ഇന്ന് ക്യൂബൻ വിപ്ലവം വിജയം കണ്ടതിന്റെ അറുപത്തിയൊന്നാം വാർഷികം

185
ഇന്ന് ക്യൂബൻ വിപ്ലവം വിജയം കണ്ടതിന്റെ അറുപത്തിയൊന്നാം വാർഷികം
1953 ജൂലൈ 26 നു തുടങ്ങിയ ക്യൂബയിലെ വിപ്ലവ മുന്നേറ്റം പൂർണ വിജയം കണ്ടത് 1959 ജനുവരി 1നാണ്. 1958 ഡിസംബർ 31 നു ബാറ്റിസ്റ്റ ക്യൂബയിൽ നിന്ന് പലായനം ചെയ്യുകയും തുടർന്ന് സഖാവ് ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.
മൊങ്കാദ ബാരക്ക് ആക്രമണം എന്ന പേരിൽ നടത്തിയ വിപ്ലവമുന്നേറ്റത്തോടെയാണ് ക്യൂബൻ വിപ്ലവത്തിന്റെ തുടക്കം എന്നു പറയാം. ബാറ്റിസ്റ്റ ഭരണത്തോട് എതിർപ്പുള്ള വിമതരെ കണ്ടുപിടിച്ച് തങ്ങളുടെ സംഘടനയിൽ ചേർത്ത് സായുധ പരിശീലനം നൽകുകയാണ് ഫിദലും, റൗളും ആദ്യമായി ചെയ്തത്. പത്ത് പേരടങ്ങുന്ന ചെറിയ സെല്ലുകളായിട്ടായിരുന്നു വിപ്ലവകാരികളെ അവർ സംഘടിപ്പിച്ചത്. 1953ൽ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ നടത്തിയ ശ്രമമാണ് മൊങ്കാദ ബാരക്ക് ആക്രമണം എന്നറിയപ്പെടുന്നത്. ക്യൂബൻ വിപ്ലവചരിത്രത്തിലെ ധീരോജ്ജ്വലമായ ഏടായി ഇത് തിളങ്ങി നിൽക്കുന്നു. മൊങ്കാദ ബാരക്ക് പിടിച്ചെടുത്ത് അവിടുത്തെ ആയുധങ്ങൾ കൈക്കലാക്കുകയായിരുന്നു ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. കൂടാതെ സാന്റിയാഗോ റേഡിയോ സ്റ്റേഷൻ പിടിച്ചെടുത്ത് ഈ മൂവ്മെന്റിന്റെ പ്രകടന പത്രിക അതിലൂടെ പ്രക്ഷേപണം ചെയ്യുക എന്ന ലക്ഷ്യം കൂടി കാസ്ട്രോയ്ക്കുണ്ടായിരുന്നു. എന്നാൽ വ്യക്തമായ ഒരു പദ്ധതിയുടെ അഭാവം മൂലം ഈ മുന്നേറ്റം പാളി പോവുകയായിരുന്നു. കൂടാതെ അപ്രതീക്ഷിതമായി സൈന്യത്തിൽ നിന്നേറ്റ തിരിച്ചടിയും കാസ്ട്രോയുടെ മുന്നേറ്റത്തെ തടയുകയുണ്ടായി.
റൗളും ഫിദലും അവശേഷിക്കുന്ന വിപ്ലവകാരികളുടെ കൂടെ ഒളിത്താവളത്തിലേക്കു പോയെങ്കിലും താമസിയാതെ പിടിക്കപ്പെട്ടു. വിചാരണ സമയത്ത് വിപ്ലവകാരികൾക്കു വേണ്ടി കോടതിയിൽ വാദിച്ചത് അഭിഭാഷകൻ കൂടിയായിരുന്ന ഫിദൽ കാസ്ട്രോ തന്നെയായിരുന്നു. പാലസ് ഓഫ് ജസ്റ്റിസ് എന്ന കോടതിയിൽ നടന്ന വിചാരണ സമയത്തെ കാസ്ട്രോയുടെ “ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും” എന്ന പ്രസംഗം പിന്നീട് ക്യൂബൻ വിപ്ലവത്തിന്റെ വിളംബര പ്രഖ്യാപനം ആയിത്തീർന്നു. ഒക്ടോബർ 16 ന് വിചാരണക്കോടതിയിൽ ഫിദൽ നടത്തിയ നാലുമണിക്കൂർ നീണ്ട വാദത്തിന്റെ പതിനായിരക്കണക്കിന് അച്ചടിച്ച പതിപ്പുകൾ രാജ്യവ്യാപകമായി പ്രചരിച്ചു.ഫിദലിനെ പതിനഞ്ചു വർഷത്തേക്കും, റൗളിനെ പതിമൂന്നു വർഷത്തേക്കും തടവിന് കോടതി ശിക്ഷിച്ചു. എന്നാൽ ഫിദലിന്റെ ചെറുപ്പകാലത്തെ അദ്ധ്യാപകരുടെ പ്രേരണമൂലം ബാറ്റിസ്റ്റ ഇവരെ തടവുശിക്ഷയിൽ നിന്നും മോചിപ്പിക്കുകയുണ്ടായി.
