ശ്രീ നാരായണ ഗുരുവിന്റെ ആശയലോകവും അവർണരുടെ ബ്രാഹ്മണിസവും

69

ശ്രീ നാരായണ ഗുരുവിന്റെ ആശയലോകവും അവർണരുടെ ബ്രാഹ്മണിസവും.

ടി.ആർ.രമേഷ് ഏഴുതുന്നു

കേരളത്തിന്റെ ബോധമണ്ഡലത്തിലേക്ക് ശ്രീനാരായണ ഗുരു കടത്തിവിട്ട നവോത്ഥാനത്തിന്റെ വെളിച്ചം ഇന്ന് അപ്രതീക്ഷിതമാം വിധം അണഞ്ഞുപോവുകയും പുനരുത്ഥാനത്തിന്റെ ഒരു പ്രതി തരംഗം സാമൂഹ്യമനസ്സിനെ മൂടുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വർണ-ജാതി വ്യവസ്ഥ അതിന്റെ പ്രഛന്നങ്ങളുപേക്ഷിച്ച് ഒരു തിരിച്ചുവരവിന്റെ പാതയിലാണ്.ശ്രീബുദ്ധൻ മുതൽ ശ്രീനാരായണ ഗുരു വരെ നേരിട്ടെതിർത്തു പോന്ന വൈദികാനുഷ്ഠനങ്ങളായ യാഗങ്ങളും യജ്ഞങ്ങളും താന്ത്രികാനുഷ്ഠാനങ്ങളും അവർണ ജനതയിലേക്ക് കൂടി സംക്രമിച്ചിരിക്കുന്നു. വർണ-ജാതി വ്യവസ്ഥയെ ശാശ്വതീകരിക്കാൻ ആവിഷ്ക്കരിക്കപ്പെട്ട ഭഗവത് ഗീത ദേശീയ ഗ്രന്ഥമാക്കാനും ഭരണഘടന റദ്ദ് ചെയ്ത് പകരം ഹൈന്ദവ നീതിയുടെ തത്വസംഹിതയായ മനുസ്മൃതി ഭരണഘടനയാക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു. പുരാണേതിഹാസങ്ങളിലേയും മിത്തുകളിലേയും അതിഭാവനകളെ ശാസ്ത്രമായി കെട്ടിച്ചമക്കപ്പെടുന്നു. ബ്രാഹ്മണ മേധാവിത്വത്തിനനുസൃതമായ വിശ്വാസങ്ങളും ആചാരങ്ങളും കേരളീയ സമൂഹത്തെ ഇങ്ങനെ മാരകമാം വിധം ഗ്രസ്സിച്ചുകൊണ്ടിരിക്കയാണ്. വിമോചന സമരത്തെ തുടർന്ന് ആരംഭിച്ചതും എൺപതുകളോടെ ശക്തിപ്പെട്ടതുമായ ഇത്തരം പ്രവണതകൾ ശ്രീ നാരയണഗുരുവും മറ്റു നവോത്ഥാന നായകരും തുറന്നിട്ട സമര മുഖത്തെ കൊട്ടിയടച്ചിരിക്കുന്നു . അതി യാഥാസ്ഥിതികത്വം കേരളീയ സാമൂഹ്യ ജീവിതത്തിൽ അതിന്റെ രാഷ്ട്രീയാസ്തിത്വം ഏറെക്കുറെ സ്ഥാപിച്ചു കഴിഞ്ഞ മട്ടാണ്.ഇത്തരമൊരു സന്ദർഭത്തിൽ നവോത്ഥാനത്തിന്റെ പിൻമടക്കത്തിനും വിപര്യയത്തിനും ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ ആശയങ്ങൾക്കും പ്രയോഗങ്ങൾക്കും പങ്കുണ്ടെന്ന വാദം ഉയർന്ന് വരുന്നുണ്ടു്. ഉദാഹരണത്തിനു് ക്ഷേത്ര സംസ്ഥാപനങ്ങളും പ്രതിഷ്ഠകളും ക്ഷേത്രപ്രവേശനങ്ങളുമെല്ലാം അവർണ ജനതയെക്കൂടി ഹൈന്ദവ വിശ്വാസങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്തതെത്രെ.ഗുരുവിന്റെ സങ്കൽപനങ്ങൾ അദ്വൈത വേദാന്തിയുടേതാണെന്നും ശങ്കരന്റെ പിൻഗാമിയാണെന്നും ഉള്ള തുരുമ്പുപിടിച്ച വാദങ്ങളും ആവർത്തിക്കപ്പെടുന്നു. സമുദായ പരിഷ്കർത്താവ്, അവതാര പുരുഷൻ,
മതവിരുദ്ധനായ വിപ്ലവകാരി ഇങ്ങിനെ നാന വിധത്തിൽ ഗുരു വീണ്ടും വീണ്ടും വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സങ്കീർണമായ വർത്തമാനഭൂമികയിൽ നിന്നുകൊണ്ട് ക്രാന്തദർശിയായ ഗുരുവിന്റെ ആശയലോകം എന്തായിരുന്നു എന്ന് വിശകലനം ചെയ്യേണ്ടത് അടിയന്തര പ്രസക്തം തന്നെയാണ്. അത്തരമൊരു വിശകലനം ഒരു ലേഖനത്തിൽ ഒതുങ്ങുന്നതല്ല. അതുകൊണ്ടു് ചില സൂചനകളിലൂടെ പോവുക മാത്രമെ നിർവ്വാഹമുള്ളു.

ഗുരുവിന്റെ ചിന്തകളിലൂടെയും പ്രയോഗങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരാൾക്ക് ബ്രാഹ്മണിസത്തിന്റെ അടിക്കല്ല് തോണ്ടിയ, ചലനരഹിതമായ ഒരു സമൂഹത്തെ ചലനക്ഷമമാക്കിയ ,മതത്തെയും വിശ്വാസത്തേയും ആചാരപരതയിൽ നിന്ന് പുറത്താക്കിയ ,അതിനെ വൈകാരിക മൂല്യങ്ങളാക്കി പരിവർത്തിപ്പിച്ച ,ഒപ്പം ആധുനിക ജനാധിപത്യത്തിന്റേയും സെക്കുലറിസത്തിന്റേയും ആശയങ്ങൾ ഒരു കാലത്തിന് സമ്മാനിച്ച മഹാപ്രതിഭയായിരുന്നു ഗുരു എന്ന് മനസ്സിലാക്കാൻ വിഷമമില്ല.
എന്തുകൊണ്ട് പിൻമടക്കം
*

