യാത്രികന്‍ (ചെറുകഥ)

0
1500

01ഫോണ്‍ അടിക്കുന്നത് കേട്ടാണ് രേഖാ മേനോന്‍ കുളി കഴിഞ്ഞിറങ്ങിയത്. തല തുവര്‍ത്തിക്കൊണ്ടിരുന്ന തോര്‍ത്ത് കസേരമേല്‍ ഇട്ടു അവര്‍ നേരെ വന്നു ഫോണ്‍ എടുത്തു.

”മേഡം, ബാലന്‍ മിനിസ്റ്റര്‍ ലൈനിലുണ്ട്”

”ഓക്കേ”

അല്‍പ നേരത്തിനു ശേഷം മിനിസ്റ്ററുടെ ശബ്ദം

”ഗുഡ് മോര്‍ണിംഗ് മാഡം”

”മോര്‍ണിംഗ് സര്‍”

”ഞാറാഴ്ച്ചയായിട്ടു ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം ”

”ഏയ്, ഇല്ല സര്‍ ”

”അത്, കലക്ടര്‍ ഇന്നലെ പിടിച്ച ആ മണല്‍ ലോറികള്‍ എനിക്കേറെ വേണ്ടപ്പെട്ടവരുടെയാ,

ഒന്നത് വിട്ടു കൊടുത്താല്‍ …”

”അതിനെന്താ സര്‍…വിട്ടേയ്ക്കാം. പക്ഷെ സര്‍ എന്നോട് രേഖാമൂലം ആവശ്യപ്പെടണം,

ഇല്ലേല്‍ പത്രക്കാര്‍ വല്ല പ്രശ്‌നോം ആക്കിയാല്‍ അതെന്റെ ജോലിയെ ബാധിക്കും. അതാണ്”

അപ്പുറത്തൊരു ചിന്ത. പിന്നെ ഫോണ്‍ കട്ടായി.

തല തോര്‍ത്തവെ അവളില്‍ ഒരു പുഞ്ചിരി തെളിഞ്ഞു. പഴയ മുന്‍കോപി രേഖയില്‍ നിന്നും താന്‍ ഏറെ മാറിയിരിക്കുന്നു. പറ്റില്ല എന്ന് മൃദുവായി പറഞ്ഞാലും, കോപിച്ചു പറഞ്ഞാലും അര്‍ത്ഥം ഒന്ന് തന്നെ എന്ന് ശരിക്കും മനസ്സിലാക്കിയിരിക്കുന്നു.

അവള്‍ മെല്ലെ കണ്ണാടി നോക്കി, ചെവിയുടെ മുകളിലൂടെ ഇരു വശത്തെയും മുടി മെല്ലെ കോതി വെച്ചു. പുറകില്‍ വിടര്‍ത്തിയിട്ടു. വയസ്സ് മുപ്പത്തഞ്ചായിരിക്കുന്നു.

”തന്നെ കാണാന്‍ ശോഭനയെ പോലെയാണ്”

പണ്ട് ഫ്രണ്ട്‌സ് എപ്പോഴും പറയും. അതിനു ശേഷം ശോഭനയോടുള്ള ഇഷ്ടം വല്ലാതെ കൂടി.

രേഖ മെല്ലെ ജനാലയുടെ അടുത്തേയ്ക്കു ചെന്നു അഴികളില്‍ മുഖം ചേര്‍ത്ത് പുറത്തേയ്ക്ക് നോക്കി.

പണ്ട് മുതലേയുള്ള ശീലമാണ്, ഇങ്ങനെ പുറത്തേയ്ക്ക് നോക്കി നില്ക്കുക. കുറേ നേരം.

മനസ്സിനപ്പോ എന്തോ ഒരു സുഖം കിട്ടും. ഒരു പ്രത്യേക സുഖം.

കുറച്ചകലെ വലിയ മതിലാണ്. അതിനുള്ളിലായി പുല്‍ത്തകിടിയും, കുറച്ചു പച്ചക്കറികളും. കഴിഞ്ഞ

കലക്ടര്‍ കൃഷി പ്രിയനായിരുന്നു. തന്റെ അച്ഛനും കൃഷിക്കാരനായിരുന്നു. പാടത്തെ പണിയും

കഴിഞ്ഞു വിയര്‍ത്തു വരുന്ന അച്ഛന്റെ ചിത്രം ഇപ്പോഴും കണ്‍ മുന്നിലുണ്ട്.

