ഒരു മാന്ദ്യകാലത്തെ ക്രയവിക്രയം

demonetization-queueപേരില്ലാ‍ത്ത ഒരു നഗരം. അവിടെ മാന്ദ്യത, അതായത് സാമ്പത്തിക മാന്ദ്യം ഒരു മൂടല്‍ മഞ്ഞുപോലെ മൂടിയിരുന്നു. ആരിലും ഒരുത്സാഹവും പ്രകടമായിരുന്നില്ല. ആളുകള്‍ പുകയില ചുരുട്ടി വലിച്ചും വിലകുറഞ്ഞ മദ്യം മരുന്നുപോലെ കഴിച്ചും ദിവസങ്ങള്‍ കഴിച്ചു കൂട്ടി. “മാന്ദ്യകാ‍ലത്ത് മന്താണ് മരുന്നിലും ഭേദം..” ചില മാന്ദ്യകാല ബ്ലോഗുകളില്‍ വന്ന പോസ്റ്റുകളുടെ തലക്കെട്ടുകള്‍ ഇങ്ങിനെയൊക്കെ ആയിരുന്നു!

കൂടുതല്‍ പറയാതെ നമ്മുടെ കഥയിലോട്ടു പോകാം. അങ്ങിനെ മാന്ദ്യത ആ നഗരത്തെ വലിഞ്ഞു മുറുക്കിയിരുന്നെന്ന് പ്രിയ വായനക്കാര്‍  അറിഞ്ഞിരിക്കുമല്ലോ. അവിടുത്തെ പ്രധാന ലോഡ്ജിന്റെ ഉടമ ശ്രീമാന്‍ ജോര്‍ജ്ജിന്റെ കൌണ്ടറിലേക്ക് നിങ്ങളെ ഞാന്‍ കൂട്ടിക്കൊണ്ടു പോകുന്നതില്‍ ദയവു ചെയ്ത് ആര്‍ക്കും ഒരു വിരോധവും എന്നോട് തോന്നിയേക്കരുത്. കാരണം അയാള്‍ വളരെ അസ്വസ്ഥനായി തന്റെ ലോഡ്ജിന്റെ കൌണ്ടറില്‍ ഒരു കാല്‍ക്കുലേറ്ററും പിടിച്ച് എന്തൊക്കെയോ കൂട്ടിയും കിഴിച്ചും ഇരിക്കുന്ന ഒരു സാഹചര്യത്തിലാണല്ലോ നിങ്ങളെ ഞാനവിടെ എത്തിച്ചിരിക്കുന്നത്! എന്തു ചെയ്യാം സഹിക്കുക. സാമ്പത്തിക മാന്ദ്യം കൊണ്ടാകാം അയാളവിടെയിരിക്കുന്നത്. അവിടെ ജോലിക്കു നിന്നയാളെ അയാള്‍ പിരിച്ചുവിട്ടിട്ട് അധിക നാളായിരുന്നില്ല!

അപ്രതീക്ഷിതമായി ഒരതിഥി അവിടെ എത്തുന്നു. ആരും വരാതെയിരുന്ന ആ ലോഡ്ജില്‍ ഒരാള്‍ എത്തിയതു കണ്ട് നമ്മുടെ ജോര്‍ജ്ജ് അത്യന്തം സന്തോഷവാനായി. വന്നയാള്‍ ഒരു പണക്കാരനായ റഷ്യാക്കാരനായിരുന്നു. വന്നപാടെ ഒരു നൂറു യൂറോ നോട്ടെടുത്ത് കൌണ്ടറില്‍ അയാള്‍ വച്ചു. ജോര്‍ജ്ജ് ആ നോട്ട് നിമിഷങ്ങള്‍ക്കകം കയ്യിലാക്കി!

“എനിക്കൊരു മുറി കിട്ടുമോ ഇവിടെ..?”

“പിന്നെന്താ..സാറു പോയി മുറികളെല്ലാം നോക്കൂ..ഞാനൊരു വെയിറ്ററെ കൂടെ പറഞ്ഞുവിടാമല്ലോ..”

“താങ്ക്യൂ..ഈ കാശു വച്ചോളൂ..പക്ഷേ എനിക്കു നിങ്ങളുടെ മുറികള്‍ ഇഷ്ടപ്പെട്ടെങ്കില്‍ മാ‍ത്രമേ ഞാനിവിടെ താമസിക്കുകയുള്ളു..”

