ലിംഗമാറ്റ ശാസ്ത്രക്രിയയിലെ പിഴവുമൂലം ആത്മഹത്യ ചെയ്ത ട്രാൻസ്‌ജെൻഡർ അനന്യയുടെ മരണം കൊലപാതകം തന്നെയാണ്

0
315

വാർത്ത : ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാന്‍സ് യുവതി അനന്യ ആത്മഹത്യ ചെയ്തു.

ഷിജിൽ വലിയവളപ്പിൽ എഴുതിയത്

അനന്യ ആത്മഹത്യ ചെയ്തിരിക്കുന്നു… സാങ്കേതികമായി അത് ആത്മഹത്യ ആണെങ്കിലും ഇവിടുത്തെ വ്യവസ്ഥിതിയുടെ പിടിപ്പുകേടു കൊണ്ട് ഉണ്ടായ കൊലപാതകമാണെന്ന് പറയേണ്ടിവരും. നമ്മളെല്ലാം അടങ്ങുന്ന ഈ സമൂഹത്തിന് ധാർമികമായി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയും വരും.
സ്വന്തം വ്യക്തിത്വം സമൂഹത്തിനു മുൻപിൽ തെളിയിക്കാനുള്ള പോരാട്ടങ്ങളാണ് ഓരോ ട്രാൻസ് വ്യക്തിയുടെയും ജീവിതം. ചിലർ അതിജീവിക്കും ചിലർ പാതിവഴിയിൽ അവസാനിക്കും. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഭരണകൂടത്തിൽ നിന്നും ഒക്കെ പ്രതികൂലമായ അനുഭവങ്ങൾ മാത്രം ഉണ്ടായിട്ടും അതിനെയൊക്കെ അതിജീവിച്ച് പോരാടി തോൽപ്പിച്ച് കടന്നു വരുന്നവരാണ് നമ്മുടെ മുമ്പിൽ പുഞ്ചിരിയോടെ നിൽക്കുന്ന ബഹുഭൂരിപക്ഷം ട്രാൻസ്ജെൻഡർ വ്യക്തികളും.

May be an image of 1 person, jewellery and textഅനന്യയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്യാൻ സർക്കാർ ഹോസ്പിറ്റലും സംവിധാനങ്ങളും ഇല്ലാത്തതുകൊണ്ടാണ് റിനൈ മെഡിസിറ്റി പോലുള്ള ഒരു സ്വകാര്യ ആശുപത്രിയെ അനന്യയ്ക്ക് ആശ്രയിക്കേണ്ടി വന്നത്. ട്രാൻസ്ജെൻഡർ പ്രശ്നങ്ങൾക്ക് വേണ്ടി ഒരു കമ്മീഷൻ പോലും നമ്മുടെ നാട്ടിൽ ഇല്ല. അതിനുവേണ്ടി സർക്കാർ സംവിധാനങ്ങൾ രേഖകളിൽ നാമമാത്രമായി ഉണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ ഒരു പരിഗണനയും ആർക്കും കിട്ടാത്ത അവസ്ഥയാണ്.

അതിനേക്കാൾ വലിയ പ്രശ്നം പൊതു സമൂഹത്തിന്റെ മനോഭാവമാണ്. എന്താണ് ജെൻഡർ വൈവിധ്യം എന്നു തിരിച്ചറിയാനുള്ള ശേഷി പോലും ഭൂരിപക്ഷം പേർക്കും ഇവിടെയില്ല. വിദ്യാഭ്യാസ സംവിധാനം പോലും ആ രീതിയിൽ പരുവപ്പെടുത്തിയില്ല. കുട്ടികൾക്കും അധ്യാപകർക്കും നിയമപാലകർക്കും വകുപ്പു മന്ത്രി മാർക്ക് പോലും കൃത്യമായ അവബോധം ഇല്ലായ്മയാണ് നമ്മുടെ നാടിന്റെ പ്രധാന പ്രശ്നം.