കേരളത്തിന്റെ പിൻമടക്കത്തിന് ഗുരുവിന്റെ ക്ഷേത്ര സംസ്ഥാപനത്തിനും പ്രതിഷ്ഠകൾക്കുമൊക്കെ പങ്കുണ്ടെന്ന ഉപരിപ്ലവവും ലളിതവുമായ വ്യാഖ്യാനങ്ങൾക്ക് ഇന്ത്യയിൽ നൂറ്റാണ്ടുകളായി ആഴത്തിൽ നിലനിൽക്കുന്ന നിന്ദ്യവും പൈശാചികവുമായ വർണ-ജാതി വ്യവസ്ഥയുടെ സവിശേഷതകളെ കാണാനാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ സമൂഹത്തിൽ ജാതി വ്യവസ്ഥ സൃഷ്ടിച്ച ദുരിതം വ്യക്തമായി അറിയാൻ ശ്രീനാരയണ ഗുരുവിനും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിനും മുൻപുള്ള ഭക്തി പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മതി. ഒരർത്ഥത്തിൽ ഇന്ത്യയിലെ ഭക്തി പ്രസ്ഥാനങ്ങൾ മത പ്രസ്ഥാങ്ങളുടെ തന്നെ പരോക്ഷമായ ജനകീയ രൂപങ്ങളായിരുന്നു . ജ്ഞാനേശ്വർ മുതൽ ഏകനാഥ് വരേയും തുക്കാറാം മുതൽ രാമദാസ് വരേയും അനേകം സന്യാസി കവികൾക്ക് അത് ജന്മം നൽകി. ഇവരിൽ പലരും ബ്രാഹ്മണാസത്തിന്റെ ക്രൂരമായ അസ്പൃശ്യതക്കും പീഢനങ്ങൾക്കുമെതിരെ ജീവൻ കൊടുത്തും പോരാടിയവരായിരുന്നു.

യൂറോപ്പിൽ ഫ്യൂഡലിസത്തിനും അതിന്റെ സ്ഥാപനങ്ങൾക്കുമെതിരെ ഉയർന്ന് വന്ന നവോത്ഥാനത്തിൽ
നിന്നും വ്യത്യസ്തമായി മദ്ധ്യകാല ഇന്ത്യയിലെ (പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ട് വരെ) ഭക്തി പ്രസ്ഥാനങ്ങൾ എല്ലാം തന്നെ മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രം സമത്വം തേടിയവയായിരുന്നു. ഭക്തി പ്രസ്ഥാനം തൊടുത്തുവിട്ട വൈകാരികതക്കും ആത്മാർത്ഥത തുളുമ്പുന്ന ധാർമ്മിക രോഷത്തിനും ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാരണെന്ന സങ്കൽപത്തിനും പക്ഷെ, ഫ്യൂഡൽ ഘടനക്കകത്ത് കാര്യമായ മാറ്റo ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇന്ത്യയിൽ നിലനിന്ന വർണ-ജാതി വ്യവസ്ഥയും ഉൽപാദന സമ്പ്രദായവുമായി അതിനുള്ള ബന്ധവും തന്നെ അതിനു് കാരണം. അത് തിരിച്ചറിയാൻ ചരിത്രപരമായ പരിമിതികളാൽ അവക്ക് കഴിഞ്ഞില്ല. ബ്രാഹ്മണിസത്തിന്റെ കരാളഭാവങ്ങൾക്ക് മുന്നിൽ അതൊന്നും അത്ര എളുപ്പവുമായിരുന്നില്ല. എങ്കിലും ഭക്തി പ്രസ്ഥാനത്തിന് വർണ-ജാതി വ്യവസ്ഥയിൽ ചെറിയൊരയവ് സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് കാണാതിരുന്നുകൂട. വാസ്തവത്തിൽ ഭക്തി പ്രസ്ഥാനത്തിന്റെ ഉയിർപ്പ് മുസ്ലിം ഭരണത്തിന്റെ അനന്തരഫലം കൂടിയായിരുന്നു. വർണ-ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ മുസ്ലിം ഭരണാധികാരികൾ ബോധപൂർവ്വം ഒന്നും ചെയ്തിരുന്നില്ല. മാത്രമല്ല, ചൂഷണത്തിന് ജാതിയെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സഹോദര്യത്തിൽ അധിഷ്ഠിതമായ മതം എന്ന വകാശപ്പെട്ട ഇസ്ലാമിന് ജാതി വ്യവസ്ഥയെ പരി പൂർണമായി ന്യായികരിക്കാൻ ആകുമായിരുന്നില്ല.

ഇന്ത്യയിലെ തന്നെ കർക്കശ്ശമായ ജാതി നിയമങ്ങൾ നിലനിന്ന ഹിന്ദു രാജ്യമായിരുന്നു തിരുവിതാംകൂർ. കുറ്റാന്വേഷണത്തിലും ശിക്ഷാവിധിയിലും ജാതി നിയമങ്ങൾ നിർദ്ദയം താണ്ഡവമാടിയിരുന്നു. ഗുരുവിനും മുൻപേ ബ്രാഹ്മണിസത്തിനെതിരെ പൊരുതിയ വൈകുണ്ഠ സ്വാമികൾക്ക് അന്നത്തെ രാജാവായിരുന്ന സ്വാതി തിരുനാൾ സമ്മാനിച്ചത് തടവറയായിരുന്നു. തിരുവിതാംകൂറിന്റെ അതിപ്രധാനമായ ഈ ചരിത്ര പശ്ചാത്തലത്തിൽ നിന്നുകൊണ്ടുവേണം ഗുരു തന്റെ ഭാവനാ ശക്തിയിലൂടെ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്താൻ. ക്രാന്തദർശിയായ ഗുരു അതിസമർത്ഥമായാണ് ബ്രാഹ്മണിസത്തെ ചെറുത്തത്.അതോടൊപ്പം ഒരു കാര്യം കൂടി നാം ഓർക്കേണ്ടതുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം വർണ-ജാതി വ്യവസ്ഥയേയും ഫ്യൂഡൽ സാമൂഹ്യ ഘടനയേയും ഒരേ സമയം സംരക്ഷിച്ചു നിർത്തിയപ്പോൾ തന്നെ അവർക്ക് പൊതുവായ ഒരു നിയമ വ്യവസ്ഥ കൂടി ഇന്ത്യയിൽ നടപ്പാക്കേണ്ടി വന്നു. ഇത്തരമൊരു സാഹചര്യമാണ് പ്രത്യേകിച്ച്, ഗുരുവിനെപ്പോലെ അവർണ ജാതിയിൽ ജനിച്ച ഒരാൾക്ക് സന്യസിക്കാനുള്ള സാഹചര്യം പോലും സൃഷ്ടിച്ചത്. അതുകൊണ്ടാണ് ഗുരു നമുക്കൊക്കെ സന്യാസം തന്ന ഗുരുക്കന്മാരാണ് ഇംഗ്ലീഷുകാർ എന്ന് പറഞ്ഞന്നത്. ഇത് സംബന്ധിച്ച് ഗുരു ഒന്നു കൂടി പറഞ്ഞു: ”ശ്രീരാമന്റെ കാലത്ത് കൂടി ശൂദ്രാദികൾക്ക് സന്യസിപ്പാൻ പാടില്ലെന്നല്ലേ പറയുന്നത് .ഹിന്ദുക്കൾ സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ .ഇപ്പോൾ ഇഷ്ടം പോലെ സന്യസിപ്പാൻ അനുവദിച്ചിരിക്കുന്നത് ഇംഗ്ലീഷുകാരരണല്ലോ. അപ്പോൾ അവർ നമ്മുടെ ഗുരുക്കന്മാരല്ലേ?”