ജയിൽമോചിതരായ ഫിദലിന്റേയും, റൗളിന്റേയും പിറകെ ബാറ്റിസ്റ്റയുടെ ചാരന്മാർ സദാ ഉണ്ടായിരുന്നു. ബാറ്റിസ്റ്റയുടെ പതനം ആഗ്രഹിച്ചിരുന്ന ഈ സഹോദരന്മാർ കൂടുതൽ ശക്തിയാർജ്ജിക്കുന്നതിനും, വിപ്ലവത്തിനായി തയ്യാറെടുക്കുന്നതിനുവേണ്ടി തൽക്കാലം ക്യൂബയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. ഇരുവരും, സഹപ്രവർത്തകരോടൊപ്പം മെക്സിക്കോയിലേക്ക് പോവുകയുണ്ടായി. റൗൾ കാസ്ട്രോ അവിടെ വെച്ച് അർജന്റീനിയൻ ഡോക്ടറും, വിപ്ലവകാരിയും കൂടെയായ ഏണസ്റ്റോ ഗുവേരയെ പരിചയപ്പെട്ടു. തന്നെക്കാൾ ആധുനികനായ വിപ്ലവകാരി എന്നാണ് ഫിദൽ ചെഗുവേരയെ വിശേഷിപ്പിച്ചത്.ഗറില്ലാ യുദ്ധമുറകളിൽ നല്ല അറിവുള്ളയാളായിരുന്നു ചെഗുവേര. ക്യൂബൻ വിപ്ലവമുന്നേറ്റത്തിൽ പങ്കെടുക്കാനുള്ള തന്റെ താൽപര്യം ചെഗുവേര ഫിദലിനെ അറിയിക്കുകയായിരുന്നു. ചെഗുവേരയും, ഫിദലും മുൻ സ്പാനിഷ് സൈനികോദ്യോഗസ്ഥൻ കൂടിയായ ആൽബർട്ടോ ബായോയിൽ നിന്ന് ഗറില്ലാ യുദ്ധമുറകൾ പരിശീലിച്ചു. തുടർന്ന് 1956 നവംബർ 25ന് വിലക്ക് വാങ്ങിയ ഗ്രാന്മ എന്ന പായ്ക്കപ്പലിൽ കാസ്ട്രോയും 82 വിപ്ലവകാരികളും, മെക്സിക്കോയിൽ നിന്നും ക്യൂബ ലക്ഷ്യമാക്കി യാത്രതിരിച്ചു. 90 ചെറുതോക്കുകൾ, 3 യന്ത്രവൽകൃത തോക്കുകൾ, 40 കൈത്തോക്കുകൾ, 2 ടാങ്ക്-വേധ തോക്കുകൾ എന്നിവയായിരുന്നു ക്യൂബയിലെ സർക്കാരിനെ പരാജയപ്പെടുത്താൻ തയ്യാറെടുത്തിരുന്ന ആ സൈന്യത്തിന്റെ ആകെയുള്ള ആയുധബലം
*സിയറ മിസ്ത്ര സംഭവം
വിപ്ലവകാരികളേയും വഹിച്ചുകൊണ്ട് ഗ്രാന്മ പായ്ക്കപ്പൽ 1956 ഡിസംബർ 2 ന് പ്ലായാ ലാസ് കൊളോറോഡസ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. വിചാരിച്ചിരുന്നതിലും രണ്ടും ദിവസം വൈകിയാണ് കപ്പൽ തീരത്തടുത്തത്. പരിശീലനയാത്രയിലേക്കാളും ഭാരം കൂടുതലുണ്ടായിരുന്നതിനാൽ യാത്രാ സമയം കൂടുകയായിരുന്നു.വിമതർ സിയറ മിസ്ത്ര എന്ന മലനിരകളിലേക്ക് നീങ്ങി, അവിടെ നിന്നും ആക്രമണം തുടങ്ങുക എന്നതായിരുന്നു പദ്ധതി. എന്നാൽ വിചാരിച്ചിരുന്ന അത്ര എളുപ്പമായിരുന്നില്ല ഇത്. സംഘാംഗങ്ങളിൽ ഏറെപ്പേരും ഈ ദീർഘയാത്ര കൊണ്ട് ക്ഷീണിതരായിരുന്നു. ക്ഷീണിതരായി, തങ്ങളുടെ താൽക്കാലിക താവളങ്ങളിൽ വിശ്രമിച്ചിരുന്ന വിമതരെ ബാറ്റിസ്റ്റയുടെ ചാരവിമാനങ്ങൾ കണ്ടെത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അപ്രതീക്ഷിത ആക്രമണത്തില് പോരാളികളുടെ സേന തകര്ന്നു. ക്യൂബന് തീരത്തെത്തിയ 82 പേരില് 19 പേര് മാത്രമാണ് അവശേഷിച്ചത്. പക്ഷേ അവിടെ എല്ലാം അവസാനിപ്പിക്കാനായിരുന്നില്ല വിപ്ലവകാരികളുടെ തീരുമാനം. ആ തോല്വി വിജയത്തിലേക്കെത്തണമെന്ന വിപ്ലവകാരികളുടെ ചിന്തയെ ഉത്തേജിപ്പിക്കുകമാത്രമാണ് ചെയ്തത്.
തുടക്കത്തിൽ കാസ്ട്രോയുടെ സേനയിൽ ചേരാൻ പ്രാദേശികരായ യുവാക്കൾ മടിച്ചിരുന്നുവെങ്കിലും, പിന്നീട് ഇവരുടെ ചെറിയ വിജയങ്ങൾ യുവാക്കളെ സേനയിലേക്ക് ആകർഷിച്ചു. വിമതസേനയുടെ അംഗസംഖ്യ ക്രമേണ 200 ആയി ഉയർന്നു. ഇവരെ മൂന്നു ചെറിയ സംഘങ്ങളാക്കി ആക്രമണം തുടങ്ങാനാണ് ഫിദൽ തീരുമാനിച്ചത്. ഓരോ സംഘത്തിന്റേയും നേതൃത്വം യഥാക്രമം ഫിദൽ കാസ്ട്രോ, ചെഗുവേര, റൗൾ കാസ്ട്രോ എന്നിവർ ഏറ്റെടുത്തു. ഈ സമയം കൊണ്ട് ക്യൂബയിലാകമാനം ഒരു ബാറ്റിസ്റ്റവിരുദ്ധ തരംഗം ഉയർന്നുവരുന്നുണ്ടായിരുന്നു. ക്യൂബയിൽ വളർന്നുവന്ന സംഘർഷങ്ങൾ കണ്ട് അമേരിക്ക ക്യൂബക്കുമേൽ ഏർപ്പെടുത്തിയ ഉപരോധവും, നയതന്ത്രബന്ധങ്ങൾ തൽക്കാലം നിറുത്തിവെക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിച്ചതും ബാറ്റിസ്റ്റയെ വല്ലാതെ ബാധിച്ചു.കൂടാതെ ബാറ്റിസ്റ്റയുടെ അനുയായികൾ പോലും, വിമതസേനയിൽ ചേരുകയോ, ബാറ്റിസ്റ്റയിൽ നിന്നും അകലം പാലിക്കുകയോ ചെയ്തു. എന്നാൽ അമേരിക്കൻ കുത്തക, അധോലോക സംഘങ്ങളും ബാറ്റിസ്റ്റക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
* ഗറില്ലാ യുദ്ധങ്ങൾ
വിമതസേനയെ പരാജയപ്പെടുത്താൻ ഓപ്പറേഷൻ വെറാനോ എന്നൊരു സൈനിക പദ്ധതി ബാറ്റിസ്റ്റയുടെ സേന തയ്യാറാക്കി. 12000 ഓളം വരുന്ന സൈന്യത്തെ സിയറ മിസ്ത്ര മലനിരകളിലേക്കയച്ചു. എന്നാൽ ഇവരിൽ പകുതിയോളം പേരും മലനിരകളിൽ യുദ്ധം ചെയ്യുന്നതിന് പ്രാവീണ്യം നേടിയിട്ടുള്ളവരല്ലായിരുന്നു. ഇവിടെ നടന്ന രക്തരൂക്ഷിതയുദ്ധത്തിൽ കാസ്ട്രോയുടെ ഗറില്ലാ സൈന്യം ബാറ്റിസ്റ്റയുടെ സേനയെ പരാജയപ്പെടുത്തി. 