പറച്ചിക്കല്ല് എന്താണന്ന് അറിയില്ലേ?

562

എഴുതിയത് : Tomy Kv

പറച്ചിക്കല്ല് എന്താണന്ന് അറിയില്ലേ?

അടിമവ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് 165-ാം വർഷമാകുന്നു.

കോട്ടയം തിരുനക്കര ക്ഷേത്രത്തിൻടെ കിഴക്കുഭാഗത്തായി ഒരു കല്ല് (ചീങ്ക ) ഇരുമ്പു വളയത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇന്നും പലർക്കും ഇതിൻടെ ചരിത്രമറിയില്ല. ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമചന്തയായിരുന്നു എന്ന വസ്തുത പലർക്കുമറിയില്ല. കയ്യാലക്കകം ചന്ത എന്നായിരുന്നു പേര്
മലയാളമാസം 12 നും 28നം ആയിരുന്നു ചന്ത – തെക്കു നിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറു നിന്നും തെളിച്ചു കൊണ്ടുവരുന്ന അടിമകൾ ഇവരെ വരിവരിയായി നിർത്തും ഈ നിര അങ്ങു കാരാപ്പുഴ വരെ നീണ്ടിരുന്നു. തോളിൽ ഇടിച്ചും തള്ളിയും കാലിൽ ചവിട്ടി പുറകോട്ടു തളളിയും കുനിച്ചും നിവർത്തിയും അടിമയുടെ കായബലം പരിശോധിക്കും. തുടർന്ന് കന്നുകാലി കണക്കെ വില പേശി വില പറഞ്ഞ് കച്ചവടം ഉറപ്പിക്കും. അറവുമാടു കണക്കെ കൂട്ടിക്കെട്ടി പുതിയ യജമാനന്റെ ലാവണത്തിലേക്ക്

ദമ്പതികളായ അടിമകളെ വേറിട്ട് വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നില്ല. അവിടെ ഉയർന്നിരുന്ന തേങ്ങൽ ഏത് ശിലാ ഹൃദയടേയും കരളലിയിപ്പിക്കുന്നതായിരുന്നു (?) അടിമക്കൂട്ടങ്ങളുടെ യാതനയുടെയും നൊമ്പരങ്ങളുടെയും സ്മാരകമാണ്‌ ഇന്നു കാണുന്ന പറച്ചിക്കല്ല്.

ഇല്ലം

ഇല്ലം എന്നത് കേവലം ജാതീയമായ ഒരു അടയാളമായി മാത്രം കാണരുത്. അത് കേരളത്തിലെ പറയനും പുലയനും കുറവനും ഇന്നും ആ ചരിച്ചു പോരുന്ന ഒരു വിശ്വാസം മാത്രമല്ല, ഈ ആചരണത്തിൽ ചരിത്രപരവും രക്തബന്ധമായും ചില വസ്തുതകൾ കൂടി അടങ്ങിയിട്ടുണ്ട്. പറയന്റെയും പുലയന്റെയും കുറവന്റെയുമൊക്കെ അടിമ ജീവിതത്തിന്റെ ബാക്കിപത്രമായി ഇന്ന് അവശേഷിക്കുന്ന ഓർമ്മയും സാക്ഷ്യപ്പെടുത്തലും തെളിവുമാണ് ഇല്ലം!

അടിമവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കാളയ്ക്കും പോത്തിനുമൊപ്പം പറയ പുലയ കുറവ വിഭാഗങ്ങളെയാണ് കാർഷിക ഉപകരണങ്ങളായി അടിമചന്തയിൽ വിറ്റിരുന്നത്.അടിമചന്തയിൽ എത്തിപ്പെടുന്ന അടിമകുടുംബത്തിലെ അപ്പനെയും അമ്മയെയും മക്കളെയും ആരോഗ്യസ്ഥിതി അനുസരിച്ച് ലേലം ചെയ്ത് വില കൊടുത്ത് പല ദിക്കുകളിലുള്ള ജന്മിമാർ കൊണ്ടുപോയിരുന്നു .. അപ്പോൾ അപ്പനെയും അമ്മയെയും നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ ആരും തുണയില്ലാതെ വിശന്നുവലഞ്ഞ് നിലവിളിച്ച് നിൽക്കാനായിരുന്നു വിധി! അപ്പനെയും അമ്മയെയും ഒരിക്കലും കണ്ടുമുട്ടാനാവാത്ത വിധം വിവിധ ദേശങ്ങളിലേക്കായിരുന്നു അടിമകളായികൊണ്ടു പോയിരുന്നത്.

പ്രത്യേകമായി മനസ്സിലാക്കേണ്ട കാര്യം …പറയ പുലയ കുറവ അടിമകളെ ജാതിയടിസ്ഥാനത്തിലല്ല തമ്പുരാക്കൻമാർ വാങ്ങിയിരുന്നത്. പണിയെടുക്കാനുള്ള ആരോഗ്യം മാത്രമായിരുന്നു മാനദണ്ഡം ‘ ആരോഗ്യമുള്ള ആണിനെയും പെണ്ണിനെയും ആവശ്യാനുസരണം തെരഞ്ഞെടുത്ത് തന്റെ കൃഷിയിടത്തിൽ പാർപ്പിക്കുകയും ക്രൂരമായി പണിയെടുപ്പിക്കുകയും ചെയ്തിരുന്നു അവിടെ മുമ്പ് മറ്റാരുടേയോ ഭാര്യയും ഭർത്താവും മകനുമൊക്കെ യാ യി രു ന്നവർ പരസ്പരം ജീവിത പങ്കാളിയെ തെരഞ്ഞെടുത്തു കുടുംബ ജീവിതം ആരംഭിച്ചു.അങ്ങനെ പറയൻ പുലയിയെയും പുലയൻ കുറവനെയും അങ്ങനെ സ്വീകരിച്ചു. അവിടെ അവർ കറുത്ത അടിമകൾ മാത്രമായിരുന്നു – ഇവിടെ ഉപജാതിചിന്തയിൽ തമ്മിലടിക്കുന്ന നമ്മൾ ഇവരുടെ സന്തതികളാണ് എന്ന കാര്യം മറക്കരുത്.