”കലക്ടര്‍ ആകാന്‍ കുറെ കാശ് വേണ്ടേ മോളെ, അച്ഛനതെവിടുന്നു ഒപ്പിക്കാനാ, ഇപ്പൊ കിട്ടിയ ഈ ജോലി വേണ്ടെന്നു വെക്കണോ? മൃഗ ഡോക്ട്ടര്‍ എന്ന് വെച്ചാ അത്ര മോശം പണിയാ? ”

പണമായിരുന്നു അച്ഛന്റെ പ്രശ്‌നം. മുംബയിലുള്ള മാമന്‍ സഹായിക്കാന്നു പറഞ്ഞപ്പോള്‍ അച്ഛന് അല്‍പം ആശ്വാസമായി.

അജീഷായിരുന്നു ഐ.എ.സ്. മോഹം മനസ്സിലിട്ടു തന്നത്. വെളുത്ത് ഉയരമുള്ള അവന്‍ കോളേജിലെ താരമായിരുന്നു. വാ നിര്‍ത്താതെ സംസാരിക്കുന്ന അവന്‍ എങ്ങനെയാണ് പൊതുവെ മൗനിയായ തന്നെ ഇഷ്ടപ്പെട്ടതെന്ന് അന്ന് അത്ഭുതപ്പെട്ടിരുന്നു. മറ്റുള്ളവരേക്കാള്‍ താന്‍ സംസാരിച്ചിട്ടുള്ളത് സ്വന്തം മനസ്സിനോടാണ്.

ഇടയ്‌ക്കെപ്പോഴോ അജീഷ് മനസ്സില് കുടിയേറി. കോളേജ് ഡേ രാത്രി കോളേജിനു പുറകിലെ കശുമാവിന്‍ തോട്ടത്തില്‍ വെച്ച് അവനു എല്ലാം സമര്‍പ്പിക്കുമ്പോള്‍ ഒരു കുറ്റ ബോധവും തോന്നിയിരുന്നില്ല. പിന്നീടു അതിന്റെ ആവര്‍ത്തനങ്ങളിലും മനസ്സ് സന്തോഷിക്കുകയായിരുന്നു. രണ്ടു വര്‍ഷം ആ സന്തോഷം നീണ്ടു നിന്നു. മുംബയില്‍ അമ്മാവന്റെ വീട്ടില്‍ നിന്നും നാട്ടിലേയ്ക്ക് വരാനോരുങ്ങവെ ആണ് അജീഷ് എന്താണെന്നു നാട്ടിലെ കൂട്ടുകാരി അറിയിച്ചു തന്നത്. കാര്യം നേടാന്‍ എങ്ങനെയും അഭിനയിക്കുന്ന ആ മിടുക്കിനെ ഒരു പാവം നാടന്‍ പെണ്‍ കുട്ടിയുടെ മനസ്സിന് താങ്ങാന്‍ ആകുമായിരുന്നില്ല.

”മാഡം ചായ”

രേഖ മെല്ലെ ഞെട്ടി. സഹായിയായ സ്ത്രീ ചായയുമായി നില്ക്കുന്നു. അത് വാങ്ങിച്ചു. മൊബൈല്‍ ഫോണ്‍ ഓണ്‍ ആക്കിയതും കുറച്ചു മിസ്ഡ് കോളുകള്‍. അതില്‍ എസ്. പിയുടെ നമ്പര്‍ കണ്ടതും വിളിച്ചു.

”മാം, ആ പിള്ളേരെ പിടിച്ചിട്ടുണ്ട്, കേസെടുത്തിട്ടില്ല, അങ്ങോട്ട് അയക്കണ്ടേ ?

”അവരെ, പത്തു മണിക്ക് ക്യാമ്പ് ഓഫീസില്‍ വെച്ച് കാണാം.. താങ്ക് യു..”

മെല്ലെ ചെന്നു കസേരയിലിരുന്നു. നല്ല ചൂടുള്ള ആ ചായ മൊത്തിക്കുടിക്കുമ്പോള്‍ അവള്‍ അവനെ ഓര്‍ത്തു. മരവിച്ച മനസ്സുമായി മുബൈയില്‍ നിന്നും നാട്ടിലേക്കുള്ള ഒരു ട്രെയിന്‍ യാത്ര. രാത്രി പത്തു മണിക്കായിരുന്നു ട്രെയിന്‍. ലോ ബെര്‍ത്ത് ആയിരുന്നു കിട്ടിയത്. തൊട്ടു മുന്നിലെ ലോ ബെര്‍ത്തിലെ കക്ഷി, ഒരു ഇരുപത്തെട്ടു വയസ്സ് കാണും, അപ്രതീക്ഷിതമായി പെയ്ത മഴയത്ത് ഗ്ലാസ് വിന്‍ഡോ അടക്കുന്ന തിരക്കിലായിരുന്നു. മഴ അവനെ ഏറെ ആഹ്ലാദിപ്പിക്കുന്നതായി തോന്നി. ഒരു പക്ഷെ തന്റെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമവുമാകാം. അങ്ങനെയും ചിലരുണ്ട്, പെണ്‍ കുട്ടികളെ മൈന്‍ഡ് ചെയ്യാതെ ഇരിക്കും, പക്ഷെ അവരുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയും ചെയ്യും. കൂട്ടുകാരി പണ്ട്പറഞ്ഞു തന്നതാണ്.

