ഒന്നു സങ്കല്പിച്ചുനോക്കൂ, ചാങ് വി എന്ന ചൈനക്കാരൻ ബെയ്ജിങിൽ നിന്നും 630 കിലോമീറ്റർ അകലെയുള്ള ഒരിടത്തേക്ക് ഔദ്യോഗികമായ ആവശ്യത്തിന് പോകുകയാണ്. അനുദിനമുള്ള യാത്രയാണ്. തന്റെ രാജ്യം അഭിമാനപൂർവ്വം അവതരിപ്പിച്ച ബുള്ളറ്റ് ട്രെയിനിൽ കയറി ചാങ് വി യാത്ര തുടങ്ങുന്നു. മണിക്കൂറിൽ 350 കിലോമീറ്ററാണ് വേഗത. ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്തി അയാൾ തന്റെ ജോലി ആരംഭിക്കുന്നു. മറ്റൊരു ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്തു യാത്രാക്ലേശമില്ലാതെ വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തുകയും ഭാര്യയോടും കുട്ടിക്കുമൊപ്പം അയാൾ ജീവിതം പങ്കിടുകയും ചെയുന്നു.

ഇതേ സമയം നമ്മുടെ കണ്മുന്നിലുള്ള ഒരു യാഥാർഥ്യത്തിലേക്ക് പോകാം. ഔദ്യോഗികമായ ആവശ്യത്തിനു തിരുവനന്തപുരത്തുനിന്നും മംഗലാപുരം വരെയുള്ള 630 കിലോമീറ്റർ യാത്രചെയ്യാൻ തിരുവനന്തപുരം സെൻട്രൽ റെയിൽവെസ്റ്റേഷനിൽ സുഭാഷ് എന്നൊരു യുവാവ് നിൽക്കുന്നു. തന്റെ രാജ്യം റെയിൽവേ സിസ്റ്റം കാലോചിതമായി പരിഷ്കരിക്കാത്തതിൽ അയാൾക്ക്‌ അരിശം ഉണ്ടാകാം. എല്ലാമൊരു സ്വാഭാവികത ആയിത്തീർന്നതിനാൽ അരിശം ഉണ്ടാകാതിരിക്കുകയും ചെയ്യാം. അയ്യാൾ മുടന്തിക്കിതച്ചു പുകതുപ്പിവരുന്ന ഒരു ട്രെയിനിൽ കയറുകയും പതിമൂന്നോ പതിനാലോ മണിക്കൂറുകൾ നീണ്ട വിരസയാത്രയ്‌ക്കൊടുവിൽ ക്ഷീണിതനായി മംഗലാപുരത്തെത്തി വിശ്രമിച്ചു പിറ്റേന്നുമുതൽ ജോലി തുടങ്ങുകയും ചെയ്യുന്നു. മാസത്തിലൊരിക്കൽ മാത്രമാകും വീട്ടിൽ പോകുന്നുണ്ടാകുക.

നമ്മുടെ അകലങ്ങൾ ഒരു ചൈനക്കാരാണ് ഏറെ അടുത്തുള്ളതാണ്. .ചാങ്‌വിയും സുഭാഷും തമ്മിലിലുള്ള സമയവ്യത്യാസമായ പന്ത്രണ്ടേകാൽ മണിക്കൂറാണ്, ചൈന എന്ന രാജ്യത്തെ അപേക്ഷിച്ചു ഇന്ത്യ എന്ന രാജ്യത്തിൽ യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഒരാൾക്ക് നഷ്ടമാകുന്നത്. അങ്ങനെ നോക്കുമ്പോൾ കോടാനുകോടി ജനങ്ങൾക്കു (ജനങ്ങളിൽ നിന്നും) നഷ്ടമാകുന്ന സമയം എത്രമാത്രമാണ്. അതും ഇതിലും ദീർഘദൂരയാത്രകൾ ആകുമ്പോൾ, ഇരട്ടിസമയം വാഹനത്തിൽ ഹോമിക്കേണ്ടിവരുമ്പോൾ. നമ്മുടെ ഉപരിതഗതാഗതസൗകര്യങ്ങളുടെ കാര്യക്ഷമതയില്ലായ്മ എത്ര ഭീകരമായാണ് നമ്മെ തുറിച്ചുനോക്കുന്നതെന്നു മനസിലാക്കാം.