ഗുരു ഒന്നിനേയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ടല്ല ബ്രാഹ്മണിസത്തിനെതിരായ അതുല്യമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തത്. ജാതി കേന്ദ്രിത വ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട ജാതികളുടെ ദൈവങ്ങൾ ചാത്തനും ചാമ്മുണ്ടിയും മറുതയും ഭഗവതിയും ആയിരുന്നു. അവർണ ജാതികൾക്ക് പ്രതിഷ്ഠ നടത്താനോ, ക്ഷേത്രത്തിൽ പ്രവേശിക്കാനോ, ആരാധന നടത്താനോ അവകാശമുണ്ടായിരുന്നില്ല. തൊട്ടു കൂടായ്മയും തീണ്ടി കൂടായ്മയും ദൃഷ്ടിദോഷവും നടമാടിയാരുന്നു. വേഷം, ഭാഷ, ആഹാരം, തൊഴിൽ ഇവയിലൊക്കെ ജാതിയുടെ മുദ്രകൾ പതിഞ്ഞു കിടന്നു. അങ്ങിനെ അടിമത്വത്തിൽ ആണ്ടു കിടന്ന അവർണ ജനതക്ക് സമത്വത്തിലേക്കും സ്വാതന്ത്രത്തിലേക്കും പ്രവേശനം കിട്ടിയത് ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയിലൂടെയായിരുന്നു. ഇത് ഒരു തരത്തിലും സവർണാനുകരണമോ, ഹൈന്ദവാചാരങ്ങളുടെ പുനരുജ്ജീവനമോ ആയാരുന്നില്ല. അതിന് തെളിവാണ് / ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും/സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് / എന്ന് ഗുരു അവിടെ എഴുതിവെച്ചത്. അരുവിപ്പുറം പ്രതിഷ്ഠയെ മൂല്യവത്താക്കുന്നതും അവിടെ എഴുതി വെച്ച മേൽപ്പറഞ്ഞ ആശയങ്ങളായിരുന്നു. അതേസമയം അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത് ഇഴവ ശിവനെയാണ് എന്ന തെറ്റായ പരാമർശത്തിന് ഗുരുവിന്റെ മറുപടി നടരാജഗുരു രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണ്: “നാം നമ്പൂരി ശിവനെയല്ല പ്രതിഷ്ഠിച്ചത് ” എന്ന് മാത്രമാണെന്നാണ്. നടരാടരാജഗുരുവിന്റെ ശിക്ഷനായിരുന്ന നിത്യ ചൈതന്യയതിയും ഇത് ചൂണ്ടി കാണിക്കുന്നുണ്ട്. ഗുരു പ്രതിഷ്ഠക്ക് ശിവലിംഗം തെരഞ്ഞെടുത്തത് തന്നെ ശിവൻ അവൈദിക പാരമ്പര്യത്തിൽ നിന്നാണ് വന്നത് എന്നതിനാലായിരുന്നു. വാജസനേയി സംഹിതയിൽ ശിവനെ സാമൂഹ്യദ്രോഹികളുടെ സംരക്ഷകനായാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അങ്ങേയറ്റം യാഥാസ്ഥിതികരായ ബ്രാഹ്മണർ ശിവ പ്രസാദം സ്വീകരിക്കാറില്ല. അതുപോലെ തന്നെ ഗണപതിയും സുബ്രമണ്യനും അവൈദിക പാരമ്പര്യത്തിൽ നിന്നുള്ള ഗോത്ര ദൈവങ്ങളായിരുന്നു.

വേദ വിധികളിൽ നിന്ന് സ്വതന്ത്രമായിട്ടായിരുന്നു ഭക്തി വികാസം പ്രാപിച്ചത്.ശിവഭക്തരായ നായനാർമാർ ഭക്തിയെ അതിന്റെ വിശാലതയിലേക്ക് വ്യാപിപ്പിച്ചവരും ആയിരുന്നല്ലോ. ദക്ഷിണേന്ത്യയിലെ ജനവിഭാഗങ്ങൾ വൈദികാചരങ്ങളുടെ വേലിക്ക് പുറത്തുള്ളവരുമായിരുന്നു . വൈദിക ബ്രാഹ്മണ വ്യവസ്ഥ ഭക്തി പ്രസ്ഥാനങ്ങളുമായി നിരന്തരം ഏറ്റുമുട്ടി. ഇങ്ങിനെ നിരന്തരമായ സംഘർഷങ്ങൾക്കൊടുവിൽ ഭക്തിയുടെ ജനകീയ വ്യാപനം കണ്ട് ഭയന്ന ബ്രാഹ്മണ മേധാവികൾ ഭക്തി പ്രസ്ഥാനങ്ങളുടെ ആശയങ്ങളെ കൂടി സാംശികരിക്കുകയായിരുന്നു. അതു വഴി വേദത്തിലെ രുദ്രൻ ശിവനായി രൂപാന്തരം പ്രാപിച്ചു. ഗണപതിയും സുബ്രമണ്യനും ഇങ്ങിനെ ഹൈന്ദവ മതത്തിലേക്ക് ആവാഹിക്കപ്പെടുകയും ചെയ്തു.

