ഏതു മരമാകണം നിങ്ങൾക്ക് ..?

1039

 

മനുഷ്യനുണ്ടാക്കിയ പല ജീവിതവ്യവസ്ഥകളും പരമബോറാണ്.

അതിലൊന്നാണ് ജീവിക്കാൻ വേണ്ടി ജീവിതത്തിന്റെ ഭൂരിഭാഗവും പിരിഞ്ഞിരിക്കുക. പ്രവാസികളെക്കുറിച്ചു തന്നെയാണ് പറയുന്നത്.

ഒടുവിൽ സായാഹ്നമാകുമ്പോൾ അവർ വീട്ടിൽവന്നുകയറുന്നു.

അപ്പോഴേയ്ക്കും രാത്രിയായിത്തുടങ്ങും.

അവർ കാണുന്നവർ അവരെ കാണുകയുമില്ല.

അവഗണയുടെ രാത്രിക്കൊടുവിൽ താനുണ്ടാക്കിയിട്ട അല്പസമ്പത്തിന്റെ പോലും

സുഖം കാണാതെ പ്രഭാതസൂര്യനെത്തുന്നതിനു മുന്നേ ചിലപ്പോൾ

ഭൂമിയിൽ നിന്നും അടുത്ത പ്രവാസത്തിനായി അവർ യാത്രയായേക്കാം,

ഇനിയൊരു ലീവില്ലാത്ത അനന്തമായ പ്രവാസം…. !

ഉയർന്ന വേതനത്തിനുവേണ്ടിയും ചില സ്വപ്നങ്ങളെ പൂവണിയിക്കുന്നതിനുവേണ്ടിയുമാകും

ഈ രാമന്മാരുടെ പലായനങ്ങൾ, വനവാസങ്ങൾ.

ഇവർ ‘അയോദ്ധ്യയുടെ’ ദേശീയവരുമാനത്തിനു നൽകുന്ന സംഭാവന കാരണം കുടുംബത്തിനെന്നപോലെ രാജ്യത്തിനും കറവപ്പശുക്കളാണ്.

പ്രവാസി ഒരിക്കലും ജീവിക്കുന്നില്ല,

അവരുമായി ഹ്രസ്വകാലമെങ്കിലും അബുദാബിയിൽ കഴിഞ്ഞ ഒരുവനെന്ന നിലയിൽ അതറിയാം. മാതൃരാജ്യത്തിനു ഐശ്വര്യം നൽകുന്നെങ്കിലും

നാടിൻറെ ഗതികേട് വിളിച്ചുപറയുന്നു പ്രവാസിയുടെ കണ്ണീർ.

വിവാഹം കഴിക്കണം ജീവിക്കണം,

പക്ഷെ ഒരു പ്രവാസിക്ക് എന്തു കുടുംബജീവിതം?

മനസുകൾകൊണ്ട് സേതുബന്ധനം നടത്തി ഓരോനിമിഷവും അങ്ങോട്ടുമിങ്ങോട്ടും പോയിവരാരുമെന്നു സാഹിത്യത്തിലെഴുതാൻ കൊള്ളാം.

വനവാസം കഴിഞ്ഞു നാട്ടിലെത്തിയ പല രാമന്മാരുടെയും

ദുരനുഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

തന്റെ ചോരയും നീരുംകൊണ്ടാക്കിയ വീട്ടിൽ നിന്നും ഭാര്യ അടിച്ചിറക്കി

ഒടുവിൽ തെരുവിൽകിടന്നു മരിക്കേണ്ടിവന്ന രാമനെ അറിയാം,

ക്രൂരമായ അവഗണ നിമിത്തം ആത്മഹത്യചെയ്ത രാമനെ അറിയാം.

ഭാര്യ അടിച്ചുകൊന്ന രാമനെ അറിയാം,

മക്കളുടെ ക്രൂരമായ മർദ്ദനം സഹിക്കാനാകാതെ പാളത്തിൽ തലവച്ച രാമനെ അറിയാം….

അതെ, നിങ്ങളുടെ സാന്നിധ്യം ഇല്ലെങ്കിലും ജീവിക്കാൻ ബന്ധുക്കൾ പഠിച്ചുകഴിഞ്ഞു.