ഭക്ഷണം കഴിക്കുമ്പോഴാണ് ആ മധ്യ വയസ്‌ക വന്നത്. അയാളോട് ചോദിച്ചു

”മലയാളിയല്ലേ ?”

”അതെ”

”എന്റെത് മിഡില്‍ ബെര്‍ത്ത് ആണ്. നിങ്ങള്‍ക്കങ്ങോട്ടു മാറാന്‍ പറ്റുമോ ?”

”അയ്യോ, ഇല്ല”

പുഞ്ചിരിച്ചു കൊണ്ടാണ് അവന്‍ അത് പറഞ്ഞത്. ആ സ്ത്രീക്ക് അത് ശരിക്കും വിഷമമായി. അവര്‍ തന്നെ നോക്കി.

” ചേച്ചി, ഇവിടെ കിടന്നോളൂ”

അത് പറയുമ്പോള്‍ അവന്‍ തന്നെ ഒന്ന് നോക്കി, പിന്നെ പുറത്തേയ്ക്ക് നോക്കി ഇരുന്നു.

രാത്രി ഇടയ്‌ക്കെപ്പോഴോ ഉണര്‍ന്നു. അവന്റെ നേരെ മുകളിലുള്ള ബെര്‍ത്തിലെ തടിയന്റെ കൂര്‍ക്കം വലി അസഹനീയമായിരുന്നു. ഏതോ സ്‌റ്റേഷനില്‍ വണ്ടി നിന്ന വെളിച്ചത്തില്‍ കണ്ടു, അവനെന്തോ ചിന്തിച്ചു കണ്ണും തുറന്നങ്ങനെ കിടക്കുകയാണ്. രേഖ തിരിഞ്ഞു കിടന്നുറങ്ങി. വീണ്ടും ഞെട്ടിയപ്പോള്‍ നോക്കി, അവന്‍ ഉറങ്ങിയിരിക്കുന്നു. രാവിലെ ആറു മണിക്കേ ഉണര്‍ന്നിട്ടും അവള്‍ എഴുന്നേറ്റില്ല, ചുണ്ടുകള്‍ തുടച്ചു കണ്ണുകള്‍ വൃത്തിയാക്കി മെല്ലെ തിരിഞ്ഞു നോക്കി. അവന്‍ ഫ്രഷ് ആയി ഇരിക്കുന്നു. ഇയര്‍ ഫോണ്‍ തിരുകി പാട്ട് ആസ്വദിക്കുകയാണ്. അവനു മുകളിലുണ്ടായിരുന്ന തടിയനെ കാണാനില്ല, ആ ബെര്‍ത്ത് മടക്കി വെച്ചിരിക്കുകയാണ്.

രേഖ നേരെ വാഷ് ബേസിനില്‍ ചെന്നു ഒന്ന് ഫ്രഷ് ആയി. ആ സ്ത്രീ ഇതു വരെ എഴുന്നേറ്റിട്ടില്ല. അവള്‍ മെല്ലെ അവന്റെ ബെര്‍ത്തില്‍ ഇരുന്നു. അവന്റെ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നു.

”അവര്‍ എഴുന്നേല്ക്കാന്‍ കുറഞ്ഞത് പത്തു മണിയാകും”

അതും പറഞ്ഞു അവന്‍ വീണ്ടും ഫോണ്‍ ചെവിയില്‍ തിരുകി. ഇടയ്ക്ക് ചായ വന്നതും രണ്ടു പേരും വാങ്ങിച്ചു. ചായയ്ക്ക് ചൂട് പോരെന്നവള്‍ക്ക് തോന്നി. അവന്‍ ഒരു സിപ് എടുത്തിട്ട് ചായ ആ വിന്‍ഡോയുടെ സൈഡില്‍ വെച്ചു. ഇടയ്ക്കിടെ ഒന്ന് രണ്ടു സിപ് എടുക്കും. വീണ്ടും അവിടെ വെക്കും.

അവന്‍ പറഞ്ഞത് പോലെ ആ സ്ത്രീ പത്തു മണിക്കാണ് എഴുന്നേറ്റത്. ഇഡലിയും വടയും കഴിച്ച അവര്‍ പിന്നെ വിന്‍ഡോ സൈഡില്‍ ഇരിപ്പായി. ട്രെയിന്‍ യാത്രയില്‍ രേഖയ്ക്ക് ഏറെ ഇഷ്ടമാണ് വിന്‍ഡോ സീറ്റ്, പക്ഷെ അതിവിടെ നഷ്ടമായിരിക്കുന്നു. അവള്‍ ആ സ്ത്രീയുടെ ഭാഗത്തേയ്ക്ക് മാറിയിരുന്നു. ആ സ്ത്രീ പിന്നെ മുറുക്കും, കടല മുട്ടായിയും വിഴുങ്ങി.