റിനൈ മെഡിസിറ്റിയിലെ ഡോക്ടർ അർജുൻ അശോകൻ തനിക്ക് അനന്യയുടെ SRS ബോട്ടം സർജറി ചെയ്യുന്നതിനിടെ പിഴവ് പറ്റിയെന്ന് സമ്മതിച്ചിരുന്നു എന്നാണ് അനന്യ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. സർജറിക്ക് ശേഷം അടുത്ത ആരോഗ്യപ്രശ്നങ്ങളാണ് അനന്യയ്ക്ക് ഉണ്ടായത്. നേരെ നിൽക്കാൻ പോലും അനന്യ ബുദ്ധിമുട്ടിയിരുന്നു എന്ന് അഭിമുഖങ്ങളിൽ പറഞ്ഞു കേട്ടു. ശാരീരികമായും ഒരു ട്രോമ യിലൂടെ കടന്നു പോയ അവർക്ക്‌ മുകളിലെ അടുത്ത വെല്ലുവിളി സാമ്പത്തികപ്രതിസന്ധി ആയിരുന്നു. ജോലി ചെയ്തു ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ കയ്യിൽ കാശും ഇല്ലെങ്കിൽ ഒരു ട്രാൻസ്ജെൻഡർ നമ്മുടെ നാട്ടിൽ എന്ത് ചെയ്യാനാണ്? അതുതന്നെയാണ് അനന്യ ചെയ്തത്.

***

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യയുടെ മരണം വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. 

അനന്യയുടെ വാക്കുകൾ :-
“വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന് 28വയസുള്ള ട്രാന്സ്‌ജെന്ഡര് യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന് നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില് കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്ക്കാന് പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില് നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില് പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നു. പ്രധാനമായും ഡോ.അര്ജുന് അശോകനെന്ന സര്ജനാണ് 2020 ജൂണ് 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില് ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല് നെഗ്ലിജന്സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില് പരാജയപ്പെട്ട് ഗുരുതര പ്രശ്‌നം നേരിടുന്ന മറ്റ് പലരും ഉണ്ട്.”
കേരളം കൃത്യമായി ചർച്ച ചെയ്യേണ്ട ഗുരുതര പ്രശ്നമാണിത്.. അനന്യ ഇത്തരത്തിൽ ഒരു മെഡിക്കല് നെഗ്ലിജന്സ് നേരിടുന്ന ആദ്യത്തെ ട്രാൻസ്ജൻഡർ അല്ല.. സർക്കാർ, ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണം..
ഒരു ഹാഷ്ടാഗിൽ ഒതുങ്ങി തീരേണ്ട ഒന്നല്ല ഇത്.. കടുത്ത പ്രതിഷേധം ഉയരണം ഈ വിഷയത്തിൽ.
***

 

Kerala Assembly Elections 2021 | Anannyah on a historic mission - The Hindu
അനു പാപ്പച്ചൻ എഴുതിയത്

ശരീരം കൊണ്ടും മനസുകൊണ്ടും വേദനകളെ അതിജീവിക്കാൻ ശ്രമിച്ച് ഇത്രയധികം പോരാട്ടം നടത്തിയ അനന്യയാണ് ആത്മഹത്യ ചെയ്തത്. ഒന്നാലോചിച്ചു നോക്കൂ.എന്തൊരു മിടുക്കിയായിരുന്നു!, നല്ല വൊക്കാബുലറിയും ഉച്ചാരണ ശുദ്ധിയും ഭാഷാ പ്രാവീണ്യവും. അവതാരകയായി, കേരളത്തിലെ ആദ്യത്തെ ട്രാൻസ് RJയായി, മേക്കപ്പ് ആർട്ടിസ്റ്റായി അവിടെയും കഴിവ് തെളിയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ ട്രാൻസ് സ്ഥാനാർത്ഥിയായി ശ്രമം നടത്തി പൊതുരംഗത്തും സജീവമായി.അങ്ങനെ പ്രതിഭ കൊണ്ടും പരിശ്രമം കൊണ്ടും നിരന്തരം യത്നിച്ച് തന്നെ മുന്നോട്ടു സഞ്ചരിച്ചവളാണ് അനന്യ അലക്സ്.അവർ സൂയിസൈഡ് ചെയ്തു എങ്കിൽ നമ്മൾ അവരോട് ചെയ്യുന്നത് ദാക്ഷിണ്യമില്ലാത്ത ക്രൈം ആണ് .