1958 ജൂലൈ 11 മുതൽ 21 വരെ നടന്ന ലാ പ്ലാറ്റ യുദ്ധത്തിലും കാസ്ട്രോയുടെ വിമതസേന വിജയം കൈവരിച്ചു. ഈ യുദ്ധത്തിൽ ബാറ്റിസ്റ്റയുടെ സൈന്യത്തിലെ 240ഓളം പേരെ വിമതസേന തടവിലാക്കി. 1958 ജൂലൈ 29ന് കാസ്ട്രോയുടെ വിമതസേനക്കു മേൽ കനത്ത ആഘാതം ഏൽപ്പിക്കാൻ ബാറ്റിസ്റ്റയുടെ സൈന്യത്തിനു കഴിഞ്ഞു. ഇതോടെ താൽക്കാലിക വെടിനിർത്തലിനു വേണ്ടി കാസ്ട്രോ നിർബന്ധിതനായി. ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെ കാസ്ട്രോയുടെ സേന മലനിരകളിലേക്ക് ഒളിച്ചോടുകയുണ്ടായി.
* ബാറ്റിസ്റ്റയുടെ പതനം
അമേരിക്കയിൽ നിന്നും ആയുധം ലഭ്യമാകാതെ വന്നപ്പോൾ ബാറ്റിസ്റ്റ ഇംഗ്ലണ്ടിൽ നിന്നും വെടിക്കോപ്പുകൾ വാങ്ങാൻ തീരുമാനിച്ചു. ഇത് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തി. പ്രതിപക്ഷം ഒരു പൊതുമണിമുടക്കിനു ആഹ്വാനം ചെയ്തു. ഓപ്പറേഷൻ വെറാനോക്കുശേഷം സുപ്രധാന സൈനികതാവളങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ വിമതസേനക്കു കഴിഞ്ഞു. സാന്താ ക്ലാരയിലും, ലാസ് വില്ലാസിലും, വിമതർ നിയന്ത്രണം നേടിയെടുത്തു. ചുരുക്കത്തിൽ ക്യൂബയെ രണ്ടായി വിഭജിക്കാൻ വിമതർക്കു കഴിഞ്ഞു. ബാറ്റിസ്റ്റക്ക് സാധനസാമഗ്രികൾ എത്തിച്ചേരുന്ന മുഖ്യമായ റെയിൽ, റോഡ് മാർഗ്ഗങ്ങൾ വിമതർ തകർത്തു. 1958 ഓഗസ്റ്റിനുശേഷം, ചെറുതെങ്കിലും ചില നഗരങ്ങൾ കൂടി വിമതസേന കൈയ്യടക്കി.
ചെഗുവേര, കാമില്ലോ, ജൈമി എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നു സൈനിക വിഭാഗങ്ങൾ പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങി. ബാറ്റിസ്റ്റയുടെ സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ലാസ് വില്ലാസ് പോലുള്ള സ്ഥലങ്ങളിൽ വിജയം കൈവരിക്കാൻ വിമതർക്കായി. തുടരെ തുടരെയുള്ള വിജയങ്ങൾ വിമതസേനക്ക് കൂടുതൽ കരുത്തു പകർന്നു. സാന്താ ക്ലാര പൂർണ്ണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമം അവർ ആരംഭിച്ചു. ചെഗുവേരയുടെ നേതൃത്വത്തിലുള്ള സൈന്യത്തിനു മുന്നിൽ സാന്താ ക്ലാര പൂർണ്ണമായും വിപ്ലവകാരികളുടെ വരുതിയിലായി. ബാറ്റിസ്റ്റയുടെ സൈന്യത്തിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിട്ടുവെങ്കിലും, വിമതസേന വിജയം കൈവരിക്കുകയായിരുന്നു.
