ചന്ദ്രഗിരിക്കുന്നിലെ കഥകൾ തേടി..

0
56

✍️ പ്രശാന്ത് ബാലകൃഷ്ണൻ

‘ചന്ദ്രഗിരിക്കുന്നിലെ കഥകൾ തേടി..’
(യാത്രാവിവരണം)

ആമുഖം:-

ഇതിന് മുൻപ് കർണാടക ഹസ്സൻ ജില്ലയിലെ ഹാലേബീടു, ബേലൂർ എന്നീ ചരിത്രസ്മാരകങ്ങളെപ്പറ്റി ഒരു യാത്രാവിവരണം പോസ്റ്റ് ചെയ്തിരുന്നല്ലോ .. ആ യാത്രയിലാണ് ‘ശ്രാവണബെലഗോളയെ’ പറ്റി അറിഞ്ഞത്. ട്രെയിനിൽ ഹസ്സൻ പോകുന്നവഴിയിൽ ഏകദേശം പകുതിവഴിക്കു വെച്ചു ദൂരെയായി ഒരു വലിയ മലയും അതിന്റെ നിറുകയിൽ ഒരു ഭീമൻ ശില്പത്തിന്റെ ശിരസ്സും കണ്ടു. വളരെ ആകർഷണീയമായ തോന്നിയ ഒരു കാഴ്ചയായിരുന്നു അത്. മഞ്ഞുമൂടിയ ഏതോ ഒരു വിദൂരവിസ്മയം പോലെ.. താല്പര്യം തോന്നി അന്വേഷിച്ചപ്പോൾ ഒരു സഹയാത്രികൻ പറഞ്ഞ വിവരങ്ങൾ കേട്ട് ഹരം പിടിച്ചതിന്റെ ബാക്കിപത്രമായിരുന്നു ഈ യാത്ര..
May be an image of 1 person, standing, outdoors and templeലോകപ്രശസ്ത ജൈന ആരാധനാകേന്ദ്രമാണ് കർണാടക ഹസ്സൻ ജില്ലയിലെ ‘ ശ്രാവണബെലഗോള’. ജൈനരുടെ ആരാധ്യ പുരുഷനായ ഗോമതേശ്വര ബാഹുബലിയാണ് അവിടത്തെ പ്രതിഷ്ഠ. 57 ഫീറ്റ് ഉയരമുള്ള ഒറ്റക്കൽ പ്രതിമയാണത് (ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റക്കൽ പ്രതിമയാണിത്). AD 981 ലാണ് ഈ ഭീമൻ വിഗ്രഹം ഗംഗാ സാമ്രാജ്യത്തിലെ മന്ത്രിയും സർവസൈന്യാധിപനുമായിരുന്ന ചാമുണ്ഡരായ പണികഴിപ്പിച്ചത്. 700 പടികളുള്ള ഒരു മലയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന ‘ മഹാമസ്തകാഭിഷേകം ‘ ആണ് ശ്രാവണബെലഗോളയിലെ പ്രധാന ചടങ്ങ്. അവസാനമായി നടത്തിയത് 2018 ഫെബ്രുവരിയിലാണ്, അടുത്തത് 2030 ൽ. ചന്ദ്രഗിരി, വിന്ധ്യഗിരി എന്നീ രണ്ടുമലകളിലായി ശ്രാവണബെലഗോള വ്യാപിച്ചുകിടക്കുന്നു. ബാഹുബലി ക്ഷേത്രം വിന്ധ്യഗിരി മലയിലാണ്.


May be an image of monument and outdoorsഹസ്സന് പോകുന്ന എല്ലാ ട്രെയിനുകളും ശ്രാവണബെലഗോള വഴിയാണ് പോകുന്നത്. ബാംഗ്ലൂരിലെ യെശ്വന്ത്പൂർ സ്റ്റേഷനിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുന്നത്. വിൻഡോ സീറ്റ് കിട്ടിയതുകൊണ്ട് ഞാൻ ട്രെയിൻ യാത്ര തന്നെ തിരഞ്ഞെടുത്തു, ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് ശ്രാവണബെലഗോളയിലെത്താം. എന്‍റെ ട്രെയിൻ രാവിലെ 9.40 നായിരുന്നു. ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നു 15 മിനിറ്റ് യാത്രയേ യെശ്വന്ത്പൂർ സ്റ്റേഷനിലേക്കുള്ളൂ. കുറച്ചു നേരത്തെയായിട്ടു തന്നെ സ്റ്റേഷനിൽ എത്തി, ട്രെയിന്റെ ഡോർ ഓപ്പൺ ചെയ്യാത്തതിൽ അക്ഷമയോടെ പിറുപിറുക്കുന്ന ഒരു പറ്റം യാത്രക്കാരാണ് പ്ലാറ്റ്ഫോമിൽ എന്നെ വരവേറ്റത്. എങ്ങാനും ട്രെയിൻ പുറപ്പെടാതിരിക്കുമോ എന്ന ചിന്ത എന്നെ അലട്ടി, പക്ഷേ ആ ആശങ്കയ്ക്ക് ഏതാനും മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു..
