Tinku Johnson
പൊതുബോധത്തോടൊപ്പം സഞ്ചരിക്കുന്ന ഫാമിലികൾ വ്യക്തികൾക്ക് മേൽ ചെലുത്തുന്ന ഡിസ്കംഫേർട്ടെന്നത് ചെറുതായ കാര്യമൊന്നുമല്ല. അതെല്ലായിപ്പോഴും വ്യക്തികളെത്തന്നെ അവർക്കിഷ്ടമില്ലാത്ത, അവരാഗ്രഹിക്കാത്ത കാര്യങ്ങളിലേക്കോ, ബന്ധങ്ങളിലേക്കോ കൊണ്ടെത്തിച്ചിട്ട് മുടന്തൻ ന്യായങ്ങളും സമൂഹത്തിന്റെ തന്നെ അപരിഷ്കൃത തത്വങ്ങളും വിളമ്പി പിന്നെയും പിന്നെയും ഹനിക്കാൻ കരണമാകുന്നതും കൃത്യമായ വസ്തുതയുമാണ്.
ജയ ജയ ഹേ സിനിമ കാണുമ്പോൾ തന്നെ അതിലെ ഏറ്റവും വലിയ നേരായി തോന്നുന്നതും ആ സിനിമാന്തരീക്ഷ്ത്തിലെ ഫാമിലികളെ നീതിവത്കരിക്കാനോ ആര്ട്ടിഫിഷ്യലായി ചിത്രീകരിയ്ക്കാനോ ശ്രമിക്കാതിരിക്കുന്നതുമാണ്.മറ്റുള്ളവരെന്ത് വിചാരിക്കുമെന്ന തത്വത്തിൽ കുടുംബ മഹിമകളെ പേറുന്ന വ്യ്കതികളെ കൃത്യമായി സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്.
അഡ്ജസ്റ്മെന്റുകളിലേക്ക് പൊരുത്തപ്പെട്ട് പോകാൻ പ്രേരിപ്പിക്കുന്ന സകുടുംബം,ഇതൊന്നുമെന്റെ കാര്യമേയല്ലെന്ന മട്ടിൽ നിശബ്ദനായി നോക്കിനിൽക്കുന്ന സഹോദരൻ,തങ്ങൾ പറയുന്നത് മാത്രമേ നടക്കാൻ പാടുള്ളൂ എന്ന രീതിയിൽ അഭിപ്രായങ്ങൾ പറയാനും അധികാരം സ്ഥാപിക്കാനും നിരന്തരം വീട്ടിലേക്ക് വരുന്നൊരു അമ്മാവൻ, തൊട്ട് മുന്നിൽ നടക്കുന്നതൊക്കെ കണ്ടിട്ടും തന്റെ മകന്റെ പക്ഷം പിടിച്ച് മകനായി വാദിക്കുന്നൊരു മറ്റൊരമ്മ, രാജേഷിന്റെ പരിഹാസങ്ങളിൽ വായമൂടിക്കെട്ടി നിൽക്കുന്ന സഹോദരി. ഇവരൊക്കെയെല്ലാം സിനിമ സൃഷ്ടിച്ച് വയ്ക്കുന്ന കഥാപത്രങ്ങളളേയല്ല, മറിച്ച് ഭൂരിഭാഗം ഫാമിലികളിലും കണ്ട് വരുന്ന യാഥാർഥ്യത്തിന്റെ രൂപങ്ങൾ തന്നെയാണ്.
ഒരുവേള സിനിമയിൽ തന്നെ രണ്ട് ഫാമിലികളും ഒരുമിച്ചിരിക്കുന്നൊരു രംഗമുണ്ട്. അതിൽ തന്നെയാകട്ടെ എല്ലാ ചൂണ്ട് വിരലുകളും നീണ്ടുപോകുന്നത് ജയയിലേക്കാണ്. അവളുടെ ചെറുത്ത്നിൽപ്പെന്നതിനെ തന്നെ അഹങ്കാരത്തിന്റെ അടയാളപ്പെടുത്തലായി മാറ്റിയെടുക്കുന്നത് ഇവിടെയുള്ള സമൂഹവും തത്വവും സിസ്റ്റങ്ങളുമൊക്കെ കാലാകാലങ്ങളായി പേറിക്കൊണ്ട് പോകുന്ന ആണധികാരത്തിന്റെ തുടർച്ചയുമാണ്!
സിസ്റ്റത്തിന്റെ മേലേക്കുള്ള യാഥാർഥ്യത്തിന്റെ ചെറുത്ത് നിൽപ്പെന്ന രീതിയിലും ജയ ജയ ജയ ഹേയിലെ കാഴ്ചകളെ വായിച്ചെടുക്കണം. ഗൃഹമെന്നാൽ താമസിക്കാൻ അനുയോജ്യമല്ലാത്തൊരിടം കൂടിയാണെന്നും ഏറ്റവും ടോക്സിക്കായ വസ്തുതകൾ ഉടലെടുക്കുന്നതും ആഞ്ഞ് വീശുന്നതും വീടുകളിലും വീടുകളിൽ നിന്നുമാണെന്നൊക്കെ ജയമാർ പറഞ്ഞു തുടങ്ങുമ്പോൾ പിന്നെയും പിന്നെയും അതിലേക്ക് തന്നെ കൊണ്ട് ചെന്നെത്തിക്കുന്ന, എത്തിക്കാൻ ശ്രമിക്കുന്ന കുടുംബമഹിമകളിൽ നിന്നും തന്നെയാണ് ആദ്യമോചനമുണ്ടാകേണ്ടതും. നോക്കൂ ഇത്രയൊക്കെ സംഭവിച്ചിട്ടും ഹോസ്റ്റലിൽ വന്ന് വീണ്ടും ഭർതൃഗൃഹത്തിലേക്ക് കൊണ്ടാക്കാമെന്ന് പറഞ്ഞ അമ്മകഥാപാത്രം സൃഷ്ടിച്ച് വെച്ച അരക്ഷിതാവസ്ഥയൊക്കെ ഇവിടെയെത്രയോ ജയമാർക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകും ?
ജയ ജയ ജയ ഹേ ❤️