ദ്രാവിഡ വാസ്തുവിദ്യയുടെ വിസ്മയാകാരമായ തഞ്ചാവൂർ ബൃഹദേശ്വരക്ഷേത്രം

67

യാത്ര മുടങ്ങിയവരോട് ഒരു യാത്രയെക്കുറിച്ച് പറയാം.

രണ്ടു വർഷം മുൻപ്, കുലോത്തുംഗൻ കാലിയപെരുമാൾ എന്ന ഫുട്ബോളർ ബൈക്കപകടത്തിൽ മരിച്ച വാർത്ത പത്രത്തിൽ വായിച്ച ദിവസം പാതിരാത്രി ഉറക്കം നഷ്ടപ്പെട്ട് ഞാൻ എഴുന്നേറ്റിരുന്നു. കൽക്കത്ത സാൾട്ലേക്ക് സ്റ്റേഡിയത്തിലെ പുൽമൈതാനത്തിൽ അസാമാന്യമായ പന്തടക്കത്തോടെ ഡ്രിബ്ൾ ചെയ്ത് മുന്നേറിയിരുന്ന അയാളുടെ മാന്ത്രിക വേഗതയാർന്ന പാദങ്ങൾ ചരിത്ര നഗരിയായ തഞ്ചാവൂരിൻ്റെ ഏതോ ഇടവഴിയിൽ ജീവനും മരണവും തമ്മിലുള്ള കലാശക്കളിയിലെ ഫൈനൽ വിസിലിന് ശേഷം അനക്കമറ്റുകിടക്കുന്ന ദു:സ്വപ്നം കണ്ടാണ് ഞാൻ ഉണർന്നത്.

കൽക്കത്തയിലെ മുൻനിര ക്ലബ്ബുകളായിരുന്ന മോഹൻ ബഗാനും മുഹമ്മദൻ സ്പോർട്ടിംഗിനും ഈസ്റ്റ് ബംഗാളിനുമൊക്കെ വേണ്ടി കളിച്ചിരുന്ന, തമിഴ്നാടിൻ്റെ സ്റ്റേറ്റ് ടീമിൽ നിരവധി തവണ അംഗമായിരുന്ന കുലോത്തുംഗൻ കാലിയപെരുമാൾ എന്ന കളിക്കാരനെക്കുറിച്ച് പക്ഷേ, പത്രത്തിൽ മരണ വാർത്ത വായിക്കുന്നതു വരെ ഞാൻ കേട്ടിരുന്നില്ല. മരിക്കുമ്പോൾ 35 വയസ്സായിരുന്നു അയാളുടെ പ്രായം. വാർത്ത വായിച്ചു കഴിഞ്ഞപ്പോൾ ചെന്തമിഴ് പഴമയിൽ ചരിത്ര ഗാംഭീര്യം തുന്നിച്ചേർത്ത ആ പേരിൻ്റെ മാസ്മരികതയിൽ എൻ്റെ ഫുട്ബോൾ വിചാരങ്ങളെല്ലാം ഉടക്കി നിന്നു.

കുലോത്തുംഗൻ – പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ മധുര കേന്ദ്രമാക്കിയ പാണ്ഡ്യരെയും, പഴയ കേരളാവിലെ ചേരന്മാരെയും, കടലിനക്കരെയുള്ള സിംഹളരെയും കീഴടക്കി ചോള സാമ്രാജ്യത്തിൻ്റെ അതിരുകൾ വിശാലമാക്കിയ രാജാധിരാജൻ്റെ പേരാണത്‌!(കുലോത്തുംഗൻ ഒന്നാമനും മൂന്നാമനും മധ്യകാല തമിഴ് ചരിത്രത്തിൽ പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന ചോള രാജാക്കൻമാരാണ്.)