“അതിനെന്താ വിഷമം..അങ്ങിനെ തന്നെ ആയിക്കോട്ടെ..”

റഷ്യാക്കാരന്‍ അങ്ങിനെ മുറികല്‍ കാണുവാനായി പോയി. ജോര്‍ജ്ജാകട്ടെ രണ്ടും കല്‍പ്പിച്ച് ആ നോട്ടുമെടുത്ത് തെരുവിലേക്ക് പാഞ്ഞു! അയാള്‍ നൂറു യൂറോ അടുത്തുള്ള ട്രാവല്‍ ഏജന്‍സി നടത്തുന്ന മാര്‍ട്ടിനു കൊടുക്കുവാനുണ്ടായിരുന്നു. മാന്ദ്യം മരവിപ്പിക്കുന്നതിനു മുമ്പ് പോര്‍ട്ടുഗലില്‍ പോയ ഇനത്തില്‍! കാശു കിട്ടിയപ്പോള്‍ മാര്‍ട്ടിനു വളരെ സന്തോഷമായി. അയാള്‍ നന്ദി പറഞ്ഞു. ജോര്‍ജ്ജ് തിരിച്ച് ലോഡ്ജിലേക്കു പോയി.

ജോര്‍ജ്ജു പോയതിനു തൊട്ടു പിന്നാലെ മാര്‍ട്ടിന്‍ ആ നൂറു യൂറോയുമായി തൊട്ടടുത്ത ഫോട്ടോഗ്രാഫര്‍ കം വീഡിയോഗ്രാഫറായ തോമസ്സിന്റെ കടയിലേക്കു ചെന്നു. തോമസ്സിന് മാര്‍ട്ടിന്‍ നൂറു യൂറോ കൊടുക്കുവാനുണ്ടായിരുന്നു. ട്രാവല്‍ പാക്കേജുകളുടെ വീഡിയോ സി.ഡി കള്‍ ഉണ്ടാക്കുന്ന വകയിലായിരുന്നു ആ കടം. തോമസ്സിന് മാര്‍ട്ടിനോടുള്ള സ്നേഹം ഈ കാശു കൊടുത്തതു വഴി ഇരട്ടിച്ചു എന്നു വേണമെങ്കില്‍ പറയേണ്ടി വരും! അതിനൊരു കാരണവും ഉണ്ടായിരുന്നു. അയാളുടെ വീടിന്റെ എതിരു വശത്തു താമസിക്കുന്ന ഇറച്ചിക്കടക്കാരന്‍ സ്മിത്തിന് ഒരു നൂറു യൂറോ അയാള്‍ കോടുക്കുവാനുണ്ടായിരുന്നു. അതിന്റെ പേരിലാവാം അയാളുടെ ഭാര്യ ഇപ്പോള്‍ നമ്മുടെ തോമസ്സിന്റെ ഭാര്യയെ നോക്കുന്ന രീതിയിലുള്ള ഒരു പ്രകടമായ മാറ്റം!  തോമസ്സിന്റെ ഭാര്യ ഇന്നലെയാണ് ഇക്കാര്യം അയാളോട് പറഞ്ഞത്! തോമസ്സ് നൂറു യൂറോയും കോണ്ട് സ്മിത്തിന്റെ കടയില്‍ ചെന്നു. സ്മിത്ത് ആ കാശ് വാങ്ങി പെട്ടിയിലിട്ടു. അയാള്‍ തോമസ്സിനോട് നീരസമൊന്നും കാട്ടിയില്ല. തോമസ്സിനു സമാധാനമായി.അയാള്‍ തിരിച്ചു പോയി.

തോമസ്സ് പോകുവാനായി കാത്തിരിക്കുകയായിരുന്നു സ്മിത്ത്. അപ്പുറത്തെ തെരുവിലുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കുമാറിന് അയാള്‍ നൂറു യൂറോ കൊടുക്കുവാനുണ്ടായിരുന്നു. മകള്‍ മിഷേല്‍ അവിടെയാണല്ലോ അവളുടെ ട്യൂഷനു പോകുന്നത്. കാശു കൊടുത്തില്ലെങ്കില്‍ ഇനി വരെണ്ടെന്ന് കുമാര്‍ അവളോട് പറഞ്ഞാലോ? അതു പാടില്ല. സ്മിത്ത് കുമാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെന്ന് ആ കാശ് അയാള്‍ക്കു കൊടുത്തു.

