ചന്ദ്രഗുത്തിയിലെ നഗ്നാരാധന
ലേഖകൻ: പള്ളിക്കോണം രാജീവ്
കർണ്ണാടകയിലെ ഷിമോഗ ജില്ലയിൽ സൊറാബ താലൂക്കിലെ ചന്ദ്രഗുത്തി – മലനിരയോടു ചേർന്നുള്ള പ്രശസ്തമായ ക്ഷേത്രമാണ് ചന്ദ്രഗുത്തി രേണുകാംബാ ക്ഷേത്രം. നൂറ്റാണ്ടുകളോളം ഇവിടെ നടന്നുവന്നിരുന്ന സ്ത്രീകളുടെ നഗ്നാരാധന 1989 ലാണ് നിയമം മൂലം നിരോധിക്കപ്പെട്ടത്. നിരവധി വിവാദങ്ങൾക്ക് ഇടയാക്കിയ മനുഷ്യാവകാശ പ്രക്ഷോഭങ്ങളുടെ ഫലമായി നിയന്ത്രണവിധേയമായ ഈ പ്രാകൃത ആചാരത്തെ കുറിച്ച് വിവരിക്കും മുമ്പ് ചന്ദ്രഗുത്തിയെ ഒന്നു പരിചയപ്പെടുത്താം.
ചെറുപട്ടണങ്ങളായ സൊറാബയ്ക്കും സിദ്ധപുരയ്ക്കും മദ്ധ്യേ അല്പം വടക്കായി പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ ഉയർന്ന മലനിരകളോടുകൂടിയ പ്രദേശമാണ് ചന്ദ്രഗുത്തി. കിഴക്കേ സമതലത്തിലൂടെ പുണ്യനദിയായ വരദാനദി ഒഴുകുന്നു. ഈ മലനിരകൾക്ക് മുകളിലാണ് ചരിത്ര പ്രസിദ്ധമായ ചന്ദ്രഗുത്തി കോട്ട സ്ഥിതി ചെയ്യുന്നത്. മൂന്നാം നൂറ്റാണ്ടു മുതൽ ആറാം നൂറ്റാണ്ടുവരെ പ്രബലശക്തിയായിരുന്ന ബനവാസിയിലെ കദംബരാജാക്കന്മാരാണ് ഈ കോട്ട കെട്ടിയുണ്ടാക്കിയത്. വിജയനഗര രാജാവായിരുന്ന ഹരിഹരൻ രണ്ടാമൻ്റെ AD 1396 ലെ ശിലാശാസനത്തിൽ ചന്ദ്രഗുത്തിയിലെ ബച്ചണ്ണ എന്ന നാടുവാഴിയെ കുറിച്ച് പരാമർശമുണ്ട്. കദംബർക്ക് ശേഷം ചാലൂക്യരും വിജയനഗര രാജാക്കന്മാരും മേഖലയിലെ ഏറ്റവും തന്ത്രപ്രധാനമായ ഈ കോട്ട ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. കേളാദി നായ്ക്കന്മാരാണ് ഇവിടുത്തെ പിൽക്കാല ഭരണാധികാരികൾ. വരദാനദീതീരത്തു നിന്ന് കോട്ടയുൾപ്പെടുന്ന മലനിരകളിലേക്ക് സഞ്ചരിക്കുമ്പോൾ ചന്ദ്രഗുത്തി ഗ്രാമത്തെ കടന്നാണ് പോകുന്നത്. മലയിലേക്ക് കയറിയാൽ ഒരു ഉയർന്ന ഘട്ടത്തിലെ ഭീമാകാരമായ പാറക്കെട്ടിലാണ് രേണുകാബയുടെ ഗുഹാക്ഷേത്രം. വീണ്ടും മുകളിലേക്ക് മലനിര കയറിയാൽ പടിഞ്ഞാറാണ് കോട്ടയുടെ സ്ഥാനം.
രേണുകാബാ ക്ഷേത്രപുരാവൃത്തം
……………………………………………………..