അടിമചന്തയിൽ വിൽക്കപ്പെട്ട അപ്പനും അമ്മയുംതന്റെ കുഞ്ഞുങ്ങൾ അനാഥരാക്കപ്പെടുന്ന ആ സമയത്ത് കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് നിലവിളിച്ച് യാത്ര പറയുമ്പോൾ ജന്മിമാർ ക്രൂരമായി മർദ്ദിച്ച് വലിച്ചിഴച്ച് തങ്ങളുടെ ദിക്കുകളിലേക്ക് കൊണ്ടു പോകുന്നത് നിസഹായതയോടെ നോക്കി നിലവിളിച്ച് തളർന്നുവീഴാനായിരുന്നു വിധി.മുലകുടി മാറാത്ത കുഞ്ഞുങ്ങൾ വിശന്നു തളർന്ന് ഉറുമ്പരിച്ച് മരിക്കുന്ന ദയനീയ കാഴ്ച.. തന്റെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് യാത്ര പറയുന്ന നിലവിളിക്കിടയിൽ മൂത്ത കുട്ടിയുടെ കാതിൽ അമ്മ തന്റെ ഇല്ലം പറഞ്ഞു കൊടുക്കും. ചിതറി പോകുന്ന സഹോദരങ്ങൾ എന്നെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ അന്നവർ തിരിച്ചറിയുവാനും പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെടാതിരിക്കാനും ആയിരുന്നു അങ്ങനെ ചെയ്തിരുന്നത്.ഇന്നും വിവാഹത്തിന് പെണ്ണുകാണാൻ ചെല്ലുമ്പോൾ ഇല്ലം ചോദിക്കുന്നതിന്റെ കാരണം അതു തന്നെ..അതാണ് ഇന്നും തുടരുന്ന ഇല്ലംസമ്പ്രദായത്തിന്റെ പ്രാധാന്യം !

അങ്ങനെ അടിമചന്തയിൽ അനാഥരാക്കപ്പെടുന്ന ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളും മാതാപിതാക്കളും തന്റെ ദു:ഖം താങ്ങാനാവാതെ തല തല്ലി കരഞ്ഞിരുന്നു. നിസഹായരായപൂർവ്വ സഹോദരങ്ങളുടെ ഹൃദയ വേദനയും തലപൊട്ടിയൊഴുകിയ ചോരയുടെയും കണ്ണീരിന്റെയും കഥന കഥകൾ ഏറെ

പറയനെന്നും പുലയനെന്നും കുറവനെന്നും പറഞ്ഞ് തമ്മിൽ തല്ലി തലകീറാൻ നിൽക്കുന്ന സഹോദരങ്ങളുടെ പൂർവ്വികർ ഒന്നാെണന്നും കൃത്യമായി ഏതു ഉപജാതിയാണ് താനെന്ന് പറയുന്നതിലെ സത്യം എന്താണെന്നും തിരിച്ചറിയണം.നാമൊന്നാണ് എന്ന് വിശ്വസിക്കുവാനും അത് പിൻതുടരുവാനും സഹായിക്കുന്ന പ്രധാന തെളിവും സത്യവുമാണ് ഇല്ലം സമ്പ്രദായം ‘ഇല്ലങ്ങൾ തമ്മിൽ അയിത്തം ഉണ്ടായതെങ്ങനെയെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു .ആ തിരിച്ചറിവിൽ ഇല്ലംസമ്പ്രദായം തുടരട്ടെ.. അവഹേളിക്കരുത്.. അവഗണിക്കുകയുമരുത്.’അന്നുയർന്ന നിലവിളികളുടെ ശക്തിയിൽ നിന്നും രക്തം രക്തത്തെ തിരിച്ചറിയട്ടെ…

“മാനത്ത് പറക്കുന്ന ചെമ്പരുന്തേ നീയെന്റെ അമ്മച്ചിയെ കണ്ടോ നിയെന്റെ അപ്പനെ കണ്ടോ ഒരു തമ്പ്രാൻ തെക്കോട്ടെന്റെ അമ്മച്ചിയെ വാങ്ങിപ്പോയേ മറുതമ്പ്രാൻ പടിഞ്ഞാട്ടെന്റെ അപ്പനെ വാങ്ങി പോയേ തെക്കോട്ടു പറക്കുമ്പം നിയെന്റെ അമ്മച്ചീനെ നോക്കിക്കോണേ… പടിഞ്ഞാട്ട് പറക്കുമ്പം നീയെന്റെ അപ്പനേം നോക്കിക്കോണേ……”

(ഭാഗികമായി ഈ ലേഖനത്തിന് കടപ്പാട്)

 

 

Advertisements