എന്‍റെ നഷ്ടപ്രണയത്തിനായ്‌ ഒരു തുള്ളി കണ്ണുനീര്‍

571

lost-love

പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2000 ഏപ്രില്‍ ഒരു അവസാന വാരത്തില്‍ എന്റെ ജീവിതത്തിലേക്ക് ഒരു ചെറു പുഞ്ചിരിയുമായ് അവള്‍ കടന്നു വന്നു. പത്താം ക്ലാസുകാരനായ ഒരു കൌമാരക്കാരന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ക്ക് അവള്‍ വര്‍ണങ്ങള്‍ നല്‍കി. പിന്നീടങ്ങോട്ട് പിരിയാന്‍ കഴിയാത്ത വിധം ഞങ്ങള്‍ അടുത്തു. ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തു. ഞാന്‍ പാടുന്ന പാട്ടുകള്‍ എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു. ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍ എല്ലാം അവളായിരുന്നു. അവളെ കുറിച്ചോര്‍ക്കാത്ത നിമിഷങ്ങളില്ല. അവളോടു സംസാരിക്കാത്ത ദിവസങ്ങള്‍ ഇല്ല. അവള്‍ക്കെന്തിനും ഏതിനും ഞാന്‍ വേണമായിരുന്നു. ഞാനറിയാത്ത ഒരു നിമിഷം പോലും അവളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ഞാനൊന്നു പിണങ്ങിയാല്‍ അവളുടെ മിഴികള്‍ ഈറനണിയും.

ഇഷ്ടമായിരുന്നു എനിക്കവളെ, എന്റെ ‘പൂച്ചകുട്ടിയെ’, ഒരുപാട്. അവള്‍ക്കെന്നെയും. ഒരിക്കലും പിരിയില്ല, പിരിയാന്‍ കഴിയില്ല എന്ന് വിചാരിച്ചിരുന്ന ഞങ്ങളുടെ ജീവിതത്തില്‍ പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികം ആയിരുന്നു. പിന്നെടെപ്പോഴോ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ദിവസവും പത്ത് തവണയെങ്കിലും ഫോണില്‍ സംസാരിച്ചിരുന്ന ഞങ്ങള്‍, ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും നേരില്‍ കണ്ടിരുന്ന ഞങ്ങള്‍ പിന്നെ പരസ്പരം സംസാരിക്കാതായി, പരസ്പരം കാണാതെയായി. എന്തിനാണ് ഞങ്ങള്‍ അകന്നത് എന്ന് എനിക്കറിയില്ല, അവള്‍ക്കും. പിന്നീടൊരിക്കല്‍ അവള്‍ എന്നോടു പറഞ്ഞു അവള്‍ വിവാഹിതയാകാന്‍ പോകുന്നു. അതൊരു സമ്മതം ചോദിക്കല്‍ ആയിരുന്നു. പക്ഷെ ഞാന്‍ അവളെ തടഞ്ഞില്ല, അവളെ തിരിച്ചു വിളിച്ചില്ല. വിളിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ….

അവളുടെ വിവാഹത്തിന്റെ രണ്ടു ദിവസം മുന്‍പ് ഞാന്‍ അവളുടെ വീട്ടില്‍ പോയിരുന്നു. തിരിച്ചു വരുമ്പോള്‍ വീടിന്റെ ഗേറ്റ് വരെ അവള്‍ എന്റെ കൂടെ വന്നു. കാറില്‍ കയറാന്‍ നേരത്ത് ഞാനവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ആ മിഴികളില്‍ ഒരിറ്റു കണ്ണുനീര്‍ ഞാന്‍ കണ്ടു. ഒരല്‍പ്പനേരം കൂടെ ഞാന്‍ അവിടെ നിന്നിരുന്നെങ്കില്‍ അവള്‍ പൊട്ടി കരഞ്ഞേനെ. നിസ്സഹായനായി ഞാന്‍ തിരിച്ചു വന്നു.

ജീവിതത്തില്‍ ആദ്യമായി ഞാന്‍ സ്വന്തമാക്കാന്‍ കൊതിച്ചത്, എന്റെ ഏറ്റവും പ്രിയ്യപ്പെട്ടവള്‍ എനിക്ക് നഷ്ടമായിരിക്കുന്നു. പ്രണയത്തേക്കാള്‍ അച്ഛന്റെയും അമ്മയുടെയും താല്പര്യത്തിനും സ്‌നേഹത്തിനും ഞങ്ങള്‍ വില നല്‍കിയത് കൊണ്ടായിരിക്കാം എനിക്കവളെയും അവള്‍ക്കെന്നെയും നഷ്ടമായത്. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ എല്ലാം മറക്കുന്നു സഹിക്കുന്നു.