ഞാൻ അത്യാവശ്യ സാധനങ്ങൾ എല്ലാം ഉള്ള ഒരു ഷോൾഡർ ബാഗ് മാത്രമേ എടുത്തിരുന്നുള്ളൂ. ബാഗ് ബെർത്തിൽ വെച്ച് ഡോർ തുറന്നു, ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി. തണുപ്പ് ജനലഴികളിൽ തട്ടി അകത്തേക്കൊഴുകിവരുന്നു. ഞാൻ ഇയർഫോൺ വെച്ച് പാട്ടുകേട്ടുകൊണ്ട് പുറത്തേയ്ക്കുനോക്കി ഇരുന്നു. തൊട്ടുമുന്നിലത്തെ സീറ്റിൽ ആരുമില്ല. ബാഗുകൾ ബെർത്തിൽ വെച്ചു സീറ്റ് തരപ്പെടുത്തുന്ന യാത്രക്കാരുടെ കലപില ശബ്ദങ്ങൾ പിറകിൽ കേൾക്കാം. ഒരു ട്രാവലർ എന്ന് തോന്നിപ്പിക്കുന്ന പെൺകുട്ടി ഷോൾഡർ ബാഗും തലയിൽ ഒരു ചുറ്റിക്കെട്ടുമായി ദൂരേയ്ക്ക് മിഴിനട്ടു ഏതോ ലോകത്തിലെന്നപോലെ ട്രെയിനിന്റെ വാതിലിൽ നിൽക്കുന്നത് കാണാം.. യാത്ര സുന്ദരമായ ഒരു അനുഭവം തന്നെയല്ലേ, ആ അനുഭവത്തിന്റെ പടിവാതിലിൽ സ്വയം ഒന്ന് ധ്യാനനിമഗ്നയായതാണോ അവർ..?

May be an image of 1 person, standing and roadആകെ രണ്ടുമണിക്കൂറേ യാത്രയുള്ളൂ, ജനലിലൂടെ വരുന്ന തണുത്ത കാറ്റ് കാരണം എപ്പോഴൊക്കെയോ ചെറുതായി മയങ്ങിപ്പോയിരുന്നു.. ഇടയ്ക്കു കീ ചെയിനുകൾ വിൽക്കുന്ന രണ്ടു കുട്ടികൾ കംപാർട്മെന്റിൽ വന്നു. അവർ പലവർണ്ണങ്ങളിലുള്ള കീചെയിനുകൾ എന്‍റെ മുന്നിലെ ഹുക്കിൽ കൊണ്ടുവന്നു കൊളുത്തി. ഏകദേശം എട്ടോ പത്തോ വയസ്സു മാത്രം പ്രായമുള്ള കുട്ടികൾ. എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയും, മുഷിഞ്ഞ ഉടുപ്പുകളും സൃഷ്‌ടിച്ച ദൈന്യത അവരുടെ പുഞ്ചിരിക്കും പ്രസരിപ്പിനുമിടയിൽ നിഷ്പ്രഭമായിപ്പോയതുപോലെ! കീ ചെയിൻ എനിക്ക് വേണ്ട എന്ന് ഞാൻ ചിരിച്ചുകൊണ്ട് നിഷേധാത്മകമായി തലയാട്ടി, കിലുകിലെ ചിരിച്ചു കൊണ്ട് അവർ അതുമെടുത്തു നടന്നുപോയി.. യാത്രയിൽ മറഞ്ഞുപോകുന്ന കാഴ്ചകളെപ്പോലെ അവരും എവിടെനിന്നോ വന്നു ഒരു നിമിഷത്തിന്റെ ഓർമ്മ സമ്മാനിച്ച് എങ്ങോട്ടോ കടന്നുപോകുന്നു.. കാഴ്ചകളെല്ലാം കണ്ടു രസംപിടിച്ചു വന്നപ്പോഴേക്കും ഇറങ്ങാനുള്ള സമയമായി..കുറേപ്പേർ ഇവിടെ ഇറങ്ങാനുണ്ടെന്നു തോന്നുന്നു, മഞ്ഞയിൽ കറുപ്പ് അക്ഷരങ്ങൾ കൊണ്ട് ‘ശ്രാവണബെലഗോള’ എന്നെഴുതിയ ബോർഡിനോട് ചേർന്ന് ട്രെയിൻ മുരൾച്ചയോടെ നിന്നു. കിലോമീറ്ററുകൾക്കപ്പുറത്തു അങ്ങുദൂരെ ഇടതുവശത്തായി ബാഹുബലി ശിൽപത്തിന്റെ ശിരസ്സ് കാണാം, സമുദ്രത്തിൽ ഉയർന്നു നിൽക്കുന്ന ഒരു കൂറ്റൻ പാറക്കെട്ടുപോലെ!