തമിഴ്നാടിൻ്റെ നെല്ലറയായ തഞ്ചാവൂർ കേന്ദ്രമാക്കി ചോള സാമ്രാജ്യം ഭരിച്ചിരുന്ന, കുലോത്തുംഗചോളൻ്റെ മുൻഗാമിയായ രാജരാജ ചോളൻ പണികഴിപ്പിച്ച ദ്രാവിഡ വാസ്തുവിദ്യയുടെ വിസ്മയാകാരമായ തഞ്ചാവൂർ ബൃഹദേശ്വരക്ഷേത്രം കാണാൻ ഞാൻ പോയത്, തഞ്ചാവൂരിൽ വച്ചുണ്ടായ റോഡപകടത്തിൽ കുലോത്തുംഗൻ മരിച്ചതിനു ശേഷമാണ്.തമിഴ്നാട്ടിലെ മൂന്നാമത്തെ വലിയ നഗരമായ ട്രിച്ചിയിൽ നിന്ന് ബസിലാണ് ഏകദേശം 60 കി.മീ അകലെയുള്ള തഞ്ചാവൂരിലേക്ക് പോയത്. അവിടെ എത്തിയതിൻ്റെ അടുത്ത ദിവസമാണ് ക്ഷേത്രം കാണാൻ പോയത്.

നല്ല തിരക്കുള്ള ഒരു വെള്ളിയാഴ്ച.ക്ഷേത്രത്തിലേക്കുള്ള ആദ്യത്തെ പ്രവേശന കവാടം കണ്ടാൽതന്നെ കേരളത്തിലെ അമ്പലങ്ങൾ കണ്ടുശീലിച്ച ഏതൊരാളും ആത്മനിർഭരൻ ആയിപ്പോവും. നമ്മുടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെയൊക്കെ വലിപ്പമുണ്ട് ആ പ്രവേശന കവാടം ഉൾപ്പെടുന്ന ഗോപുരത്തിനു തന്നെ. അഞ്ചു നിലകളിൽ അത്ഭുതപ്പെടുത്തുന്ന കൊത്തുപണികൾ കൊണ്ടു നിറച്ചിട്ടുള്ള ആ നിർമിതിക്ക് ‘കേരളാന്തകൻ തിരുവായിൽ’ എന്നാണ് പേര്.കേരളീയരെ കൊച്ചാക്കുന്ന ഒരു പേരാണിതെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ക്ഷേത്രം നിർമിച്ച രാജരാജചോളൻ(hereinafter referred as രായപ്പൻ), അന്തകാലത്തെ കേരള രാജാവായിരുന്ന ഭാസ്കര രവിവർമ്മനെന്ന ചേര രാജാവിനെ യുദ്ധത്തിൽ കണ്ടം വഴി ഓടിച്ചതിൻ്റെ സ്മരണയ്ക്കായി അദ്ദേഹത്തെ ‘കേരളാന്തകൻ’ എന്ന് വിശേഷിപ്പിക്കാറുണ്ട്.അതുകൊണ്ടാണ് പ്രവേശന ഗോപുര കവാടത്തിന് അങ്ങനെ പേരു വന്നത്. ഒരു സംസ്ഥാന ഭക്തൻ എന്ന നിലയിൽ പ്രസ്തുത പേരിനോട് മനസാ വിയോജിപ്പ് രേഖപ്പെടുത്തി അകത്തേക്കു കടന്നപ്പോൾ അതാ മറ്റൊരു കവാടം! ഇതും വലിപ്പത്തിൽ ആദ്യത്തേതിന് കിടപിടിക്കും. രാജാവിൻ്റെ ഒറിജിനൽ പേരിൽ തന്നെയാണ് ടി ഗേറ്റ് – ‘രാജരാജൻ തിരുവായിൽ’. അതും കടന്ന് ഉള്ളിൽ പ്രവേശിച്ചപ്പോഴേക്കും കൈയിൽ കരുതിയിരുന്ന ഒരു ലിറ്റർ റെയിൽ നീർ കുടിച്ചു തീർന്നിരുന്നു.
രാജരാജൻ തിരുവായിൽ കടന്നു ചെന്നാൽ കാണുന്ന നന്ദിയുടെ കൂറ്റൻ പ്രതിമ സ്ഥാപിച്ച കൽമണ്ഡപത്തിന് അഭിമുഖമായി 14 നിലകളിലായി 216 അടി ഉയരമുള്ള ബൃഹദേശ്വര (ശിവൻ) മണ്ഡപം കാണാം. ഏകദേശം 800 അടി നീളവും 400 അടി വീതിയുമുണ്ട് ആ ഭീമാകാരമായ നിർമിതിക്ക് .അതിനകത്തേക്ക് കയറിപ്പറ്റാനുള്ള ക്യൂവിൽ നിലയുറപ്പിച്ചു.

