അവിഹിതം, സംശയം, സ്ത്രീധനം, സദാചാരം ഇവയൊക്കെ കൊണ്ട്‌ സീരിയൽ ഇങ്ങനെ പോവുകയാണ്

  0
  317

  Tomji

  സീരിയ(സ്)ൽ

  ദൂരദര്‍ശനിലാണ് ആദ്യമായി സീരിയല്‍ കണ്ട ഓര്‍മ്മ. ‘ജ്വാലയായ്’ എന്നായിരുന്നു ആ സീരിയലിന്റെ പേര്‌. കഥ എന്താണന്നൊന്നും ഓര്‍മ്മയില്ല. നെടുമുടി വേണു ചേട്ടനായിരുന്നു പ്രധാന കഥാപാത്രം. പിന്നെ അങ്ങോട്ട് ഏഷ്യാനെറ്റിലെ, “ആവണി പൂ… മാല ഇട്ടു പൊട്ടു തൊട്ടു…; സൂര്യപുത്രി” , “മാന്ത്രികന്‍ മഹാ മാന്ത്രികന്‍.. കീര്‍ത്തി തൻ സഹയാത്രികന്‍…;കടമറ്റത്ത് കത്തനാര്‍” തുടങ്ങിയ പാട്ടുകൾ പാടിക്കൊണ്ട് നടന്ന കുട്ടിക്കാലം. ഒരുപാട്‌ ആസ്വദിച്ച സീരിയലുകളുണ്ട്. കഥ എന്താണെന്നോ അതുവഴി നമുക്ക് ലഭിക്കുന്ന ഒരു ഔട്ട്പുട്ട് എന്താണന്നോ മനസിലാക്കാന്‍ കഴിയാത്ത കുട്ടിക്കാലം.

  ഏഷ്യാനെറ്റിലെ കത്തനാരും സൂര്യയിലെ കായംകുളം കൊച്ചുണ്ണിയൊക്കെ സൂപ്പര്‍ ഹീറോയായി മനസില്‍ കുടികൊണ്ട കാലം.കാലം പോയി. അങ്ങ് വളര്‍ന്നു പോയി.സീരിയൽ ഇഷ്ട്ടം താനെ കുറഞ്ഞു. സിനിമ മനസില്‍ കയറി. ലാലേട്ടനും മമ്മൂക്കയും എന്നീ രണ്ട് പേരുകൾ മുന്നില്‍ നിർത്തി സിനിമ കാണാന്‍ ആരംഭിച്ച കാലം. സീരിയൽ ഇഷ്ട്ടം കുറയാനും സിനിമാ ഇഷ്ട്ടം കൂടാനും ഏറ്റവും വലിയ കാരണമായത് കഥയുടെ പ്രചോദനം തന്നെയാണ്. സീരിയൽ കഥകൾക്ക് എല്ലാം ഒരു മുഖമായിപ്പോയി. സിനിമകള്‍ പല തരത്തിലുള്ള മുഖങ്ങൾ കാണിച്ചു. പല തരത്തിലെ വ്യത്യസ്തത ആഘോഷിക്കപ്പെട്ടു. അപ്പോളും സീരിയൽ എന്ന ദൃശ്യാനുഭവം ഒരേ കഥയില്‍ ചുരുങ്ങി പോയി.

  ഒരു കുടുംബത്തിൽ നടക്കാൻ പോലും സാധ്യത ഇല്ലാത്ത കഥകൾ അവർ സമ്മാനിച്ചു തുടങ്ങി. അങ്ങനെ മലയാള സീരിയൽ എന്നത് കുടുംബ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന ഒരു മീഡിയമായി മാറി.പതിയെ പതിയെ സീരിയൽ കാണുന്നത്, അതിന്റെ പരസ്യം കാണുന്നത് ഭയങ്കര ബോര്‍ ആയി തുടങ്ങി. ഏറ്റവും അധികം “തമ്മില്‍ അടി കഥ” ഉള്ള സീരിയൽ, റേറ്റിങിൽ ഒന്നാം സ്ഥാനത്തായി.
  ശെരിക്കും പറഞ്ഞാൽ പണ്ട്‌ എന്നോ തുടങ്ങിയ അതേ കഥയിൽ അല്ലാതെ മറ്റൊരു സീരിയൽ കഥ, മലയാളിക്ക് ആലോചിക്കാൻ വയ്യാതെ ആയി.

  അവിഹിതം, സംശയം, സ്ത്രീധനം, സദാചാരം ഇവയൊക്കെ കൊണ്ട്‌ സീരിയൽ ഇങ്ങനെ പോവുകയാണ്. നമുക്ക് പ്രായമായാലും പ്രായമാവാത്ത കഥാപാത്രങ്ങളെ കൊണ്ട്‌. സീരിയൽ വേണ്ടന്നൊ സീരിയൽ കൊള്ളില്ല എന്നോ അല്ല പറഞ്ഞു വരുന്നത്. കുടുംബ പ്രശ്‌നം മാത്രം കാണിച്ച്, റേറ്റിങിന് വേണ്ടി സീരിയൽ എടുക്കാതെ പുത്തന്‍ ആശയങ്ങള്‍ ഉയരട്ടെ. പുതിയ കഥകൾ രൂപപെടട്ടെ. ഇന്ന്‌ നമ്മൾ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങൾ, കഥകളില്‍ ചോദ്യങ്ങൾ ആവട്ടെ. പ്രേക്ഷകര്‍ കഥകൾ പറയുന്ന കാര്യങ്ങള്‍ ചിന്തിക്കട്ടെ. ഒപ്പം രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന കഥകൾ വളരട്ടെ. Inequality, body shaming, domestic violence, toxicity, racism, patriarchy ഒക്കെ glorify ചെയ്യാത്ത സൃഷ്ടികള്‍ ഉണ്ടാവട്ടെ.മാറ്റത്തിന് വേണ്ടിയാണ് ഈ ദിനം.വ്യക്തമായ നിലപാടെടുത്ത ജൂറിക്ക് ഇരിക്കട്ടെ ഒരു സ്പെഷ്യൽ അവാർഡ്.

  (Ps. ഈ പോസ്റ്റ് എന്താണ്?… ഈ പോസ്റ്റ് എന്തിന് വേണ്ടി ആണ്?…ഈ പോസ്റ്റ് ഇട്ടവന്‍ കുടുംബങ്ങള്‍ക്ക് ബാധ്യതയോ??.. ഈ പോസ്റ്റ് ഇട്ടവനെ കുടുംബത്തില്‍ കയറ്റുമോ..??.. കാത്തിരുന്നു കാണാം… തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിക്ക്.. നിങ്ങളുടെ സ്വന്തം കുടുംബ ചാനലില്‍)