ചാലൂക്യന്മാരുടെ ഭരണകാലത്താണ് ക്ഷേത്ര നിർമ്മാണം എന്നു കരുതപ്പെടുന്നു. ചന്ദ്രഗുപ്തപുര എന്ന സ്ഥലനാമം ലോപിച്ചാണ് ചന്ദ്രഗുത്തിയായത് എന്നൊരു വാദമാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറ അർത്ഥചന്ദ്രാകൃതി ആയതിനാലും രേണുകാംബ, ഗുത്തിയമ്മ എന്നുകൂടി അറിയപ്പെടുന്നതിനാലും ചന്ദ്രഗുത്തി എന്ന സ്ഥലനാമമുണ്ടായി എന്നാണ് മറ്റൊരു വാദം.കർണ്ണാടകത്തിൽ ദേവദാസി സമ്പ്രദായം നിലനിൽക്കുന്ന യെല്ലമ്മ ദേവിക്കും രേണുകാദേവിക്കുമുള്ള ക്ഷേത്രങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. പുരാണത്തിൽ അവതാരപുരുഷനായ പരശുരാമൻ്റെ മാതാവാണ് രേണുക. സുന്ദരിയും സുശീലയുമായ രേണുകയെ ഉഗ്രതാപസിയായ ജമദഗ്നി മഹർഷിയാണ് ഭാര്യയാക്കിയത്. അവരുടെ അഞ്ചു പുത്രന്മാരിൽ ഇളയവനായിരുന്നു പരാക്രമിയായ പരശുരാമൻ.
ജമദഗ്നി മഹർഷി എന്നും സന്ധ്യാനമസ്കാരത്തിനായി വരദാനദിയിലെ ജലം എടുത്തു കൊണ്ടുവരാനായി രേണുകയെ അയയ്ക്കും. കുടമോ മറ്റു പാത്രങ്ങളോ ഒന്നുമെടുക്കാതെ വെറുംകൈയ്യോടെ നദീതീരത്തെത്തുന്ന രേണുക അവിടെ നിന്ന് മണ്ണെടുത്ത് ഞൊടിയിടയിൽ കുടം നിർമ്മിക്കും. രേണുകയുടെ പതിവ്രതാശുദ്ധി നിമിത്തമായാണ് ഇതു സാധിക്കുന്നത്; മാത്രവുമല്ല നദിയിൽ നിന്ന് ജലമെടുത്ത് ആശ്രമത്തിലെത്തി മഹർഷിയുടെ കൈകളിലേൽപ്പിക്കുന്നതു വരെ ഈ കുടത്തിൽ ജലം സുരക്ഷിതമായിരിക്കും. ഇതങ്ങനെ തുടർന്നുവന്നു.
ഒരിക്കൽ രേണുക നദീതീരത്തെത്തിയപ്പോൾ ഗന്ധർവ്വൻമാരും അപ്സരസ്സുകളും ജലക്രീഡ നടത്തുന്നതാണ് രേണുക കണ്ടത്. മറഞ്ഞുനിന്ന് അതൊക്കെയും വീക്ഷിച്ച രേണുകയിൽ മനുഷ്യസഹജമായ രതിമോഹങ്ങളുടെ തിരയിളക്കമുണ്ടായി. ഗന്ധർവ്വൻമാരും സംഘവും പോയപ്പോൾ രേണുക ജലമെടുക്കാനായി കുടം നിർമ്മിക്കാൻ ശ്രമിച്ചു. പക്ഷേ പഴയതു പോലെ കുടം ഉണ്ടാക്കാനായില്ല. സന്ധ്യാനമസ്കാരത്തിനുള്ള സമയം അതിക്രമിച്ചു. ഭർത്താവിൻ്റെ കോപമുണ്ടാകുമെന്ന ഭയത്തോടെയും വെറുംകൈയ്യോടെ ആശ്രമത്തിലെത്തിയ രേണുക കളങ്കപ്പെട്ടിരിക്കുന്നു എന്ന് ജമദഗ്നി മനസ്സിലാക്കി.