May be an image of 1 person, standing, outdoors and templeറെയിൽവേ സ്റ്റേഷനിൽ നിന്ന് ടാക്സിയോ ഓട്ടോയോ ഒന്നും ശ്രാവണബെലഗോളയിലേക്കില്ല, ആകെയുള്ളത് ഷട്ടിൽ ബസ് സർവീസ് ആണ്. ഞങ്ങൾ ഏകദേശം എഴുപതോളം പേർ ആ ട്രെയിനിൽ വന്നിരുന്നു. ബസ് കാത്തു കിടപ്പുണ്ടായിരുന്നു. ഒരുവിധം ബദ്ധപ്പെട്ടു ബാഗും ഒക്കെയായി ബസിൽ കയറി, സീറ്റും കിട്ടി. ആ ബസിൽ മലയാളിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നു എന്ന് തോന്നുന്നു, കന്നഡ, തെലുങ്ക് ഭാഷകൾ സംസാരിക്കുന്നവരായിരുന്നു കൂടുതലും. ട്രെയിൻ ഇറങ്ങിയ ഏകദേശം പത്തു പതിനഞ്ചു സഞ്ചാരികളുടെ കൂട്ടങ്ങൾക്കു ആ ബസിൽ പോകാൻ കഴിയും, ബാക്കി ഉള്ളവർ അടുത്ത ബസിനായി കാത്തു നിൽക്കേണ്ടി വരും. ഏകദേശം പകുതിയോളം യാത്രക്കാരുമായി ആ ബസ് യാത്ര തിരിച്ചു. പത്തുപതിനഞ്ചു മിനുട്ടുകൾ മാത്രമേ അവിടെയെത്താൻ വേണ്ടിവന്നുള്ളൂ.. തെലുങ്ക് സംസാരിക്കുന്ന ഒരു മധ്യവയസ്ക്കൻ പത്തുരൂപാ നോട്ടുകൾ ഭംഗിയായി വിരലുകൾക്കിടയി അടുക്കിവെച്ച കൈ നീട്ടി ‘ടിക്കറ്റ്.. ടിക്കറ്റ്’ എന്ന് ഉറക്കെയുറക്കെ വിളിച്ചുകൊണ്ടു ബസ്സിനുള്ളിലൂടെ നടന്നു.. അങ്ങനെ ആകാംഷയുടെ മിനുറ്റുകൾക്ക് വിരാമമിട്ടുകൊണ്ട് ‘ശ്രാവണബെലഗോള’ യിലെത്തി. ‘ ഈ സ്ഥലത്തിന്റെ പേരും ഈ ജൈന ആരാധനാകേന്ദ്രത്തിന്റെ പേരും ‘ ശ്രാവണബെലഗോള’ എന്ന് തന്നെയാണ്. ബെലഗോള എന്ന വാക്കിന്റെ അർഥം ‘വെളുത്ത കുളം ‘ എന്നാണ്. അവിടെ യഥാർഥത്തിൽ ഒരു കുളം ഉണ്ട് രണ്ടു മലകൾക്കും ഒത്ത നാടുവിലായിട്ട്, അതിന്റെ ചുറ്റുമതിൽ വെളുത്ത പെയിന്റ് അടിച്ചതാണെന്നു മാത്രം!