ഇന്ത്യയിൽ ജോലിചെയ്യുന്ന സ്ഥലങ്ങൾ അകലെയെങ്കിൽ ഒരാൾക്ക് അവിടെ താമസിക്കേണ്ടിവരുന്നു. ഇതിലൂടെ സമയനഷ്ടം ഉണ്ടാകില്ല എന്ന് വാദിക്കാമെങ്കിലും ഉണ്ടാകുന്ന ‘ജീവിതനഷ്ടം’ ഒരാളുടെ മാനസികമായ സന്തുലനത്തെ ഏറെ ബാധിക്കുന്നു. ജീവിക്കാൻ വേണ്ടി ബന്ധുക്കളെ പിരിയുന്ന അവസ്ഥ വിദേശങ്ങളിൽ ജോലിചെയ്യുന്ന പ്രവാസസമൂഹം നമുക്ക് വലിയ ദൈന്യതയോടെ അനുദിനം കാണിച്ചുതരുന്നു. എന്നാൽ മാതൃരാജ്യത്തിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യമുണ്ടെങ്കിൽ അനുദിനം പോയിവരാവുന്ന അകലം പോലും നമുക്ക് അപ്രാപ്യമാകുന്നു.ദൂരങ്ങളിൽ നിന്നും വന്നു ജോലിചെയ്യുന്നവർ ആകുമ്പോൾ അവർക്കു വീട്ടിൽപോകാൻ മാസാമാസം ലീവനുവദിക്കേണ്ട അവസ്ഥയും വരും. അതിനായി അയ്യാൾ ആ ദിവസങ്ങളിലെ ജോലിയെ ബാധിക്കാത്ത തരത്തിൽ പലദിവസങ്ങളിലും അമിതജോലിയും ചെയ്യേണ്ടിവരുന്നു. അമിതമായ സ്‌ട്രെസും ക്ഷീണവും അയാളെ കീഴടക്കിയേക്കാം. നമ്മളിവിടെ നഷ്ടപ്പെടുത്തുന്നത് ജോലിസമയത്തെയും ബന്ധുക്കളോടൊപ്പം ചിലവഴിക്കേണ്ട അമൂല്യമായ സമയത്തെയുമാണ്. ഇവയൊന്നും ജീവിതത്തിൽ തിരിച്ചുകിട്ടില്ല.

നമ്മുടെ ട്രെയിൻ യാത്രകൾ ഇങ്ങനെയാകുമ്പോൾ ഒരാൾ എവിടെ താമസിക്കേണ്ടിവന്നാലും റോഡ് മാർഗ്ഗമുള്ള യാത്രകളിലും അയാൾ ഏറെനേരം തളച്ചിടപ്പെടുന്നു. നമ്മുടെ സമ്പത്തുകൊണ്ടു റോഡുകൾ ഉണ്ടാക്കി എന്ന് പറയുന്നതിനേക്കാൾ, റോഡുകൾ നമുക്ക് സമ്പത്തുണ്ടാക്കി തരികയായിരുന്നു എന്ന് പറയുന്നതാകും ശരി’ എന്ന ഒരു മഹദ്‌വചനം ഓർത്തുപോകുന്നു. ട്രാഫിക്ക് ബ്ലോക്കുകളും ഗട്ടറുകളും വീതിയില്ലായ്മയും കണ്ടംചെയ്യാറായ വാഹനങ്ങളും നമ്മുടെ ശാപമാകുമ്പോൾ കാറിലും ബസിലും ജീവിക്കുക തന്നെയാണ് ജനങ്ങൾ. നമ്മുടെ റോഡുകൾ സമ്പത്തുണ്ടാക്കുകയല്ല, സമ്പത്തിനെ കവർന്നെടുക്കുകയാണ് ചെയുന്നത്. അമിതമായ ഇന്ധനനഷ്ടവും വരുത്തിവയ്ക്കുന്നു. ഇംഗ്ലണ്ടിൽ ജോലിചെയ്യുന്ന എന്റെ സുഹൃത്തായൊരു ഡോകട്ർ അനുദിനം ഇരുന്നൂറോളം കിലോമീറ്റർ സ്വയം വാഹനമോടിച്ചാണ് ജോലിക്കു പോയി വീട്ടിൽ തിരിച്ചെത്തുന്നത്. ഇന്ത്യയിൽ ഇത് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നു പറയേണ്ട കാര്യമില്ലല്ലോ. വെറും പതിമൂന്നു കിലോമീറ്റർ കൊല്ലം ബൈപാസ് പണിതീരാൻ നമ്മുടെ നാട്ടിൽ നാല്പതിലേറെ കൊല്ലമെടുത്തു. അതിന്റെ ഉദ്‌ഘാടനത്തിന്റെ പേരിൽ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയവാഗ്‌വാദങ്ങൾക്കും കണക്കില്ല.