ഉഗ്രകോപിയായ ജമദഗ്നി പുത്രന്മാരെ ഓരോരുത്തരെയായി വിളിച്ച് രേണുകയെ വധിക്കാൻ ആവശ്യപ്പെട്ടു. സ്വന്തം പെറ്റമ്മയെ വധിക്കാനാവാതെ മൂത്തപുത്രന്മാരൊക്കെയും പിൻവാങ്ങി.. ഇളയപുത്രനായ പരശുരാമൻ്റെ ഊഴമായപ്പോൾ ജമദഗ്നി രേണുകയോടൊപ്പം തൻ്റെ ആജ്ഞ അനുസരിക്കാത്ത മൂത്ത പുത്രന്മാരെയും വധിക്കാൻ ആവശ്യപ്പെട്ടു. അച്ഛൻ്റെ ആജ്ഞ ശിരസ്സാ വഹിച്ച പരശുരാമൻ അമ്മയെയും ജ്യേഷ്ഠൻമാരെയും തലവെട്ടി കൊലപ്പെടുത്തി.
പരശുരാമനിൽ സംപ്രീതനായ പിതാവ് ഇഷ്ടമുള്ള വരം ചോദിക്കാനായി ആവശ്യപ്പെട്ടു. തൻ്റെ മാതാവിനെയും ജ്യേഷ്ഠന്മാരെയും പുനർജീവിപ്പിക്കാനാണ് അച്ഛനോട് വരമായി ആവശ്യപ്പെട്ടത്. അവരെല്ലാം പിന്നീട് പുനർജനിക്കുന്നു. ഇതാണ് പുരാണത്തിലെ കഥാഭാഗം.
ഈ സംഭവം നടന്നത് ഈ ഗ്രാമത്തിനടുത്താണ് എന്ന് ചന്ദ്രഗുത്തിയിലെ നാട്ടുകാർ വിശ്വസിക്കുന്നു. അവരുടെയിടയിൽ നിലവിലിരിക്കുന്ന ഐതിഹ്യകഥ കുറച്ചു കൂടി വ്യത്യസ്തമാണ്. തല വെട്ടാനായി പരശുരാമൻ അടുത്തപ്പോൾ രേണുക ഓടിയെന്നും ഓടിയോടി മലമുകളിലേക്ക് കയറിയപ്പോൾ മുൾച്ചെടികളിലുടക്കി രേണുകയുടെ വസ്ത്രങ്ങൾ നഷ്ടപ്പെട്ടുവെന്നും നഗ്നയായ രേണുക ഒരു ഗുഹയിൽ കയറി അതിനുള്ളിലുണ്ടായിരുന്ന ശിവലിംഗത്തെ ആലിംഗനം ചെയ്ത് ഇരുന്നുവെന്നും ഗുഹയ്ക്കുള്ളിൽ കയറിവന്നാണ് പരശുരാമൻ മാതാവിനെ വധിച്ചതുമെന്നാണ് ആ പാഠഭേദം.
രേണുക ശിരഛേദം ചെയ്യപ്പട്ട ഗുഹയിലെ ശിവലിംഗത്തോട് ചേർന്നുള്ള ഗോളകയാണ് രേണുകാംബയുടെ ബിംബമായി ആരാധിക്കപ്പെടുന്നത്. സമീപത്ത് മലയിടുക്കിലായി മാതംഗി എന്ന രേണുകയുടെ തോഴിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രവുമുണ്ട്. അതിൻ്റെ ഐതിഹ്യം വേറെയാണ്. ക്ഷത്രിയനിഗ്രഹത്തിനായി ഇറങ്ങിത്തിരിക്കും മുമ്പ് പരശുരാമൻ തൻ്റെ മാതാവിനെ സംരക്ഷിക്കാനുള്ള ചുമതല മാതംഗിയുടെ പുത്രനായ ബീരപ്പയെ ഏൽപ്പിക്കുന്നു. ആ ചുമതല ഏറ്റെടുത്ത ബീരപ്പ വൈകാതെ രേണുകയെ പ്രാപ്രിക്കാൻ ശ്രമിക്കുന്നു. മാതംഗി ഇടപെട്ട് രേണുകയെ രക്ഷിക്കുകയും ഉടുവസ്ത്രം നൽകുകയും ചെയ്യുന്നു. അതു കൊണ്ടാവാം മാതംഗിയെ സങ്കൽപ്പിച്ചുള്ള ഈ പ്രതിഷ്ഠയും ഇവിടെ വന്നത്.