Hotel Gnanam Thanjavurവല്ലവിധേനയും അകത്തെത്തിയപ്പോൾ മനുഷ്യർ അരിച്ചരിച്ചാണ് നീങ്ങുന്നതെന്ന് മനസ്സിലായി. പൂജയും വഴിപാടും കാണിക്കയും പണം പിരിവുമെല്ലാം അതിൻ്റെ മുറക്ക് നടക്കുന്നുണ്ട്. അതാണ് ഇത്ര താമസം. ഭക്തി തലയ്ക്കു പിടിച്ച മനുഷ്യർ ക്ഷേത്രത്തിൻ്റെ വാസ്തുശില്പ വൈഭവം കാണാൻ വന്നവരൊന്നുമല്ല. സ്വസ്ഥമായി അതിനകത്ത് മാറിനിന്ന് കൽത്തൂണുകളിലും ചുമരുകളിലുമുള്ള ശില്പഭംഗി ആസ്വദിക്കാനോ, കല്ലിന്മേൽ കല്ല് അടുക്കിയടുക്കി വെച്ച് നിർമ്മിച്ച അത്ഭുത വാസ്തുവിദ്യയെ നമിച്ച് തെല്ലിട നിൽക്കാനോ നമുക്ക് സാധിക്കില്ല. വരിയുടെ ഒഴുക്കിനൊത്ത് മുന്നോട്ടു പോവുകയേ നിവൃത്തിയുള്ളൂ.ഏകതാനമായ ഈ പോക്ക് മടുത്തപ്പോൾ മണ്ഡപത്തിൻ്റെ വലതുഭാഗത്തായി ആദ്യം കണ്ട കവാടത്തിലൂടെ പുറത്തേക്ക് ചാടി. ക്ഷേത്രത്തിൻ്റെ പുറംചുമരുകളിൽ അടിതൊട്ടു മുടിവരെ ദേവതാ ശില്പങ്ങളുടെയും പഴന്തമിഴ് കൽവെട്ടുകളുടെയും അഖിലലോക സമ്മേളനമാണ്. അതു കണ്ടുകണ്ട് പുറത്തു കൂടി ഒരു റൗണ്ടടിച്ചു. മണ്ഡപത്തിലേക്ക് കയറിയ പ്രവേശനപ്പടവിൽ തന്നെ തിരിച്ചെത്തി.