റെനേ മെഡിസിറ്റിയിൽ ഒരു വർഷം മുമ്പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച അപാകതകളെ കുറിച്ചും അതിന്റെ അതിഭീകരമായ പാർശ്വഫലങ്ങളെ കുറിച്ചും അവർ പങ്കുവക്കുന്നത് മജ്ജയും മാംസവുമുള്ള മനുഷ്യർക്ക് കേട്ടു നില്ക്കാനാവില്ല. കുത്തുവാക്കുകളും അപമാനങ്ങളും സഹിച്ചാണ് ട്രാൻസ്മനുഷ്യർ ഈ സമൂഹത്തിൽ കഴിയുന്നത്. അതിനെയെല്ലാം വല്ല വിധേന അതിജീവിച്ച്, തങ്ങൾക്ക് ഇഷ്ടമുള്ള ശാരീരിക നിലയിൽ സ്വത്വബോധത്തോടെ കഴിയാനായി പിച്ച തെണ്ടി , കിട്ടുന്ന ജോലികൾ ചെയ്താണ് ശസ്ത്രക്രിയക്കെത്തുന്നത്.പ്രതീക്ഷിച്ചതിലും പണം ചെലവാകുന്നു. എന്നിട്ടും ഫലമില്ല എന്നു മാത്രമല്ല, ദുരന്തവും.

സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ പറ്റുന്നില്ല, ചന്തികുത്തി ഇരിക്കാൻ വയ്യ,,ഒന്ന് മൂത്രമൊഴിക്കാൻ പോലും വയ്യ, സാനിറ്ററി പാഡുകളിലെ ജീവിതം, ( അത് വാങ്ങാൻ പോലും പൈസയില്ല) വെട്ടിക്കീറിയ സ്വകാര്യ ഭാഗങ്ങളുടെ കാഴ്ച പോലും അസഹനീയം…എന്നിങ്ങനെ നമുക്ക് ആലോചിക്കാൻ കഴിയാത്ത ഭയാനകമായ ജീവിതമാണ് അനന്യ പങ്കുവച്ചത്. അപ്പോൾ പോലും നീതി കിട്ടണം എന്ന ധീരമായ ശബ്ദം, വേദനയിലും ഉയർത്തിയവളെയാണ് ,പൊരുതിയവളെയാണ് സ്വയംഹത്യയിലേക്ക് തള്ളിയിട്ടത്.

ചെത്തിക്കളഞ്ഞിട്ടല്ലേ, നന്നായിപ്പോയി എന്ന് പരിഹസിക്കുന്ന ക്രൂര സമൂഹത്തിലാണ് താനെന്നറിഞ്ഞിട്ടുംസ്വന്തം അസ്തിത്വത്തിനു വേണ്ടി നില നിന്നവളാണ് അനന്യ. തീർച്ചയായും നമുക്ക് ഉത്തരവാദിത്തമുണ്ട്.എന്തായിരുന്നു സംഭവിച്ചത്? എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത്?ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങൾ, നല്കിയ മരുന്നുകൾ, തുടർ ചികിത്സകൾ ഇതെല്ലാം പുറത്തു വരേണ്ടതുണ്ട്. മുൻപുള്ള പലർക്കുമെന്ന പോലെ അനന്യക്കും നീതി കിട്ടാതെ പോയി. ഇനിയും മറ്റൊരു അനന്യ ഉണ്ടാകരുത്.