രേണകാംബ ക്ഷേത്രത്തിലെ “ബെത്തലസേവ ” വഴിപാട്
………………………………………….
ഈ ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ നടന്നുവരുന്ന ഉത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങാണ് ബെത്തലസേവ എന്ന നഗ്നാരാധന. ഷിമോഗയിലെയും തൊട്ടടുത്ത ജില്ലകളിലെയും ആയിരക്കണക്കിന് യുവതികളാണ് ബെത്തലസേവയിൽ പങ്കെടുക്കാനായി എത്തുന്നത്. ഭൂരിഭാഗവും അവർണ്ണ സമുദായങ്ങളിൽ പെട്ടവരായിരിക്കും. മക്കളുണ്ടാകാനും നല്ല വരനെ ലഭിക്കാനും ഭർത്താവിന് അഭിവൃദ്ധിയുണ്ടാകാനുമൊക്കെ ബെത്തലസേവയിൽ പങ്കെടുത്ത് രേണകാംബയെ പ്രീതിപ്പെടുത്തണമെന്ന വിശ്വാസമാണ് പരമ്പരാഗതമായി നിലനിൽക്കുന്നത്. ബെത്തലസേവയിൽ പങ്കെടുക്കാത്തവർക്ക് അപ്രതീക്ഷിതമായി അനർത്ഥങ്ങളുണ്ടായിട്ടുള്ളതായുള്ള കഥകൾ പ്രചരിപ്പിക്കപ്പെട്ടതിനാൽ സ്ത്രീകൾ ഈ ചടങ്ങിനായി വഴങ്ങുന്നു. എന്നാൽ സവർണ്ണവിഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ പങ്കെടുക്കാത്തതുകൊണ്ട് അവർക്ക് രേണുകാംബയുടെ കോപമൊന്നുമുണ്ടാകാത്തത് എന്തെന്ന ചോദ്യമൊന്നും ആരും ഉയർത്തിക്കാണുന്നില്ല. ഈ ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷന്മാരിൽ അവർണ്ണരല്ലാത്ത കുറച്ചു പേർ ഉണ്ടാകാറുമുണ്ട്.
മാർച്ച് രണ്ടാം വാരത്തിലെ പൗർണ്ണമി ദിനത്തിലാണ് ബെത്തലസേവ നടത്തപ്പെടുന്നത്. വളരെ ഭക്തിനിർഭരമായ ഈ ചടങ്ങിൻ്റെ നടത്തിപ്പിനായി വലിയ ഒരുക്കങ്ങൾ ക്ഷേത്രഭരണാധികാരികളും പ്രാദേശിക ഭരണകൂടവും യാഥാസ്ഥിതിക മതനേതൃത്വവും ചേർന്ന് ഒരുക്കും. ബെത്തലസേവ കാണുന്നതിനായി പതിനായിരക്കണക്കിന് ആൾക്കാർ അയൽജില്ലകളിൽ നിന്ന് എത്തും; പുരുഷന്മാരായിരിക്കും അധികവും!
