ഇന്ന് ‘ദി ഫോര്‍ഗോട്ടണ്‍ ഹീറോ’ ആയ നേതാജിയുടെ ജന്മദിനം

101

ഇന്ന് ‘ദി ഫോര്‍ഗോട്ടണ്‍ ഹീറോ’ ആയ നേതാജിയുടെ ജന്മദിനം

നേതാജി എന്ന സുഭാഷ് ചന്ദ്ര ബോസ് 1897 ജനുവരി 23 ല്‍ കട്ടക്കില്‍ ജനിച്ചു.
പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ ഒറീസ്സയില്‍ ഉള്‍പ്പെട്ടതുമായ കട്ടക്കിലെ പ്രശസ്ഥ വക്കീലായിരുന്ന ജാനകിനാഥ് ബോസായിരുന്നു അച്ചന്‍ അമ്മ പ്രഭാവതിയും. കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

1920 ല്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രവര്‍ത്തിക്കാ‍ന്‍ വേണ്ടി അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1939 ല്‍ സുബാഷ് ചന്ദ്രബോസ് ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയായിരുന്ന പട്ടാഭി സീതാരാമയ്യയെ മറികടന്ന് പ്രസിഡന്റായെങ്കിലും കോണ്‍ഗ്രസ്സ് അംഗമല്ലാത്ത ഗാന്ധി തന്റെ സ്ഥാനാര്‍ത്ഥി തോറ്റതില്‍ സെന്റിമെന്റ് വര്‍ക്കൌട്ട് ചെയ്തതിനെ തുടര്‍ന്ന് സുബാഷ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയുണ്ടായി.

ഒരാള്‍ വിശുദ്ധനായിരുന്നെങ്കില്‍ മറ്റെയാള്‍ പടയാളിയായിരുന്നു. ’ദേശാഭിമാനികളിലെ രാജകുമാരന്‍’ എന്നാണ് നേതാജിയെ ഗാന്ധിജി വിളിച്ചിരുന്നത്. നെഹ്രുവുമായി ആശയപരമായി നേതാജിക്ക് വിയോജിപ്പുകളുണ്ടായിരുന്നു. നെഹ്രുവിന്റെ മതേതര സങ്കല്‍പ്പമായിരുന്നില്ല നേതാജിയുടേത്.
വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അംഗീകരിക്കുന്ന സമീപനമായിരുന്നു നേതാജിയുടേത്. നേതാജി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയാകുന്നതിനുള്ള സാധ്യതയുണ്ടായിരുന്നുവെന്നത് ശരിയാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വ്യക്തമായൊരു ദര്‍ശനം നേതാജിക്കുണ്ടായിരുന്നു.

1921 ല്‍ വെയില്‍സിലെ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ബഹിഷ്കരിക്കാന്‍ ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു അതെത്തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലും ആയി.
1924 ഒക്‌ടോബറില്‍ തീവ്രവാദിയാണെന്ന സംശയത്തിന്റെ പേരില്‍ ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബര്‍മ്മയിലേക്ക് നാടുകടത്തി.
1925 സെപ്തംമ്പര്‍ 25 ന് അദ്ദേഹം ജയില്‍ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കല്‍ക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധകാലത്ത് അധികൃതര്‍ അദ്ദേഹത്തെ ജയിലിലടച്ചുവെങ്കിലും ജയിലില്‍ നിരാഹാരസമരം തുടങ്ങിയതിനാല്‍ അദ്ദേഹത്തെ ഒരാഴച്ചക്കുള്ളില്‍ മോചിപ്പിച്ചു. എന്നാല്‍ കല്‍ക്കട്ടയിലെ അദേഹത്തിന്റെ വസതി പോലീസ് നിരീക്ഷണത്തിലായിരുന്നു.
1941 ജനുവരി 19 ന് തന്റെ അനന്തിരവനായ ശിശിര്‍ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപെട്ടു. പേഷാവറിലേക്കാണ് അദ്ദേഹം പോയത്. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാനിലേക്കും പിന്നെ മോസ്കോയിലുമെത്തി. അവിടെ നിന്നും റോമിലും അവസാനം ജര്‍മ്മനിയിലും എത്തിച്ചേര്‍ന്നു.

യൂറോപ്പിലെ ജര്‍മന്‍ അധിനിവേശരാജ്യങ്ങളില്‍ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയില്‍ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യന്‍ ലീജിയണ്‍ എന്നൊരു സേന രൂപീകരിച്ചു.
ഏകദേശം 4500 സൈനികർ ഉണ്ടായിരുന്നു ഈ സേനയിൽ. ജര്‍മ്മന്‍ വിദേശവകുപ്പില്‍ 1941 ജൂലൈ മാസത്തില്‍ പ്രത്യേക ഭാരത വകുപ്പ് രൂപീകരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബര്‍ലിനില്‍ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം‘ അദ്ദേഹം സ്ഥാപിച്ചു.
സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തില്‍ രൂപീകരിച്ചു.
കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവര്‍ണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. ബര്‍ലിനിലെ സ്വതന്ത്രഭാരതകേന്ദ്രമായിരുന്നു മഹാകവി ടാഗോര്‍ രചിച്ച ‘ ജനഗണമന.. ’ എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്.