അതിനു ധനം മതി. അതില്ലാത്ത അവസ്ഥയിൽ ഇങ്ങോട്ടു വന്നിട്ടെന്തു നേടാൻ.

നാട്ടിൽ ജെയിലിൽ കിടക്കുന്ന ഒരുവനെക്കാൾ ദുഖിതനാണ്‌ പ്രവാസികൾ.

ജെയിലിൽ കിടക്കുന്നവന് ബന്ധുക്കളെയെങ്കിലും കാണാം.

ഇന്റർനെറ്റും ആൻഡ്രോയിഡും കൊണ്ടെന്നും പിരിഞ്ഞിരിക്കുന്ന ദുഃഖം മാറില്ല.

പ്രവാസം ഒരു ട്രാപ്പാണ്. ആദ്യമേ വീണുപോയാൽ

അതിൽനിന്നും രക്ഷപെടാനാകില്ല.

എന്റെ അറിവിൽത്തന്നെ,

അടുത്തവർഷം ലീവിന് വന്നാൽ പിന്നെ പോകില്ലെന്ന് പറയുന്ന

പലപ്രവാസികളും ഇതിനോടകം അഞ്ചോ ആറോ ലീവുകൾ കഴിഞ്ഞിരിക്കുന്നു

ഒരിക്കൽ ഞാനും കടലുകടന്നുപോയി. ലോകത്തൊരു നരകമുണ്ടെങ്കിൽ അതിതാണ് അതിതാണ് എന്ന് മനസിലായ നാളുകൾ. പോരെങ്കിൽ ഒരു ഓപ്പറേഷൻ (സംഗതി നിസാരമെങ്കിലും ബുദ്ധിമുട്ടു ചില്ലറയായിരുന്നില്ല) കാരണം ശരീരത്തിനുണ്ടായ ചില വൈഷമ്യതകളും വേട്ടയാടിയിരുന്നു. അവിടെത്തി ജോലിയിൽ പ്രവേശിച്ച എനിക്ക് ഒരു ജീവപര്യന്തം തടവുകാരനെപോലെ അനുഭവപ്പെട്ടു. പണ്ടേ എനിക്കൊരു ഭാഗ്യമുണ്ട്, എവിടെ ചെന്നാലും ഏറ്റവും മോശമായാതേ കിട്ടുകയുള്ളൂ. പ്രവസംതന്നെയൊരു ദുരിതമാണ്. ആ ദുരിതത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന തരത്തിൽ അവിടെ കിട്ടാവുന്നതിൽ വച്ച് സാലറി കുറവുള്ള ഏറ്റവും കഷ്ടപ്പാടുള്ള മോശം ജോലിയും.

എന്റെ അവസ്ഥ സ്വയം മനസിലാക്കി, സങ്കല്പിച്ചുനോക്കി.

*ഇനിയൊരു ലീവിന് പോയാൽ എന്നെപിടിച്ചു കെട്ടിച്ചേയ്ക്കാം.

*ജീവിതം തുടങ്ങുമ്പോൾ തന്നെ ‘സീതയെ’ പിരിഞ്ഞു തിരികെ ഇവിടെ എത്തും.

*ഇതിനിടയ്ക്ക് പിള്ളേരുണ്ടയേക്കാം.

*സ്കൈപ്പിലും വാട്സാപ്പിലും മാത്രം അവരെ ലാളിച്ചു എന്നിലെ വാത്സല്യങ്ങൾ മുരടിച്ചുപോകും.

*ഒരച്ഛന്റെ സഹായമില്ലാതെ,സ്നേഹമില്ലാതെ അവർ വളർന്നു എന്നോട് അടുപ്പമില്ലാതാകുന്നു.

*അവരുടെ വിദ്യാഭ്യാസത്തിന്റെ ഭരിച്ച ചിലവുകൾ (ഗൾഫുകാരന്റെ മകളല്ലേ വലിയ സ്‌കൂളിൽ തന്നെ വിടണം. ഡൊണേഷൻ, ഫീസ് ,മറ്റു പഠനച്ചിലവുകൾ )

*അവർ ഉന്നതവിദ്യാഭാസം നേടുമ്പോഴൊക്കെ വലിയവലിയ ചിലവുകൾ

*ഇതിനിടയ്ക്ക് കുടുബത്തിലാർക്കെങ്കിലും ആശുപത്രി വാസം വേണമെങ്കിൽ അതിന്റെ ചിലവുകൾ.