ഇത്തരം സങ്കീർണ്ണമായ ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ട പരിശീലനവും സജ്ജീകരണങ്ങളും ഇവിടെ ഉണ്ടോ എന്ന് ബന്ധപ്പെട്ടവർ പരിശോധിച്ച് ഉറപ്പ് വരുത്തി അംഗീകാരം കൊടുത്താൽ മാത്രമേ, ദുരന്തം ആവർത്തിക്കാതിരിക്കൂ. പരാതികളിന്മേൽ അന്വേഷണങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ​പല തരത്തിൽ പാർശ്വവല്ക്കരിക്കപ്പെട്ട മനുഷ്യരാണ്,ശരീരവും മനസും ദുർബലമായ ഒരവസ്ഥയിൽ പരീക്ഷണ വസ്തുക്കളാക്കരുത്, മറ്റാരേക്കാളും നീതി അവർക്കു അവകാശപ്പെട്ടതാണ്.

**

ആദി എഴുതിയത്

ഇത് എഴുതാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.കഴിഞ്ഞ മാസമാണ് ട്രാൻസ് സ്ത്രീയായ ശ്രീധന്യയെ വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ശ്രീധന്യയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. അയൽവാസികളായ സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നതെന്നാണ് അറിഞ്ഞത്. പോലീസ് അന്വേഷണത്തിൽ ശ്രീധന്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. ശ്രീധന്യയുടെ മരണത്തിന്റെ ഉത്തരവാദിയായി സ്റ്റേറ്റിനെ ആരും കുറ്റപ്പെടുത്തുകയില്ല. കോവിഡ് കാലം എത്ര രൂക്ഷമായാണ് ക്വിയർ മനുഷ്യരെ ബാധിച്ചിരിക്കുന്നതെന്ന് ആരും ചർച്ച യ്ക്കെടുക്കുകയുമില്ല.
ഇന്ന്,അനന്യയുടെ മരണവാർത്ത കേൾക്കുമ്പോൾ വീണ്ടും ഞെട്ടിപ്പോകുന്നുണ്ട്. ഈ മരണം തികച്ചും അപ്രതീക്ഷിതമാണ്. അനന്യ ( Anannyah Kumari Alex ) വളരെ ബോൾഡായിരുന്നുവെന്നേ എനിക്കറിയൂ. 2019 ലെ ക്വിയർ പ്രൈഡ് ആംഗർ ചെയ്യുന്ന അനന്യയെയാണ് ആദ്യം ഞാൻ കാണുന്നത്.

കുറച്ച് ദിവസം മുന്നേ രാത്രി,ക്ലബ് ഹൗസ്സിൽ അനന്യയുള്ള ഒരു ചർച്ച കേട്ടത്. അനന്യയുടെ സർജറിയിൽ വന്ന വീഴ്ച്ചകളെ കുറിച്ചാണ് അനന്യ സംസാരിച്ചത്.മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റുന്നില്ലെന്നും,വല്ലാത്ത വേദനയാണെന്നും അനന്യ പറഞ്ഞു. സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി. വളരെ ഭീകരമായിരുന്നു അത്.എത്ര കഷ്ടപ്പെട്ടാകും അവർ ഈ സർജറിക്കായുള്ള പണമുണ്ടാക്കിയത് ? എന്നിട്ടും വേണ്ട വിധത്തിലുള്ള റിസൾട്ട് അവർക്ക് കിട്ടിയില്ല. അനന്യയുടെ അനുഭവങ്ങൾ ഞെട്ടിച്ചുകളയുന്നുണ്ട്. അതിലേറെ ഞെട്ടിയത്, ചില ക്വിയർ ആക്ടിവിസ്റ്റുകൾ ചർച്ചയിൽ അനന്യയോട് ചോദിക്കുന്ന ചോദ്യങ്ങൾ കേട്ടിട്ടാണ്.സർജറിയ്ക്ക് ശേഷം അനന്യ നേരിടുന്ന പ്രയാസങ്ങൾ കേട്ടിട്ടും,ആശുപത്രിയെയും സർജറി ചെയ്ത ഡോക്ടറെയും ന്യായീകരിക്കുന്ന പോലെയാണ് ആദ്യ ഘട്ടത്തിൽ “ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിലൊ”ക്കെയുള്ള ഒരു ആക്ടിവിസ്റ്റ് സംസാരിച്ചത്. അനന്യ ഈ വിഷയം ഉയർത്തിയതിനാൽ Sex Reassignment Surgery ചെയ്യുന്നതിൽ നിന്ന് പ്രസ്തുത ആശുപത്രിയും അർജുൻ ഡോക്റ്ററും വിട്ടുനിൽക്കുകയാണെന്നും ഇത് മറ്റ് ട്രാൻസ് മനുഷ്യരെ കൂടി കഷ്ടത്തിലാക്കിയുമെന്നാണ് ഈ ആക്ടിവിസ്റ്റ് പറഞ്ഞത്.