നാസികളുടെ സഹായത്തോടെ ഒരു ഇന്ത്യാ ആക്രമണവും അത് വഴി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ പക്ഷെ അദ്ദേഹത്തിന്റെ പദ്ധതികള്‍ നടപ്പില്‍ വന്നില്ല. ഹിറ്റ്‌ലറുടെ പല പ്രവര്‍ത്തികളോടും ബോസിന് യോജിക്കാന്‍ സാധിച്ചില്ല.
അങ്ങിനെ ഇരിക്കവെ ജപ്പാന്‍ അച്ചുതണ്ടുരാഷ്ട്രങ്ങളുടെ ഭാഗം ചേര്‍ന്ന് ഇംഗ്ലണ്ടിനും അമേരിക്കയ്ക്കും എതിരേ യുദ്ധം പ്രഖ്യാപിച്ച സമയത്ത് പൂര്‍വ്വേഷ്യയില്‍ നിന്നും ഒരു വിമോചനസേനയെ ഇന്ത്യയിലേക്കു നയിക്കാനുള്ള സാധ്യത സുഭാഷ് ചന്ദ്ര ബോസിന്റെ മനസ്സില്‍ തെളിഞ്ഞു. ഇക്കാരണങ്ങളാല്‍ ബോസ് നാസി ജര്‍മ്മനി വിടാന്‍ തീരുമാനിച്ചു. അങ്ങിനെ അദ്ദേഹം ജര്‍മ്മനി വിട്ടു.
1943 മെയ് 6 നു സുമാത്രയുടെ തീരത്തുള്ള സാബാങ്ങ് എന്ന ദ്വീപിലാണ് ബോസ് എത്തിച്ചേര്‍ന്നത്. അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ജപ്പാന്‍ സൈന്യത്തിലെ കേണല്‍ യാമമോട്ടോയും എത്തിയിരുന്നു. മേയ് 12 നു അദ്ദേഹം ടോക്കിയോയില്‍ എത്തിച്ചേര്‍ന്നു.

അവിടെ ഒരുമാസം താമസിച്ച അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രി ജനറല്‍ ടോജോയുമായി ഭാരത-ജപ്പാന്‍ ബന്ധങ്ങളെപ്പറ്റിയും, നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി ചര്‍ച്ചചെയ്ത് ഒരു പരസ്പരധാരണയില്‍ എത്തിച്ചേര്‍ന്നു. റാഷ്‌ബിഹാരി ബോസ്, അബീദ് ഹസ്സൻ, കേണല്‍ യാമമോട്ടോ എന്നിവരോടൊപ്പം 1943 ജൂണ്‍ 23 നു നേതാജി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.
റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4 നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളില്‍ വച്ചു ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5 നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ) രൂപീകരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു.
1943 ഒക്ടോബര്‍ 21 നു രാവിലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ ഒരു വിശേഷാല്‍ പൊതുയോഗം സിംഗപ്പൂരിലെ കാഥേഹാളില്‍ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താല്‍ക്കാലിക സ്വതന്ത്രഭാരത സര്‍ക്കാരിന്റെ രൂപീകരണം നേതാജി പ്രഖ്യാപിച്ചു.
അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. ഒക്ടോബര്‍ 22 നു വനിതകളുടെ സേനാവിഭാഗമായ ഝാന്‍സിറാണി റെജിമെന്റ് നേതാജി ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ ശക്തികള്‍ക്കെതിരെ സ്വതന്ത്രഭാരത സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചു.

