സ്വീഡനിലെ ഗാംലസ്ഥാനിലേക്കൊരു യാത്ര

0
38

Sam Ginu

പാകിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ കസാഖിസ്ഥാൻ ,താജികിസ്ഥാൻ ,നമ്മൾ കേട്ടിട്ടുള്ള സ്ഥാനുകൾ എല്ലാം രാജ്യങ്ങൾ. എന്നാൽ സ്വീഡിഷ് ഭാഷയിൽ സ്ഥാൻ എന്നതിന് അർത്ഥം പട്ടണം എന്നാണ് . നമ്മുടെ യാത്ര “ഗാംലസ്ഥാൻ ” എന്ന പഴയ പട്ടണത്തിലേക്കാണ് .യൂറോപ്പിലെ തന്നെ ഇന്ന് സംരക്ഷിക്കപ്പെടുന്ന മധ്യകാല പട്ടണങ്ങളിൽ ഏറ്റവും വലുതും മനോഹരവും. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിന്റെ ആദ്യ കാല രൂപം.ഞാൻ ഈ മനോഹര പട്ടണത്തിലേക്കു പോകുന്നത് ജനുവരിയിലെ ഒരു കുളിരു കോരുന്ന വാരാന്ത്യത്തിലാണ്.ഇനി അല്പം ചരിത്രം

പതിമൂന്നാം നൂറ്റാണ്ട് വരെ സ്റ്റോക്ക്ഹോം സ്വീഡന്റെ തലസ്ഥാനം പോലും ആയിരുന്നില്ല. ആ ബഹുമതി അടുത്തുള്ള സിഗ്ടുനയ്ക്ക് ലഭിച്ചു. യുദ്ധം സിഗ്തുനയെ ദുർബലപ്പെടുത്തിയപ്പോൾ തലസ്ഥാന നഗരമാവാൻ നറുക്കു വീണ സ്ഥലമാണ് ഗാംലസ്ഥാൻ. എന്നാൽ , 1980 വരെ ഗാംല സ്റ്റാൻ ഔദ്യോഗീക നാമമായിരുന്നില്ല – അതിനുമുമ്പ് ഇതിനെ ‘സ്റ്റേഡൻ മെല്ലൻ ബ്രൊർണ’ അല്ലെങ്കിൽ ‘ബ്രിഡ്ജുകൾക്കിടയിലുള്ള പട്ടണം’ എന്ന് വിളിച്ചിരുന്നു.ശക്തമായ ജർമ്മൻ വാസ്തുവിദ്യയുടെ സ്വാധീനം ഇവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള അതിമനോഹരമായ കെട്ടിടങ്ങളിൽ പ്രകടമാണ്.

രണ്ടാം ലോകമഹായുദ്ധാനന്തരം പുതിയ പാർലമെന്റ് മന്ദിരം പണിതുയർത്തുവാൻ പല പ്രാചീന നിർമ്മിതികളും പൊളിച്ചുമാറ്റപ്പെട്ടു. ഏകദേശം മുന്നൂറ്റി എഴുപതോളം കെട്ടിടങ്ങൾ ഇന്നും അതെ പടുതി നിലനിർത്തിയിരുന്നത് ഈ ചെറു പട്ടണത്തിന്റെ മനോഹാരിതക്കു മാറ്റ് കൂട്ടുന്നു.റോയൽ പാലസ് ഗാംലസ്ഥാനിന്റെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്.ടിക്കറ്റ് ഉള്ളതിനാൽ പാലസ് സന്ദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.(കൊറോണ ആ മാറ്റിവെപ്പിന്റെ നീളം കൂട്ടി എന്നത് മറ്റൊരു വസ്തുത )