വളരെ ശക്തമായ അടിത്തറയുള്ള സിസ്-ഹെറ്ററോനോർമാറ്റീവായ ഒരു വ്യവസ്‌ഥയെ ന്യായമായും ചോദ്യംചെയ്യേണ്ടതുണ്ട്. അതോടൊപ്പം, ‛ഒറ്റ വ്യക്തികളെന്ന’ നില വിട്ട് പരസ്പരം കുറെകൂടി കരുതലോടെ അന്യോന്യം സഹകരിക്കാൻ നമ്മൾക്ക് കഴിയേണ്ടതില്ലേന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
അനന്യയുടെ ആത്മഹത്യയിൽ എല്ലാവർക്കും പങ്കുണ്ടെന്നേ എനിക്കിപ്പോൾ പറയാൻ പറ്റൂ.
അനന്യയ്ക്ക് വേണ്ടി മെഴുകുതിരി കത്തിക്കാൻ ഞാനില്ല. അനന്യ ഉയർത്തിവിട്ട പ്രശ്നം പരിഹരിക്കപ്പെട്ടാൽ മാത്രമേ അവരുടെ മരണത്തോടെങ്കിലും നീതി കാണിക്കാനാകൂ. ഇവിടെ ആ നീതി വളരെ എളുപ്പം അവർക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. റെനേ മെഡിസിറ്റിയും ഡോ.അർജുൻ അശോകും അടങ്ങുന്ന മെഡിക്കൽ സമൂഹവും കണക്ക് പറയേണ്ടതുണ്ട്,ലജ്ജിക്കേണ്ടതുണ്ട്;അവർ മാത്രമല്ല.

**

ജീവിതം പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു കൊണ്ടിരുന്ന ഒരാൾ ഒരു ദിവസം തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നത് എത്ര ഞെട്ടിപ്പിക്കുന്നതാണ് !ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഇത്ര വലിയ പിഴവുകളാണോ കേരളത്തിൻ്റെ ആരോഗ്യമേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ആണെങ്കിൽ ട്രാൻസ്ജെൻഡർ സൗഹൃദമെന്ന് കൊട്ടിഘോഷിക്കുന്ന സമൂഹത്തിൽ ഇതുപോലെ മറ്റ് ശസ്ത്രക്രിയ പിഴവുകളും തുടർ ദുരന്തങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നോ ? പരാതികളും അന്വേഷണങ്ങളുമൊന്നും വേണ്ടേ ? സ്വകാര്യ മേഖലയിലെ ഈ ശസ്ത്രക്രിയകളെക്കുറിച്ച് ആരോഗ്യ വകുപ്പിന് പൂർണ ബോധ്യമുണ്ടോ ?

എത്ര ചോദ്യങ്ങളാണ് അനന്യ ദ ക്യൂവിൻ്റെ വീഡിയോയിൽ ബാക്കി വച്ച് പോയിരിക്കുന്നത് !! ഇതിനൊന്നും ഉത്തരം കിട്ടുന്നതിനും മുമ്പേ , സഹായം കിട്ടുന്നതിനും മുമ്പേ ജീവിതം അവസാനിപ്പിക്കാൻ തോന്നിയോ അനന്യക്ക് ?പേരെടുത്ത് പറഞ്ഞ് ഡോക്ടറുടേയും ആശുപത്രിയുടേയും ചികിത്സാപ്പിഴവ് ജനങ്ങളുടെ മുന്നിലെത്തിച്ചിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല, ഭയപ്പെടുത്തുന്നു ഈ മരണം .ആത്മഹത്യയെങ്കിൽ പോലും കാര്യകാരണങ്ങളടക്കം കൃത്യമായി അന്വേഷിക്കണം . ലോക്കൽ അന്വേഷണത്തിൽ ഒതുക്കി തീർക്കാവുന്നതിനപ്പുറമുള്ള തലമാണ് .