അല്‍പ നേരം കഴിഞ്ഞതും, അവന്‍ രേഖയോടു ചോദിച്ചു

”ഒരു പ്ലാസ്റ്റിക് കവര്‍ കിട്ടുമോ?”

രേഖ ഇല്ല എന്ന് ചുണ്ട് കോട്ടി കാണിച്ചു. ഇയാള്‍ക്കെന്തിനാണിപ്പോ കവര്‍?

ചിന്തിച്ചു തീര്‍ന്നില്ല ആ സ്ത്രീ ഛര്‍ദ്ദിച്ചു. അവന്‍ അവിടുണ്ടായിരുന്ന പത്രം കോണ്‍ ആകൃതിയാക്കി അവര്‍ക്ക് കാണിച്ചു. അവര്‍ അതില്‍ ഛര്‍ദ്ദിച്ചു. അവന്റെ കയ്യിലും അത് അല്‍പം ആയി. പക്ഷെ ആ മുഖത്ത് ഒരു അസ്വസ്ഥതയുമില്ല. അവര്‍ക്കൊപ്പം അവനും വാഷ് ബേസിനില്‍ ചെന്നു വൃത്തിയായിട്ട് വന്നു. ആ സ്ത്രീ നേരെ കിടന്നുറങ്ങി. രേഖ അവന്റെ ബെര്‍ത്തിലേയ്ക്ക് മാറി ഇരുന്നു. ഇടയ്ക്ക് അവന്‍ മുഖാമുഖം നോക്കിയപ്പോള്‍ അവളൊന്നു പുഞ്ചിരിച്ചു. അവനും.

‘ അവര് ഛര്‍ദ്ദിക്കുമെന്നു എങ്ങനെ മനസ്സിലായി ?”

”ഒരു ഉള്‍വിളി. ആ തീറ്റ കണ്ടപ്പോള്‍ പിന്നങ്ങുട് ഉറപ്പിച്ചു ”

അത് കേട്ട് അവള്‍ പുഞ്ചിരിച്ചു

”എന്നെ ഇന്നലെ ഒരു ക്രൂരനായി കരുതി അല്ലെ ? ബെര്‍ത്ത് ഒഴിഞ്ഞു കൊടുക്കുമ്പോള്‍ നിങ്ങള്‍ടെ മുഖത്തൊരു സുന്ദര പ്രതികാരം കണ്ടു. പക്ഷെ രാവിലെ ആയപ്പോള്‍ ആ മുഖത്ത് ദയനീയത..”

അതും പറഞ്ഞു അവനൊന്നു ശബ്ദമില്ലാതെ ചിരിച്ചു. അവള്‍ക്കും ചിരി വന്നു. ശരിയല്ലേ ? ഇന്നലെ വലിയ കാരുണ്യവതിയായി സ്വയം തോന്നിയില്ലേ?

” ഉപകാരം ചെയ്യണം, പക്ഷെ പിന്നതു നമുക്ക് പാരയാകരുത് ”

പരസ്പരം വേഗം പരിചയപ്പെട്ടു. അവന്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇടയ്ക്ക് ചായ വന്നതും പതിവ് പോലെ അവന്‍ അത് അവിടെ വെച്ചു.

”ചായ തണുത്തു പോവില്ലേ ?”

”എന്തിനാ ഇത്ര ചൂടില്‍ കുടിക്കുന്നെ ? മെല്ലെ മെല്ലെ കുടിച്ചാലേ എന്തിന്റെയും രുചി അറിയൂ…”

ശരിയാണ്, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ചായ പോലും ആ രുചി അറിയിക്കുന്നു.

അവള്‍ ഉടനെ റെഡിയായി.

പത്തു മണിക്ക് ക്യാമ്പ് ഓഫിസില്‍ എട്ടോളം പയ്യന്മാര്‍ ഹാജരായി. ഗേള്‍സ് സ്‌കൂളിനു സമീപം ഇവര്‍ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചില പെണ്‍കുട്ടികള്‍ വന്നു നേരിട്ട് പരാതിപ്പെട്ടിരുന്നു. ഫാഷന്‍ ടിവി കോലമാണ് എല്ലാത്തിനും.

