ഈയിടെയായി നമ്മുടെ ഫേസ്ബുക്ക് ഫ്രെണ്ട്സ് ലിസ്റ്റില്‍ ഉള്ള അല്ലെങ്കില്‍ ജിമെയിലില്‍ ഉള്ള മാന്യന്‍മാര്‍ എന്ന് തോന്നുന്ന പലരില്‍ നിന്നും പലരീതിയില്‍ ക്ഷമാപണം വന്നു കൊണ്ടിരിക്കയാണ്. അതും മാന്യന്മാര്‍ എന്ന് പറഞ്ഞാല്‍ അതില്‍ പല രാഷ്ട്രീയ നേതാക്കന്മാരും, മത സാമൂഹിക പ്രവര്‍ത്തകന്‍മാര്‍ വരെ ഉള്‍പ്പെടും. ആ ക്ഷമാപണങ്ങള്‍ ഇങ്ങനെ ഒക്കെയാണ്.

സുഹൃത്തുക്കളെ, ഞാന്‍ അറിയാതെ (ഓ, പിന്നെ.. ഒന്ന് പോ ചെക്കാ..) എന്‍റെ ഫേസ്ബുക്ക് അല്ലെങ്കില്‍ ജിമെയില്‍ അക്കൌണ്ടില്‍ നിന്നും പല തരാം വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെട്ടതായി കാണുന്നു. അതെല്ലാം ക്ലീന്‍ ചെയ്തിട്ടുണ്ട്. ദയവായി ക്ഷമിക്കുമല്ലോ?

സുഹൃത്തുക്കളെ, എന്‍റെ ഫേസ്ബുക്ക് അല്ലെങ്കില്‍ ജിമെയില്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു. എന്റേതായി വല്ല ചീത്ത വീഡിയോകളും ഷെയര്‍ ചെയ്യപ്പെട്ടതായി കാണുമെങ്കില്‍ ക്ഷമിക്കുമല്ലോ?

ഹലോ ഫ്രെണ്ട്സ്, എന്‍റെ അക്കൗണ്ട്‌ ഞാനില്ലാത്ത സമയത്ത് ഓഫീസില്‍ വെച്ച് ആരോ ഉപയോഗിച്ചിരിക്കുന്നു. അത് പോലെ മാന്യതയ്ക്ക് നിരക്കാത്ത പല വീഡിയോകളും ഷെയര്‍ ചെയ്തതായും പലരും കംപ്ലൈന്റ്റ്‌ പറയുന്നതായും കണ്ടു. അത് സാദരം ക്ഷമിക്കുമല്ലോ?

ഹലോ എന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ വൈറസ്‌ കയറിരിക്കുന്നു. ആ വൈറസ്‌ ഞാന്‍ അറിയാതെ പല വീഡിയോകളും എന്‍റെ പ്രൊഫൈലില്‍ നിന്നും ഷെയര്‍ ചെയ്യുന്നു. അത് കൊണ്ട് ക്ഷമിക്കുമല്ലോ?

ഒരു ഞെരമ്പ് രോഗി ഷെയര്‍ ചെയ്തത്

ഈ ജാമ്യം എടുക്കല്‍ ഒക്കെ കണ്ടാല്‍ തോന്നും ഇവര്‍ ഉറുമ്പിനെ പോലും നോവിക്കാന്‍ അറിയാത്ത ആളുകള്‍ ആണെന്ന്. എന്നാല്‍ സത്യം അതൊന്നുമല്ല. നമ്മള്‍ ടൈറ്റിലില്‍ പറഞ്ഞ പോലെ തികച്ചു ഞെരമ്പ് രോഗികള്‍ തന്നെയാണിവര്‍. പലതരം നല്ല നല്ല വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നവരെ പറ്റി അല്ല ഞന്‍ പറഞ്ഞു വരുന്നത്. മറിച്ച്, തങ്ങളുടെ തന്നെ ഞെരമ്പ് രോഗികള്‍ ആയ ഫ്രെണ്ട്സില്‍ നിന്നും ഷെയര്‍ ചെയ്യപ്പെട്ടു വരുന്ന ഇക്കിളി വീഡിയോകള്‍ കാണാന്‍ ഉള്ള അതീവ താല്പര്യത്തോടെ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ മാനേജര്‍ പോസ്റ്റില്‍ ഇരിക്കുന്ന ആളുകള്‍ പോലും ആ വീഡിയോയില്‍ ക്ലിക്ക് ചെയ്തു പോവുകയാണ്. എന്നിട്ട് വീഡിയോ മുഴുവന്‍ കണ്ടു തീര്‍ത്ത ശേഷം താനൊന്നും അറിയില്ലേ രാമനാരായണ എന്ന് പറഞ്ഞു ഇരിക്കുമ്പോള്‍ ആവും ഏതെന്കിലും ഫ്രെണ്ട് തങ്ങള്‍ കണ്ട വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തതായി കാണുന്നത്. അപ്പോഴാകും ഈ പകല്‍ മാന്യന്‍ തങ്ങള്‍ രഹസ്യമായി വീഡിയോ കണ്ടത് തന്റെ ഫ്രെണ്ട്സ് ലിസ്റ്റിലെ പത്തെഴുന്നൂറോളം പേരും അറിഞ്ഞെന്ന വിവരം അറിയുന്നത്. ഉടനെ ചാടി എഴുന്നേറ്റു വരും മുകളില്‍ പറഞ്ഞ പോലെ ഉള്ള ക്ഷമാപണങ്ങള്‍.