May be an image of 2 people, beard and outdoors
(അനന്യ അച്ഛനൊപ്പമുള്ള ചിത്രമാണ്)

***

Deedi Damodaran എഴുതിയത്

അനന്യ ദു:ഖിപ്പിക്കുന്നു. ഇനി ഒരു ഒക്ടോബർ 6 ന് അർദ്ധരാത്രി പിറന്നാൾ പങ്കുവയ്ക്കാൻ അനന്യ വിളിക്കില്ല. അവസാനമായി കാണുന്നത് അവൾ അവതാരകയായി എത്തിയ ഐ.എഫ്.എഫ്.കെ.യുടെ തലശ്ശേരി എഡീഷനാണ്. എന്തൊരു തലയെടുപ്പായിരുന്നു ഇഷ്ടമുള്ള പണിയെടുത്ത് ജീവിക്കാനാവുന്നതിൻ്റെ സ്വാതന്ത്ര്യത്തിന് . വാക്കുകളുടെ ആ പ്രവാഹത്തിന്. ഓർമ്മയിൽ സൂക്ഷിക്കാൻ ഈ നിമിഷവും സമ്മാനിച്ചാണ് പിരിഞ്ഞത് .

May be an image of 1 personമനസ്സ് ആഗ്രഹിച്ച പോലെ ശരീരത്തെ പാകപ്പെടുത്താനുള്ള യത്നങ്ങളെ എന്താണ് അസാധ്യമാക്കുന്നത് ?എന്തിനാണ് അതിജീവിക്കാനായി സ്വന്തം ജീവിതം കൊണ്ട് പോരാടുന്ന മനുഷ്യജീവികളെ പിടിവള്ളികൾ അറുത്ത് ഇങ്ങിനെ ഇല്ലാതാക്കുന്നത് ?

ആത്മാഭിമാനത്തോടെ പണിയെടുത്ത് ജീവിച്ചു കാണിച്ചു തന്നതാണവൾ.കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻ്റർ റേഡിയോ ജോക്കിയായും അവതാരകയായും നിയമസഭയിലേക്ക് മത്സരിച്ച ആദ്യത്തെ ട്രാൻസ്ജെഡർവനിതയായും അനന്യ ഒരു പ്രതീക്ഷയായിരുന്നു. അതാണ് തല്ലികെടുത്തപ്പെട്ടത് . പരാജയപ്പെട്ട സർജറി ഒരു കേവല മെഡിക്കൽ നെഗ്ലിജൻസ്ല്ലെന്ന വേദനയാണ് അവളെ കൊന്നത്. അനന്യ നീതി അർഹിക്കുന്നു. മരണാനന്തരമെങ്കിലും അവൾക്ക് നീതി കിട്ടിയില്ലെങ്കിൽ അതൊരു സമൂഹമെന്ന നിലക്ക് നമ്മുടെ പരാജയമാണ്. ട്രാൻസ് ജെൻ്റർസമൂഹം നീതി അർഹിക്കുന്നു. ജീവിക്കാനുള്ള അവരുടെ അവകാശ നിഷേധം അവർക്ക് മേൽ പതിയുന്ന അശ്രദ്ധമായ കത്തികളാലുള്ള നിഷ്ഠൂരമായ കൊലപാതകങ്ങൾ തന്നെയാണ്. അവളുടെ അവസാനത്തെ ഇൻറർവ്യൂവിലെ വാക്കുകൾ കേട്ടു നിൽക്കാവാത്തത്ര വേദനയുളവാക്കുന്നതാണ്. കൊത്തിത്തറയ്ക്കപ്പെട്ട ശരീരത്തിൻ്റെയും മനസ്സിൻ്റെയും നിലവിളിയാണത്. കുറ്റകരമായ മെഡിക്കൽ നെഗ്ലിജൻസ് വിചാരണ അർഹിക്കുന്നു. ആ അവസ്ഥ അവൾക്കുണ്ടാക്കിയതിൽ നമ്മുടെ ലോകം തല താഴത്തേണ്ടതുണ്ട്.ഇനി വരുംഓരോ പിറന്നാളും അന്യനയുടെ ആശംസ പങ്കിടാനാവാത്തതിൻ്റെ വേദന കൂടിയാവും. വിട അനന്യ .