May be an image of one or more people, people standing and outdoorsബസ് ഇറങ്ങുന്നത് രണ്ടു മലകളുടെയും താഴ്വാരത്തുള്ള സ്റ്റാൻഡിലേക്കാണ്. മുകളിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അസാമാന്യ വലിപ്പമുള്ള ആ മലയുടെ നിറുകയിൽ കടുകുമണിയോളം വലിപ്പത്തിൽ തീർത്ഥാടകർ..!! ഈശ്വരാ ഈ മലയിലാണോ കയറേണ്ടത്‌.. ഞാൻ ഒന്ന് അമ്പരന്നു. ചെങ്കുത്തായ കയറ്റം എന്ന് തന്നെ പറയാം.. സമയം ഏതാണ്ട് പന്ത്രണ്ടരയായി, വെയിൽ ചൂട് പിടിച്ചു വരുന്നു. ലഞ്ച് എന്തെങ്കിലും കഴിച്ചിട്ട് സാവകാശം കയറാം എന്ന് കരുതി. ചെറിയ ഫാസ്റ്റ്ഫുഡ് ഹോട്ടലുകൾ റോഡരുകിൽ ധാരാളമുണ്ട്. ഞാൻ ഒരു ഹോട്ടലിൽ കയറി മസാലദോശ കഴിച്ചു. കർണാടകയിലെ ഒട്ടുമിക്ക വഴിയോര ഹോട്ടലുകളിലും ഉള്ള ഒരു പ്രത്യേകത ടേബിളുകൾ റോഡരുകിലേക്കു നീക്കിയിട്ടിരിക്കും, തുറന്ന അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കുന്ന സുഖം ഒന്നു വേറെതന്നെയല്ലേ.. പിന്നെ പച്ച മാങ്ങാ, പേരക്ക ഇവ മുറിച്ചു ഉപ്പും മുളക് പൊടിയും വിതറിയത്, സീതപ്പഴം എന്നിവ വിൽക്കുന്ന വഴിയോര കച്ചവടക്കാർ എല്ലായിടത്തും കാണാം എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഞാൻ ഒരു പേരക്ക വാങ്ങി കടിച്ചുകൊണ്ട് മലയുടെ താഴ്വാരത്തെ ചവിട്ടുപടികൾ ലക്ഷ്യമാക്കി നടന്നു. ജാതി, മത, വർഗ്ഗ, രാഷ്ട്ര ഭേദമില്ലാതെ സഞ്ചാരികളുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്, ഒട്ടനേകം വിദേശീയരുമുണ്ട്. ചെരുപ്പ് താഴെ കൗണ്ടറിൽ കൊടുത്തു മുകളിലേക്കുള്ള യാത്രയ്ക്ക് മാനസികമായി തയ്യാറെടുത്തു. തിരശ്ചീനമായി ആരംഭിച്ചു പിന്നീട് കുത്തനെ കയറുന്ന രീതിയിലാണ് ചവിട്ടുപടികൾ. ഭൂതകാലത്തിക്കെന്നപോലെ നീണ്ടുകിടക്കുന്ന ആ അനന്തമായ ആ പടികളിലേക്കു ഞാൻ നോക്കി, ഉച്ച സമയം..ചൂട് അതിന്റെ പാരമ്യത്തിലേക്കു കുതിക്കുന്നു. കണ്ണുകളിലേക്കു വെയിൽ നീലനിറത്തിൽ ഇറങ്ങിവരും പോലെ.. പക്ഷേ മുകളിൽ ഒരു ദൃശ്യവിസ്മയം തന്നെ കാത്തിരിക്കുന്നു എന്ന ചിന്ത എന്നെ ഉൽസാഹവാനാക്കി..