ഇനി അത്തരം വീഡിയോകളെ കുറിച്ച് അല്പം

ഈയിടെ ഫേസ്ബുക്ക് പുറത്തിറക്കിയ അതിന്റെ ലേറ്റസ്റ്റ് വെര്‍ഷന്‍ ആയ ടൈംലൈന്‍റെ കൂടെയുള്ള അപ്ളികെഷന്‍സ് ആണ് പലരെയും ഈ കുടുക്കില്‍ ചാടിക്കുന്നത്. ഫേസ്ബുക്ക് പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും വിജയകരവും എന്നാല്‍ ഭാവിയില്‍ ഫേസ്ബുക്കിന്റെ തന്നെ മരണത്തിന് കാരണമായേക്കാവുന്ന ഒരു വൈറല്‍ മാര്‍ക്കറ്റിംഗ് ടൂള്‍ ആണ് ടൈംലൈന്‍ ആപ്പ്സ്‌. ലോകത്തെ ഒട്ടു മിക്ക മാധ്യമ ഭീകരന്മാരും ഇപ്പോള്‍ ഈ പുതിയ ആപ്പിന്റെ പിറകില്‍ ആണ്.

എന്താണെന്നോ അതിന്റ പ്രത്യേകത, വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ടൈംലൈനില്‍ ആരെങ്കിലും കയറി അതിലെ പോസ്റ്റ്‌ വായിച്ചു എന്നിരിക്കട്ടെ. ഉടനെ തന്നെ അദ്ദേഹം ഇന്ന പോസ്റ്റ്‌ വായിച്ചു എന്ന് അദ്ധേഹത്തിന്റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്യപ്പെടും. അത് അദ്ധേഹത്തിന്റെ ഫ്രെണ്ട്സ് ലിസ്റ്റില്‍ പെട്ട എല്ലാര്ക്കും കാണുകയും ചെയ്യാം.

ഇനി നമ്മുടെ ഞെരമ്പ് രോഗികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്.

യൂട്യൂബ് കഴിഞ്ഞാല്‍ ലോകത്തെ പ്രധാന വീഡിയോ വെബ്സൈറ്റുകള്‍ ആയ മെറ്റാകഫെ, ഡെയിലിമോഷന്‍ എന്നിവയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ പല മാന്യന്‍മാര്‍ക്കും എട്ടിന്റെ പണി കൊടുത്തു കൊണ്ടിരിക്കുന്നത്. അവരുടെ ഫേസ്ബുക്ക് ആപ്പില്‍ കയറി ലോഗിന്‍ റിക്വസ്റ്റ് കൊടുക്കുന്നതോടെ പറ്റുന്ന ഒരു ചെറിയ അബദ്ധം ആണ് ഈ പണി കൊടുക്കുന്നത്.

നിങ്ങളുടെ പോസ്റ്റ്‌ ആരൊക്കെ കാണാം എന്ന് ചോദിക്കുന്നിടത്ത് ‘friends’ എന്ന് കൊടുക്കാതെ പകരം ‘only me’ എന്നാക്കിയാല്‍ ഈ പ്രശ്നം പോയിക്കിട്ടും. ഇനി അഥവാ നിങ്ങള്ക്ക് ഈ ആപ്ലിക്കേഷന്‍ എടുത്തു കളയണം എന്നിരിക്കട്ടെ, നേരെ വലതു ഭാഗത്ത് കാണുന്ന ഫേസ്ബുക്ക് അക്കൗണ്ട്‌ സെറ്റിങ്ങ്സില്‍ കയറുക.ശേഷം ആപ്പ്സ്‌ എന്നാ സെക്ഷന്‍ സെലക്ട്‌ ചെയ്യുക. അതില്‍ നിങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ലിസ്റ ചെയ്യപ്പെടും. അതില്‍ നിന്നും ആവശ്യമില്ലാത്തത് എടുത്തു ഡിലീറ്റ് അടിക്കാം.

ഇനി ഇതൊന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് സമയം ഇല്ലെങ്കില്‍ (വീഡിയോ കാണാന്‍ സമയം ഉണ്ടെങ്കിലും)

ഇനി ഇതൊന്നും ചെയ്യാന്‍ സമയമില്ലാത്ത ആള്‍ ആണെങ്കില്‍, കൂടാതെ അത്തരം വീഡിയോകള്‍ കണ്ടേ തീരൂ എങ്കില്‍ ഫേസ്ബുക്കില്‍ കാണുന്ന ആ വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ അതിന്റെ ടൈറ്റില്‍ മാത്രം കോപ്പി ചെയ്യുക. ശേഷം ഗൂഗിളില്‍ പേസ്റ്റ് ചെയ്യുക. ബാക്കി പറയേണ്ട കാര്യം ഇല്ലല്ലോ?

ലാസ്റ്റ്‌ ബോള്‍: ഫേസ്ബുക്കില്‍ ഇങ്ങനെ ഒരു വൈറസ്‌ ഇല്ല. ഇത് ഫേസ്ബുക്ക് തന്നെ ഇറക്കിയ ഒരു വൈറല്‍ മാര്‍ക്കറ്റിംഗ് ടൂള്‍ ആണ്. മെറ്റാകഫെയിലും ഡെയിലിമോഷനിലും കയറി അശ്ലീല വീഡിയോ കാണുന്നവരുടെ വാളില്‍ മാത്രമേ അത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടൂ. അത്തരം വീഡിയോ കാണുകയും ചെയ്യും, എന്നിട്ട് നല്ല പിള്ള ചമയുകയും ചെയ്യും.

എന്ത് പോക്രിത്തരം കാണിച്ചാലും ലാസ്റ്റ്‌ എല്ലാം വൈറസിന്റെ മേലില്‍. പാവം വൈറസ്‌, അവനെന്തു പിഴച്ചു?

Advertisements