ഗുരുവിനെ സംബന്ധിച്ചിടത്തോളം പ്രതിഷ്ഠ എന്നത് ഒരു പ്രതീകം മാത്രമായിരുന്നു.അതുകൊണ്ടാണു് ആദ്യം ശിവലിംഗവും പിന്നീട് സുബ്രമണ്യനും ഗണപതിക്കും ശേഷം കണ്ണാടിയും വിളക്കും പ്രതിഷ്ഠിക്കുന്നതിലേക്ക് മാറുന്നത്. ഇതിലൂടെ ഗുരു ആധുനിക ബിംബ സങ്കൽപത്തിലേക്ക് എത്തിചേരുകയായിരുന്നു. നാൽപതിലധികം പ്രതിഷ്ഠകൾ നടത്തിയ ഗുരു സ്വന്തം ആശ്രമത്തിൽ ഒരു പ്രതിഷ്ഠയും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. അങ്ങിനെ ഗുരു അനുഷ്ഠാനപരതയിൽ നിന്ന് മാറുകയും ഇനി ക്ഷേത്ര നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന് പറയുകയും ചെയ്തു. അതേ സമയം അവർണ ജനതയുടെ ബോധ നിലവാരം എടുത്തു കാട്ടാന്നെന്ന വണ്ണം ഇങ്ങിനെ പറഞ്ഞു: ”ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബ്ബന്ധമാണെങ്കിൽ ചെറിയ ക്ഷേത്രങ്ങൾ വെച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. ജാതിഭേദം കൂടാതെ പൊതു ആരാധന സ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേർക്കാൻ കഴിയുമെന്ന് നാം കരുതിയിരുന്നു. അനുഭവം നേരെ മറിച്ചാണു്.”ഗുരു പിന്നീടു് ക്ഷേത്ര പ്രതിഷ്ഠയിൽ ഒരു താത്പര്യവും കാണിച്ചില്ല. ഉണ്ടാകേണ്ടത് വിദ്യാലയങ്ങളും വായനാശാലകളുമാണെന്ന് പറഞ്ഞതിനോടൊപ്പം അടിച്ചമർത്തപ്പെടുന്ന ജാതികളുടെ ധന സംബന്ധമായ ഉയർച്ച, കൃഷി, കച്ചവടം, സങ്കേതിക വിദ്യാഭ്യാസം എന്നിവ പരിപോക്ഷിപ്പിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്തു.ഗുരുവിനെ സംബന്ധിച്ചിടത്തോളം ആത്മീയ ജീവിതവും ലൗകിക ജീവിതവും രണ്ടല്ല, ഒന്നായിരുന്നു.

സവർണ നവോത്ഥാനവും
അവർണനവോത്ഥാനവും
……………………………………….

ശ്രീനാരയണ ഗുരു, അയ്യൻകാളി, ഫുലെ, പെരിയാർ മുതൽ അംബേദ്ക്കർ വരെയുള്ളവരുടെ നവോത്ഥാന സമരങ്ങളേയും നമ്പൂതിരി ,നായർ തുടങ്ങി രാജറാം മോഹൻ റോയ്, വിവേകാനന്ദൻ വരെയുള്ളവർ നടത്തിയ നവോത്ഥാന സമരങ്ങളും അന്തസത്തയിൽ എത്രയോ വിഭിന്നങ്ങളായിരുന്നു. ഇവയെ ഒറ്റ ചരടിൽ കോർക്കാനാണ് പക്ഷെ, ഇടതുപക്ഷ ചിന്തകരടക്കം ശ്രമിച്ചിട്ടുള്ളത്.ജാതി വിരുദ്ധവും മതാതീത മാനവികതയിൽ അധിഷ്ഠിതവുമായ അവർണ നവോത്ഥാനത്തിന് പ്രത്യേകിച്ച് ഒരു ഊന്നൽ പോലും അവർ നൽകിയില്ല. വാസ്തവത്തിൽ സവർണ വരേണ്യ വിഭാഗങ്ങൾ നടത്തിയ നവോത്ഥാന ശ്രമങ്ങൾക്ക് ഒരിക്കലും ജാതിവിരുദ്ധമോ മതാതീതമോ ആയ ഉള്ളടക്കങ്ങൾ ഉണ്ടായിരുന്നില്ല. അവ കേവലം ജാതി പരിഷ്ക്കരണങ്ങളോ, മത പരിഷ്ക്കരണങ്ങളോ ആയിരുന്നു. കേരളത്തിലായാലും ഇന്ത്യയിലായാലും വരേണ്യ പരിഷ്ക്കർത്താക്കൾ അതത് സമുദായത്തിന്റെ പരിഷ്ക്കരണം മാത്രമാണ് ലക്ഷ്യമാക്കിയത്.അതുകൊണ്ടുതന്നെ ബ്രാഹ്മണിസത്തിന്റെ വർണ- ജാതി വ്യവസ്ഥക്ക് പുറത്ത് കടക്കാൻ അവക്ക് കഴിഞ്ഞില്ല. സതി പോലുള്ള അനാചരങ്ങളെ എതിർത്ത രാജറാം മോഹൻ റോയ് മുസ്ലിം ഭരണാധികാരികളുടെ ആർത്തിയിൽ നിന്നും അസഹിഷ്ണുതയിൽ നിന്നും രാജ്യത്തെ രക്ഷിച്ചത് ബ്രാഹ്മണിക് മൂല്യങ്ങളായിരുന്നു എന്ന് പറഞ്ഞ ആളായിരുന്നു. വിവേകാനന്ദനാകട്ടെ രാജ്യത്തിന്റെ രാഷ്ടീയാധികാരം പിടിച്ചെടുത്തെങ്കിലെ ബ്രാഹ്മണ തത്വചിന്തയും മതവും പ്രചരിപ്പിക്കാൻ കഴിയൂ എന്ന് വിശ്വസിച്ച ആളുമാണു്. രാജ്യത്തെ ഭരണകർത്താക്കളുടെ കടമ ജാതി നിയമങ്ങൾ നടപ്പിലാക്കലാണെന്നും വർണസങ്കരത്തിൽനിന്ന് രാജ്യത്തേയും സമൂഹത്തേയും മോചിപ്പിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. സതിയെ നിർലജ്ജം ന്യായികരിക്കുക കൂടി ചെയ്തു വിവേകാനന്ദൻ. എന്നാൽ ഹൈന്ദവ മതം അഥവ ബ്രാഹ്മണമതം ബോധപൂർവ്വമായ വിവേചനത്തോടു കൂടിയാണ് അസ്പൃശ്യരെ സൃഷ്ടിച്ചതെന്നാണ്‌ അംബേദ്ക്കർ പറഞ്ഞിട്ടുള്ളത്.ഹൈന്ദവ മതമെന്നാൽ ജാതിവ്യവസ്ഥയാണെന്നും ജാതികളില്ലാതായാൽ ഹൈന്ദവ മതം തന്നെ ഇല്ലാതാകും എന്ന് കൂടി അംബേദ്ക്കർ പറഞ്ഞു. ഇങ്ങിനെ അന്തസത്തയിൽ വിരുദ്ധമായ രണ്ട് മൂവ്മെൻറുകളെ ഒരു പോലെ ചേർത്ത് വെച്ചത് സമൂഹത്തിൽ നിരന്തരം നടക്കേണ്ടതായ ജാതി വിരുദ്ധ സമരത്തിന്റെ മുനയൊടിക്കാനാണ് ഉപയുക്തമായത്. മാത്രമല്ല, സമൂഹത്തിൽ അത് ആശയകാലുഷ്യത്തിനും അബദ്ധ ധാരണകൾക്കും സമൂഹത്തെ വീണ്ടും ബ്രാഹ്മണിസത്തിന്റെ അദൃശ്യ ചരടിൽ ബന്ധിക്കാനും എളുപ്പമാക്കി.ഇത് നവോത്ഥാന മൂല്യങ്ങൾക്ക് മാത്രമല്ല, ജനതയുടെ മോചനം ലക്ഷ്യമാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്തു.