May be an image of 1 person, standing, outdoors and monumentതുടക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്ററോളം തിരശ്ചീനമായാണ് പടികൾ, പിന്നീട് പതിയെ കയറ്റം തുടങ്ങണം. ചുറ്റും എങ്ങുനിന്നോ വന്ന അപരിചിതമായ കുറെ മുഖങ്ങൾ മാത്രം.. മിക്കതും സഞ്ചാരികളുടെ കൂട്ടങ്ങളാണ്, തീർത്ഥാടനം ആയിരിക്കണം ലക്‌ഷ്യം.. പിടിച്ചു നടക്കുവാൻ ഇരുമ്പു തൂണുകൾ വെൽഡ് ചെയ്തു പിടിപ്പിച്ച കൈവരിയുണ്ട്. കയറ്റം കയറി പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേ ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങി. അപ്പോഴാണ് കൂടെയുള്ളവർ ഇടയ്ക്കിടെ ഒരുമിനിറ്റ് ഇരുന്ന്‌ ആണ് കയറുന്നതെന്നു മനസ്സിലായത്. പിന്നെ ക്ഷീണം തോന്നുമ്പോൾ ഇടയ്ക്കു ചെറിയ ബ്രേക്ക് എടുത്തു, ബാഗിൽ കരുതിയ വെള്ളം ഉപകാരപ്പെട്ടു എന്ന് പറയാം. വയസ്സായ ആൾക്കാരെ ട്രോളിയിൽ ചുമന്നു കൊണ്ട് പോകുന്ന കൂലിക്കാർ ഇടയ്ക്കു കടന്നുപോയി. അവർ നടക്കുമ്പോളുള്ള ഉറച്ച കാലടികളിലൂടെ ഭാരം താങ്ങുന്നതിന്റെ സമ്മർദം ചുറ്റുമുള്ളവരിലേക്കും പടരുന്നതുപോലെ.. ഇടയ്ക്കു പൂർണ്ണനഗ്നരായ നാഗസന്യാസികൾ രണ്ടുമൂന്നുപേർ താഴേയ്ക്ക് നടന്നുവരുന്നുണ്ടായിരുന്നു. അവർ എന്തൊക്കെയോ മന്ത്രോച്ചാരണങ്ങൾ നടത്തി കടന്നുപോയി..അവരെല്ലാം ജഡാധാരികളായിരുന്നു, ആത്മീയതുടെ നമുക്കന്യമായ ലോകത്തു വിരാജിക്കുന്നവർ.. നമുക്ക് അവരുടെ ജീവിതം അപരിചിതമാകുന്നതുപോലെയാവും അവർക്കു തിരിച്ചും.. മുകളിലെത്താൻ ഏകദേശം ഒരുമണിക്കൂറോളം സമയമെടുക്കും. പകുതി കഴിയുമ്പോൾ ഇടയ്ക്കു ഒരു കല്മണ്ഡപമുണ്ട്. അവിടെ എല്ലാവരും അൽപനേരം വിശ്രമിച്ചിട്ടാണ് പോകുന്നത്. വെയിലിന്റെ ചൂട് കല്പടവുകളിൽ നിന്ന് ബഹിർഗമിക്കുന്നു. അൽപനേരം അവിടെയിരുന്നിട്ടു വീണ്ടും കയറ്റം തുടർന്നു. അല്പം അകലെ ബാഹുബലി മന്ദിരത്തിന്റെ പ്രവേശന കവാടം കാണായി. അതിന്റെ അരുകിൽ നിന്ന് ഫോട്ടോസ് എടുക്കുന്ന സഞ്ചാരികളുടെ തിക്കും തിരക്കും കാണാം.. കയറ്റം അവസാനിക്കാറായി എന്ന തോന്നൽ ഒരു പുതിയ ഊർജ്ജം തന്നു..

