മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട 100 കഥാപാത്രങ്ങൾ – 2 – ടി പി ബാലഗോപാലൻ
Character 2️⃣ടി പി ബാലഗോപാലൻ MA
എഴുതിയത് : മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്
1986 ൽ മോഹൻലാലിന് മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടി കൊടുത്ത ചിത്രമാണ് ടി പി ബാല ഗോപാലൻ MA. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം രചന നിർവഹിച്ചത് ശ്രീനിവാസനാണ്.അന്നത്തെ കേരളീയ സമൂഹത്തിൽ ഒരു ചെറുപ്പക്കാരൻ അനുഭവിക്കുന്ന തൊഴിലായ്മ യുടെയും മാനസിക പ്രയാസങ്ങളുടെയും ആകെ തുക ആയിരുന്നു ബാലഗോപാലൻ.
ബാലഗോപാലന്റെ ചെയ്തികൾ ചിരിയും നൊമ്പരവും ഒരുപോലെ സൃഷ്ടിക്കുന്നവയായിരുന്നു.തുച്ഛമായ വരുമാനത്തിൽ കുടുംബം പുലർത്താൻ ശ്രമിക്കുന്ന,ചെറിയൊരു സ്വപ്നം ഉള്ളിൽ സൂക്ഷിക്കുന്ന,ചില്ലറ അബദ്ധങ്ങൾ കാട്ടികൂട്ടുന്ന ബാലനെ തങ്ങളിൽ ഒരുവനായി കാണാൻ അന്നത്തെ സിനിമസ്വാദക സമൂഹത്തിനു എളുപ്പം സാധിച്ചു.
സിനിമയിൽ വളരെ പ്രധാനപെട്ട ഒരു സീൻ ഉണ്ട്. ബാലൻ തന്റെ സഹോദരിയെ യാത്രയാക്കുന്ന സീനിൽ, ഇങ്ങനെ ഒന്നും ആയിരുന്നില്ല തന്റെ സഹോദരിയുടെ വിവാഹം നടത്താൻ താൻ ആഗ്രഹിച്ചത് എന്ന് പറഞ്ഞു മുണ്ടിന്റെ തുമ്പ് കൊണ്ട് കണ്ണീർ തുടച്ചു, ഒരു അമ്പത് രൂപ നോട്ട് എടുത്ത് അവളുടെ കൈയിലേക്ക് കൊടുത്തു നിനക്കിത് കണ്മഷി യോ ചാന്തോ വാങ്ങാം എന്ന് പറയുമ്പോഴുള്ള അയാളുടെ ശരീര ഭാഷ തികച്ചും അതിശയിപ്പിക്കുന്നതാണ്.!!നിസ്സഹായമായ ഒരു പൊട്ടികരച്ചിൽ അയാളുടെ തൊണ്ട കുഴികളിൽ ഒളിഞ്ഞിരിപ്പുണ്ട്. അയാളുടെ ജീവിതത്തിന്റെ മുഴുവൻ വ്യഥകളെയും നമുക്ക് കാണാൻ കഴിയുന്നത് ആ ചുമലുകളിലും കൈ വിരലുകളിലുമാണ്.
ഛായ ഗ്രഹകൻ വിപിൻ മോഹനെ കണ്ണ് നിറയിച്ച സീൻ ആണ് ഇതെന്നാണ് അദ്ദേഹം ഒരിക്കൽ പങ്കു വെച്ചത്. തന്റെ ജീവിതവുമായി അത്രയേറെ കണക്റ്റ് ചെയ്യുന്നതായിരുന്നു ഈ ഒരു രംഗമെന്ന് അദ്ദേഹം പറയുകയുണ്ടായി.കേവലം “അഭിനയിക്കൽ ” എന്നതിനപ്പുറം ആണ് ബാലഗോപാലൻ എന്ന കഥാപാത്രം എന്ന് തോന്നിയിട്ടുണ്ട്.സത്യൻ അന്തിക്കാട് തന്നെ പിന്നീട് ഒരിക്കൽ അഭിപ്രായപ്പെട്ടത് പോലെ
മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ജനിച്ച മോഹൻലാൽ എന്ന വ്യക്തിയെ സംബന്ധിച്ച്, ഒരിക്കലും “ബാലഗോപാലന്റെ ” ജീവിത വഴികളിലൂടെ നടന്നു പോകേണ്ടി വന്നിട്ടുണ്ടാകില്ല എന്നിട്ടും അതിനോട് “തന്മയി ഭവിക്കാൻ ” അല്ലെങ്കിൽ അത്ര യാഥാർഥ്യ ബോധത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിനെ വല്ലാത്തൊരു അതിശയോക്തിയോടെ മാത്രമേ വിശേഷിപ്പിക്കാൻ കഴിയു.!!
ഒന്നാംഭാഗം – മാതു പണ്ടാരം/സോപ്പ് കുട്ടപ്പൻ -പാദമുദ്ര