ഗുരുവിന്റെ മത സങ്കൽപവും സെക്കുലറിസവും.
………………………………………..

ശ്രീ നാരയണ ഗുരുവിന്റെ മതവീക്ഷണം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടു് . അതിനാൽ ഏതെങ്കിലും മതത്തിന്റെ വക്താവായി ഗുരുവിനെ ചിത്രീകരിക്കുന്നത് അവഹേളനപരമാണ്. സഹോദരനയ്യപ്പന്റെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന വചനം കേട്ട് അങ്ങനെ ആയാലും കൊള്ളാം എന്ന് ഗുരു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഗുരുവിനെ ഒരു മത നിഷേധിയോ, നാസ്തികനോ ആണെന്ന് പറയുന്നതും അർത്ഥരഹിതമാണ്.ഗുരു ദൈവം ഉണ്ടോ ഇല്ലയോ എന്ന വാദ പ്രതിവാദത്തിൽ ഇടപ്പെട്ട് തല പുണ്ണാക്കാനും താൽപ്പര്യപ്പെട്ടിരുന്നില്ല. അങ്ങനെ ആയാലും കൊള്ളാം എന്ന് പറയുന്നത് അത്യധികം ജനാധിപത്യപരമായ കാഴ്ചപാടിൽ നിന്നു കൊണ്ടായിരുന്നു. മതത്തെക്കുറിച്ച് ഒരിക്കൽ ഗുരു പറഞ്ഞത്: ”മതമെന്നു വെച്ചാൽ അഭിപ്രായം: അതേതായാലും മനുഷ്യന് ഒരുമിച്ച് കഴിയാം. അതുപോലെ ആരുടേയും മതസ്വാതന്ത്ര്യത്തെ തടയരുത്” .

മത ഭേദചിന്തകളുടെ ഇരുട്ട് നിറഞ്ഞ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന രചനയാണല്ലോ’ അനുകമ്പാ ദശകം’. അനുകമ്പാദശകത്തിൽ ഗുരു മതാതീതമായ മാനവികതക്കാണു് ഊന്നൽ കൊടുക്കുന്നത്. ഉദാത്ത ജീവിതം അനുകമ്പയിൽ അധിഷ്ഠിതമായിരിക്കണം എന്ന് ഗുരു ഈ രചനയിൽ സ്ഥാപിക്കുന്നുമുണ്ട്. ഒരിക്കൽ ഹിന്ദുമതം നന്നല്ല എന്ന് സി.വി.കുഞ്ഞിരാമൻ പറയുന്നതിനോട് ഗുരു നൽകുന്ന മറുപടിയിങ്ങനെ: ” ഹിന്ദുമതം എന്നൊരു മതമേ ഇല്ല. (ബ്രാഹ്മണമതമേ അന്ന് ഉണ്ടായിരുന്നുള്ളു.) ഹിന്ദുസ്ഥാനി നിവാസികളെ ഹിന്ദുക്കളെന്ന് വിദേശിയർ പറഞ്ഞു വന്നു. ഹിന്ദുസ്ഥാനി വാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കിൽ അവിടെ ഇപ്പോൾ വസിക്കുന്ന ക്രിസ്ത്യാനികളുടേയും മുഹമ്മദീയരുടേയും മതങ്ങളും ഹിന്ദു മതമാണ്. എല്ലാ മതക്കാരുടേയും വിശ്വാസങ്ങൾക്ക് ചില സാമന്യ ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് മനുഷ്യരെല്ലാം ഒരു മതക്കാർ തന്നെയാണ്”. ഗുരുവിന്റെ ആത്മോപദേശതകം മത ഭിന്നതകളുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്ന രചന കൂടിയാണു്. ലോകത്തുള്ള എല്ലാ മതങ്ങളുടേയും രഹസ്യം ഒന്നു തന്നെയാണെന്ന് ഇതിൽ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.അയ്യപ്പനുമായുളളസംഭാഷണത്തിൽ മതം മാറ്റത്തെക്കുറിച്ച് ഗുരു പറയുന്നത് ഇങ്ങനെ: ” നമുക്ക് ഇപ്പോഴുള്ള അഭിപ്രായം, മതം മാറണമെന്ന് തോന്നിയാൽ ഉടനെ മാറണം. അതിന് സ്വാതന്ത്ര്യം വേണം. അച്ഛന്റെ മതമല്ലായിരിക്കും മകന് ഇഷ്ടം. (അച്ഛനും മകനും വ്യത്യസ്ത മതമാകാം.) മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്.അതാണ് നമ്മുടെ അഭിപ്രായം.” ഒരു പത്രപ്രവർത്തകനുമായുള്ള സംഭാഷണത്തിൽ ഗുരു ആധുനിക സെക്കുലറിസ്റ്റ് നിലപാടിന് സമാനമായ നിലപാടാണ് മുന്നോട്ടു വെക്കുന്നത്. എത്ര തെളിമയോടു കൂടിയ നിലപാടാണതെന്ന് നോക്കുക. “സമുദായിക സംഗതികൾ മതത്തിനോ, മതം സാമൂദായിക സംഗതികൾക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സമുദായിക സംഗതികൾക്കും മതത്തിനും സംബന്ധമൊന്നും പാടില്ല. മതം മനസ്സിന്റെ കാര്യമാണ്.( വ്യക്തി മനസ്സിന്റെ ) ആരുടേയും മതസ്വാതന്ത്ര്യത്തെ തടയരുത്. പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഒരോരുത്തരുടേയും മനസ്സിന്റെ ഗതിക്കും വളർച്ചക്കും അനുസരിച്ച് ഭിന്ന മതങ്ങൾ കൂടിയേ തീരൂ. എല്ലാവർക്കും സ്വീകാര്യമായ ഒറ്റ മതം ഉണ്ടാകാൻ പ്രയാസമാണ്. എന്റെ മതം സത്യം എന്നാരും പറയരുത്.”

