അത്രയധികം ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന കന്നട സിനിമാ ഇന്ഡസ്ട്രിയെ ഇത്രമേൽ പ്രശസ്തമാക്കിയ സിനിമയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് (കോളർ ഗോൾഡ് ഫീൽഡ് ) . കോളർ സ്വർണ്ണഖനിയുമായി ബന്ധപ്പെട്ട അവകാശ തർക്കങ്ങളും അവിടെ ഒരു പ്രത്യേക ഉദ്യമത്തിനായി വന്ന റോക്കി എന്ന ഗ്യാങ്സ്റ്ററുടെ വീരേതിഹാസ പോരാട്ടങ്ങളുടെയും കഥയാണ് ആദ്യഭാഗത്തിൽ. അസാധ്യമായ മേക്കിങ് ആണ് സിനിമയുടെ ഒന്നാം ഹീറോ. 2018ൽ ആണ് കെജിഎഫ് ആദ്യ ഭാഗം ഇറങ്ങുന്നത്. അതിന്റെ രണ്ടാംഭാഗമാണ് കെ ജി എഫ് ചാപ്റ്റർ 2. രണ്ടാംഭാഗത്തിൽ യാഷിന്റെ കഥാപാത്രമായ റോക്കിയുടെ വില്ലനാകുന്നത് സഞ്ജയ് ദത്ത് ആണ്. അധീരാ എന്ന കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും.
ആദ്യഭാഗം നൽകിയ ആസ്വാദന വിസ്ഫോടനത്തിൽ മതിമറന്ന സിനിമാലോകം രണ്ടാം ഭാഗത്തിനുവേണ്ടി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിപ്പായിരുന്നു. ഇന്നിതാ കെജിഎഫ് 2 ന്റെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ മാർച്ച് 21ന് രാവിലെ പുറത്തിറക്കുമെന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ അറിയിച്ചിരുന്നു. റിലീസ് ചെയ്തു മണിക്കൂറിനുള്ളിൽ ലക്ഷങ്ങളാണ് വീഡിയോ കണ്ടിരിക്കുന്നത്. കെജിഎഫ് ആദ്യഭാഗം മാസ്സെങ്കിൽ രണ്ടാം ഭാഗം കൊലമാസ് എന്ന് ഉറപ്പിക്കുന്നതാണ് ഈ വീഡിയോ.