ഞാൻ മരിച്ചാൽ അവിടെ കുറഞ്ഞറത് 1500 ഓളം ട്രാൻസ്ജൻഡർ കുട്ടികൾ ഉണ്ടാകും എനിക്ക് അത് മതി എന്ന് അഭിമാനത്തോടെ പറഞ്ഞ സ്ത്രീക്ക് ജന്മദിനാശംസകൾ

0
183

പവൻ ഹരി എഴുതുന്നു

അഡൾട്ട് സിനിമയിലെ നായിക എന്നത് തന്റെ ജോലിയാണെന്ന് കൃത്യമായി സംവദിക്കാന്‍ അറിയാവുന്ന, അപമാനിക്കപ്പെടാൻ മാത്രം അതിൽ യാതൊരു കുറവുമില്ലെന്ന് അറിയാവുന്ന, അങ്ങനെ പൊതുവേദിയിൽ പറയുവാൻ കഴിയുന്ന ധീരയായ ഒരു സ്ത്രീക്ക്,

ഭർത്താവും കുഞ്ഞുങ്ങളും ബന്ധുക്കളുമല്ല, താൻ സംരക്ഷിക്കുന്ന ആയിരത്തിയഞ്ഞൂറിലേറെ ട്രാന്‍സ് ജൻഡർ കുട്ടികളാണ് തന്റെ സമ്പാദ്യമെന്ന് സത്യസന്ധമായി പറയുന്ന, സഹാനുഭൂതിയും മനുഷ്യത്വവും ഇനിയും മരിച്ചിട്ടില്ലാത്ത ഒരു സ്ത്രീക്ക്.,

ചെറുപ്പത്തില്‍ താന്‍ നേരിട്ട ലൈംഗിക ചൂഷണങ്ങൾ ഒരു മറയും കൂടാതെ വെളിപ്പെടുത്താന്‍ മടിക്കാത്ത, ഈ ലോകത്ത് വളരുന്ന ഓരോ പെണ്‍ബാല്യങ്ങളും കൗമാരങ്ങളും കേട്ടിരിക്കേണ്ട ഇരുണ്ട കഥകൾ സ്വന്തമായുള്ള ഒരു സ്ത്രീക്ക്,

പ്രണയവും മദ്യപാനവും കുടുംബവും അടക്കം എന്തും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് അടയാളപ്പെടുത്തുന്ന, അഭിമാനപൂര്‍വ്വം അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്ന ഒരു സ്ത്രീക്ക്,

പട്ടിണിയും പരിവട്ടവും ശീലമായ അംഗസംഖ്യ കൂടിയ തന്റെ കുടുംബത്തിനെ രക്ഷിക്കാനായി അഭിനയത്തിലേക്ക് വന്നു, പിന്നീട് പല നിർമ്മാതാക്കളെയും കടക്കെണിയിൽ നിന്നും ആത്മഹത്യയിൽ നിന്നുമൊക്കെ രക്ഷിച്ച സ്ത്രീക്ക്,

പ്രായഭേദമന്യേ മലയാളികളുടെ വികാരങ്ങൾക്ക് ചിറക് മുളപ്പിച്ച ഒരു കലഘട്ടത്തിന്റെ ട്രെൻഡ് ഐക്കൺ ആയിരുന്ന സ്ത്രീക്ക്,

ഏതാണ്ട് 1500 ട്രാൻസ്ജൻഡർ കുട്ടികൾ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്,എനിക്ക് ഭർത്താവ് ഇല്ല കുട്ടികൾ ഇല്ല, ആരും ഇല്ല, ഒറ്റക്കാണ് താമസം, പക്ഷെ ഞാൻ മരിച്ചാൽ അവിടെ കുറഞ്ഞറത് 1500 ഓളം ട്രാൻസ്ജൻഡർ കുട്ടികൾ ഉണ്ടാകും എനിക്ക് അത് മതി എന്ന് അഭിമാനത്തോടെ പറഞ്ഞ സ്ത്രീക്ക്,

കൗമാരത്തില്‍ അവരെയൊരു വില്‍പനച്ചരക്കായി മാത്രം കണ്ടിരുന്ന ഞാനടക്കമുള്ള ഒരുപാട് ആണുങ്ങളെക്കൊണ്ട്‌ തന്നെ അതൊക്കെ തിരുത്തിപ്പറയിച്ച, ശക്തയായ മനുഷ്യ സ്നേഹിയായ ഒരു സ്ത്രീക്ക്, ഷക്കീല ബീഗത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.!