ഇതൊരു ബന്ധനമാണ്. ‘വാഗൺട്രാജഡി’ പോലെ നമ്മുടെ ജീവിതത്തിന്റെ അമൂല്യമായ സമയത്തെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന ബന്ധനം. ട്രെയിനുകൾ അല്പം മോടികൂട്ടി പ്രദർശിപ്പിക്കുമ്പോൾ നമുക്ക് സന്തോഷമാകും. എന്നാൽ യാത്രാവേഗം നമ്മൾ വിസ്മരിക്കുന്നു. മോശമായ ട്രാക്കുകളും മന്ദഗതിയിൽ പോകുന്ന എഞ്ചിനുകളും നിലവിലുള്ളപ്പോൾ ബോഗികൾ മോടികൂട്ടിയിട്ടു എന്തുനേടാൻ. വാഹനയാത്ര എന്നതുതന്നെ തന്നെ സമയത്തെ ലഭിക്കാനുള്ള മനുഷ്യന്റെ ത്വരയിലാണ് പ്രവർത്തികമാക്കപ്പെട്ടത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ നിന്നും അവരുടെ കൊമേഴ്‌സ്യൽ ക്യാപ്പിറ്റലായ ഷാങ്‌ഹായ്‌ വരെയുള്ള 1318 കിലോമീറ്റർ മുൻപ് തണ്ടാനെടുത്തിരുന്ന സമയം പത്തുമണിക്കൂർ ആയിരുന്നെങ്കിൽ അവരുടെ ഹൈസ്പീഡ് എഞ്ചിനുകൾ ട്രാക്കിലിറങ്ങിയതിനു ശേഷം ആ വലിയ ദൂരം നാലര മണിക്കൂർ കൊണ്ടാണ് പിന്നിടുന്നത്. ജനങ്ങളോട് സ്നേഹമുള്ള ഭരണാധികാരികൾക്ക് മാത്രമേ ഇത്തരം സൗകര്യങ്ങൾ രാജ്യത്തിൽ ഏർപ്പെടുത്താൻ സാധിക്കൂ. അസ്വാതന്ത്ര്യത്തിന്റെ ചൈന അല്ല ഇന്ന്. ഏറെ ലിബറലായി മാറിയ ഒരു രാജ്യമാണത്.

സ്വാഭാവികതകൾ എന്ന പൊരുത്തപ്പെടലിൽ നമ്മൾ എല്ലാത്തിലും കോമ്പ്രമൈസ് ചെയ്യാൻ പഠിച്ചുപോയി. 630 കിലോമീറ്ററുകൾ താണ്ടാൻ പതിനാലു മണിക്കൂറുകൾ എടുക്കുമെന്ന് നമ്മൾ സ്വയം പറഞ്ഞുപഠിക്കുന്നു.മുടന്തിക്കിതയ്ക്കുന്ന വാഹനങ്ങളെ നൊസ്റ്റാൾജിയയിലൂടെ നോക്കിക്കണ്ടു കവിതകളും കഥകളും എഴുതാമെന്നല്ലാതെ അഭിമാനിക്കാൻ ഒന്നുമില്ല. വാഹനങ്ങളിലിരുന്നു വിരസപർവ്വങ്ങളെ സ്വാഭാവികതകളിൽ ആശ്വസിക്കാതെ രാജ്യത്തിൻറെ വികസനത്തിനോ ജീവിതത്തിനുവണ്ടിയോ ഉപയോഗപ്പെടുത്തേണ്ട ആ വിലപ്പെട്ട സമയങ്ങളുടെ നഷ്ടം ഇനിയെങ്കിലും നമ്മളോർക്കണം. യാത്ര വേഗത്തിലാകുമ്പോൾ കാര്യങ്ങൾ വേഗത്തിലാകുന്നു. കാര്യങ്ങൾ വേഗത്തിലാകുമ്പോൾ എല്ലാം വേഗത്തിലാകുന്നു. നാട് ആ വേഗത്തിൽ മുന്നോട്ടുപോകുന്നു. പുറംലോകത്തിന്റെ വികസനകാഴ്ചപ്പാടുകളുമായി താദാത്മ്യം പ്രാപിക്കാൻ കഴിയാത്ത ജനങ്ങളിൽ നിന്നെങ്ങനെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഉണ്ടാകും ? പ്രകാശവേഗങ്ങൾ താണ്ടാൻ ലോകത്തിന്റെ ഒരുവശത്തു പരീക്ഷണങ്ങൾ നടക്കുമ്പോൾ, മറ്റൊരുവശത്തു പുരാണത്തിലെ പുഷ്പകവിമാനങ്ങളെ സ്വപ്നംകണ്ടിരിക്കുന്ന ഗതികെട്ടവരുടെ രാജ്യം. തൃപ്തിയില്ലായ്മകൾ ആണ് വികസനത്തിന്റെ അടിസ്ഥാനപരമായ പ്രചോദനമെങ്കിൽ നമുക്കിതൊക്കെ മതിയെന്ന് കരുതുന്നവരാണ് ഇന്ത്യയുടെ ശാപം.