സ്കാന്ഡിനേവിയൻ രാജ്യങ്ങൾ പൊതുവെ മതത്തിൽ നിന്നും മാറി നിൽക്കുന്നവർ ആണ്. എന്നിരുന്നാലും നൂറ്റാണ്ടുകൾ പഴക്കമുള്ള പല പള്ളികളും ഇവർ ഇന്നും സംരക്ഷിച്ചു പോരുന്നത് അത്ഭുതകരമാണ്. പള്ളികൾ സംരക്ഷിക്കുവാൻ സർക്കാർപ്രത്യേകം ടാക്സ് ഏർപ്പെടുത്തിയിട്ടുണ്ട്. താല്പര്യം ഉള്ളവർ മാത്രം ടാക്സ് അടച്ചാൽ മതിയാവും. എന്നാൽ അതിശയപ്പെടുത്തുന്ന ഒരു വസ്തുത 60-70 ശതമാനത്തോളം വരുന്ന സ്വീഡിഷ് ജനത ഈ ടാക്സ് സ്വമേധയാ അടക്കുന്നു എന്നതാണ്. ഒരിക്കൽ കൂടെ ജോലി ചെയ്യുന്ന ഒരു സ്വീഡിഷ് സുഹൃത്തിനോട് ചോദിച്ചപ്പോൾ അറിയുവാൻ കഴിഞ്ഞത് തങ്ങൾ മതത്തിൽ വിശ്വസിക്കുന്നില്ല എങ്കിലും തങ്ങളുടെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാനുള്ള കടമ ഒരു പൗരൻ എന്ന നിലക്ക് ഉള്ളതിനാൽ മിക്കവരും സ്വമേധയാ ടാക്സ് അടക്കുന്നു.

സ്റ്റോക്ക്ഹോമിലെ ഏറ്റവും പഴക്കമേറിയ പള്ളിയാണ് സ്റ്റോക്ക്ഹോം കത്തീഡ്രൽ.പതിമൂന്നാം നൂറ്റാണ്ടിൽ ഗോതിക് ശൈലിയിൽ നിർമ്മിച്ച ഇത് 1700 കളുടെ മധ്യത്തിൽ ബറോക്ക് ശൈലിയിൽ പുനർനിർമ്മിച്ചു. ഒരുപക്ഷേ ഗാംല സ്റ്റാനിലെ ഏറ്റവും മനോഹര കാഴ്ചകളിൽ ഒന്ന്.ഡയനാമിറ്റിന്റെ നാടാണ് സ്വീഡൻ. സർ ആൽഫ്രഡ്‌ നോബലിന്റെ കഥ പറയുന്ന നോബൽ മ്യൂസിയവും സ്ഥിതി ചെയ്യുന്നത് ഗാംലസ്ഥാനിൽ ആണ്.

സ്വീഡിഷ് കത്തീഡ്രൽ കൂടാതെ ജർമൻ കത്തീഡ്രൽ, സ്റ്റോക്ക്ഹോമിലെ ഏറ്റവും പഴക്കമേറിയ റെസ്റ്റോറന്റ് , സ്വീഡനിലെ ഏറ്റവും മനോഹരവും എന്നാൽ ഇടുങ്ങിയതുമായ തെരുവുകൾ ,എന്ന് വേണ്ട ഗാംലസ്ഥാൻ സ്റ്റോക്ക്ഹോം സന്ദര്ശനത്തിലേ ഒഴിച്ച്കൂടാനാവാത്ത ഒരു കാഴ്ചയാണ്.കല്ല് പാകിയ നടപാതകൾ , പ്രാചീന വാസ്തുകലയുടെ പ്രതീകങ്ങളായ വർണ വിസ്മയം തീർക്കുന്ന കെട്ടിടങ്ങൾ ഇവയെല്ലാം ഒരിക്കൽ കൂടി ഗാംലസ്ഥാൻ എന്ന കൊച്ചു പട്ടണത്തിലേക്കു വീണ്ടും വീണ്ടും മാടി വിളിക്കുന്നു. ഞാൻ കണ്ട ഗാംലസ്ഥാൻ കാഴ്ചകൾ വീഡിയോ രൂപത്തിൽ