Photo courtesy: Anannyah Kumari Alex

***

അനന്യയുടെ ജീവനെടുത്തത് കൊച്ചിയിലെ റിനൈ മെഡിസിറ്റി തന്നെ..

Jomol Joseph എഴുതിയത്

അനന്യക്ക് ആദരാഞ്ജലികൾ, അനന്യയുടെ മരണത്തിനു കാരണമായവരെ നിയമത്തിന് മുന്നിലെത്തിക്കുകയും അവരെ സമൂഹത്തിനുമുന്നിൽ തുറന്നു കാണിക്കുകയും വേണം.കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും, കേരള നിയമഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ ആദ്യ ട്രാൻസ്‌ജെൻഡർ പ്രതിനിധിയും, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും ആയ അനന്യയെ അവരുടെ കൊച്ചിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി..

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത് പരാജയമായിരുന്നു എന്നും, മെഡിക്കൽ നെഗ്‌ളിജൻസ് കാണിച്ച ഡോക്ടർ മൂലം അനന്യ നിരവധി ശാരീരിക പ്രശ്നങ്ങളിലൂടെ കടന്നു പോകുകയും, അവളുടെ ഈ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമായവർക്കെതിരായി അവൾ നിരന്തരം പോരാടി വരികയും ആയിരുന്നു. അനന്യയുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ, അനന്യയുടെ സർജറിയിൽ സംഭവിച്ച പിഴവിനെ കുറിച്ച് പറയുന്നു. എന്നാൽ ഏത് ആശുപത്രിയെന്നോ, ഏതു ഡോക്ടറുടെ നെഗ്‌ളിജൻസ് എന്നോ പറയാൻ തയ്യാറാകുന്നില്ല.

2020 ജൂൺ മാസം അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത് കൊച്ചിയിലെ റിനൈ മെഡിസിറ്റിയിൽ ആണ്. പ്ലാസ്റ്റിക് സർജറി ചെയ്ത ഡോക്ടരുടെ പേര് Dr. അർജുൻ അശോകൻ എന്നാണ്. മെഡിക്കൽ ഡയറക്ടർ ആയ Dr. കൃഷ്ണനുണ്ണിയുടെ മുന്നിൽ നിരവധി തവണ അവൾ പരാതിയുമായി എത്തി. അവളുടെ പരാതിക്കൊ, അവളുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കോ പരിഹാരം കാണാൻ ശ്രമിക്കാത്ത റിനൈ മെഡിസിറ്റി എന്ന ആശുപത്രിയും, അവിടത്തെ ഡോക്ടർ അർജുൻ അശോകനും മെഡിക്കൽ ഡയറക്ടർ കൃഷ്ണനുണ്ണിയും ഒക്കെ തന്നെയാണ് അവളുടെ മരണത്തിന് ഉത്തരവാദികൾ.

May be an image of 1 person, standing and outdoors

സർക്കാർ കൃത്യമായ ഇടപെടലും അന്വേഷണവും നടത്തി അനന്യക്ക് നീതി നൽകാൻ തയ്യാറാകണം. ആശുപത്രിയിൽ നിന്നും ഡോക്ടറിൽ നിന്നും അവൾ നേരിട്ട ക്രൂരതകൾ അവൾ ഫേസ്ബുക്കിൽ നിരന്തരം കുറിച്ചിട്ടുണ്ട്. അതവളുടെ മരണമൊഴികളായി കണക്കാക്കണം. അല്ലാത്തപക്ഷം ഇനിയും ആ സമൂഹത്തിലെ നിരവധി ആളുകളുടെ ജീവിതത്തിന് ആ ആശുപത്രി വെല്ലുവിളിയായി മാറും..
അനന്യക്ക് ആദരാഞ്ജലികൾ 😓