നമുക്ക് സ്വപ്‌നങ്ങൾ വാഹനങ്ങളിൽ തളച്ചിടാം. മുടന്തിക്കിതയ്ക്കുന്നതിനെ പഴമയുടെ നൊസ്റ്റാൾജിയകളിൽ പെടുത്തി ഗതികേടോടെ ആഘോഷിക്കാം. ഒരു ദിശയിൽ നിന്നും യാത്രതിരിക്കുന്ന പ്രിയപ്പെട്ടവരേ കാത്തു ക്ളോക്കിലെ വിരസമായ മണിക്കൂറുകൾ എണ്ണിയെണ്ണി ഇരിക്കാം. ട്രാക്കുകളിലും റോഡുകളിലും നിന്ന് രക്ഷപെടാനാകാതെ ബന്ധനത്തിൽ പെടുമ്പോൾ പ്രിയപ്പെട്ടവരെ ഒരുനോക്കുകാണാൻ സാധിക്കാതെ മരിച്ചവരുടെ ആത്മനൊമ്പരങ്ങൾ വിസ്മരിക്കാം. ആംബുലൻസുകൾ ജീവന്റെ സയറനുമായി ട്രാഫിക്ക് ബ്ലോക്കിന്റെ ചിലന്തിവലകളിൽ കുരുങ്ങിക്കിടക്കട്ടെ.

വന്ദേഭാരത് 100 കിലോമീറ്റർ ആണ് പറയുന്നത്. പക്ഷെ നമ്മുടെ ട്രക്കുകളും നൽക്കാലികളും ഉണ്ടാക്കുന്ന താസങ്ങളിൽ ആ വേഗത പോലും സാധ്യമല്ല
വന്ദേഭാരത് 100 കിലോമീറ്റർ ആണ് പറയുന്നത്. പക്ഷെ നമ്മുടെ ട്രാക്കുകളും നൽക്കാലികളും ഉണ്ടാക്കുന്ന താസങ്ങളിൽ ആ വേഗത പോലും സാധ്യമല്ല

അതിവേഗ ഗതാഗതസൗകര്യങ്ങൾ ഏതെങ്കിലും ഒരുകാലത്തു നമ്മുടെ നാട്ടിൽ വന്നേക്കാം. പക്ഷെ അപ്പോൾ മറ്റുനാടുകൾ എവിടെയെത്തി നിൽക്കുണ്ടാകുമെന്നു ചിന്തിക്കാൻ പോലുമാകില്ല. അന്നേരമവർ പറക്കുംകാറുകളിൽ സഞ്ചരിക്കുന്നുണ്ടാകാം.അവരിൽ നിന്നും അരനൂറ്റാണ്ടുകൾ പിന്നിൽ യാത്ര ചെയ്യാനാണ് നമ്മുടെ വിധി.ഇന്നിന്റെ ആവശ്യങ്ങളെ നാളെ സാധിച്ചെടുത്തിട്ടു എന്തുനേടാൻ. ബെയ്‌ജിംഗും ഷാങ്‌ഹായിയും ടോക്കിയോയും ന്യൂയോർക്കും ടെലിവിഷനിൽ കണ്ടു നെടുവീർപ്പിടാം. അവയൊന്നും ഭൂമിയിലല്ലെന്നു വാദിക്കാൻ പഠിക്കാം.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ നസീർ ഹുസ്സൈൻ കിഴക്കേടത്ത് തന്റെയൊരു യൂറോപ്യൻ യാത്രാനുഭവം വിശദീകരിക്കുന്ന പോസ്റ്റ് വായിക്കാം. സമയത്തിന്റെ വില നമുക്കറിയില്ല എങ്കിലും അതറിയുന്ന ദേശക്കാർ വാഹനങ്ങളിൽ ജീവിത സമയങ്ങൾ ഹോമിക്കാതെ രക്ഷപെടുന്നു. കുറിപ്പ് വായിക്കാം