കുമാറിനു വളരെ സന്തോഷമായി. ഇതില്‍പ്പരം ഒരുപകാരം അയാള്‍ക്കൊരിക്കലും ഉണ്ടാകുന്നതെങ്ങിനെ? ജസ്റ്റീന അവിടെ പ്രശ്നമുണ്ടാക്കാനായി തുടങ്ങുകയായിരുന്നില്ലേ? ആരാണീ ജസ്റ്റീന? അവള്‍ ഒരു അഭിസാരിക ആയിരുന്നു. കുമാറിനല്ലാതെ ആര്‍ക്കെങ്കിലും അവളോടു കടം പറഞ്ഞു രക്ഷപെടാന്‍ കഴിയുമോ? സ്മിത്തു കാശുമായി അവിടെ വരുമ്പോള്‍ ജസ്റ്റീന അവിടെ ഉണ്ടായിരുന്നു. അവളെ എങ്ങിനെയെങ്കിലും പിരിച്ചു വിടുവാനായി കുമാര്‍ സര്‍വ്വ ദൈവങ്ങളെയും വിളിച്ചപേക്ഷിച്ചുകൊണ്ടിരിക്കുകയും ആയിരുന്നു. എന്തായാലും കുമാറിന്റെ പ്രശ്നം സോള്‍വായി. അയാള്‍ ജസ്റ്റീനക്ക് നൂറു യൂറോ കൊടുത്തു കടം തീര്‍ത്തു.

കുമാറിന്റെ കയ്യില്‍ നിന്നു കാശു കിട്ടിയപ്പോള്‍ ജസ്റ്റീനയുടെ മനസ്സു തണുത്തു. അവള്‍ക്ക് തന്റെ മാനം കൈവന്നതുപൊലെ തോന്നി. ലോഡ്ജുടമ ജോര്‍ജ്ജിന് കൊടുക്കുവാനുള്ള നൂറു യൂറോ ആയിരുന്നു അവളെ ഏറ്റവും അലട്ടിയിരുന്നത്. ഈ മാന്ദ്യ കാലത്ത്  ആരെയെങ്കിലുമൊക്കെ വലയിലാക്കി വാതിലില്‍ മുട്ടുമ്പോള്‍ തുറന്നു തരാറുള്ള ഒരു ഭവനമാണല്ലോ ജോര്‍ജ്ജിന്റേത്. ഇനി ഈ കടം കൊടുക്കാന്‍ താമസിച്ചാല്‍ ജോര്‍ജ്ജ് തന്റെ ഭവനം അവളുടെ മുമ്പില്‍ കൊട്ടിയടക്കുമോ എന്നവള്‍ തീര്‍ച്ചയായും ഭയപ്പെട്ടിരുന്നു.

ജസ്റ്റീന നൂറു യൂറോയുമായി പെട്ടെന്ന് ജോര്‍ജ്ജിന്റെ ലോഡ്ജില്‍ എത്തി. ജോര്‍ജ്ജ് ആ നോട്ട് അവളുടെ കയ്യില്‍ നിന്നും വാങ്ങിയപ്പോള്‍ത്തന്നെ നമ്മുടെ റഷ്യാക്കാരന്‍ മുറികളെല്ലം കണ്ടുതീര്‍ത്ത് കൌണ്ടറില്‍ മടങ്ങി വന്നിരുന്നു.

“ക്ഷമിക്കണം..നിങ്ങളുടെ മുറികളൊന്നും എനിക്കിഷ്ടമായില്ല..”

“അതിനെന്താ..ഇതാ നിങ്ങളുടെ നൂറു യൂറോ..വേറെ മുറി എങ്ങും കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും ഇവിടെ വരാം..”

“തീര്‍ച്ചയായും”

കാശും വാങ്ങി മടങ്ങുമ്പോള്‍ റഷ്യക്കാരന്‍ പറഞ്ഞു.

അങ്ങിനെ ആ നൂറു യൂറോ  മാന്ദ്യതയില്‍ അമര്‍ന്നിരുന്ന ഒരു കൂട്ടം ആളുകളുടെ കടങ്ങള്‍ തീര്‍ത്തു!

An internet story with added imagination.