ബാറ്റിസ്റ്റയുടെ പതനം ഏതാണ്ട് തീർച്ചയായപ്പോൾ, പുതിയ ബന്ധങ്ങൾക്കായി അമേരിക്ക ക്യൂബയിലെ അന്നത്തെ പട്ടാള മേധാവിയായിരുന്ന ജനറൽ കാന്റിലോയെ സമീപിച്ചു. കാരണം, ഫിദൽ അധികാരത്തിലെത്തുന്നതിനെ അമേരിക്ക ഭയപ്പെട്ടിരുന്നു. തങ്ങളുടെ താൽപര്യങ്ങൾ ക്യൂബയിൽ നടപ്പാക്കാൻ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അമേരിക്കക്കറിയാമായിരുന്നു. അമേരിക്കയുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാന്റില്ലോ ഫിദലിനെ സമീപിച്ച് ഒരു വെടിനിർത്തലിനായി നിർബന്ധിച്ചു. മൂന്നു നിർദ്ദേശങ്ങളാണ് കാന്റില്ലോക്ക് മുന്നിൽ ഫിദൽ വെച്ചത്. ഹവാനയിൽ ഇനിയൊരു സൈനികനും പാടില്ല, ബാറ്റിസ്റ്റയെ രക്ഷപ്പെടാനായി ആരും സഹായിക്കാൻ പാടില്ല, അമേരിക്കൻ എംബസ്സിയുമായി യാതൊരു ബന്ധവും പാടില്ല എന്നിവയായിരുന്നു ഈ മൂന്നു ആവശ്യങ്ങൾ. ഇതെല്ലാം അംഗീകരിച്ച കാന്റില്ലോ ഇതേസമയം തന്നെ ബാറ്റിസ്റ്റയേയും സമീപിച്ചു, പരാജയശേഷം വിപ്ലവകാരികളുടെ തീരുമാനമെന്തായിരിക്കുമെന്ന് കാന്റില്ലോ ബാറ്റിസ്റ്റയേയും അറിയിച്ചു. യുദ്ധത്തിൽ പരാജയപ്പെടുകയാണെങ്കിൽ അത് തന്റെ ജീവനു തന്നെ ഭീഷണിയായേക്കാമെന്നറിയാവുന്ന ബാറ്റിസ്റ്റ രാജി വെക്കാൻ സന്നദ്ധനനായി. തുടർന്ന് 1958 ഡിസംബർ 31 ന് കയ്യിൽ കിട്ടിയ പണവുമായി ബാറ്റിസ്റ്റ രാജ്യം വിട്ടു.
ക്യൂബൻവിപ്ലവത്തെ തകർക്കാൻ അമേരിക്ക തുടങ്ങിവച്ച ശ്രമങ്ങൾ ഒരിക്കലും അവർ ഉപേക്ഷിക്കില്ലെന്ന് അധികാരമേറ്റ വേളയിൽ ഫിദൽ കാസ്ട്രോ ക്യൂബൻ ജനതക്ക് മുന്നറിയിപ്പ് നൽകി. സാമ്രാജ്യത്വം ആവനാഴിയിലെ എല്ലാ അമ്പുകളും വിപ്ലവത്തിനെതിരെ ഉപയോഗികുമെന്നും ഒരിക്കലും സമാധാനജീവിതം സമ്മാനിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വാക്കുകൾ അക്ഷരാർഥത്തിൽ ശരിയാണെന്ന് കാലം തെളിയിച്ചു. ക്യൂബൻ വിപ്ലവത്തെ പരജയപ്പെടുത്താൻ അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തി. സിഐഎയുടെ സഹായത്തോടെ ബേ ഓഫ് പിഗ്സിൽ അധിനിവേശത്തിന് അമേരിക്ക തയ്യാറായി. അമേരിക്കൻ കമ്പനികളെ നഷ്ടപരിഹാരം നൽകാതെ ക്യൂബ ദേശസാൽക്കരിച്ചതിനെ തുടർന്നായിരുന്നു ഇത‌്. എന്നാൽ ക്യൂബക്ക് മുന്നിൽ അവർക്ക് മുടുമടക്കേണ്ടി വന്നു. ഈ പരാജയത്തെ തുടർന്നാണ് അമേരിക്ക ക്യബെക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.