സെക്കുലറിസം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ്. പലരും ഇതിനെ മതവിരുദ്ധതയായി ചിത്രീകരിക്കാറുണ്ട് .അങ്ങിനെ ചിത്രീകരിച്ചിട്ടുള്ളവർ പ്രധാനമായും കേവല യുക്തിവാദികളും പോസിറ്റീവി സ്റ്റുകളുമാണ്. ഇതിന് പിഴയൊടുക്കേണ്ടി വന്നതോ മർക്സിസ്റ്റുകളും.185l ൽ സെക്കുലറിസം എന്ന വാക്ക് ചരിത്രത്തിൽ ആദ്യമായി ഉപയോഗിക്കുന്നത് ബ്രിട്ടീഷ് രാഷ്ട്രീയ കാര്യ വിദഗ്ദനായ ജോർജ്ജ് ജേക്കബ് ഹോല്യോക്ക് ആയിരുന്നു. മതത്തേയും ഭരണകൂടത്തേയും വേർപ്പെടുത്തുക എന്നതാണതിന്റെ അന്തസത്ത . മതത്തെ ഭരണകൂടത്തിൽ നിന്ന് ഒഴിവാക്കുക എന്നതിനർത്ഥം മതത്തെ സമൂഹത്തിൽ നിന്ന് ഒഴിവാക്കുക എന്നതോ, മത നിഷേധമോ അല്ല. മതത്തെ ഭരണകൂടത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കി സ്വകാര്യ വിഷയമാക്കുക എന്നതാണു്. അതേ സമയം എതുമതത്തിൽ വിശ്വസിക്കാനും ഏതു മതത്തിലേക്ക് മാറാനും പൗരന് സ്വതന്ത്ര്യം ഉണ്ടായിരിക്കണം . മതം വ്യക്തിപരമായി പരിമിതപ്പെടുകയും വേണം . ഇതേ നിലപാടാണ് മതത്തെ സംബന്ധിച്ച് ലെനിനും മുന്നോട്ടുവെച്ചിട്ടുള്ളത് . ലെനിൻ ഒന്നുകൂടി പറഞ്ഞു അതായത്, മാർക്സിസ്റ്റുകൾക്ക് മതത്തോടുള്ള നിലപാട് മേൽപ്പറഞ്ഞതായിരിക്കുമ്പോൾ തന്നെ മാർക്സിസ്റ്റുകൾ സ്വയം ഭൗതികവാദികളായിരിക്കണം എന്നും. മാർക്സിനാകട്ടെ മതം ഒരിക്കലും പ്രഥമ ലക്ഷ്യവുമായിരുന്നില്ല. എന്നാൽ പോലും എല്ലാതരം മതമൗലികവാദികളും സെക്കുലറിസത്തെ മതവിരുദ്ധമെന്ന് വിവർത്തനം ചെയ്യാനാണ് താത്പര്യം കാണിക്കുന്നത് .

മതത്തെ ഫ്യൂഡൽ സ്ഥാപനങ്ങളായി മാത്രം കരുതാനും കഴിയില്ല . പല മതങ്ങളും ചൂഷിതരുടെ വിമോചന പ്രസ്ഥാനമായിട്ടാണല്ലോ ചരിത്രത്തിൽ ഉയർന്ന് വന്നിട്ടുള്ളത്. പീഡിതരുടെ മതമായ ക്രിസ്തുമതവും, സഹോദര്യത്തിന്റെ മതമായ ഇസ്ലാമും കരുണയുടെ മതമായ ബുദ്ധമതവും ഇതിന് ഉദാഹരണങ്ങളാണ്. ശ്രീനാരയണ ഗുരുവും ഇതെടുത്ത് പറയുന്നുണ്ടു്. ഇന്നതെല്ലാം ചൂഷകരുടെ മതമായോ, ക്രൂരമായ ഭരണകൂട മതമായോ മാറിയിട്ടുണ്ടെങ്കിലും . പറഞ്ഞ് വന്നത്,ശ്രീനാരായണ ഗുരുവിന്റെ മതത്തോടുള്ള സമീപനത്തെക്കുറിച്ചാണല്ലോ. മുകളിൽ ചൂണ്ടികാട്ടിയ ഗുരുവിന്റെ നിലപാടുകളിൽ എത്ര മാത്രം സുവിക്തമായിട്ടാണ് ആധുനിക സെകുലറിസ്റ്റ് നിലപാട്‌ അവതരിപ്പിച്ചിരിക്കുന്നത് . ഗുരു ഇത് പാശ്ചത്യ നവോത്ഥാനത്തിൽ നിന്ന് കടമെടുത്തതല്ല .മറിച്ച്
അത് ബ്രാഹ്മണമേധാവിത്വത്തിനും ജീർണ്ണിച്ച ബ്രാഹ്മണ പൗരോഹിത്യത്തിനും അതുമായുള്ള ഭരണകൂടത്തിന്റെ ബന്ധങ്ങളിൽ നിന്നും ഗുരു രൂപപ്പെടുത്തിയതാണ്.

ഗുരുവിന്റെ ദർശനം.
……………………………..

ശ്രീ നാരയണ ഗുരു ഹൈന്ദവ മതത്തിന്റെയോ, വൈദിക പാരമ്പര്യത്തിന്റെയോ പ്രതിനിധിയല്ല. ശങ്കരൻ പറഞ്ഞത് തന്നെയാണ് നമുക്കും പറയാനുള്ളത് എന്ന് ഗുരു പറഞ്ഞതായി നടരാജഗുരു രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റിപ്പുഴ കൃഷ്ണപിള്ളയുമായി അദ്വൈതാശ്രമത്തിൽ വെച്ചു നടന്ന സംഭാഷണത്തിൽ ജഗത് മിഥ്യാ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് അടുത്തുള്ള കെട്ടിടത്തെ ചൂണ്ടി പ്രസ്തുത വാദത്തെ ഗുരു വിശദമാക്കി കൊടുത്തതായി കുറ്റിപ്പുഴയും രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ കുറ്റിപുഴയോടു് ജഗത് മിഥ്യവാദത്തെക്കുറിച്ച് ഗുരു വിശദീകരിക്കുന്നത് ഒരു നിലക്കും തന്റെ നിലപാടെന്ന നിലക്കല്ല. മറിച്ച് ,ജഗത് മിഥ്യാ വാദം എന്താണെന്ന് വിശദീകരിച്ചുകൊടുക്കുക മാത്രമാണെന്ന് കരുതുന്നതാകും ശരി.