നസീർ ഹുസ്സൈൻ കിഴക്കേടത്ത്

ഞങ്ങളുടെ മൂത്ത മകൻ നിതിൻ കോളേജ് വിന്റർ ബ്രേക്കിന്റെ ഭാഗമായി ഡിസംബറിൽ മൂന്നാഴ്ച കാലിഫോർണിയയിൽ നിന്ന് ന്യൂ ജേഴ്സിയിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഗ്രീസിലും തുർക്കിയിലും ഞങ്ങൾ പോയപ്പോൾ അവനെ കൊണ്ടുപോകാൻ പറ്റിയില്ല, അതുകൊണ്ട് ഇത്തവണ അവനുമായി ഒരു ട്രിപ്പ് പ്ലാൻ ചെയ്യണമെന്ന് കരുതി നോക്കിയപ്പോൾ ഡിസംബറിൽ ഞങ്ങൾക്ക് പോകാൻ ആഗ്രഹമുള്ള എല്ലായിടത്തേക്കും ഫ്ലൈറ്റ് ടിക്കറ്റിനെല്ലാം ഭയങ്കര വില. പിന്നെ വില കുറച്ച് ന്യൂ യോർക്കിൽ നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്ക് കണ്ടപ്പോൾ ഇത്തവണ ട്രിപ്പ് സ്പെയിനിലേക്ക് ആക്കാമെന്നു തീരുമാനിച്ചു.

സ്‌പെയിനിലെ ഹൈ സ്പീഡ് ട്രെയിൻ
സ്‌പെയിനിലെ ഹൈ സ്പീഡ് ട്രെയിൻ

പക്ഷെ സ്പെയിനിലെ പ്രധാന ആകർഷണങ്ങൾ കാണുന്നത് പ്ലാൻ ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു പ്രശ്നം ഉയർന്നുവന്നു. ആകെ ഒരാഴ്ച മാത്രമേ ഞങ്ങൾക്ക് അവധിയുള്ളൂ, അതിനിടക്ക് , ഗോമതിക്ക് പ്രധാന ടൂറിസ്റ്റ് ആകർഷണമായ ബാർസിലോണ നഗരം കാണണം, എനിക്ക് ക്രിസ്റ്റഫർ കൊളംബസിന്റെ ശവകുടീരം ഉള്ള സെവിൽ , സ്പെയിൻ ഇസ്ലാമിക ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ പണിത അൽഹംബ്ര എന്ന മനോഹരമായ പള്ളിയുള്ള ഗ്രനാഡ, അതുപോലെ തന്നെ ഒരു മുസ്ലിം പളളി ക്രിസ്ത്യൻ പള്ളിയാക്കി മാറ്റിയ മോസ്‌ക്-കത്രീഡൽ ഉള്ള കോർഡോബ തുടങ്ങിയ ചരിത പ്രാധാന്യമുള്ള സ്ഥലങ്ങളാണ് സന്ദർശിക്കാൻ താല്പര്യം. പക്ഷെ ഈ സ്ഥലങ്ങളൊക്കെ മാഡ്രിഡിൽ നിന്ന് വളരെ ദൂരത്തിലും വ്യത്യസ്‍ത ദിശകളിലും ആണുള്ളത്.