*വീടിന്റെ പണി തുടങ്ങുന്നു

*പിള്ളേർ വലുതാകും. പെണ്കുട്ടിയെങ്കിൽ നമ്മുടെ വൃത്തികെട്ട സാമൂഹ്യാവസ്ഥ ഉണ്ടാക്കിവച്ചിട്ടുള്ള ദുരാചാരമായ സ്ത്രീധനം യഥാവിധി അനുസരിക്കണം.ഗൾഫുകാരന്റെ മകളെല്ലേ ഊറ്റിപ്പിഴിഞ്ഞു തന്നെ മേടിക്കും.

*കുട്ടികളുടെ വിവാഹാനന്തര ചിലവുകൾ, അവർക്കു താമസസൗകര്യങ്ങൾ ഏർപ്പെടുത്തണം.

*എല്ലാം കഴിഞ്ഞു അവശനായി ഒരു നാൾ നാട്ടിലെത്തുന്നു. ഇനി സുഖമായൊന്നു വിശ്രമിക്കണം.

*വന്നതിന്റെ ആരവങ്ങൾ അവസാനിക്കുമ്പോഴേയ്ക്കും എന്റെ ഭാര്യ കുറ്റപ്പെടുത്താൻ തുടങ്ങുന്നു

അവളുടെ പല ആഗ്രഹങ്ങളും സാധിച്ചില്ലെന്ന് പരിഭവം തുടങ്ങുന്നു. മക്കളും അതാവർത്തിക്കുന്നു.

*ദിവസങ്ങൾ,മാസങ്ങൾ കഴിയുന്തോറും എന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. ഞാൻ വച്ച വലിയ വീടിന്റെ വരാന്തയിൽ ഒരു നായ ജന്മം ആയി പിന്നെയുള്ള കാലം.

 

എന്തിനാണ് ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. വിവാഹം കഴിച്ചു ജീവിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കുക സ്വസ്ഥതയുണ്ടാകും. വിവാഹം പോലുള്ള വ്യവസ്ഥകൾ അല്ലെങ്കിലും തീരെ ദരിദ്രർക്ക് പറഞ്ഞിട്ടുള്ളതല്ല. നമ്മൾ വിവാഹം കഴിച്ചു സുഖമായി ജീവിക്കണമെന്ന് രാജ്യത്തിന് ഒരു നിർബന്ധവുമില്ല. നമുക്ക് നിര്ബന്ധമെങ്കിൽ ഇവിടെ വല്ലതും അതിനുള്ള വഴികണ്ടെത്താൻ ശ്രമിക്കുക. അതുകൊണ്ടുതന്നെ ഞാൻ ഭ്രാന്തമായി നിലവിളിച്ചുകൊണ്ട് തിരികെ ഓടി…

മമ്മൂട്ടി പത്തേമാരിയിൽ പറഞ്ഞപോലെ,

“നമ്മൾ നമുക്കുവേണ്ടി ജീവിക്കുമ്പോഴല്ല, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് അത് മഹത്തരവും ത്യാഗവും ആകുന്നത്.”

എനിക്കതിൽ വിശ്വാസമില്ല.

അഗതികൾക്ക് വേണ്ടി ജീവിക്കുമ്പോൾ ത്യാഗമാകുന്നു.

എന്നാൽ ബന്ധുക്കൾക്ക് വേണ്ടി ജീവിക്കുമ്പോൾ ത്യാഗമാകുന്നില്ല.

അത് നമ്മുടെ സ്വാർത്ഥത തന്നെയാണ്.

നാമെന്ന വ്യക്തിയെ സ്വയം ബലികൊടുക്കുന്ന സ്വാർത്ഥത.

ശാപംപോലെ നീണ്ടുപരന്നു കിടക്കുന്ന മരുഭൂമിയാണ് പ്രവാസിയുടെ ഉള്ളം.