യഥാർത്ഥത്തിൽ ഗുരുവിന്റെ രചനകളിലും കാഴ്ചപ്പാടുകളിലും ശങ്കരാചാര്യരുടെ അദ്വൈതമടക്കമുള്ള ദാർശനങ്ങളുടെ സ്വാധീനം നിഴലിക്കുന്നുണ്ട്. ഗുരുവിന്റെ സ്ത്രോത്രകൃതികളിൽ അത് പ്രകടവുമാണ്. അതേസമയം ശ്രീശങ്കരന്റെ മാത്രമല്ല, അതിന് മുൻപുള്ള അദ്വൈതത്തിന്റേയും ശ്രീബുദ്ധൻ മുതൽ തിരുവള്ളുവർവരേയും, അതുപോലെ തന്നെ നിരവധിയായ മഹാസിദ്ധന്മാരുടെയും ദർശിനിക സ്വാധീനങ്ങളും കണ്ടെത്താനാവും. ഇതിൽ ഏതെങ്കിലും ഒരു ദർശനത്തിന്റെ മാത്രം സ്വാധീനം ചൂണ്ടി കാട്ടി അതാണ് ഗുരുവിന്റെ ദർശനം എന്ന് പറയുന്നത് ഒരിക്കലും യുക്തിക്ക് നിരക്കുന്നതല്ല. ഒരർത്ഥത്തിൽ ഗുരു തന്റെ സന്ദേശം ചരിത്രത്തിലേക്ക് വിന്യസിക്കാൻ മേൽ സൂചിപ്പിച്ച മുഴുവൻ ദർശനങ്ങളിലേയും പല അംശങ്ങളേയും ഉപയോഗപ്പെടുത്തിയെന്ന് പറയുന്നതാകും ഉചിതം.
ബ്രഹ്മം മാത്രമാണ് സത്യം എന്നും ജഗത് മിഥ്യയാണെന്നും ഉദ്ഘോഷിച്ച ആളാണല്ലോ ശ്രീ ശങ്കരൻ .ലോകവും അതിലെ ജീവിതവും മിഥ്യയാണന്നാണല്ലോ അതിനർത്ഥം. ശങ്കര ദർശനമനുസരിച്ച് നാമ രൂപാത്മകവും വ്യവഹാരികവുമായ ജഗത്തിന് ആത്യന്തികമായ സത്തയില്ലെന്നും അത് മിഥ്യയാണെന്നും ബ്രഹ്മം മാത്രമെ സത്യമായിട്ടൊള്ളു എന്നുമാണല്ലോ. ഏകം എന്നതിനെ വേദ പ്രമാണത്തിന്റെ പിൻ ഫലത്തിൽ അദ്വൈതത്തെ വ്യഖ്യാനിക്കാനാണ് ശങ്കരാചാര്യർ ശ്രമിച്ചത്.ഗുരുവാകട്ടെ വേദ പ്രമാണത്തെ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത് . ഗുരുവിന് വ്യവഹാരിക ജീവിതം ഒരിക്കലും മിഥ്യയോ അസത്യമോ ആയിരുന്നുമില്ല.

ശങ്കരാചാര്യർ മായ വാദത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് വ്യവഹാരിക ലോകത്ത് ശൂദ്രന് ജ്ഞാനം നിഷേധിക്കുകയും ഉച്ചനീചത്വങ്ങളെ നിർലജ്ജം ന്യായികരിക്കുകയും ചെയ്തു .’ പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജ0രേ ശയനം’ എന്ന് കാവ്യത്മകമായി ഇതിനെ വെള്ളപൂശാനും ശ്രമിച്ചു .പാരമ്പര്യങ്ങളേയുംഅതുപോലെ മനുസ്മൃതി അടക്കമുള്ള സ്മൃതി പാരമ്പര്യങ്ങളേയും ശങ്കരാചാര്യർ ഉയർത്തിപ്പിടിച്ചു. സ്മൃതിയിലും ശ്രുതിയിലും അതിന്റെ ഉത്പന്നമായ വർണ- ജാതി വ്യവസ്ഥയിലും അഭിരമിക്കുകയും ചെയ്തു . അങ്ങിനെയുള്ള ഒരാളുടെ പിൻതുടർച്ചക്കാരനാണ് ഗുരു എന്ന് പറയുന്നത് ഒരു തരത്തിലും നീതിക്ക് നിരക്കുന്നതല്ല.
ശങ്കരനിൽ ജാതി കേറി മൂത്തുപോയെന്ന് നിശിതമായി വിമർശിക്കുകയും അപശൂദ്രാദികരണത്തെപ്പറ്റിയുള്ള ശങ്കരഭാഷ്യം തെറ്റാണെന്നും പറഞ്ഞ ആളാണ് ശ്രീ നാരയണ ഗുരു. സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ ഹൈന്ദവർ എന്ന് ഗുരു പരിഹസിച്ചതും നാം കണ്ടതാണല്ലോ. ഇങ്ങിനെ നോക്കുമ്പോൾ ഗുരുവിന്റെ ദാർശനിക നിലപാടിന്റെ അടിവേര് ശങ്കരാചാര്യരിൽ നിന്ന് വ്യത്യസ്തമാണെന്ന് കാണാം. അഭേദത്തിൽ വിശ്വസിക്കുകയും ഭേദചിന്തകളെ ഇല്ലാതാക്കാൻ പ്രയോഗിക രംഗത്തിറങ്ങുകയും ചെയ്ത ഗുരുവിന് പൊതുവിൽ അദ്വൈതവാദം സ്വീകാര്യമാകുന്നത് യുക്തിപരം തന്നെ. എന്നാൽ ഗുരു തനിക്ക് നിഷേധാത്മയമായി തോന്നിയതും കാലഹരണം വന്നതുമായ ആശയങ്ങളെ അത് ശങ്കരാചാര്യരുടേത് മാത്രമല്ല,നിഷേധിക്കാനും വിമർശിക്കാനും ഒരു മടിയും കാണിച്ചിട്ടില്ല . ഇതിന് മറ്റൊരു ദൃഷ്ടാന്തം യോഗയെ സംബന്ധിച്ചുള്ളതാണ്. യോഗ പരിശീലിക്കുകയും തന്റെ കുണ്ഡലിനി പാട്ട് എന്ന കൃതിയിൽ അത് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട് ഗുരു . എന്നാൽ പിന്നീടൊരിക്കൽ യോഗാഭ്യാസത്തെക്കുറിച്ച് സഹോദരൻ ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിന് മറുപടിയായി ഗുരു പറഞ്ഞത്, ആസനങ്ങൾ ശീലിച്ചാൽ നല്ല മലശോധന കിട്ടും എന്നാണ്. കൂട്ടത്തിൽ ചിരിച്ചു കൊണ്ടു് ഇതു കൂടി പറഞ്ഞു: “അതിത്രയും ബുദ്ധിമുട്ടാതെ സ്വൽപം ആവണക്കെണ്ണ കഴിച്ചാലും മതി .”
ഒരർത്ഥത്തിൽ സാമൂഹ്യ ചരിത്രത്തിലെ ആത്മീയ (ആദ്ധ്യാത്മികമല്ല) ജീവിതത്തിന്റെ ധനാത്മകമായ മുഴുവൻ പൈതൃകങ്ങളേയും അതിന്റെ മൂല്യങ്ങളേയും ഉൾക്കൊള്ളാൻ ശ്രമിച്ച ആളാണ് ഗുരു . ഒരോ ജനതയുടെയും ആത്മീയപൈതൃകത്തിൽ അന്തർഹിതമായിട്ടുള്ള മനുഷ്യസ്നേഹപരവും മതേതരവും ഭൗതികവുമായ സത്തയുടെ ആകെ തുകയായിരിക്കുമല്ലോ പ്രസ്തുത മൂല്യം. ചരിത്രത്തിലുടനീളം എല്ലാതരം അധീശത്വങ്ങളേയും ചെറുത്ത് നിന്ന ആ ആത്മീയ മൂല്യത്തെയാണല്ലോ ഗുരു തൊട്ടതും ഉയർത്തിപ്പിടിച്ചതും .