മാഡ്രിഡിൽ നിന്ന് ബാർസലോണയിലേക്ക് 625 കിലോമീറ്റര് ദൂരമുണ്ട്, ഏതാണ്ട് മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള ദൂരം. മാഡ്രിഡിൽ നിന്ന് സെവിലിലേക്ക് 530 കിലോമീറ്റര് ദൂരമുണ്ട് (കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം). സേവിലിൽ നിന്ന് ഗ്രാനഡയിലേക്ക് പിന്നെയും 250 കിലോമീറ്റർ ( തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള ദൂരം) , ചരുക്കി പറഞ്ഞാൽ സ്പെയിനിൽ അങ്ങോട്ടും ഇങ്ങോട്ടുമായി മൂവായിരം കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും, നാട്ടിലെ കണക്ക് വച്ച് അമ്പത് മണിക്കൂർ യാത്രയിൽ തന്നെ പോകും, പ്ലാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഫ്ലോപ്പ്.

അങ്ങിനെ കൺഫ്യൂഷൻ ആയി ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് സ്‌പെയിനിലെ ഹൈ സ്പീഡ് ട്രെയിൻ ലെയിൻ ആയ, AVE എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, Alta Velocidad Española നെ കുറിച്ച് അറിയാൻ ഇടവന്നത്. സ്പെയിനിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ഒന്നോ രണ്ടോ മണിക്കൂറുകളുടെ കൃത്യമായ ഇടവേളകളിൽ പുറപ്പെടുന്ന ഈ ട്രെയിനുകൾ മണിക്കൂറിൽ മുന്നൂറ് കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഈ ട്രയിൻ ഉപയോഗിച്ചാൽ മാഡ്രിഡിൽ നിന്ന് സെവിലിലേക്ക് ഉള്ള 530 കിലോമീറ്റർ ദൂരം വെറും രണ്ടര മണിക്കൂർ കൊണ്ട് താണ്ടാൻ കഴിയും. അവിടെ നിന്ന് ഗ്രനാഡയിലേക്ക് വേറൊരു രണ്ടര മണിക്കൂർ മാത്രം, കൊർഡോബയിൽ നിന്ന് ബാർസലോണയിലേക്ക് ഉള്ള 860 കിലോമീറ്റര് വെറും നാലര മണിക്കൂർ കൊണ്ട് താണ്ടും. ഏതാണ്ട് പത്ത് മണിക്കൂർ മാത്രം ഈ ട്രെയിനുകളിൽ സഞ്ചരിച്ചാൽ ഒരാഴ്ച കൊണ്ട് സ്‌പെയിനിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദർശിക്കാം. വിനോദ സഞ്ചാരികളെ ലക്‌ഷ്യം വച്ച് അവർ സ്പെയിൻ കാർഡ് എന്നൊരു സംഭവം വിൽക്കുന്നുണ്ട്, അതുപയോഗിച്ച് കുറഞ്ഞ ചിലവിൽ നാലോ ആറോ എട്ടോ യാത്രകൾ നിങ്ങൾക്ക് ഹൈ സ്പീഡ് ട്രെയിനിങ് എത്ര ദൂരം വേണമെങ്കിലും എങ്ങോട്ടു വേണമെങ്കിലും ചെയ്യാം, ഒരു ട്രിപ്പിന്, നാല്പത് യൂറോ മാത്രമാണ് ചിലവാകുന്നത്. സ്‌പെയിനിലെ ടൂറിസത്തിനു അവരുടെ ഹൈ സ്പീഡ് ട്രെയിൻ നൽകുന്ന ബൂസ്റ്റ് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സ്പെയിൻ യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന വലിയ ഒരു രാജ്യമാണ്, കേരളം സ്പെയിനിന്റെ പതിമൂന്നിൽ ഒരു ഭാഗം മാത്രം വലിപ്പമുള്ള ഒരു സംസ്ഥാനവും, എന്നാലും, കേരളം മുഴുവൻ കാണാൻ ഒരാഴ്ച്ച ഇവിടെ വരുന്ന ഒരു ടൂറിസ്റ്റിനെ കുറിച്ചാലോചിച്ച് നോക്കുക. ബേക്കൽ ഫോർട്ട്, കണ്ണൂരിലെ തെയ്യങ്ങൾ, കോഴിക്കോടിന്റെ രുചി, തൃശൂർ പൂരം, വാസ്കോഡ ഗാമയുടെ ശവകുടീരമുള്ള ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ജൂത തെരുവ്, മൂന്നാറിലെ തേയില തോട്ടങ്ങൾ, ആലപ്പുഴയിലെ ഹൗസ് ബോട്ട്, പാലരുവി വെള്ളച്ചാട്ടം, വർക്കല, കോവളം ബീച്ചുകൾ എന്നിവ കാണാൻ ഒരാഴ്ച വരുന്ന ഒരു ടൂറിസ്റ്റ് എത്ര നേരം യാത്രയ്ക്ക് വേണ്ടി ചിലവഴിക്കേണ്ടി വരും? കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ പൂവാറിലേക്ക്, വേറെ ഒരിടത്തും ഇറങ്ങാതെ പോകാൻ എനിക്ക് വേണ്ടി വന്നത് ഏതാണ്ട് ആറര മണിക്കൂറാണ്. ശരാശരി മണിക്കൂറിൽ നാല്പത് കിലോമീറ്ററാണ് എനിക്ക് പലപ്പോഴും കിട്ടുന്ന ശരാശരി സ്പീഡ്, അതും ജീവൻ കയ്യിൽ പിടിച്ചുള്ള ഡ്രൈവിംങ്ങിനു ശേഷം. ഹൈ സ്പീഡ് ട്രെയിൻ ഉണ്ടെങ്കിൽ നാട്ടിൽ വരുമ്പോൾ ഭൂരിപക്ഷവും ഉപയോഗിക്കുന്ന ഗതാഗത മാർഗം അതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.കേരളത്തിൽ അതിവേഗ ഗതാഗത മാർഗങ്ങൾ അത്യാവശ്യമാണ്. അത് നമ്മുടെ ടൂറിസ വ്യവസായത്തിന് നൽകുന്ന ഉണർവ് പറഞ്ഞറിയിക്കാൻ കഴിയാത്ത നിലയിലുള്ളതായിരിക്കും എന്നത് ഉറപ്പായ കാര്യമാണ്. ഞങ്ങൾ ചൈനയിൽ പോയപ്പോഴും പല നഗരങ്ങൾക്കിടയിലും യാത്ര ചെയ്യാൻ ഉപയോഗിച്ചത് ഹൈ സ്പീഡ് ട്രെയിനാണ്.