കൂടെ വന്ന സി .ഐ. പയ്യന്മാരോട് പറഞ്ഞു

”മാഡം, പറഞ്ഞോണ്ടാ നിനക്കൊന്നും എതിരെ കേസ് എടുക്കാതിരുന്നത്. അല്ലേല്‍ ഇപ്പൊ കാണാമായിരുന്നു. നല്ല രണ്ടു വീക്ക് കിട്ടിയാല്‍ എല്ലാം ശരിയാകും. ഇവരുടെ മൊബൈലില്‍ മൊത്തം മോശം സിനിമകളാണ് മാഡം ”

രേഖ ഒന്നും മിണ്ടിയില്ല. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ചു.

” ഇന്ന് പൊസ്റ്റുമൊര്‍ട്ടം വല്ലതുമുണ്ടോ ?”

”ഉണ്ട് മാഡം , ഒരു പെണ്‍കുട്ടിയുടെ”

”എങ്കില്‍ കുറച്ചു പേര്‍ക്ക് അതൊന്നു കാണിച്ചു കൊടുക്കണം. ”

പോസ്റ്റുമോര്‍ട്ടം കണ്ട പയ്യന്മാരില്‍ രണ്ടു പേര്‍ ബോധം കെട്ട് വീണു.

”ഇതാണ് സ്ത്രീ ശരീരം, ഇതില്‍ ഏതു ഭാഗമാണ് ഇനി നിങ്ങള്‍ക്ക് വേണ്ടത് ?”

രേഖ ശാന്തതയോടെ ചോദിച്ചു.

ബാക്കിയുള്ള പയ്യന്മാര്‍ ഒന്നും മിണ്ടിയില്ല.

”ഇക്കാണുന്ന മാറിടത്തിലെ പാല് കുടിച്ചാണ് നിങ്ങള്‍ വളര്‍ന്നത്, ഇതിലൂടെയാണ് എല്ലാവരും ഈ ഭൂമിയിലേയ്ക്ക് വന്നത്,പറയൂ ഇവളിലെ എന്താണ് ഇനി നിങ്ങളെ കൊതിപ്പിക്കുന്നത് ? ”

പയ്യന്മാര്‍ മരവിപ്പോടെ നിന്നു. പിന്നെ അവരെ കൊണ്ട് ആര്‍ക്കും ബുദ്ധി മുട്ടുണ്ടായില്ല. അവരിലൊരുത്തന്‍ പിന്നീട് സന്യാസിയായി മാറി.

”ഇപ്പഴത്തെ കലക്ടര്‍ കൊള്ളാം കേട്ടോ, ആരും ചിന്തിക്കാത്ത രീതിയിലാ അവര് ചിന്തിക്കുന്നെ. വലിയ ഒച്ചയെടുക്കലൊന്നും ഇല്ല, പക്ഷെ പറഞ്ഞാ പറഞ്ഞതാ…പെണ്ണായാ അങ്ങനെ വേണം ”

ഓട്ടോക്കാരന്‍ തന്റെ യാത്രക്കാരനോട് പറഞ്ഞു.

” ആഴ്ച്ചയില്‍ ഒരു മണിക്കൂറെങ്കിലും വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കണം, ക്യാന്‍സര്‍ വാര്‍ഡ് കാണണം എന്നൊക്കെയാണ് അവരുടെ ഉത്തരവ്. കുട്ടികള്‍ക്കൊക്കെ ഇപ്പൊ നല്ല മാറ്റമുണ്ട് ”

വര്‍ഷങ്ങള്‍ക്കു മുന്‍പ് ട്രെയിന്‍ നല്ല സ്പീഡില്‍ ഓടുകയാണ്…

” ഞാന്‍ അത്ര മേല്‍ അജീഷിനെ സ്‌നേഹിച്ചിരുന്നു, പക്ഷെ അവന്‍ എന്നെ ചതിച്ചു…ഇപ്പൊ ഐ.എ. എസിന് ശ്രമിക്കാന്‍ പോലും വെറുപ്പ്. സ്വയം ഒരു അവജ്ഞ ”

” അതിലൊന്നും കാര്യമില്ലെന്നേ. എനിക്കൊരാളുണ്ടായിരുന്നു, ഒരു അയ്യോ പാവം നാടന്‍ പെണ്ണ്, കുറെ സങ്കടം പറഞ്ഞു എന്റെ കുറെ കാശ് അടിച്ചു മാറ്റി. പിന്നെയാ അറിഞ്ഞത് അവള്‍ടെ ലിസ്റ്റിലെ ഒരാള് മാത്രമാണ് ഞാനെന്ന് ”

രേഖ അവനെ നോക്കി, അവനില്‍ ഒരു നിസ്സംഗ ഭാവം.

