കളിപ്പാട്ടങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ എത്തുക ഉത്സവങ്ങളും പെരുന്നാളുകളും ഒക്കെയാണ്. കാരണം, നമ്മുടെയൊക്കെ ചെറുപ്പത്തില്‍ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ പറ്റുക ഇങ്ങനെയുള്ള ആഘോഷങ്ങളുടെ സമയത്തായിരുന്നു. എന്നാല്‍, ഇന്ന് ആ സ്ഥിതിയൊക്കെ മാറി. കളിപ്പാട്ടങ്ങള്‍ മാത്രം വില്‍ക്കുന്ന കടകളും, കളിപ്പാട്ടങ്ങള്‍ക്കായി മാത്രമുള്ള ഓണ്‍ലൈന്‍ വിപണികളും ഒക്കെ അനുദിനം പൊട്ടിമുളയ്ക്കുന്നത് നാം കണ്മുന്നില് കാണുന്നതാണ്. കോടികള്‍ വിറ്റുവരവുള്ള വിപണിയായി കളിപ്പാട്ടവ്യവസായം മാറിക്കഴിഞ്ഞു. നമ്മുടെ നാട്ടില്‍ പതിയെ ആണ് വന്നതെങ്കിലും പാശ്ചാത്യരാജ്യങ്ങളില്‍ വളരെക്കാലം മുതല്‍ തന്നെ ഏറെ വിപണിസാധ്യതകള്‍ കളിപ്പാട്ടവ്യവസായത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലോകപ്രശസ്തമായ കളിപ്പാട്ടങ്ങള്‍ പലതും പാശ്ചാത്യ സംസ്കാരത്തില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. അങ്ങനെ ലോകപ്രശസ്തി നേടിയ ഏതാനും കളിപ്പാട്ടങ്ങളെ ഇവിടെ പരിചയപ്പെടാം.
- ലീഗോ
ലീഗോയുടെ അനുകരണങ്ങള്‍ ആവും നമ്മുടെ കുട്ടിക്കാലത്ത് ഏറെയും കണ്ടിട്ടുണ്ടാവുക. പരസ്പരം ചേര്‍ക്കാന്‍ സാധിക്കുന്ന ചെറിയ പ്ലാസ്റ്റിക് കട്ടകള്‍ ഉപയോഗിച്ച് വ്യത്യസ്ത രൂപങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുന്ന കളിപ്പാട്ടങ്ങളാണ് ലീഗോ നിര്‍മിക്കുന്നത്. ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഇവ ഉപയോഗിച്ചാല്‍ അവരുടെ ക്രിയാത്മകത വളരുമെന്നത് മാതാപിതാക്കളെയും ലീഗോയോട് അടുപ്പിക്കുന്നു. നേരത്തെ തന്നെ നിര്‍മിച്ചിട്ടുള്ള കളിപ്പാട്ടങ്ങള്‍ക്കുപകരം തങ്ങള്‍ക്കിഷ്ടമുള്ള രൂപത്തില്‍ വസ്തുക്കള്‍ ഉണ്ടാക്കാം എന്നത് തന്നെയാണ് ലീഗോയുടെ ഏറ്റവും വലിയ പ്രത്യേകത. കളിപ്പാട്ടങ്ങള്‍ക്ക് പുറമേ ആക്ഷന്‍ ഫിഗറുകളും കളിപ്പാട്ടപ്രേമികള്ക്കായി ലീഗോ കോണ്‍ഫറന്‍സും ഇപ്പോഴിതാ ഒരു ഹോളിവുഡ് ആനിമേഷന്‍ സിനിമ വരെയും എത്തിക്കഴിഞ്ഞു ലീഗോയുടെ വളര്‍ച്ച.