ചെറുപ്പത്തിൽ വീട്ടിൽ മനോരമ പത്രം വായിച്ചു വളർന്ന എന്റെ മനസ്സിൽ ഇത്തരം പുരോഗതിക്ക് തടസ്സം നില്കുന്നത് സാധാരണ കമ്മ്യൂണിസ്റ്റുകാരാണ്. കോൺഗ്രസ് പുരോഗതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ , അതിനെതിരെ സമരമുറകളുമായി വികസനം തടയാൻ വരുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നതാണ് മനോരമ എന്റെ മനസ്സിൽ ഉണ്ടാക്കിയിരിക്കുന്ന പൊതുബോധം. പക്ഷെ കേരളത്തിലെ അതിവേഗ തീവണ്ടിപ്പാതയുടെ കാര്യത്തിൽ, കമ്മ്യൂണിസ്റ്റ് സർക്കാർ വികസന അനുകൂല നിലപാടെടുക്കുമ്പോൾ, എന്തുകൊണ്ടാണ് കോൺഗ്രസ് എതിർസമീപനം എടുക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. വെറുതെ എതിർക്കുന്നതിനു പകരം ബദൽ നിർദേശങ്ങൾ അവർക്കുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തിയത് ഉപകാരം. വിഡി സതീശൻ കെ റെയിൽ / സിൽവർ ലൈൻ കേരളത്തെ തെക്ക് വടക്ക് രണ്ടായി വെട്ടിമുറിക്കും , കിഴക്ക് പടിഞ്ഞാറു ദിക്കുകൾ വേർതിരിക്കുന്ന വൻകോട്ടയാകും എന്നൊക്കെ പറയുന്നത് പത്രത്തിൽ വായിച്ചു.
എനിക്ക് വളരെ ബഹുമാനമുള്ള, നല്ല പ്രതീക്ഷ ഉണ്ടായിരുന്ന സതീഷനിൽ നിന്ന് ഇങ്ങിനെ കേൾക്കേണ്ടി വരുന്നതിൽ ഉള്ള നിരാശ വളരെ വലുതാണ്. ലോകത്ത് പല രാജ്യങ്ങളിൽ അതിവേഗ റയിൽവേകൾ ഉള്ളതാണ്, അവിടെയൊന്നും ഇല്ലാത്ത പ്രശ്‌നം നമ്മുടെ നാട്ടിൽ ഉണ്ടാകുമെന്ന് പറയുന്നത് , പുരോഗതിക്ക് വേണ്ടി നിൽക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ നിന്ന് കേൾക്കുന്നത് കഷ്ടമായി കാര്യമാണ്. അതിവേഗ ട്രെയിൻ ലൈനിനെ സംബന്ധിച്ച് കോൺഗ്രെസില്ലേ തരൂരിനെ പോലുള്ള ലോകം കണ്ടവരുടെ അഭിപ്രായം എന്താണ് എന്നെനിക്ക് അറിയില്ല, അവരും ഇതിനു എതിരാണെങ്കിൽ ഒന്നും പറയാനില്ല. ഇതിന്റ മറ്റൊരു അപകടം, ഇനി കോൺഗ്രസ് സർക്കാർ ഇങ്ങിനെ ഒരു കാര്യം കൊണ്ടുവരാൻ ശ്രമിച്ചാൽ ഇടതുപക്ഷത്തിന്റെ എതിർപ്പ് അവർക്ക് നേരിടേണ്ടി വരുമെന്നതാണ്.