ജപ്പാന്റെ കൈവശമായിരുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ദ്വീപസമൂഹങ്ങള്‍ സ്വതന്ത്രഭാരത സര്‍ക്കാരിനു കൈമാറാമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ജനറല്‍ ടോജോ പ്രസ്താവിച്ചു.
1943 ഡിസംബര്‍ 29 ആം തീയതി ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏറ്റെടുക്കന്‍ നേതാജി ആന്‍ഡമാനിലെത്തി. ആന്‍ഡമാന് ‘ഷഹീദ്’ എന്നും, നിക്കോബാറിന് ‘ സ്വരാജ് ’ എന്നും നേതാജി പുനര്‍നാമകരണം ചെയ്തു.
മേജര്‍ ജനറല്‍ ലോകനാഥനെ ദ്വീപുകളുടെ ആദ്യത്തെ ഭരണധികാരിയായി നേതാജി നിയമിച്ചു. ജപ്പാന്റെ സഹായത്തോടെ 1944 ല്‍ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപീകരിക്കപ്പെട്ടു. താല്‍ക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറന്‍സി നോട്ടുകള്‍ അച്ചടിച്ചിറക്കുകയും ചെയ്തു.
1944 ജനുവരിയിലാണ് ബര്‍മ്മയില്‍ നിന്നു ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചുള്ള ഒരാക്രമണം ജപ്പാന്‍ നടത്തി.മാര്‍ച്ച് മാസത്തില്‍ ഐ.എന്‍.എ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചു. മാര്‍ച്ച് മധ്യത്തോടെ ഐ.എന്‍.എ – ജപ്പാന്‍ സേനകള്‍ ഇംഫാല്‍ ആക്രമണം ആരംഭിച്ചു.
ഏപ്രില്‍ അവസാനത്തോടെ ഇംഫാലിനെ വളഞ്ഞു, ഇംഫാലിന് ഏകദേശം 15 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു അവര്‍ അപ്പോൾ. പക്ഷേ സൈന്യത്തിന്റെ മുന്നേറ്റം പെട്ടെന്നു നിലച്ചു, ഇതിനു പല കാരണങ്ങളുണ്ടായിരുന്നു.
ജനറല്‍ ടോജോ 1944 സെപ്തംബറില്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞു. ജനറല്‍ കെയ്‌സോ ജപ്പാ‍ന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.ഇതിനിടെ ജപ്പാന്‍ സര്‍ക്കാരില്‍ വീണ്ടും മാറ്റമുണ്ടായി ജനറല്‍ കെയ്‌സോ രാജിവച്ചു, അഡ്‌മിറല്‍ സുസുക്കി പ്രധാനമന്ത്രിയായി.
ആ സമയത്ത് ബര്‍മ്മയിലെ സ്ഥിതിഗതികള്‍ ആകെ മാറി, ബര്‍മ്മ വിട്ടൊഴിയാക് ജപ്പാന്‍ സേനകള്‍ക്ക് ഉത്തരവ് കിട്ടി. അങ്ങനെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ബര്‍മ്മയില്‍ നിന്നും പിന്മാറി.
1945 മെയ് 7 നു ജര്‍മ്മനി നിരുപാധികം സഖ്യശക്തികള്‍ക്കു കീഴടങ്ങി. ആഗസ്റ്റ് 6-നു ഹിരോഷിമാ നഗരത്തിലും, ആഗസ്റ്റ് 9-നു നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചു, ഇതോടെ ജപ്പാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

ഭാരതത്തിലെ ഏറ്റവും വലിയ ദുരൂഹതയായി നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ തിരോധാനം.1945 ആഗസ്റ്റ് 18 ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി മരിച്ചു എന്നാ‍യിരുന്നു നേതാജിയുടെ തിരോധാനം അന്വേഷിച്ച ഷാനവാസ് കമ്മീഷന്റെയും (1956 ല്‍ ) ഖോസ്ല കമ്മീഷന്റെയും (1970 ല്‍ ) കണ്ടെത്തലുകള്‍.
ഇന്ത്യന്‍ ഗവണ്‍മെന്റ്‌ രണ്ടു റിപ്പോര്‍ട്ടുകളും തള്ളിക്കളയുകയും ചെയ്തു.വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മനോജ് മുഖര്‍ജി കമ്മിറ്റി (1999 ല്‍ ) കണ്ടെത്തല്‍ തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി മരിച്ചില്ലെന്നും ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തിലുള്ള ചിതാഭസ്മം നേതാജിയുടേതല്ലെന്നും ഈ കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

ഈ അവസരത്തിലാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള ഭാരതീയരായ ഒരു സംഘം ചെറുപ്പക്കാര്‍ ‘മിഷന്‍ നേതാജി’ ( www.missionnetaji.org ) എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്‌. ദുരൂഹതകള്‍ നീക്കാന്‍ കമ്മീഷനെ സഹായിക്കുക എന്നതാണ്‌ ‘മിഷന്‍ നേതാജി’യുടെ പ്രധാനലക്ഷ്യം.
നേതാജിയുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും നിലവില്‍ ഭാരതസര്‍ക്കാരിന്റെ പക്കലുണ്ട്‌. എങ്കിലും ‘രാജ്യസുരക്ഷ’യെ മുന്‍നിര്‍ത്തി അതൊന്നും കമ്മീഷനു നല്‍കാനാവില്ലെന്നാണ്‌ ഔദ്യോഗികവിശദീകരണം. ഇന്നും നേതാജിയുടെ മരണത്തെ സംബദ്ധിച്ചുള്ള സത്യം കണ്ടെത്താനായിട്ടില്ല.

1991 ല്‍ രാജ്യം അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചു. എന്നാല്‍ നേതാജിയുടെ മരണം സ്ഥിതീകരിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ മരണാനന്തരബഹുമതിയായി ഭാരതരത്‌ന നല്‍കുന്നത് നിയമപരമല്ല എന്നു കോടതി നിര്‍ദ്ദേശം കാരണം അതു പിന്‍വലിച്ചു. അതുന്നാല്‍ തന്നെ ഇതേ വരെ ഈ ബഹുമതി അദ്ദേഹത്തിന്റെ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല.
നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിച്ചുകൊണ്ട് ഒരിക്കല്‍കൂടി ഒരൊറ്റ ഇന്ത്യയായ് ഒരൊറ്റ ജനതായ് ഒരായിരം കണ്ഠങ്ങളില്‍ നിന്നും നമുക്ക് ഉറക്കെ പാടാം വന്ദേമാതരം.

കടപ്പാട് Muhammed Sageer Pandarathil