മരുപ്പച്ച പോലും അവനു അന്യമാണ്.

ഗൾഫിന്റെ പളപളപ്പുകൾ അവന്റെ ജീവിതത്തിനില്ല.

ആടു ജന്മങ്ങൾ !

ഏതു മരമാണ് നിങ്ങൾ  .

ഒറ്റത്തടി വൃക്ഷമായ തെങ്ങായാൽ

കായ്ക്കുന്നതു തനിക്കുമാത്രം അനുഭവിക്കാം.

മാവായാൽ കായ്ക്കുന്നതെല്ലാം

ശിഖരങ്ങൾക്കു കൊടുക്കേണ്ടിവരും.

പ്ലാവായാലോ…

ശിഖരങ്ങൾക്കും കൊടുക്കാം

വേണമെങ്കിൽ വേരിലും കായ്ക്കുകയും ചെയ്യാം.

ഏതു മരം ആകണമെന്ന് ബുദ്ധിപൂർവ്വം തീരുമാനിക്കുക. ഒരേയൊരു ജീവിതം. ദുരിതപർവ്വങ്ങൾ കുറിച്ചുവച്ചിട്ടു ആ മുഷിഞ്ഞ ഡയറിയോടെ ചിതയിൽ വെന്തുരുകുന്നതിലും ഭേദമാണ്

തനിക്കുവേണ്ടി കൂടി ജീവിക്കുക എന്നത് .

‘മനുഷ്യൻ ജനിക്കുന്നതുമുതൽ എല്ലായിടത്തും ബന്ധനത്തിലാണ്’ എന്ന് ചിന്തകന്മാർ പറഞ്ഞത് ഓർക്കുക. ആ ബന്ധനങ്ങളെ പൊട്ടിച്ചെറിയേണ്ട കാലമാണ്. എല്ലാരേയും സ്നേഹിക്കുക, എന്നാൽ സ്വന്തം ജീവിതം വിസ്മരിച്ചുകൊണ്ടു ത്യാഗംചെയ്തിട്ടെന്തുഫലം ?

നാട്ടിൽ ഓണംവരുമ്പോൾ അവിടെ നിങ്ങൾ കുബ്ബൂസ് തിന്നുന്നതും

ഓണാഘോഷം നടക്കുമ്പോൾ നിങ്ങൾ മരുവിൽ അലയുന്നതും

ഫോട്ടോയും വിഡിയോയും പിടിച്ചിട്ടാൽ എന്തുഫലം. പ്രവാസം, മറ്റുള്ളവർക്ക് ഫലംകൊയ്യാൻ  നിങ്ങൾ സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുക്കുന്നതാണ്.  ഉയർന്ന ജീവിതവും ആഡംബരവുമായിരിക്കും ചിലരുടെ സ്വപ്നങ്ങളിൽ. നാട്ടിൽ പല ജോലിക്കും ആളില്ല എന്ന പരിഭവങ്ങൾ കേട്ടുതുടങ്ങിയിട്ടു കാലമേറെയായി. പ്രവാസികളെ പുനരുദ്ധരിക്കാൻ സർക്കാരിനും വയ്യ. കാരണം ഞാൻ മേല്പറഞ്ഞതുതന്നെ. ‘കറവപ്പശുക്കൾ’.

കുടുംബത്തോടൊരുമിച്ചു വിദേശവാസം ചെയുന്നവരുണ്ട് അവരെ പ്രവാസികളായി പരിഗണിക്കുന്നില്ല.

കുടുംബമുള്ളിടം തന്നെയാണ് നമ്മുടെ നാട്.

ഗൾഫ് ആണ് പ്രവാസത്തിന്റെ നരകം.

ജനാധിപത്യ സമ്പദ്സമൃദ്ധ രാജ്യങ്ങളും പ്രവാസത്തിന്റെ ദുരിതങ്ങൾ കുറവാണ്.

മാത്രമല്ല സുഖിക്കാനും വിനോദത്തിനും അവസരങ്ങൾ കൂടി ഒരുക്കുന്നു ആ നാടുകൾ.

ഏത് ..അതെ, പ്ലാവ് മരമാകാൻ