പല രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ വരികയും പോവുകയും ചെയ്യും, പക്ഷെ നമ്മുടെ സംസ്ഥാനം അടുത്ത ഇരുപത്തിയഞ്ച് വർഷത്തിൽ, ഭക്ഷ്യ, ഗതാഗത, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ ഉണ്ടാക്കേണ്ട പുരോഗതി എന്തായിരിക്കണമെന്നതിനെ കുറിച്ച് നമ്മുടെ പ്രധാന രാഷ്ട്രീയ കക്ഷികൾ ഒരുമിച്ച് ഇരുന്നു ചർച്ച ചെയ്തു, ഒരു ധവള പത്രം ഇറക്കേണ്ടത് അത്യാവശ്യമാണ്. അങ്ങിനെ ചെയ്യതാൽ ഒരു രാഷ്ട്രീയ കക്ഷി മാറി മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ സർക്കാർ വന്നാൽ പുതിയ പദ്ധതികൾ പ്രതിപക്ഷം എതിർക്കുന്ന രീതി ഒരുപക്ഷെ അവസാനിക്കും. കക്ഷി രാഷ്ട്രീയം മാറ്റി വച്ച് നമ്മുടെ നാടിൻറെ വികസനം രാഷ്ട്രീയ കക്ഷികളുടെ പ്രധാന അജണ്ട ആക്കണം.
ഒരു വശത്ത് വികസനത്തെ എതിർക്കുകയും മറു വശത്ത് നമ്മുടെ യുവാക്കൾ നാട് വിട്ടു പോകുന്നു എന്ന് പരാതി പറയുകയും ചെയ്തിട്ട് ഒരു കാര്യവുമില്ല. ഇടതുപക്ഷത്തേയും കോൺഗ്രസ്സിലെയും വികസന അനുകൂലികളെ ഒരുമിച്ച് ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ വല്ല വഴിയുമുണ്ടോ?

Leave a Reply
You May Also Like

ഓസ്‌ട്രേലിയയിൽ കടകളിൽ കങ്കാരു ഇറച്ചി വാങ്ങാൻ കിട്ടും, ദേശീയ മൃഗമാണ് എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല

കേരളത്തിൽ ഇപ്പോൾ വ്യാപകമായ തെരുവു നായ ആക്രമണത്തെ കുറിച്ചും റാബീസ് കേസുകളെ കുറിച്ചും Dr Jinesh…

ജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തവരോട്

Nimna Vijay ” അവൾ ചെയ്ത കാര്യങ്ങൾ വച്ചു നോക്കുമ്പോൾ അവൾക്കിപ്പോൾ ഇത് സംഭവിച്ചതിൽ വിഷമിക്കാൻ…

മനോരോഗങ്ങൾ പകരുമ്പോൾ

മനോരോഗങ്ങൾ പകരുമ്പോൾ റോബിൻ കെ മാത്യു Behavioural Psychologist/Cyber Psychology Consultant തന്നെ കോളജിലെ പലരും…

ചാരിറ്റി എന്നതിന്റെ മറുവശം എറിഞ്ഞാൽ നിങ്ങൾ മൂക്കത്തു വിരൽവച്ചുപോകും

Robin K Mathew Behavioural Psychologist/Cyber Psychology Consultant കാനഡയിൽ എത്തി ആദ്യ ജോലിയിൽ വച്ചാണ്…