” വിശ്വസിക്കുന്നവരെയല്ലേ ചതിക്കാന്‍ പറ്റൂ? അതോണ്ട് തന്നെ ചതി, ചതിക്കപ്പെടുന്നവരുടെ ഔദാര്യമാണ്. സ്വയം ഒരു വിലയില്ലെങ്കില്‍ ആര്‍ക്കും എന്തുമാവാം..ആദ്യമൊക്കെ ഞാന്‍ ചിന്തിച്ചു അവളെന്താ അങ്ങനെ ആയതെന്ന്, പിന്നെ മനസ്സിലായി അവള്‍ അങ്ങനെയാണ്, ഞാന്‍ ഇങ്ങനെയാണ്..അത്ര തന്നെ… എനിക്കവളാകാന്‍ ആവില്ല, അവള്‍ക്കു ഞാനും. അപ്പൊ സ്വയം ഒരു ബഹുമാനമൊക്കെ തോന്നി….പിന്നെ ഈ വിഷമം…നമ്മളെക്കാള്‍ എത്രയോ വിഷമം സഹിക്കുന്നവരില്ലേ ? അവരെ ഒക്കെ ഒന്ന് കണ്ടാല്‍ പിന്നെ നമുക്കൊക്കെ എന്ത് ദു:ഖം ? ഒക്കെ തോന്നലാണ് ”

അതും പറഞ്ഞു അവന്‍ രേഖയെ നോക്കി അല്‍പ നേരം നിന്നു.

” ഞാനൊന്നു പറഞ്ഞാല്‍ നിങ്ങള്‍ ചെയ്യുമോ?”

”എന്ത് ?”

” ഐ .എ .എസ് എഴുതണം, നിങ്ങള്‍ക്കത് കിട്ടും, എന്നിട്ട് തകര്‍ന്നു കിടക്കുന്ന എല്ലാവര്‍ക്കും ഒരു വഴി തുറന്നു കൊടുക്കണം. ചതിച്ചവന്‍ നിങ്ങളെ കണ്ടാല്‍ എഴുന്നേറ്റു നിന്നു ബഹുമാനിക്കണം. ഇങ്ങനേം പെണ്ണുങ്ങള്‍ ഉണ്ടെന്നറിയിക്കണം… അതാവണം മറുപടി, അല്ലാതെ മൂക്ക് പിഴിഞ്ഞ് കരയാന്‍ ആര്‍ക്കാ സാധിക്കാത്തത് ? ”

ആ വാക്കുകള്‍ തന്നില്‍ എന്തോ കരുത്തു നിറക്കുന്നതായി രേഖയ്ക്ക് തോന്നി. അന്ന് രാത്രി വൈകിയാണ് കിടന്നത്. രാവിലെ ഉണര്‍ന്നതും അവനെ കാണാനില്ല. തന്റെ തലയുടെ ഭാഗത്ത് ഒരു കഷണം കടലാസ്.

” ഞാന്‍ പോകുന്നു. ഉറക്കം ഉണര്‍ത്തുന്നില്ല. ഒന്ന് എപ്പോഴും ഓര്‍ക്കുക, ഈ ലോകത്ത് മാറ്റം സൃഷ്ടിച്ചവരൊക്കെ എത്രയോ മനസ്സ് വേദനിച്ചവരാണ് . ഏറെ അനുഭവിച്ചവരും… അത് കൊണ്ട് ദുരനുഭവം രേഖയെ തളര്‍ത്തരുത്. സ്വന്തം മന:സ്സാക്ഷിയെ വഞ്ചിക്കാത്ത കാലത്തോളം ആരുടെ നഷ്ടവും നഷ്ടമല്ല, ഒരു ലാഭവും ലാഭമല്ല…രേഖയെ പോലുള്ളവരെ കാത്തു എത്രയോ സാധുക്കള്‍ ഈ ലോകത്ത് നില്ക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി ശക്തയാവുക. എന്റെ പ്രാര്‍ത്ഥന എന്നും ഉണ്ടാകും. ”

ആ കത്ത് അന്നും അവള്‍ എടുത്തു നോക്കി. അതിനിപ്പോഴും ഒരു സുഗന്ധമുണ്ട്. ജാതകത്തിലെ ദോഷം കാരണം വിവാഹം മുടങ്ങിയപ്പോഴും, പിന്നീട് കലക്ടര്‍ ആയപ്പോള്‍ വിവാഹം വേണ്ടെന്നു വെച്ചതിലും ഇപ്പോള്‍ അവള്‍ക്കു വിഷമമില്ല. എത്രയോ പേര്‍ക്ക് ഇന്ന് കലക്ടര്‍ രേഖ ആശ്വാസമാണ്.