No photo description available.അത് ഒരു മന്ദിരമെന്നോ, ക്ഷേത്രമെന്നോ പറയാൻ തോന്നില്ല അതിന്റെ പ്രവേശനകവാടം കണ്ടാൽ, അത്രയ്ക്ക് വലിയ രണ്ടു പാറക്കല്ലുകൾ സ്ഥാപിച്ച ഒരു കോട്ടവാതിലായിരുന്നു അത്. അവിടത്തെ ആ വലിയ പടിക്കെട്ടുകൾ ഒരെണ്ണം കയറുന്നതു തന്നെ ശ്രമകരമായിരുന്നു. പടിവാതിലിനു പുറത്തു വലിയ ഒരു പാറക്കെട്ടിൽ നിറയെ എന്തൊക്കെയോ ചരിത്രവസ്തുതകൾ ആലേഖനം ചെയ്തു വെച്ചിരിക്കുന്നു. അവിടെ നിന്ന് സഞ്ചാരികൾ ഫോട്ടോ എടുക്കുന്നതായിരുന്നു താഴെ നിന്ന് നോക്കിയപ്പോൾ കണ്ടത്. ഞാൻ ഉള്ളിലേക്ക് കടന്നു. അല്പം ഉള്ളിലേക്ക് നടന്നാൽ ഞാൻ ആ ശില്പവിസ്മയം കാണും എന്ന സത്യം ഉൾക്കൊള്ളാൻ തന്നെ പ്രയാസമായിരുന്നു. മുൻപെങ്ങുമില്ലാത്ത ആകാംഷ എന്നെ അസ്വസ്ഥനാക്കി. ഞാൻ ആ മന്ദിരത്തിനു തൊട്ടു മുന്നിലെത്തി. പ്രാർഥനാനിർഭരമായ ആ അന്തരീക്ഷത്തിലേക്ക് ഞാൻ കടന്നു. അതാ സർവ്വതും ഉപേക്ഷിച്ചു വിന്ധ്യഗിരിയിൽ ധ്യാനത്തിലലിഞ്ഞു ചരിത്രത്താളുകളിൽ ഇടം പിടിച്ച ഗോമതേശ്വര ബാഹുബലിയുടെ സ്മാരകം തൊട്ടു മുന്നിൽ..! ഇരുമ്പുകമ്പികൾ കൊണ്ട് കെട്ടിയ വൃത്താകൃതിയിലെ ചവിട്ടുപടികൾ കയറി ഭക്തർ കുങ്കുമവും ചന്ദനവും പാലും പുഷ്പവും കുടങ്ങളിലാക്കി ആ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു. വെള്ളം, മഞ്ഞൾ, ധാന്യപ്പൊടി, കരിമ്പിൻ നീര്‌, ചന്ദനം, കുങ്കുമം, പിന്നെ സ്വർണം കൊണ്ടും വെള്ളി കൊണ്ടുമുണ്ടാക്കിയ പൂക്കൾ എന്നിവ കൊണ്ടുള്ള അഭിഷേകമാണ് ‘മഹാമസ്തകാഭിഷേകം’.., അതാണ് നടന്നുകൊണ്ടിരിക്കുന്നത്. 57 ഫീറ്റ് വലിപ്പമുള്ള ആ വിഗ്രഹം കുങ്കുമത്തിന്റെ അരുണിമയിൽ തെളിഞ്ഞു ജ്വലിക്കുന്നു.. അതെ, ഞാൻ ആ മഹാത്ഭുദം കണ്ടു കഴിഞ്ഞു..!!

May be an image of 1 person, standing and outdoorsഭക്തരിലും കൂടുതൽ സഞ്ചാരികൾ തന്നെ ആയിരുന്നു അവിടെ. ഞാൻ ആ കമ്പിക്കെട്ടുകൾ കയറി മുകളിലെത്തി. അവിടെ സഞ്ചാരികൾക്കു നടന്ന് കാണാൻ സൗകര്യത്തിനു ഇരുമ്പു ഷീറ്റുകൾ അടിച്ചിട്ടുണ്ട്‌. താഴെ ആ ഗ്രാമവും ഹസ്സൻ ജില്ലയുടെ നാലു ഭാഗവും അവ്യക്തമായ കോടമഞ്ഞു മൂടിയ പോലെ കാണാം. എന്തൊരു നിശ്ശബ്ദതയാണ് ആ മലയുടെ നിറുകയിൽ.. ഏതോ ലോകത്തെത്തിയ പ്രതീതി.. വീശിയടിക്കുന്ന കാറ്റിന്റെ അലകൾക്കു നടുവിൽ ധനനിമഗ്നനായി ലോകരഹസ്യം തിരഞ്ഞ ബാഹുബലിയുടെ ശിരസ്സ്‌ ആകാശത്തേയ്ക്ക് ഉയർന്നു നിൽക്കുന്നു..ഇതാണ് അന്ന് ട്രെയ്‌നിലിരുന്നു കണ്ടത്..! ഗോമതേശ്വരൻ എന്ത് പ്രപഞ്ചരഹസ്യമാവും കണ്ടെത്തിയത്..? അയാൾ സർവ്വസൗഭാഗ്യങ്ങളും ത്യജിച്ചു എന്തേ ഈ മലമുകളിൽ തിരഞ്ഞത്..? അനശ്വരതയോ അതോ ശാന്തിയോ..?