വായിക്കുക : ലീഗോയുടെ രസകരമായ 10 വിശേഷങ്ങള്‍
- ബാര്‍ബി
പെണ്‍കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ കളിപ്പാട്ടം ഏതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. ബാര്‍ബി പാവകള്‍. ലോകത്താകമാനം ആരാധകരുള്ള പാവയാണ് ബാര്‍ബി. അടുത്തിടെയായി ബാര്‍ബി പാവകളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഓരോ മൂന്ന് സെക്കന്‍ഡില്‍ ഒരു ബാര്‍ബി പാവ വീതം വിറ്റഴിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1959ലാണ് ആദ്യത്തെ ബാര്‍ബി പാവ നിര്‍മിക്കപ്പെടുന്നത്. കൊച്ചുകുട്ടികള്‍ക്ക് മാത്രമായി പാവകള്‍ ഉണ്ടാക്കിയിരുന്ന ഒരു കാലത്ത് അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റുന്ന വിധത്തിലുള്ള ഒരു പാവ വേണം എന്ന ആശയത്തില്‍ നിന്നാണ് ബാര്‍ബിയുടെ പിറവി. വിവിധ വേഷങ്ങളില്‍ ബാര്‍ബി പാവകള്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ വെറുമൊരു കളിപ്പാട്ടം എന്നതില്‍ ഉപരി കുട്ടികള്‍ക്ക് അവര്‍ക്ക് ഭാവിയില്‍ ആരായിത്തീരണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുവാനും ഇവ പരോക്ഷമായി സഹായകരമാവാറുണ്ട്.
വായിക്കുക : ബാര്‍ബിയുടെ വിശേഷങ്ങള്‍
- ജി.ഐ. ജോ
ബാര്‍ബി പാവകള്‍ പെണ്‍കുട്ടികളുടെ ഇഷ്ടതാരമായി മാറിയപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരു പാവ എന്നെങ്കിലും ഉണ്ടാകുമെന്ന് ആരും ചിന്തിച്ചുകാണുകയില്ല. ശീതയുദ്ധത്തിന്റെ സമയത്താണ് ഈ പാവകള്‍ ആദ്യമായി വിപണിയില്‍ എത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ വേഷത്തിലാണ് ഈ പാവകള്‍ എത്തിയത്. ഗവണ്മെന്റ് ഇഷ്യൂഡ് ജോ എന്നാണ് ജി.ഐ.ജോയുടെ പൂര്‍ണരൂപം. ബാര്‍ബി പാവകളെ അപേക്ഷിച്ച് ഏത് രീതിയിലും തിരിക്കുവാന്‍ കഴിയുന്ന കൈ, കാല് മുട്ടുകള്‍ ആണ് ഈ പാവകളെ പ്രശസ്തമാക്കിയത്. ഇവയ്ക്ക് ഒട്ടേറെ അനുകരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും യഥാര്ത്ഥപാവകളുടെ അത്രയും പ്രശസ്തി നേടുവാന്‍ സാധിച്ചിട്ടില്ല.
- റൂബികസ് ക്യൂബ്
കളിതമാശകള്‍ക്കും അപ്പുറം കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിര്‍മിതിയാണ് റൂബിക്സ് ക്യൂബ് എന്ന അത്ഭുതകളിപ്പാട്ടം. ആറു വശങ്ങള്‍ക്കും ആറു വ്യത്യസ്ഥ നിറങ്ങള്‍. ഓരോ വശവും 9 സമചതുരങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു. കൃത്യമായി ഒരു വശത്ത് ഒരു നിറം മാത്രം വരുന്നത് പോലെ ഈ ക്യൂബിനെ തിരിച്ചു കൊണ്ടുവരിക എന്നതാണ് റൂബിക്സ് ക്യൂബ് മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളി. അതുകൊണ്ടുതന്നെ ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിപരമായ കളിപ്പാട്ടം എന്ന് റൂബിക്കിന്റെ ഈ മാന്ത്രിക ക്യൂബിനെ നമ്മുക്ക് നിസംശയം വിശേഷിപ്പിക്കാം. 1974ല്‍ ഹംഗറിക്കാരനായ വാസ്തുവിദ്യാഅധ്യാപകന് എര്‍നോ റൂബിക്ക് ആണ് ഈ ക്യൂബ് സൃഷ്ടിച്ചത്.
വായിക്കുക : റൂബിക്സിന്റെ മാന്ത്രികചതുരത്തിന്റെ വിശേഷങ്ങള്‍