സ്ത്രീയെ വേശ്യയെന്ന് വിളിക്കുന്നവരോട്..

1923

 

സ്ത്രീകളെ വേശ്യ, തേവിടിശ്ശി, വെടി എന്നൊക്കെപ്പോലെയുള്ള കുറെ പദങ്ങൾ കൊണ്ട് അഭിസംബോധന ചെയ്യുന്നവരുണ്ട്.  അവരോടൊരു പുരുഷ വേശ്യയുയുടെ കഥപറയാം. അതുകേൾക്കുമ്പോൾ നിങ്ങളും സ്വന്തം ജീവിതത്തിലൂടെ വെറുതെയൊന്നു ചിന്തിക്കുക. ഇനി നിങ്ങൾ പഞ്ചപാവം ആണെങ്കിൽ മനസിന്റെ വേലിചാട്ടങ്ങൾ എങ്കിലും ഓർക്കുക.

പണ്ട് കുറേക്കാലം ഒരു പ്രണയിനിയുടെ കൂടെ ഞാൻ കർണ്ണാടകയിൽ അലഞ്ഞുതിരിഞ്ഞിരുന്നു. ഇടയ്ക്കിടെ തിരുവനന്തപുരത്തുനിന്നു പോയി മൂന്നോനാലോ ദിവസം കഴിഞ്ഞു തിരിച്ചുപോരും.ഒന്നരമാസത്തിലൊരിക്കൽ അതുതുടർന്നു. ഞാൻ ദരിദ്രൻ അവൾ ആവശ്യത്തിന് പണമുള്ളവൾ. അവിടത്തെ അടിച്ചുപൊളിയെല്ലാം കഴിഞ്ഞു ഞാൻ പുറപ്പെടുമ്പോൾ അവളെനിക്ക് പൈസതരും. വണ്ടിക്കൂലിക്കും മറ്റു വഴിച്ചിലവുകൾക്കും വേണ്ടിയാണെന്നാണ് പറയുന്നതെങ്കിലും ആ പണം ഓരോ യാത്രയിലും തുടർച്ചയായി സ്വീകരിച്ച ഞാനാരാണ് ? വേശ്യ എന്നവാക്കിനു പുല്ലിംഗം ഇല്ലെങ്കിലും ‘ജിഗോളോ’ എന്നൊരു പദം ഉപയോഗിക്കാം. അതെ ഞാനൊരു പുരുഷവേശ്യയാണ്.

എന്താ പെണ്ണിന് മാത്രമേ അതാകാൻ പാടുള്ളൂ എന്നുണ്ടോ ? നമുക്കുമാകാം എന്ന് ഓരോ ആണിനും ചിന്തിക്കാം. ലൈംഗികതയുടെ ‘പ്രതിഫലം’ സ്വീകരിക്കുമ്പോൾ ആ പ്രൊഫഷന്റെ പൂർണ്ണത അത്രയും നീതിയോടെ ചെയ്യാൻ സാധിച്ചിരുന്നോ എന്നെനിക്കു സംശയമാണ്. അതിലെനിക്ക് കുറ്റബോധമുണ്ട്. സങ്കടമുണ്ട്. പണംവാങ്ങിയാൽ നന്നായി ജോലിചെയ്യണം.

ഒരു പണക്കാരൻ ഒരു സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാൻ വലിയ തുക ചിലവാക്കി അവൾക്കൊപ്പം വല്ല റിസോർട്ടിലും ചിലവഴിക്കുന്നതിനു തുല്യമായി തന്നെയാണ് എന്റെ കൂട്ടുകാരി ഓരോ യാത്രയിലും മുപ്പത്തിനായിരംരൂപയോളം ചിലവാക്കുന്നതും അതിലൊരു പങ്ക് എനിക്കു തന്നിരുന്നതും. പ്രണയംമാത്രമെങ്കിൽ ഫോൺസംഭാഷണത്തിൽ മതിയായിരുന്നല്ലോ. ഉടലുകളുടെ സംയോജനത്തിനു തന്നെയാണ് പണം മുടക്കിയത്. തന്റേതുമാത്രമായ ഒരു പുരുഷവേശ്യ അവൾക്കു വേണമായിരുന്നു. എന്റെ ഉടലിനെ പുരുഷനായും ചിലപ്പോൾ ഒരു സ്ത്രീയെപ്പോലെയും അവൾക്കു നൽകിയിരുന്നു. ചിലപ്പോൾ അവളുടെ മേധാവിത്വങ്ങൾ ഞാൻ ആസ്വദിച്ചിരുന്നു.

വൻ നഗരങ്ങളിൽ കാണുന്ന ലൈംഗികത്തൊഴിലാളികൾ ആയ സ്ത്രീകളെപ്പോലെ ശരീരത്തെ അത്രയും സെക്സിയാക്കി നിലനിർത്തിയിരുന്നു ഞാൻ. പ്രൊഫഷണൽ ബോഡി ബിൽഡർ അല്ലാത്ത ഒരുവൻ എന്തിനാണ് ജിമ്മിലൊക്കെ പോയി കഠിനമായ വർക്ഔട്ട് ചെയ്തത്. തീർച്ചയായും ശരീരംകൊണ്ട് ആകർഷിക്കപ്പെടാൻതന്നെ. കുറെയൊക്കെ വിജയിച്ചിട്ടുമുണ്ട്. അപ്പോൾ ഞാൻ കൂട്ടുകാർക്കു ഹീറോ. ഇതൊരു പെണ്ണ് ചെയ്തിരുന്നെങ്കിൽ അവൾ സീറോ. ഇനി മറ്റൊരുകാര്യം, പുരുഷവേശ്യകൾ നമ്മുടെ സമൂഹത്തിൽ വർദ്ധിക്കുന്നു എന്നാണു പഠനങ്ങൾ പറയുന്നത്. അറിഞ്ഞോ അറിയാതെയോ ആ ജോലി ചെയ്യുന്നവർ അനവധിയുണ്ട്.

സാഹിത്യവും പുസ്തകമെഴുത്തും വീട്ടുമുറിയെന്ന ആശ്രമത്തിലിരുന്നു മറ്റൊരു പരിവേഷത്തിൽ ചെയുമ്പോൾത്തന്നെയാണ് എന്റെയീ പ്രവർത്തികൾ. കണ്ണാടിയിൽ നോക്കിനിന്ന് നല്ല അന്തസായിഞാനെന്നെ വിളിച്ചിട്ടുണ്ട് വേശ്യയെന്ന്. എന്നാൽ എന്നെ ഞാൻ ഉറക്കെയുറക്കെ വിളിച്ചാലും സമൂഹം അങ്ങനെ വിളിക്കില്ല. കാരണം മേല്പറഞ്ഞതുതന്നെ . ആണിന് എന്തും ആകാം. എത്രപേരെ വേണമെങ്കിലും പ്രാപിക്കാം. സ്ത്രീയ്ക്ക് സെക്സ് കൊടുത്തു അവളെ സാമ്പത്തികമായി ഊറ്റിപ്പിഴിയാം. ഓടിനടന്നു താൻ പ്രാപിക്കുന്ന സ്ത്രീകളിൽ നിന്നൊക്കെ പണം കൈപ്പറ്റാം.

പിന്നെയും അനവധി സ്ത്രീകൾ പ്രണയതാത്പര്യവുമായി എന്നെ സമീപിച്ചിട്ടുണ്ട്/ സമീപിക്കുന്നുണ്ട്. അവരിൽ ചിലരുടെയെങ്കിലും ഉദ്ദേശവും പ്രണയത്തിലൂടെയുള്ള ലൈംഗികതയായിരുന്നു. ഇതൊക്കെ മനുഷ്യന്റെ സ്വാഭാവികതകളുമാണ്. അതൊന്നും മോശപ്പെട്ട കാര്യവുമല്ല. ഒരിണയിൽ കേന്ദ്രീകരിക്കാൻ സാധിക്കാത്ത ജീവികളാണ് മനുഷ്യനെന്നതു പ്രകൃതിയുടെ വികൃതിയാണ്. എന്നെ സമീപിച്ച മറ്റുള്ളവരും എന്റെ ദാരിദ്ര്യം മനസിലാക്കി പണം തന്നേക്കാം. ഞാൻ സ്വീകരിച്ചേയ്ക്കാം.