അൽപനേരം അവിടെ ചിലവഴിച്ചു കുറച്ചു ഫോട്ടോസ് എടുത്തു, ഇനി മടക്കയാത്ര.. ഞാൻ ആ മന്ദിരത്തിന്റെ പുറത്തിറങ്ങി. മലമുകളിൽ തന്നെ അല്പം അകലേക്ക് മാറി ഒരു കൽമണ്ഡപവും എതിർവശത്തായി പൂർണ്ണമായും കല്ലിൽ കൊത്തിയ ഒരു കോട്ടയുമുണ്ട്. അതും കൂടി കാണാതെ പോയാൽ ഇനിയൊരിക്കലും ചിലപ്പോൾ വരാൻ കഴിഞ്ഞില്ലെങ്കിലോ..? ആ കൽമണ്ഡപത്തിന്റെ അടുത്തെങ്ങും ആരുമില്ല.. എന്തൊരു പ്രശാന്തതയാണ് ആ പരിസരത്തിന്.. അവിടത്തെ കാഴ്ചകൾ ഞാൻ ഒരു വിഡിയോയിൽ പകർത്തി. കാറ്റ് കല്ലിനോട് കുശലം പറയുന്നതിന് ഞാൻ മാത്രം സാക്ഷി.. എന്‍റെ ക്ഷീണമെല്ലാം ആ കുളിർകാറ്റിലലിഞ്ഞുപോയതുപോലെ.. മലയിറക്കത്തിന് അല്പനേരമേ വേണ്ടൂ. അൽപനേരം കൂടി ആ കൽമണ്ഡപത്തിലിരുന്നു എന്നിട്ട് താഴേയ്ക്ക് നടന്നു. ഒരു വൃദ്ധദമ്പതികളെ കൂലിക്കാർ ട്രോളിയിൽ ചുമന്നുകൊണ്ട് വരുന്നു. സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോഴും തുടരുന്നു. ചൂട് അല്പം കുറഞ്ഞിട്ടുണ്ട്. താഴെ എത്താൻ ഇനി അല്പം കൂടിയേ ഉള്ളൂ.
താഴെയെത്തി കൗണ്ടറിൽ ടോക്കൺ കൊടുത്തു ചെരുപ്പ് വാങ്ങി, പിന്നെ അടുത്തുള്ള മരത്തണലിൽ അല്പനേരമിരുന്നു.
May be an image of 1 personഇനി അപ്പുറത്തു കുറച്ചു കാഴ്ചകൾ കൂടി ബാക്കിയുണ്ട്. നേരെ എതിർവശത്താണ് ചന്ദ്രഗിരി. അവിടെയാണ് ചന്ദ്രഗുപത മൗര്യന്റെ സ്മാരകം ‘ ചന്ദ്രഗുപ്ത ബസദി’. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യൻ അവസാന കാലത്തു ഒരു ജൈനഭിക്ഷുവായി മാറാൻ തീരുമാനിക്കുകയും ശിഷ്ടജീവിതം ചിലവിടാനായി ചന്ദ്രഗിരി തിരഞ്ഞെടുക്കുകയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തെക്കേ അറ്റവും (ഇപ്പോൾ കേരളം ,തമിഴ്നാട് ) കലിംഗവും (ഇപ്പോൾ ഒറീസ) ഒഴികെയുള്ള മറ്റെല്ലാ പ്രദേശങ്ങളിലുമായാണ് മൗര്യ സാമ്രാജ്യം വ്യാപിച്ചു കിടന്നിരുനിന്നത്. ചാണക്യനായിരുന്നു ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രി. ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ് 4 വർഷം ചന്ദ്രഗുപ്തമൗര്യന്റെ കോടതിയിൽ ഗ്രീക്ക് അംബാസിഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചന്ദ്രഗുപ്ത മൗര്യൻ ജൈന ഭിക്ഷുവായ ആചാര്യ ഭദ്രാബാഹുവിന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. അവസാനം അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു വൃതം എടുത്തുകൊണ്ടു ശാന്തമായ ഒരു മരണത്തെ പുല്കുകയായിരുന്നു. ചന്ദ്രഗിരി മലയിലെ ‘ ചന്ദ്രഗുപ്ത ബസദി’ ചന്ദ്രഗുപ്ത മൗര്യന്റെ ഓർമയ്ക്കായി BC മൂന്നാം നൂറ്റാണ്ടിൽ അശോകൻ പണികഴിപ്പിച്ചതാണ്.

