അവസരത്തിനൊത്ത് മാറുന്ന ടിപ്പിക്കൽ പുരുഷ സ്വഭാവം; മണ്ണാർതൊടിയിലെ ജയകൃഷ്ണൻ

0
165

Tinku Johnson

അവസരത്തിനൊത്ത് മാറുന്ന ടിപ്പിക്കൽ പുരുഷ സ്വഭാത്തിനുടമയെന്നല്ലാതെ മണ്ണാർതൊടിയിലെ ജയകൃഷ്ണനെ റൊമാന്റിക് ഹീറോയായും തൂവാനത്തുമ്പികളെ മലയാളത്തിലെ റൊമാന്റിക് ക്ലാസ്സിക്കയുമൊക്കെ വിശേഷിപ്പിക്കുന്നതിനോട് ഒരു യോജിപ്പുമില്ല .അവസരങ്ങൾ മുതലെടുക്കുന്ന ജയകൃഷ്ണന്മാർ നമ്മുടെ സമൂഹത്തിലൊത്തിരിയുണ്ട് . അവരുടെ കഥ പറയുന്ന അല്ലെങ്കിൽ അവരെ തുറന്ന് കാണിക്കുന്ന ഒരു സിനിമയായി തന്നെയാണ് തൂവാനത്തുമ്പികൾ അനുഭവപ്പെട്ടതും ഇഷ്ടപ്പെട്ടതും .പ്രണയമാണ് സിനിമ പറയുന്ന വിഷയമെങ്കിൽ പദ്മരാജന്റെ തന്നെ “നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ” തൂവാനത്തുമ്പികളേക്കാളും ഒരുപിടി മുന്നിൽ തന്നെയാണ് . അതല്ലാതെ ജയകൃഷ്ണന് ക്ലാരയോടും രാധയോടും മാറിമാറി തോന്നുന്ന വികാരത്തെ പ്രണയമെന്ന് വിളിക്കുന്നത് തന്നെ പ്രണയമില്ലായ്മയാണ് .

ശെരിയാണ് , ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള സംഭാഷങ്ങളിൽ , ജോൺസൺ മാഷിന്റെ സംഗീതത്തിൽ , എക്കാലത്തെപോലെയും പദ്മരാജന്റെ സിനിമകളിൽ കണ്ട് വരുന്ന പ്രകൃതിയുടെ മനോഹാരിതയിലൊക്കെ പ്രണയത്തിന്റെ അംശമുണ്ട് . അതിനപ്പുറം ജയകൃഷ്ണനിൽ പ്രണയമുണ്ടെന്ന് പറഞ്ഞാൽ ആരോട് എന്നൊരു ചോദ്യമുണ്ടായേക്കാം ? കാലങ്ങൾക്കുമിപ്പുറം ക്ലാര ഇന്നുമോർമിക്കപ്പെടുന്നത് പദ്മരാജൻ എന്ന മാന്ത്രികന്റെ വിരൽ സ്പർശം കൊണ്ട് തന്നെയാണ് . ക്ലാരയ്ക്കായി അയാൾ ഒരുക്കിയ സംഭാഷണങ്ങൾ , ആ സീനുകളിലെ മനോഹാരിത , ജോൺസൻ മാഷിന്റെ സംഗീതം എന്നിവയെല്ലാം പ്രേക്ഷകനെ അത്രയും ആകർഷിക്കാൻ പോന്ന വിധത്തിൽ തന്നെയായിരുന്നു ..

സിനിമയിൽ ക്ലാരയെക്കാളും ഇഷ്ടം രാധയോട് തന്നെയാണ് .ഒരുപക്ഷെ ഇവിടെ പ്രണയമുണ്ടെങ്കിൽ അത് രാധയിൽ തന്നെയാകണം .അവളുടെ നോട്ടത്തിലൊക്കെ അത് പ്രകടവുമാണ് . എന്നാൽ ക്ലാരയെന്ന കഥാപാത്രത്തിന് കിട്ടിയ സവിശേഷതകൾ രാധയ്ക്ക് ലഭിക്കാതെ വന്നപ്പോൾ ക്ലാരയ്ക്ക് പിന്നിലായിരുന്നു രാധയുടെ സ്ഥാനം .ഇത് ഒരുപക്ഷെ മനപൂർവ്വമായിരിക്കണം.ക്ലാരയെക്കാൾ രാധയ്ക്ക് പ്രാധാന്യമുണ്ടായിരുന്നെങ്കിൽ മലയാളി പ്രേക്ഷക സമൂഹത്തിൽ തൂവാനത്തുമ്പികൾ ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്നോ മുപ്പത്തിമൂന്ന് വര്ഷങ്ങള്ക്കുമിപ്പുറം ഓര്മിക്കപ്പെടുമെന്നോ സംശയമാണ്..