യാദൃശ്ചികമായി കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അവളെ ഞാന്‍ ഓണ്‍ലൈനില്‍ കാണാന്‍ ഇടയായി. ഭര്‍ത്താവിന്റെ കൂടെ ഉത്തരേന്ത്യയില്‍ താമസമാക്കിയ അവളെ ഈ രണ്ടു വര്‍ഷത്തിനിടയില്‍ ഒരിക്കലും ഞാന്‍ കണ്ടിരുന്നില്ല. അവള്‍ ഇപ്പോള്‍ നല്ല ഒരു ഭാര്യയാണ്. ഭര്‍ത്താവിനെ ജീവന് തുല്യം സ്‌നേഹിച്ചു കഴിയുന്ന നല്ല ഒരു ഭാര്യ. ഇപ്പോള്‍ അവള്‍ നാട്ടിലുണ്ട്. അവള്‍ എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ഇന്ന് രാവിലെ അവള്‍ എന്നെ വിളിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. ഒരുപാട് കാലം എന്നെ വളരെയധികം സ്‌നേഹിച്ചിരുന്നത് കൊണ്ടായിരിക്കാം എന്നോടു സംസാരിക്കാന്‍ അവള്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല. എന്നും സംസാരിക്കുന്ന വ്യക്തിയുടെ അടുത്തെന്ന പോലെ അവള്‍ എന്നോടു സംസാരിച്ചു, ഞാനും.

സംസാരിക്കുന്നതിനിടയില്‍ എപ്പോഴൊക്കെയോ എന്റെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. അവളുടെ മിഴികളും നിറഞ്ഞു കാണുമോ? ഇല്ല, കാരണം അവള്‍ക്കു ഞാനിപ്പോള്‍ എന്നോ കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്ത് മാത്രമാണ്. അവളുടെ പ്രണയവും സ്‌നേഹവും എല്ലാം അവളുടെ സ്‌നേഹനിധിയായ ഭര്‍ത്താവിനു മാത്രം സ്വന്തം. അത് അങ്ങിനെതന്നെയാണ് വേണ്ടതും. സംസാരത്തിനോടുവില്‍ അവള്‍ പറഞ്ഞു അവള്‍ തരിച്ചു പോവുകയാണെന്ന്.

‘ഒരിക്കല്‍ അവളെന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്
സമയമെടുത്തു ഒരുപാട് അതു മറക്കാന്‍
എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു
എന്നിട്ട് വീണ്ടും പോകുന്നു എന്ന് പറയുന്നു’ (Courtesy: ലാലേട്ടന്‍, മിന്നാരം)

അവളോടു ഞാന്‍ ഒരു ആഗ്രഹം പറഞ്ഞു. എനിക്കവളെ ഒരിക്കല്‍ കൂടി പൂച്ചകുട്ടീ എന്ന് വിളിക്കണം എന്ന്. അവള്‍ സമ്മതിച്ചു. ഞാന്‍ വിളിച്ചു ‘പൂച്ചകുട്ടീ..’ എന്ന്. അവള്‍ ‘എന്തോ’ എന്ന് വിളികേട്ടു. ഒടുവില്‍ ഒരിക്കല്‍ കൂടി യാത്ര പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു. ഇനി ഒരിക്കലും അവളെ ഞാന്‍ കാണില്ലായിരിക്കാം, അവളോടു സംസാരിക്കില്ലായിരിക്കാം. പക്ഷെ ഞാന്‍ തിരിച്ചറിയുന്നു ‘ഞാന്‍ ഒരുപാട് സ്‌നേഹിച്ചവളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തേക്കാള്‍ കൂടുതാലാണ് എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നവളെ സ്വന്തമാക്കാന്‍ പറ്റാത്തതിന്റെ നഷ്ടബോധം’ എന്ന്.

ഇപ്പോഴും ഞാന്‍ പ്രണയിക്കുന്നു, അവള്‍ എനിക്ക് സമ്മാനിച്ച മധുരമുള്ള നിമിഷങ്ങളെ, ഒരിക്കലും മറക്കാന്‍ ഇഷ്ടമില്ലാത്ത ഓര്‍മകളെ.

ഈ അനുഭവം എഴുതി അവസാനിപ്പിക്കുമ്പോള്‍ എന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ കീബോര്‍ഡില്‍ വീഴുകയാണ്, അതും അവള്‍ക്കു വേണ്ടി എന്റെ ‘പൂച്ചകുട്ടിക്ക്’ വേണ്ടി …

Comments are closed.