ഒരു പരിപാടിക്ക് പോയപ്പോള്‍ പഴയ കാമുകന്‍, വയറു ചാടിയ കോലത്തില്‍, ഭാര്യയുമായി വന്നു

” രേഖ എന്നെ അറിയില്ലേ ? ഇതെന്റെ ഭാര്യ ”

”ഞാനോര്‍ക്കുന്നില്ല ”

”ഞാന്‍ അജീഷ്, രേഖയോടൊപ്പം കോളേജില്‍..”

” തന്നോടല്ലേ പറഞ്ഞത് അറിയില്ലെന്ന്? ”

ഉടനെ പോലീസുകാരന്‍ ഓടി വന്നു

”മാഡം , എന്താണ് പ്രശ്‌നം ?”

‘ഒന്നുമില്ല”

കാറില്‍ കയറി പോകവെ അവനെ ഒന്ന് നോക്കി. വിരണ്ടു നില്ക്കുന്ന ആ നിര്‍ത്തം… ആ ദൃശ്യത്തോടെ ആ പൈങ്കിളിയുടെ ഓര്‍മ്മകള്‍ക്ക് തിരശ്ശീല വീണു.

”ആരുടെ നഷ്ടവും നഷ്ടമല്ല, ഒരു ലാഭവും ലാഭമല്ല…”

പ്രിയപ്പെട്ടവരെ മരണം തട്ടിയെടുത്തപ്പോഴും അവള്‍ക്കു തുണയായത് അവന്റെ കത്തിലെ ആ വരികള്‍ തന്നെയാണ്..
പക്ഷെ അവന്‍ മാത്രം എവിടെയെന്നറിയില്ല.

ഒട്ടേറെ അവാര്‍ഡുകള്‍ രേഖയെ തേടി വന്നു.ചീഫ് സെക്രട്ടറിയായിട്ടാണ് രേഖ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ജനങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത ഒരു യാത്രയയപ്പും രേഖയ്ക്ക് ലഭിച്ചു. വിശ്രമ ജീവിതം നയിക്കുമ്പോഴും നാടിന്റെ പല ഭാഗത്ത് നിന്നും ആളുകള് അവരെ തേടി വന്നു… എല്ലാവര്‍ക്കും അവര്‍ വഴി കാണിച്ചു. കഴിയും വിധത്തില്‍ ആശ്വാസമേകി. എത്രയോ പെണ്‍കുട്ടികള്‍ രേഖയെ മാതൃകയാക്കി ജീവിച്ചു.

ഇടയ്ക്ക് ഒരു ചാനലുകാരി രേഖയെ ഇന്റര്‍ വ്യൂ ചെയ്യ്തു

”മാഡം , അവസാനമായി ഒരു ചോദ്യം, മാഡം ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ”

രേഖ ഒരു നിമിഷം ചിന്തിച്ചു. അജീഷിനെ അവള്‍ ഓര്‍ത്തതേയില്ല.

”സത്യം പറഞ്ഞാല്‍, പ്രണയം എന്നത് എനിക്കിപ്പോഴും അറിയാത്ത പ്രതിഭാസമാണ് കുട്ടീ…അപൂര്‍വ്വം ചിലക്കു മാത്രം ലഭിക്കുന്ന ദൈവാനുഗ്രഹം… പ്രായം ഏറി വരുമ്പോള്‍ മാത്രമേ പ്രണയത്തിലെ സത്യം മനസ്സിലാകൂ. ഒരു പക്ഷെ ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നല്ലൊരു പ്രണയം എനിക്ക് ലഭിക്കുമായിരിക്കും… അല്ലെ ?”

അന്നു രാത്രി അവള്‍ മെല്ലെ ജനാല തുറന്നു അഴികളില്‍ മുഖം ചേര്‍ത്തു വെച്ചു. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന മുറ്റം. അറുപതുകാരിയുടെ വിരലുകള്‍ ചെറുതായി ചുളിഞ്ഞു തുടങ്ങിയിരിക്കുന്നു.

എന്റെ ഈ ജീവിതത്തില്‍ ജീവിതത്തില്‍ ദു:ഖം ഒന്ന് മാത്രമേ ഉള്ളൂ…

പ്രണയം !

ഹൃദയത്തെ പുളകം കൊള്ളിക്കുന്ന, ജന്മങ്ങള്‍ ഓര്‍ക്കുന്ന, ആ ദിവ്യ വികാരം എന്ത് കൊണ്ട് ശരിക്കും അനുഭവിക്കാന്‍ കഴിഞ്ഞില്ല ? എന്തേ സത്യമുള്ള ഒരാള്‍ പ്രണയവുമായി എന്നെ തേടി വന്നില്ല ? അധികാരങ്ങള്‍ക്കിടയിലും ഞാന്‍ ഒരു പെണ്ണായിരുന്നില്ലേ ? ആ മോഹങ്ങള്‍ എന്തേ ആരും തിരിച്ചറിഞ്ഞില്ല ?
പുറത്തെ നിലാവില്‍, ദാവണി ധരിച്ചു ഒരു ഇരുപത്തിനാലുകാരി !

