് . എന്നാൽ തനിക്ക് അതെത്രയോ അനായാസമെന്ന രീതിയിലാണ് ഫഹദിന്റെ സമീപകാല പ്രകടനങ്ങൾ .അയാളുടെ കണ്ണുകളിൽ തന്നെ ഒരു കഥാപാത്രത്തിന്റെ തിളക്കമുണ്ടാകും എന്ന് പറഞ്ഞാൽ ഒരിക്കലുമതൊരു കള്ളമാകില്ല. അയാളുടെ ചിരിയിലോ നോട്ടത്തിലൊക്കെയോ അയാളുടെ കഥാപാത്രത്തിന്റെ സ്വഭാവമുണ്ടാകുമെന്ന് പറഞ്ഞാൽ അതുമൊരു കള്ളമാകില്ല .

സംശയമുണ്ടെങ്കിൽ ഷമ്മിയെയും അലോഷിനെയും അയ്മനം സിദ്ധാർത്ഥനെയും മഹേഷേട്ടനെയും മനോജ് അബ്രാഹത്തിനെയും കള്ളൻ പ്രസാദിനെയും വിജു പ്രസാദിനെയും ജോഷ്വാ കാൾട്ടനെയുമൊക്കെ വീണ്ടുമൊന്നു കണ്ട് നോക്കണം .അതിലൊക്കെ ഒരു ചിരി കൊണ്ടോ അല്ലെങ്കിൽ ഒരോ ഒരു നോട്ടം കൊണ്ടോ നടത്തത്തിന്റെ വേഗത കൊണ്ടോ, ഓട്ടം കൊണ്ടോ , ശബ്ദ വ്യതിയാനം കൊണ്ടൊക്കെയോ അയാൾ ചെയ്ത വെച്ച് പോയതിന്റെ പൂര്ണതയെന്തെന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും . “ഇന്നൊരു സിനിമയിൽ ഫഹദ് ഉണ്ടെങ്കിൽ പ്രേക്ഷകർക്ക് ഒരിക്കലും നിരാശപ്പെണ്ടി വരില്ല ” രണ്ട് ദിവസം മുൻപേ ഇന്ത്യ ടൈംസ് ഫഹദിനെക്കുറിച്ചു എഴുതിയതാണ് .നിതീഷ് തിവാരിയും വിശാൽ ഭരദ്വാജുമൊക്കെ ഫഹദിന്റെ ഡേറ്റിനായി കാത്തിരിപ്പുണ്ടെന്നും ബോളിവുഡ് ഫഹദിനെ ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറയുന്നുമുണ്ട് . ഫഹദിനെക്കുറിച്ചു മറ്റ് സിനിമക്കാരൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട് , എന്തെന്നാൽ അയാൾ അത് അർഹിക്കുന്നുമുണ്ട് .മഹേഷിന്റെ പ്രതികാരമൊക്കെ വീണ്ടുമൊന്ന് കാണുമ്പോൾ ഇർഫാൻ ഖാനൊക്കെ ഒഴിഞ്ഞു വെച്ച് പോയ നാച്ചുറൽ ആക്റ്റിംഗിന്റെ സിംഹാസനത്തിൽ ഫഹദിന് നടന്ന് കയറാൻ കഴിയുമെന്നൊരു തോന്നിപ്പോകാറുമുണ്ട് .

ഇനി വരാൻ പോകുന്നത് അയാളുടെ കാലം തന്നെയാണെന്ന് സംശയം ഒട്ടുമില്ല താനും! അയാളുടെ സിനിമകൾ ഇതിനേക്കാളുമേറെ അംഗീകരിക്കപ്പെടും , പുരസ്‌കാരങ്ങൾ അയാളെ തേടിയെത്തും , അയാളെയോർത്ത് അയാൾക്ക് വേണ്ടി മാത്രമായി കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടും . ഓർക്കണം പതിനെട്ട് വര്ഷം മുൻപൊരു ഓണക്കാലത്ത് നമ്മളെല്ലാരും പരിഹസിച്ചു വിട്ടൊരു ആളാണ് .. അയാളിപ്പോൾ നമ്മുടെയെല്ലാം അഭിമാനവും .