വഴിപാടിനായി എത്തിയ യുവതികൾ കൂട്ടത്തോടെ നാലു കിലോമീറ്റർ അകലെയുള്ള വരദാനദീതീരത്ത് ഒത്തുചേരുന്നു. തുടർന്ന് പൂർണ്ണനഗ്നരായി അവർ നീരാടുന്നു. തുടർന്ന് വേപ്പില കൊണ്ട് ഏറെക്കുറെ നഗ്നത മറച്ച് ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങുന്നു. പലയിടത്തും ഉറഞ്ഞു തുള്ളി ഘോഷയാത്രയായി നീങ്ങുന്ന അവർ ഭക്തിലഹരിയിൽ തങ്ങൾ നഗ്നരാണെന്നുള്ളത് മറന്നിരിക്കും. രേണുകാംബയുടെ പ്രീതിക്കായി നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ വഴിപാട് ചെറുപ്പം മുതൽ കണ്ടുവരുന്ന അവർക്ക് ഭക്തിയുടെ ഭാഗമായി മാത്രമേ ഈ തുണിയുരിയൽ സങ്കല്പിക്കാനാവൂ എന്ന തലത്തിലെത്തിയിരുന്നു. ക്ഷേത്രത്തിലെത്തുമ്പോഴെക്കും ഇലകൾ പൊഴിഞ്ഞുവീണ് മിക്കവാറും പൂർണ്ണനഗ്നരായിരിക്കും ഭക്തർ. ക്ഷേത്രത്തിലെത്തിയ ശേഷം സാഷ്ടാംഗ നമസ്കാരം, ഉരുളുനേർച്ച, പ്രദക്ഷിണം ഒക്കെ ചെയ്ത് മാതംഗിയുടെ സവിധത്തിലെത്തി പുതിയ വസ്ത്രം സ്വീകരിക്കുന്നു.
നഗ്നാരാധനയിൽ പങ്കെടുക്കുന്ന യുവതികളുടെ തുറന്ന മേനി കാണുന്നതിനായി തടിച്ചുകൂടുന്ന പുരുഷന്മാരുടെ മനോചാപല്യം തിരിച്ചറിഞ്ഞാവാം ഈ ദുരാചാരത്തിൻ്റെ ഉത്ഭവത്തെ ആസ്പദമാക്കി കന്നഡകവിയായ മുദ്ദനകുടു ചിന്നസ്വാമി ഇങ്ങനെയൊരു കവിത എഴുതിയത്:
ക്ഷേത്രത്തിലെ പുരോഹിതൻ
ദേവിയോട് പ്രാർത്ഥിക്കുകയായിരുന്നു…
യെല്ലമ്മ അവനു പ്രത്യക്ഷപ്പെട്ടു! “നിങ്ങളുടെ മനസ്സിനുള്ളിലെ ആഗ്രഹം എന്താണ്?”അവൾ ചോദിച്ചു.
“ദിനത്തിലേറെ സമയവും ഞാൻ ഈ ശ്രീകോവിലിനകത്താണ്.
എനിക്ക് വിനോദമൊന്നുമില്ല.
എന്നിലെ ജീവൻ അഴുകുകയാണ്,
അമ്മയുടെ വാർഷികോത്സവത്തിന് വനിതകളെ എൻ്റെ സാന്നിധ്യത്തിൽ നഗ്നരായി നടത്തണം. അവർ ശരീരം മുഴുവൻ വെളിപ്പെടുത്തണം.”
പുരോഹിതൻ മറുപടി പറഞ്ഞു.
“അനുവദിച്ചിരിക്കുന്നു,” യെല്ലമ്മ പറഞ്ഞു………
ഇങ്ങനെ പോകുന്നു ആ കവിത.
സംഘർഷവും തുടർന്നുണ്ടായ നിരോധനവും
………………………………………………
പരിഷ്കൃതസമൂഹത്തിൽ ഒരു തരത്തിലും നീതികരിക്കാനാവാത്ത ദുരാചാരമെന്ന നിലയിലും വിശ്വാസത്തിൻ്റെ പേരിൽ അവർണ്ണസമുദായങ്ങളിലെ സ്ത്രീകളെ നഗ്‌നതാപ്രദർശനത്തിനായി പ്രേരിപ്പിക്കുന്ന പുരുഷ കേന്ദ്രീകൃത സവർണ്ണാധിപത്യത്തിൻ്റെ സമ്മർദ്ദതന്ത്രമായും കണ്ട് ബെത്തലസേവ നിരോധിക്കണമെന്ന നിലപാടുമായി ദളിത് സംഘർഷസമിതി (DSS)എന്ന പ്രസ്ഥാനം മുന്നോട്ടുവന്നത് 1980കളിലാണ്. തുടർന്ന് സർവ്വകലാശാലാ വിദ്യാർത്ഥികൾ, മഹിളാ സംഘടനകൾ, എൻജിഒ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറയിലുള്ളവർ ചേർന്ന് 1986 മാർച്ചിൽ നടക്കുന്ന ബെത്തലസേവയെ തടയാൻ തീരുമാനിച്ചു. ഭക്തരെയും കാഴ്ചക്കാരെയും എത്തിക്കാൻ സർക്കാർ പ്രത്യേകം ബസ് സർവ്വീസ് ഏർപ്പെടുത്തിയതിനെ ഇവർ അപലപിച്ചു. പ്രക്ഷോഭക്കാരെ നേരിടാൻ മതസംഘടനാ നേതാക്കൾ പ്രത്യേകം ഗുണ്ടകളെയും വിന്യസിച്ചിരുന്നു. സംഘർഷഭരിതമായ ഈ അവസ്ഥയെ നേരിടാൻ പോലീസിൻ്റെ പ്രത്യേക സേനയും തയ്യാറായി.