അവള്‍ സംസാരിക്കും പോലെ തോന്നി.

”ആരു പറഞ്ഞു രേഖേ നിന്നെ ആരും പ്രണയിച്ചിട്ടില്ലെന്ന് ? ഒന്ന് മനസ്സ് പുറകോട്ടു കൊണ്ട് പോകൂ ”
”കോളേജിലെയ്‌ക്കോ ?”
”അല്ല, മുറിവേറ്റ ഹൃദയവുമായി , മരവിച്ച മനസ്സുമായി, നീ കയറിയ ആ ട്രെയിനില്‍ പ്രണയം ഉണ്ടായിരുന്നു ”
മെല്ലെ ആ മുഖം തെളിഞ്ഞു… ഓടുന്ന ട്രെയിന്‍ .

” നീ പോലുമറിയാതെ നിന്റെ കഥ ഓര്‍ത്തു അന്നു രാത്രി അവന്‍ ഉറങ്ങാതെ കിടക്കുകയാരുന്നു…തന്നെ പോലെ വേദനിക്കുന്ന ഒരാളെ അവന്‍ അറിയാതെ സ്‌നേഹിച്ചു പോയിരുന്നു… പക്ഷെ ആ സ്‌നേഹം നിന്റെ മുന്നോട്ടുള്ള ലക്ഷ്യത്തെ തടസപ്പെടുത്തുമെന്നു അവന്‍ ഭയന്നു. ഭാവിയില്‍ അവനെ ചൊല്ലിയും നീ വിഷമിക്കരുതെന്നും അവനാശിച്ചു… ആയുസ്സിലെ ഓരോ നിന്മിഷവും നിനക്ക് വേണ്ടി അവന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു…”

രേഖയ്ക്ക് സഹിക്കാന്‍ പറ്റിയില്ല.

”എന്നിട്ടും അവനെന്തു കൊണ്ട് എന്നിലേയ്ക്ക് വന്നില്ല..? വെറും ഒരെഴുത്ത് മാത്രം എഴുതി വെച്ചിട്ട്…”

”വെറും എഴുത്തോ ? ഈ ജീവിത കാലം മുഴുവന്‍ മനസ്സ് വിഷമിക്കുമ്പോ നീ എടുത്തു നോക്കിയത് ആ എഴുത്തായിരുന്നില്ലേ ? മറ്റെന്തിനെക്കാളും നിനക്കതു സാന്ത്വനമായിരുന്നില്ലേ ?”

അവള്‍ മെല്ലെ ആ എഴുത്തെടുത്തു… ഉറങ്ങാതെ അതെഴുതുന്ന അവന്‍… ആ കണ്ണുകളില്‍ എന്തോ ഒരു സങ്കടം.
അവള്‍ ഒരുപാട് കരഞ്ഞു

”വരാമായിരുന്നില്ലേ ? ഒരിക്കലെങ്കിലും ? എന്നെ പറ്റി എത്രയോ വാര്‍ത്തകള്‍ വന്നിട്ടും എന്നെ തേടി ഒരു ഫോണെങ്കിലും ചെയ്യാമായിരുന്നില്ലേ ? ഇനിയെങ്കിലും ഒന്ന് വന്നൂടെ ? ഈ വൃദ്ധയെ ഒന്ന് കാണാനെങ്കിലും ? ”

അന്നു രാത്രി അവളൊരു സുന്ദരമായ പൂന്തോട്ടം കണ്ടു. ഇതു വരെ അറിയാത്ത സുഗന്ധമുള്ള പൂക്കള്‍. അതിലൊരു കൊച്ചു മരപ്പാലത്തിനു മുകളില്‍ അവന്‍ നില്ക്കുന്നു.

അതേ പുഞ്ചിരി. അതെ കുസൃതി നിറഞ്ഞ കണ്ണുകള്‍

”ഞാനിവിടെ നേരത്തെ എത്തി…നമ്മളെ പോലുള്ളവര്‍ക്ക് ഇവിടെയാണ് നല്ലത്… രേഖ വരുന്നോ എന്നോടൊപ്പം ? ”

അവള്‍ തല കുലുക്കി. വാര്‍ദ്ധക്യത്തിന്റെ ക്ഷീണം അവളെ ബാധിച്ചില്ല. അവന്‍ കൈ നീട്ടി . അവള്‍ അതു ചേര്‍ത്തു പിടിച്ചു. അവന്റെ കൈകള്‍ക്ക് നല്ല തണുപ്പുണ്ടായിരുന്നു. അവളുടെ കൈകളും മെല്ലെ തണുക്കാന്‍ തുടങ്ങി…