May be an image of 1 person, outdoors and templeഅല്പനേരത്തെ വിശ്രമത്തിനു ശേഷം അങ്ങോട്ട് നടന്നു. ഏകദേശം 200 ൽ കൂടുതൽ പടികൾ കയറാനുണ്ട് ചന്ദ്രഗിരിയിൽ. ഇടയ്ക്കു കറുത്ത പാറക്കല്ലുകൾ നിറഞ്ഞ ഒരു സ്ഥലമുണ്ട്, നല്ല ഭംഗിയാണവിടെ. അവിടത്തെ രണ്ടു മൂന്നു ഫോട്ടോസ് എടുത്തു. ഈ യാത്രയിലെ ഏറ്റവും നല്ല ഫോട്ടോയിലോന്നു അതായിരിക്കും തീർച്ച..! ചന്ദ്രഗിരി മലയിൽ നിരവധി കൊച്ചു ജൈന ക്ഷേത്രങ്ങൾ കാണാം. ചെറിയ ജൈനക്ഷേത്രങ്ങൾ കൂടാതെ ചാമുണ്ഡരായ എന്നിവരുടെ ശിലാലിഖിതങ്ങളും കൽത്തൂണുകളിൽ എഴുതി നാട്ടിയ ശാസനങ്ങളും ഇവിടെയുണ്ട്. അവയിലൂടെ കണ്ണോടിക്കാൻ എന്ത് രസമാണ്! മണ്ണടിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രതിഫലനമല്ലേ ആ ശിലകളിൽ..? ഏകദേശം പത്തടി പൊക്കമുള്ള കറുത്ത കല്ലുകൊണ്ടുള്ള ഒരു ബാഹുബലി പ്രതിമ ഇവിടെയുണ്ട്, അതിന് കാൽമുട്ട് മുതൽ മുകളിലേക്കുള്ള ഭാഗം മാത്രമേ ഉള്ളൂ, കാലുകളില്ല. പാറക്കല്ലുകൾ കൊണ്ട് ഭംഗിയായി അടുക്കി കെട്ടിയ മതിലാണ് ഇവിടത്തെ വേറൊരു പ്രത്യേകത. മന്ദിരങ്ങൾക്കെല്ലാം ഉപയോഗിച്ചിരിക്കുന്ന കല്ലുകൾക്ക് ഇളം മഞ്ഞ നിറമുണ്ട്, നിർമ്മിതിയും ഒരു പ്രത്യേക ശൈലിയിലാണ്. അവിടെ കണ്ടതും കല്ലിലെ വിസ്മയങ്ങൾ തന്നെ, അവിടെ നിറഞ്ഞു നിന്നതും വിന്ധ്യഗിരിയിൽ കണ്ട അതെ നിശബ്ദത.. ഏതോ പുരാതന കാലത്തിന്റെ ഗന്ധവും കയ്യൊപ്പുകളും ചാർത്തിയ ശില്പചാതുരി.. May be an image of 1 person, standing and outdoorsആ കാഴ്ച്ചയിൽ ഏതൊരു സഞ്ചാരിയും സ്ഥലകാലങ്ങൾ വിസ്മരിച്ചുപോകുമെന്നുറപ്പാണ്..! ഇഹലോകവാസം വെടിയാൻ ഒരു രാജാവ് തിരഞ്ഞെടുത്ത അത്രയും ശാന്തത , അത്രയും ദൈവീകമായ എന്തോ ഒന്ന് ആ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു. വിന്ധ്യഗിരിയിൽ നിന്ന് വ്യത്യസ്തമായി ഉള്ളത് അല്പം വൃക്ഷങ്ങൾ ആ പരിസരത്തു നിറഞ്ഞു കാണാമായിരുന്നു എന്നുള്ളതാണ്. അതും ആ ശാന്തതയുടെ ഗാംഭീര്യം തെല്ലു കൂട്ടിയതേ ഉള്ളൂ..
നേരം സന്ധ്യയായിക്കഴിഞ്ഞു.. യാത്രാനുഭവങ്ങളുടെ പുസ്തകത്തിൽ തിളക്കമുള്ളൊരു അദ്ധ്യായമായി ഈ നിമിഷങ്ങൾ പകർത്താമെന്നുള്ള സന്തോഷത്തോടെ ഞാൻ മലയിറങ്ങി.. ബസ് സ്റ്റാൻഡിൽ ബസ് കിടപ്പുണ്ട്. യാത്രക്കാർ വന്നും പോയും ഇരിക്കുന്ന തിരക്ക് റോഡിൽ ഇപ്പോഴും കാണാം.. ഞാൻ സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.. അങ്ങുദൂരെ ആകാശത്തിൽ ഒരു പൊട്ടുപോലെ ദീപാലംകൃതമായ ഗോമതേശ്വരക്ഷേത്രം കാണാം.. ആ ഇരുൾമൂടിയ നിശബ്ദതയിൽ ഗോമതേശ്വരൻ ഇപ്പോഴും ധ്യാനിക്കുകയാവുമോ..?