ഫിദൽ ഉൾപ്പെടെ വിപ്ലവനേതാക്കളെ വധിക്കാൻ ആയിരത്തിനടുത്ത് ശ്രമങ്ങളാണ് അമേരിക്ക നടത്തിയത‌്. ഫ്ളോറിഡയിലെ മിയാമി കേന്ദ്രമാക്കി നടത്തിയ അട്ടിമറി ശ്രമങ്ങൾക്ക് കോടികണക്കിന് ഡോളർ അമേരിക്ക ചെലവഴിച്ചു. അമേരിക്കയിൽ നിന്നും 90 മൈൽ മാത്രം അകലെയുള്ള ചെറുദ്വീപിൽ ഭരണമാറ്റം ഇതുവരെയും ലക്ഷ്യം കണ്ടില്ലെന്നുമാത്രം. അമേരിക്കയിൽ 12 പ്രസിഡന്റുമാർ ഈക്കാലയളവിൽ അധികാരത്തിൽ വന്നു. അവർ ഓരോരുത്തരും ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിൽനിന്നും താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ക്യൂബയും അതേ വഴിക്കുനീങ്ങുമെന്ന് അമേരിക്കയും കൂട്ടരും സ്വപ്നം കണ്ടു. ഫിദൽ മാറി റൗൾ വന്നപ്പോഴും റൗൾ മാറി ഡയസ് കാനൽ വന്നപ്പോഴും ബറാക‌് ഒബാമ ക്യൂബ സന്ദർശിച്ചപ്പോഴും കമ്യൂണിസ‌്റ്റ‌്ഭരണത്തിന് അന്ത്യമാകുമെന്ന് കരുതിയവർക്കും തെറ്റി. ഡയസ് കാനൽ പറഞ്ഞപോലെ ‘ക്യൂബൻ വിപ്ലവം അജയ്യമാണ്. അത് വളരുകയും തുടരുക തന്നെ ചെയ്യും.’
ഒബാമ പിൻവലിച്ച സാമ്പത്തിക ഉപരോധം ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ശക്തമാക്കുകയും അട്ടിമറി ശ്രമങ്ങൾക്ക് ഇന്ധനമേകുകയും ചെയ്തു. യുദ്ധകഴുകനായ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ക്യൂബയെയും നിക്കരാഗ്വയെയും വെനിസ്വേലയെയും ‘ദുർഭരണത്തിന്റെ ത്രിമൂർത്തി’കളെന്ന് വിശേഷിപ്പിച്ച് അവരുടെ നാളുകൾ എണ്ണപ്പെട്ടെന്ന് ആക്രോശിക്കുകയാണ്.
മനുഷ്യന്റെ ആവശ്യങ്ങൾക്കകനുസരിച്ചുള്ള സമൂഹത്തെയാണ് ക്യൂബ കെട്ടിപ്പടുത്തത്. സൗജന്യവിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നിവയാണ് അതിന്റെ കാതൽ. ലാഭത്തേക്കാളും മനഷ്യന് പ്രാമുഖ്യം നൽകുന്ന രാജ്യമാണ് ക്യൂബ. ‘വാണിജ്യസംസ്ക്കാരത്തിന്റെ പൊലിമയില്ലാത്ത അലങ്കാരരഹിതമായ ജീവിതമാണെങ്കിലും അത് സുരക്ഷിതമാണതെന്ന്’ സാമുവൽ ഫാർബർ എന്ന എഴുതുകാരൻ പറഞ്ഞതിന്റെ അർഥമിതാണ്. ക്യൂബൻ പാർലമെന്റിൽ 53 ശതമാനം അംഗങ്ങളും വനിതകളാണ്. ലോകത്തിൽ തന്നെ ഏറവും ഉയർന്ന നിരക്കാണിത്. 150 പേർക്ക് ഒരു ഡോക്ടർ വീതമുള്ള ഏക രാജ്യവും ഇതു തന്നെ. സാക്ഷരമാണ് ക്യൂബ. അസമത്വം കൊടികുത്തിവാഴുന്ന ലോകത്തിൽ അതിനെതിരയുള്ള സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഊർജമായി ക്യൂബ നിലനിൽകുന്നതിന്റെ രാഷ്ട്രീയവും ഇതാണ്.
(കടപ്പാട്)
Advertisements