tot ziens Sarah: നെതര്‍ലന്‍ഡ്‌സിലെ എന്‍റെ കൊച്ചു കൂട്ടുകാരി

178

progressive-liberal-ghost-1

യൂറോപ്പ് യാത്രയില്‍ കോണ്‍ഫറന്‍സില്‍ നിന്നും ഒഴിവു കിട്ടിയ ഒരു ദിനം ആര്‍നെമിലെ ഓപ്പണ്‍ എയര്‍ മ്യൂസിയം കണ്ടു കഴിഞ്ഞു ട്രെയിന്‍ സ്റ്റേഷനിലെക്കുള്ള ബസും കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. അപ്പോളായിരുന്നു ഒരു യുവാവ് തന്‍റെ രണ്ടു ചെറിയ കുട്ടികളുമായി അവിടെ എത്തിയത്. ആ കുട്ടികള്‍ ഞങ്ങളോടൊപ്പം വന്നു ബസ്‌ ഷെഡില്‍ ഇരുന്നു. ഞങ്ങള്‍  അവരോടു സംസാരിക്കാന്‍ തുടങ്ങിയെങ്കിലും അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ല ഡച്ച്‌ ഭാഷ മാത്രമേ അറിയൂ എന്ന് പിന്നെയാണ്  മനസ്സിലായത്.

ഞാന്‍ ഇളയ ആണ്‍കുട്ടിയോട് ചോദിച്ചു :- “മോന്‍റെ പേരെന്താ?” അവന്റെ പിതാവാണ് മറുപടി പറഞ്ഞത് –  “കുഷ്.” “മോളുടെയോ?” അടുത്ത ചോദ്യം ആറു വയസ്സുള്ള പെണ്കുട്ടിയോടായിരുന്നു. അവളുടെ അച്ഛന്‍ അവളോട്‌ എന്തോ ഡച്ചില്‍ പറഞ്ഞു.

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. അച്ഛന്റെ പിന്നില്‍ ഒളിച്ചു കൊണ്ട് അവള്‍ പറഞ്ഞു –  “സാറാ…”

അവള്‍ എന്തോ അച്ഛനോട് ചോദിച്ചു. അദേഹം അവളോടായി പറഞ്ഞു – “ജെ മൊട്ട് വെര്‍ട്ടെല്ലെന്‍ ഹിസ്‌ നെയിം ഈസ്‌ കുഷ്.” ഹും, എനിക്ക് ഡച്ച്‌ കുറേശ്ശെ മനസ്സില്‍ ആകാന്‍ തുടങ്ങിയിരിക്കുന്നു. ആ ഉത്തരം കേട്ടപ്പോള്‍ അവള്‍ അച്ഛനോട് ചോദിച്ചത് എന്താകും എന്ന് ഞാന്‍ ഊഹിച്ചു. തന്‍റെ സഹോദരന്റെ പേര് എങ്ങനെ ഇംഗ്ലീഷില്‍ പറയും എന്നാണ് അവള്‍ ചോദിച്ചത്. സാറാ ഞങ്ങളുടെ അരികില്‍ വന്നു അനിയനെ ചൂണ്ടി കൊണ്ട് പറഞ്ഞു – “ഹിസ്‌ നെയിം ഈസ്‌ കുഷ്.” തന്‍റെ പേര് മറ്റേതോ ഭാഷയില്‍ അപരിചിതരോട് പറഞ്ഞത് കേട്ട് ദേഷ്യപെട്ട കുഷ് ഇരുന്ന സീറ്റില്‍ നിന്ന് ചാടി ഇറങ്ങി ചേച്ചിക്കിട്ട് രണ്ടു ഇടി ഇടിച്ചിട്ടു അച്ഛനെ ചെന്ന് കെട്ടി പിടിച്ചു ചിണുങ്ങാന്‍ തുടങ്ങി.