അവർണരുടെ ബ്രാഹ്മണിസം
……. ………………….. …………….

കേരളത്തിൽ ശ്രീനാരയണ ഗുരുവിന്റേയും അയ്യൻകാളിയുടേയും വൈണ്ഠസ്വാമികളുടേയും പണ്ഡിറ്റ് കറപ്പന്റേയും മറ്റും നേതൃത്വത്തിൽ നടന്ന നവോത്ഥാന സമരങ്ങൾ ജാതിയമായ വിവേചനങ്ങൾക്കെതിരായിരുന്നല്ലോ. ജാതിയമായ അതിരുകൾക്കും ജാതി അസ്തിത്വത്തിനും പുറത്തായിരുന്നു അവയുടെ ലക്ഷ്യങ്ങൾ.എന്നാൽ ഇന്ന് അടിച്ചമർത്തപ്പെട്ട ജാതികളെല്ലാം തന്നെ സവർണ ജാതികളെപ്പോലെ ജാതി അസ്തിത്വത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മുൻപ് ഇവക്കുണ്ടായിരുന്ന ജാതിവിരുദ്ധ കാഴ്ചപ്പാടും പരിവർത്തവാഞ്ചയും ഇന്ന് കൈ മോശം വന്നിരിക്കുന്നു. സവർണ ജാതികളെപ്പോലെ ദലിത്-പിന്നോക്ക ജാതികളും സങ്കുചിത ജാതി മഹാത്മ്യത്തിൽ അഭിരമിക്കുകയാണിന്ന്. ജാതിയെ വിമർശന രഹിതമായി പിന്തുടരുന്നതിന്റെ പരിണിത ഫലമാണിത്.
സംഘടനകൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല എന്ന കാഴ്ചപ്പാടായിരുന്നു ഗുരുവിന്റേത് .ഈ തത്വം അനുസരിച്ചാണ് ഗുരു യോഗം സ്ഥാപിച്ചത്.യോഗത്തിൽ ജാതിഭേദം നോക്കാതെ മുഴുവൻ ആളുകളേയും ചേർക്കണം എന്നാണ് ഗുരു ആഗ്രഹിച്ചത്. ആ നിർദ്ദേശം യോഗത്തിന് മുന്നിൽ വെക്കുകയു ചെയ്തു. ഗുരു ഇങ്ങിനെ എടുത്ത് പറഞ്ഞു: “സംഘടനയുടെ ഉദ്യേശം ഒരു വർഗക്കാരെ മാത്രം ചേർത്ത് ഒരു സമുദായത്തെ സൃഷ്ടിക്കാനാകരുത്.”എന്തിനേറെ പറയുന്നു ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ ശ്രീ നാരായണ പരിപാലന യോഗത്തെ ധനാഢ്യരായ ഇഴവ പ്രമാണിണിമാരും ആഡ്യന്മാരായ ബുദ്ധിജീവികളും ചേർന്ന് സമുദായ സംഘടനയാക്കി മാറ്റി. എന്തുകൊണ്ടെന്നാൽ ജാതി എന്നത് ഒരിക്കലും വ്യതിരിക്തതതകളില്ലാത്ത
വ്യക്തികളുടെ ഒരു സംഘമല്ലല്ലോ. സമ്പത്തിന്റെ കാര്യത്തിലായലും പദവിയുടെ കാര്യത്തിലായാലും അവർ തമ്മിൽ വ്യത്യാസം നിലനിൽക്കുന്നുണ്ട്. സാധരണക്കാരുടെ താൽപ്പര്യങ്ങളായിരിക്കില്ല ഉന്നത വർഗ്ഗ വിഭാഗങ്ങളുടേത് .ജാതിയെ അടിസ്ഥാനമാക്കിയുള്ള യോഗത്തിന്റെ പോക്ക് ഗുരുവിനെ ആഴത്തിൽ മുറിവേൽപ്പിക്കുകയുണ്ടായി.

ദുഖിതനായ ഗുരു ഇങ്ങിനെ പ്രസ്താവിച്ചു: “യോഗത്തിന്റെ നിശ്ചയങ്ങളെല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യമൊന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വർദ്ധിച്ചതുകൊണ്ടും മുമ്പേ തന്നെ മനസ്സിൽ നിന്നും വിട്ടിരിക്കുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു”.
ഇത് തെളിയിക്കുന്നത്
ജാതി അസ്തിത്വത്തിന് ജാതി ശ്രേണിയെ അതായത് ബ്രാഹ്മണിക്കൽ സാമൂഹ്യക്രമത്തെ നിരാകരിക്കാനാവില്ല എന്നാണ്. യോഗത്തിന്റെ അനുഭവം അതാണ് തെളിയിക്കുന്നത്‌ . ജാതിയെ ശക്തിപ്പെടുത്തുക എന്നതിനർത്ഥം ബ്രാഹ്മണിസത്തെ ശക്തിപ്പെടുത്തുക എന്നത് തന്നെയാണല്ലോ അർത്ഥം. ഇന്ന് ജാതികളോരോന്നും ഓരോ രാഷ്ട്രീയ യൂണിറ്റുകളായും മാറിയിരിക്കുന്നു .ഇത് കാര്യങ്ങളെ കുറെക്കൂടി
സങ്കീർമായിരുക്കുന്നു.

മലിനമായ വർണ- ജാതി വ്യവസ്ഥയോടുള്ള കലാപമായിരുന്നല്ലോ നവോത്ഥാന സമരങ്ങളുടെ അന്തസത്ത. ഇന്നത് പ്രതിലോമപരമായ ബ്രാഹ്മണിക്കൽ വ്യവസ്ഥയോടുള്ള കൂറായി അധ:പതിച്ചിരിക്കുന്നു. നവോത്ഥാനത്തിന്റെ മഹിതവും രചനാത്മകവുമായ മൂല്യം തീർത്തും ക്ഷയേന്മുഖമായിരിക്കുന്നു എന്നതാണിത് കാണിക്കുന്നത്.ഇത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ജാതിയെ പിന്തുടരുന്ന സാമൂഹ്യ-രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് അനിവാര്യമായും വന്ന് ചേരുന്ന പരിണിതിയാണിത് .ജാതിയെ ഉദ്ഗ്രന്ഥിക്കുന്ന നിലപാടുകളുടെ പ്രത്യയശാസ്ത്രതലം ബ്രാഹ്മണിക്കൽ ആശയസംഹിതയിൽ തന്നെയാണ് അന്തർലീനമായിരിക്കുന്നത്. കേരളത്തിന്റെ പിൻമടക്കത്തിന്റേയും സംഘപരിവാറിന്റെ ഉയർച്ചയുടേയും ആശയപരിസരം ഇവിടെയാണ് അന്വേഷിക്കേണ്ടത്.