യുനെസ്കോയുടെ ലോക പൈതൃകസ്ഥാന പട്ടികയിൽ ഇടം പിടിച്ച ഈ മധ്യകാല ചോള നിർമിതിയുടെ ആയിരാമത് വർഷം 2010ൽ ഗംഭീരമായി ആഘോഷിച്ച വാർത്ത വായിച്ചത് അപ്പോൾ ഓർമ വന്നു.അന്ന്, പ്രശസ്ത നർത്തകി പത്മാ സുബ്രഹ്മണ്യത്തിൻ്റെ നേതൃത്വത്തിൽ ആയിരം നർത്തകിമാർ, നിരവധി വായ്പാട്ടുകാരുടെയും പക്കമേളക്കാരുടെയും അകമ്പടിയോടെ ചുറ്റിലുമായി നൃത്തച്ചുവടുവെച്ച നന്ദീ ശില്പം സ്ഥാപിച്ച കൽമണ്ഡപം പിന്നിട്ട് തിരിച്ചു നടക്കുമ്പോൾ, പ്രവേശന കവാടത്തോട് ചേർന്നുള്ള കരകൗശല വില്പനകേന്ദ്രത്തിൽനിന്ന് ഒരു തഞ്ചാവൂർ പാവയെ വാങ്ങാൻ ആഗ്രഹം തോന്നി. ശരീരം അനങ്ങാതെ തല മാത്രം ആടിക്കൊണ്ടിരിക്കുന്ന ‘തഞ്ചാവൂർ ഡാൻസിംഗ് ഡോൾസ്’ പ്രസിദ്ധമാണ്. പക്ഷേ, വില അല്പം കൂടുതലാണ്.പാവയുടെ തലയാട്ടൽ കണ്ട് അവിടെ ചുറ്റിപ്പറ്റി നിന്ന് ഒടുവിൽ ഒരെണ്ണം വാങ്ങുമെന്നായപ്പോൾ സുഹൃത്തുക്കളിൽ ഒരാൾ മുന്നറിയിപ്പ് തന്നു.
” പാവയെ വാങ്ങി റൂമിലിരുന്ന് തലയാട്ടി കളിക്കാനാണോ പരിപാടി? വൈകുന്നേരം വാങ്ങാൻ തീരുമാനിച്ച Morpheus Blue ൻ്റെ വില എത്രയാന്ന്ള്ളത് മറക്കണ്ട “അതു കേട്ടതോടെ പ്രായോഗിക ബുദ്ധി മദ്യ കാലഘട്ടത്തിൽ തലയാട്ടി നിന്നു. തഞ്ചാവൂർ പാവയെ കൈവിട്ട് വേഗത്തിൽ പുറത്തു കടന്നു.

ത്യാഗരാജൻ്റെ തിരുവൈയ്യാറിലേക്ക് പോകാനായി ഒട്ടോയിൽ കയറി ബസ്സ്റ്റാൻഡിലേക്ക് തിരിച്ചപ്പോൾ തല പുറത്തേക്കിട്ട് പെരിയ കോവിലിനെ അവസാനമായി ഒന്നുകൂടി നോക്കി. 216 അടി ഉയരത്തിലുള്ള ഗോപുരമകുടം കുറേ ദൂരത്തോളം കൺമറയാതെ കണ്ടു. താഴികക്കുടത്തിൻ്റെ അവസാന ബിന്ദുവും അപ്രത്യക്ഷമായപ്പോൾ ഞാൻ കണ്ണുകൾ അടച്ചുപിടിച്ചു. പിന്നിലാക്കി പോന്ന കാഴ്ചകളെ എനിയ്ക്ക് മറക്കണം .അല്ലെങ്കിൽ അങ്ങോട്ടു തന്നെ തിരിച്ചു പോകണം എന്ന തോന്നൽ തികട്ടി വന്ന് ശല്യം ചെയ്യുന്ന ഒരു തരം നൊസ്സുണ്ട്, എനിയ്ക്ക്. ഓട്ടോയുടെ പിൻസീറ്റിൽ തല ചായ്ച് കിടന്നു. കണ്ണു തുറക്കാൻ ശ്രമിച്ചില്ല. പിന്നിട്ട കാഴ്ചയുടെ ഓർമകളെ മൂടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ മറവിയിൽ നിന്ന് അയാൾ കയറി വന്നു….

ഇളം തെന്നലിൽ ഒഴുകുന്ന തഞ്ചാവൂർ വയലേല പോലെ, ചാഞ്ഞും ചരിഞ്ഞും ചിലപ്പോൾ വട്ടം കറങ്ങിയും എതിരാളികളുടെ കളിവീര്യങ്ങളെ കബളിപ്പിച്ച കാൽപന്തുമായി കൽക്കത്തയിലെ പുൽമൈതാനങ്ങളിൽ യൗവ്വനം ഓടിത്തീർത്ത, കറുത്ത് നെടിയ അക്ഷോഭ്യനായ ആ യുവാവ്. തഞ്ചാവൂരിൻ്റെ ചരിത്ര ഗാംഭീര്യവും ചെന്തമിഴിൻ്റെ മനോഹാരിതയും കാൽപന്തുകളിയിലേക്ക് വിവർത്തനം ചെയ്ത വിങ് ബാക്ക് – കുലോത്തുംഗൻ കാലിയപെരുമാൾ!