നദിയിലിറങ്ങി കുളിച്ചു കയറിയ നഗ്നരായ സ്ത്രീകളെ വസ്ത്രം കൊണ്ടു പുതപ്പിക്കാൻ DSS പ്രവർത്തകർ ആരംഭിച്ചതോടെ ബെത്തല സേവക്കാരായ സ്ത്രീകൾ തന്നെ പ്രതിരോധിക്കാൻ തുടങ്ങി. അവരും ഗുണ്ടകളും ചേർന്ന് പ്രതിഷേധക്കാരെ മർദ്ദിക്കാൻ തുടങ്ങി. പോലീസ് ഇടപെട്ട് മെഗാഫോണിലൂടെ ഉത്തരവിട്ടു. മത സംഘടനാ പ്രവർത്തകനായ ഒരു യുവാവ് മൈക്ക് പിടിച്ചെടുത്ത് “യെല്ലമ്മയുടെ കോപമുണ്ടാതിരിക്കാൻ പ്രതിഷേധക്കാരെ കൊല്ലുക” എന്ന് ആക്രോശിച്ചു. തുടർന്ന് ആകാശത്തേക്ക് വെടിവെക്കാൻ പോലീസുകാർ അനുമതി തേടിയെങ്കിലും കമ്മീഷണർ അനുവദിച്ചില്ല. ഭൂരിപക്ഷം വന്ന ഭക്തർ പ്രതിഷേധക്കാരെയും സ്ത്രീകളെ തടയാൻ വന്ന വനിതാ പോലീസുകാരെയും നിർബന്ധമായി പിടിച്ചു വെച്ച് തുണിയുരിച്ച് ഘോഷയാത്രയുടെ മുന്നേ നടത്തി. അങ്ങനെ പ്രതിഷേധിക്കാനെത്തിയവരെ പോലും രേണുകാംബയുടെ ഇഷ്ട വഴിപാടിന് ഭക്തർ ഇരയാക്കി. ഈ സംഭവം മാധ്യമങ്ങൾ മറച്ചു വച്ചു.1989 ൽ ബെത്തലസേവ എന്ന ആചാരം നിയമം മൂലം നിരോധിച്ചു.
രേണുകാംബയുടെ അഭീഷ്ടം ഇനിയും നടപ്പിലാക്കാനുള്ള സമയം അടുത്തിരിക്കുന്നു എന്നു കരുതുന്ന ബെത്തലസേവയുടെ കടുത്ത ഭക്തർ അതിൻ്റെ തിരിച്ചുവരവിനായി ഇന്നും കാത്തിരിക്കുന്നു. പുരുഷനാൽ അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് സർവ്വവിലക്കുകളും പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാകാനുള്ള അഭിവാഞ്ചയുടെ പ്രതീകമാണെന്നും അവരുടെ വിശ്വാസത്തിൻ്റെ ഭാഗമായ പ്രവർത്തിയെ തടഞ്ഞുവച്ചതാണ് സ്ത്രീവിരുദ്ധമെന്നും വാദിക്കുന്നവരുണ്ട് എന്നതാണ് കൗതുകകരമായ മറ്റൊരു വശം.