സമൂഹത്തിൽ ഏറെ വെല്ലുവിളികൾ നേരിടുന്ന ഒരു വിഭാഗമാണ് ട്രാന്സ്ജെന്ഡറുകൾ.കഴിഞ്ഞ ദിവസം ഷാലു എന്നൊരു ട്രാൻസ്‌ജെൻഡർ വ്യക്തി കോഴിക്കോട് കൊല്ലപ്പെട്ടിരുന്നു. ഈ അവസരത്തിൽ ആണ് സുകന്യ കൃഷ്ണ (Sukanyeah Krishna)എന്ന ട്രാൻസ്‌ജെൻഡർ തന്റെ ഒട്ടനവധി ആശങ്കകൾ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് . പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

======

എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ മൂന്ന് ട്രാൻസ്‌ജെന്റർ വ്യക്തികൾ പൊതുയിടങ്ങളിൽ കൊല്ലപ്പെട്ടു എന്ന് കൂടി പറയുമ്പോൾ ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങൾക്ക് ബോധ്യമാകും.

ലോക ട്രാൻസ്‌ജെന്റർ ദൃശ്യതാ ദിനമായ മാർച്ച് 31ന്, നമ്മുടെ കൊച്ചു കേരളത്തിലെ കോഴിക്കോടുള്ള മാവൂർ റോഡിന് സമീപം ഒരു ട്രാൻസ്‌ജെന്റർ വ്യക്തി കൂടി കൊലചെയ്യപ്പട്ടിരിക്കുന്നു. നിസ്സാരം… ആലുവയിൽ കൊല്ലപ്പെട്ട ഗൗരിയുടെയും കൊല്ലത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകൾക്കൊപ്പം ഒരു പേര് കൂടി… ശാലു.

എന്നോട് ചോദിച്ചാൽ, മരണപ്പെടുന്നവർ ഭാഗ്യം തുണച്ചവർ എന്നുപോലും ഞാൻ പറഞ്ഞുപോയേക്കാം. അത്രത്തോളം ദുഷ്കരമാണ് ഇവിടെ അതിജീവിച്ച്, നിലനിന്ന് പോകുവാൻ. വേട്ടയാടപ്പെടുന്നവരാണ് ഞങ്ങൾ, അധികാരവർഗ്ഗത്തിനാലും സമൂഹത്തിനാലും എന്തിനേറെ പറയുന്നു… നിയമപാലകരാൽ പോലും…

മരണത്തോടെ എല്ലാ വേദനകളും ഇല്ലാതാകുമെന്ന് പറയുന്നത് ഞങ്ങളുടെ കാര്യത്തിലാണ് അന്വർത്ഥമാകുന്നത്. ഓരോ ദിവസവും ഒരു ട്രാൻസ്‌ജെന്റർ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വേദനകൾ ചെറുതൊന്നുമല്ല. സമൂഹം പോലും പലപ്പോഴും വേട്ടക്കാരന്റെ കുപ്പായമണിയുന്നു എന്നത് അതീവ ദുഃഖകരമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ വന്നതാണെന്ന് ആരോപിച്ച്, തിരുവിതാംകൂർ രാജ്യത്തിൽ ദുർബലയായ ഒരു ട്രാൻസ് വ്യക്തിയെ ആൾക്കൂട്ടം മർദ്ദിച്ച് ജീവച്ഛവമാക്കിയിട്ട് കാലം ഏറെയായിട്ടില്ല.

കൊച്ചീരാജ്യത്ത് ഒരു ബസ് കാത്തുനിൽക്കാൻ പോലും ഒരു ട്രാൻസ്‌ജെന്റർ ഭയക്കേണ്ട അവസ്ഥയാണ്. “ആറ് മണിക്ക് ശേഷം ഒരു ട്രാൻസ്ജെന്ററിനെയും നഗരത്തിൽ കണ്ടുപോകരുത്.” എന്നാണ് ദിവാൻ പേഷ്കാർ അനന്തലാലും വൈസ്‌റോയ്‌ ലാല്ജിയും സംയുക്തമായി ട്രാൻസ്ജെന്ററുകൾക്കെതിരെ പുറപ്പെടിച്ചിരിക്കുന്ന തീട്ടൂരം. ആറ് മണിക്ക് ശേഷം ഒരു ട്രാൻസ്‌ജെന്റർ നഗരത്തിലേക്കിറങ്ങിയാൽ അത്, “മറ്റേപ്പണിക്കാണ്…” എന്നാണ് ഇരുവരുടെയും കണ്ടെത്തൽ.

എന്തിനധികം പറയുന്നു… ട്രാൻസ് വ്യക്തികളുടെ കുടുംബാംഗങ്ങളെ വരെ ഇവർ വേട്ടയാടുന്നു. ട്രാൻസ്ജെന്ററായ സ്വന്തം സഹോദരിയെ കാണാൻ അവളുടെ ലോഡ്ജ് മുറിയിൽ എത്തിയ യുവതിയെ ‘അനാശ്യാസ’ത്തിനു അറസ്റ്റ് ചെയ്തവരാണ് ഈ ഏമാന്മാർ. ഏമാന്മാർ എത്രമാത്രം ട്രാൻസ്‌ഫോബിക് ആണെന്നതിന് ഇനിയുമുണ്ട് ദൃഷ്ടാന്തങ്ങൾ. നഗരത്തിലെ ഒരു ലോഡ്ജിലും ട്രാൻസ്ജെന്ററുകൾക്ക് മുറികൾ നൽകുവാൻ പാടില്ല എന്നും വീടുകൾ വാടകയ്ക് നൽകുവാൻ പാടില്ല എന്നുമുണ്ട് രാജശാസനകൾ.

ഭാവിയിൽ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുകയും അതിന് ശേഷം ഒരു ഭരണഘടന നിലവിൽ വരികയും ചെയ്യുമ്പോൾ, ചിലപ്പോൾ മൗലികാവകാശങ്ങൾ എന്ന നിലയിൽ സഞ്ചാരസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വസ്ത്രധാരണ സ്വാതന്ത്ര്യവുമൊക്കെ ഞങ്ങൾക്കും അനുവദിച്ച് തന്നേക്കാം എന്ന് പ്രത്യാശിക്കുന്നു… ആ നാളുകൾക്കായി കാത്തിരിക്കുന്നു…

അന്ന് ചിലപ്പോൾ രാജഭരണം മാറി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികൾ ഉണ്ടായേക്കാം… രാജഭടന്മാർക്ക് പകരം ഒരു പോലീസ് വ്യവസ്ഥിതി ഉണ്ടായേക്കാം… അന്ന് ഞങ്ങളുടെ ശബ്ദത്തിന് ഇപ്പോൾ അവശേഷിക്കുന്നത്രയെങ്കിലും ശക്തി ഉണ്ടെങ്കിൽ അവർ അത് കേട്ടേക്കാം… അതോ അപ്പോഴേക്കും ഞങ്ങളെ അവർ ഇല്ലാതാക്കിയിരിക്കുമോ?

സുകന്യ കൃഷ്ണ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.