പിൽക്കാലത്തു മനസുകൊണ്ട് നിർവ്വേദാവസ്‌ഥ പിടികൂടിയതു കാരണം പ്രണയങ്ങൾക്കു അങ്ങോട്ടുപോയി മുട്ടൽ അവസാനിപ്പിച്ച ഞാൻ മര്യാദയ്ക്ക് വല്ലതുമൊക്കെ എഴുതിയും വായിച്ചും മുന്നോട്ടുപോകുന്നു…എന്റെ ഭൂതകാല അനുഭവങ്ങൾ പറയാൻ കാരണം ,സ്ത്രീ ധരിച്ചാൽ കോണകം പുരുഷൻ ധരിച്ചാൽ ബർമുഡ, ആ ധാരണ സമൂഹം മാറേണ്ടിയിരിക്കുന്നു.

ഒരു അവിവാഹിതൻ ആയതിനാലാകും പലരും എന്നോട് കൂട്ടുകൂടാൻ വരുന്നത്. സെക്സിൽ പാപപുണ്യങ്ങൾ കെട്ട മതങ്ങളുടെ വാദമാണ്. വിശപ്പിനു ആഹാരമെന്നപോലെ ശരീരത്തിന്റെ ഒരാവശ്യകതയാണ് സെക്സ്. അതത്രയും മാന്യമായും നീതിയോയും ഇണയുമായി ആസ്വദിക്കാം. സ്വന്തം ശരീരത്തിന് ഒരുശുദ്ധിയും കല്പിക്കേണ്ട ആവശ്യമില്ല. ആണായാലും ശരി പെണ്ണായാലും ശരി..ദിവസവും രണ്ടുനേരം കുളിച്ചാൽ മതിയാകും, ശുദ്ധിയ്ക്ക്.

സ്ത്രീയെ വേശ്യ എന്ന് വിളിച്ചു അവഹേളിക്കുന്ന എല്ലാ ആണുങ്ങളോടും അന്തസായി വീണ്ടുംവീണ്ടും പറയുകയാണ് ഞാനും വേശ്യയാണ്. നിങ്ങൾ എന്നെയും അങ്ങനെ വിളിക്കൂ. എന്നിട്ടു പുരുഷനെന്ന കൊമ്പ് അങ്ങ് നിങ്ങൾ പിഴുതു കളഞ്ഞേക്കൂ. .ഒരു സ്ഖലനത്തിനു ശേഷം തളർന്നുപോകുന്ന വെറും പുരുഷന്മാരാണ് നമ്മൾ. ഒരു പെണ്ണിന്റെ ശേഷിയുടെ അടുത്തെങ്ങും വരാത്തവർ. ഒരു പെൺ കവി ആ വിഷയത്തെക്കുറിച്ചെഴുതിയ തികച്ചും മൗലികമായൊരു കവിത ഏറെക്കാലം മുമ്പ് പ്രശസ്തമായിരുന്നു.

മേല്പറഞ്ഞ എന്റെ ജീവിതം നിങ്ങളും അവർത്തിച്ചിട്ടുണ്ടെങ്കിൽ അതോർക്കാതെ നിങ്ങൾ സ്ത്രീയെ വേശ്യയെന്ന് വിളിക്കുന്നുണ്ടെങ്കിൽ ഓർക്കുക നിങ്ങളും അതുതന്നെ. നമുക്കിനി പലതിനും പുല്ലിംഗനാമം കൂടി ഉണ്ടാക്കേണ്ടിയിരിക്കുന്നു. വേശ്യയ്ക്കു പുറമെ പ്രതിവ്രത, കന്യക എന്നീ പദങ്ങൾക്കും. ഒരു പതിയിൽ വ്രതമനുഷ്ഠിച്ചു അവൾക്കു കഴിയാമെങ്കിൽ ഒരു പത്നിയിൽ വ്രതമനുഷ്ഠിച്ചു പുരുഷന് പത്നീവ്രതനും ആകാവുന്നതാണ്.

അപ്പോൾ ആ ഗർവ്വിന്റെ കൊമ്പുകൾ അങ്ങ് മുറിച്ചു കളഞ്ഞേരേ പുരുഷന്മാരെ..വെറുതെയാ അത് വച്ചുകൊണ്ടുനടക്കുന്നത്. കാളയുടെ കൊമ്പുകൾ കണ്ടിട്ടില്ലേ പൊള്ളയാണ്.