DSC 0598

സാറായുടെ അടുത്ത ചോദ്യം – “ഹോയി ഇക് മിജ്ന്‍ നാം വെര്‍ട്ടെല്ലെന്‍?” ‘നാം’ ഹിന്ദിയില്ലെന്ന പോലെ ഡച്ചിലും പേര് ആകും എന്ന് ഞാന്‍ ഊഹിച്ചു. ‘വെര്‍ട്ടെല്ലെന്‍’ എന്നത് ഇംഗ്ലീഷിലെ ‘tell’ ആകുമെന്നും. അച്ഛന്റെ മറുപടി എന്‍റെ ഊഹം ശരി വെച്ച് – “മൈ നെയിം ഈസ്‌ സാറാ.”

സാറാ വീണ്ടും എന്‍റെ അടുത്തെത്തി – “മൈ നെയിം ഈസ്‌ സാറാ.” “ഹായ് സാറ, ഐ ആം ജോഷി, ഫ്രം ഇന്ത്യ.” സാറയുടെയും, കുഷിന്റെയും മുഖം വികസിച്ചു. “വാര്‍..” കുഷിന്റെ ചോദ്യം. “എവിടെ നിന്നാണ് എന്നാണ് അവന്‍ ചോദിച്ചത്.” പരിഭാഷകനായി അവന്‍റെ പിതാവ്. “ദൂരെ, വളരെ വളരെ ദൂരെ…. ഏഴു കടലുകള്‍ക്കും, ഏഴു മലകള്‍ക്കും അപ്പുറം…” “ver ver weg … Na zeven zeeën en zeven bergen” പിതാവിന്‍റെ തര്‍ജമ അവരില്‍ ആകാംക്ഷ ഉണര്‍ത്തി. ‘echt?’ (ശെരിക്കും?) അവരുടെ ചോദ്യം.

ബസ്‌ വരാന്‍ 5 മിനിറ്റ് കൂടിയുണ്ട്. “ഓക്കേ സാറ. ഞാന്‍ നിങ്ങളെ ഞങ്ങളുടെ ഭാഷ ഹിന്ദി പഠിപ്പിക്കാം, നിങ്ങള്‍ എന്നെ നിങ്ങളുടെ ഭാഷ ഡച്ച്‌ പഠിപ്പിക്കണം.” ഞാന്‍ പറഞ്ഞു. അവര്‍ സമ്മതിച്ചു. പരിഭാഷകനായി അവരുടെ പിതാവും.. Hello, namasthe, hello… Good Morning, Suprabhath, goedemorgen… Bye, Namaskar, doei…. Thank you, Dhanyawad, Danks..

സമയം കടന്നു പോയതറിഞ്ഞില്ല.. ബസ്‌ എത്തി, കുട്ടികള്‍ ആരവത്തോടെ ബസില്‍ ഓടി കയറി, പിന്നാലെ അവരുടെ പിതാവും, ഞങ്ങള്‍ 6 മഹാന്മാരായ ഇന്ത്യക്കാരും… ആര്‍നേം സിറ്റി സെന്‍റെറിന് മുന്‍പുള്ള സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തി, ഞങ്ങളുടെ കൊച്ചു കൂട്ടുകാരും അവരുടെ അനുഗ്രഹീതനായ പിതാവും അവിടെ ഇറങ്ങി.

ഇറങ്ങുമ്പോള്‍ സാറ ഒരു നിമിഷം നിന്ന്, എന്നെ തിരിഞ്ഞു നോക്കി.. എന്നിട്ട് പറഞ്ഞു…

tot ziens….

അതെ കൊച്ചു കൂട്ടുകാരി, tot ziens…

വാല്‍കഷ്ണം: ഇത്രയും നേരം സംസാരിച്ചിട്ടും അവരുടെ പിതാവിന്‍റെ പേര് ഞങ്ങള്‍ ചോദിച്ചില്ല. Child is the father of the man എന്ന് പണ്ട് ഏതോ മഹാകവി പാടിയിട്ടുണ്ടല്ലോ… അത് കേട്ടിട്ടുണ്ടെങ്കില്‍ പുള്ളിക്കാരന്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും.