ജീവിതത്തിന്റെ വൃക്ഷസിദ്ധാന്തങ്ങൾ   

1652
ജീവിതത്തിന്റെ ‘വൃക്ഷസിദ്ധാന്തങ്ങൾ’ പണ്ട് ഞാനൊരു ഹ്രസ്വകവിതയിലെഴുതിയ ആശയമാണ്. ‘ഒരു ജീവിതമേയുള്ളൂ ‘എന്നൊക്കെ പറഞ്ഞുകൊണ്ട് നടക്കുമെങ്കിലും അധികംപേരും ആ ജീവിതത്തെ ആസ്വദിക്കുന്നില്ല, എന്നുമാത്രമല്ല ബോധപൂർവ്വം സൃഷ്ടിക്കുന്ന സങ്കീർണ്ണതകളിൽ അതിനെ കലുഷിതമാക്കുകയാണ് ചെയ്യുന്നത്. മഹാചിന്തകന്മാർ പണ്ടേ പറഞ്ഞാലും ഇല്ലെങ്കിലും ഓരോമനുഷ്യരിലും നാമ്പിടുന്ന സ്വാതന്ത്ര്യമോഹം അവനവനെ തികഞ്ഞ സ്വാതന്ത്ര്യപ്പോരാളികളും ‘ഒളിപ്പോരാളികളും’ആകുന്നുണ്ട്. വർത്തമാനകാല ജീവിതത്തിൽ നിന്നുള്ള കുതറിമാറലുകളാണ് എവിടെയും. എന്തുകൊണ്ടാണ് ജീവിതം നമുക്കിത്രയും വിരസമാകുന്നത്. അത്രമാത്രം ദുർഗന്ധത്തിന്റെ വിഴുപ്പു ഭാണ്ഡങ്ങളുമായാണോ നാം സഞ്ചരിക്കുന്നത് ? എവിടെയാണ് പരസ്പരം മടുപ്പനുഭവപ്പെടുന്നത്. എന്തുകൊണ്ടാണ് നാം ചുറ്റുമുള്ളവർക്കു സന്തോഷത്തേക്കാൾ ദുഃഖവും അസ്വസ്ഥതയും പലപ്പോഴും പകർന്നുനൽകുന്നത്. ഒറ്റ ഉത്തരമേയുള്ളൂ, നമുക്കില്ലാത്തത് നാം മറ്റുള്ളവർക്ക് എങ്ങനെ കൊടുക്കും. അഭാവം സന്തോഷത്തിന്റെ ആകുമ്പോൾ ആണ് പ്രശ്നം. ഇവിടെയാണ് ‘വൃക്ഷസിദ്ധാന്തങ്ങൾ’ പ്രകൃതി നമുക്കായി ഒരുക്കിവച്ചിട്ടുള്ളത്. തെങ്ങ്,മാവ്,പ്ലാവ് എന്നീ ഫലവൃക്ഷങ്ങളിലൂടെ നമുക്കതിനെ നിർവ്വചിക്കാം.

ജീവിതത്തിന്റെ തെങ്ങു സിദ്ധാന്തം  
‘ഒറ്റയ്ക്ക് ജീവിച്ചാൽ മതിയോ ഒരു കുടുംബമൊക്കെ വേണ്ടേ’ എന്ന നിത്യേനയുള്ള ചോദ്യങ്ങളിൽ നിന്നും മുഖംതിരിച്ചു നടന്നു ശീലിച്ച ഒരുകൂട്ടരുണ്ട് ഏതൊരു സമൂഹത്തിലും. ഒറ്റയാന്മാരായി അവർ തങ്ങളുടെ ഏകാന്തജീവിത സ്ഥലികളിൽ ചിന്നംവിളിച്ചങ്ങനെ നടക്കും. ഭാരം ചുമക്കുന്നതിനേക്കാൾ ഭേദം ഏകാന്തത തന്നെയാണെന്ന ഉത്തമബോധ്യമാണ് ഇവരെ നയിക്കുന്നത്. കായ്ച്ചാലും ഇല്ലെങ്കിലും തങ്ങളുടെ ഒറ്റത്തടി അതനുഭവിച്ചുകൊള്ളും എന്ന നിശ്ചയദാർഢ്യം ഇവരിൽ പ്രകടമായുണ്ടാകും. മാതാപിതാക്കളുടെ മരണശേഷം ആരുമുണ്ടാകില്ലെന്ന ഓർമപ്പെടുത്തലുകൾ ഇവർക്കുചുറ്റും സദാസമയവും പക്ഷികളെപ്പോലെ വലംവയ്ക്കും. ഗാർഹസ്ഥ്യം ആവശ്യംവേണ്ട ഒന്നാണെന്നും വാനപ്രസ്ഥവും സന്യാസവും അനുഷ്ഠിക്കാൻ ജീവിതത്തെ പ്രാപ്തമാക്കാനുള്ള വിരക്തികളുടെ കേന്ദ്രമാണ് അതെന്നും തത്വജ്ഞാനികളും ഉപദേശിക്കും. ഇത്തരം ഉപദേശങ്ങളിൽ ‘വീണടിയാതെ’ സ്ഥൈര്യത്തോടെ മുന്നോട്ടുപോകുന്ന ഇത്തരക്കാർ ജീവിതത്തിന്റെ ഒരു ദശാസന്ധിയിൽ ഇടിവേട്ടേറ്റോ കാറ്റിൽ ഒടിഞ്ഞോ ജീവിതചക്രം പൂർത്തിയാക്കി സ്വാഭാവികമായി ചരിഞ്ഞോ അസ്തമിക്കുന്നതുവരെ പുഞ്ചിരിയോടെ മുന്നോട്ടുപോകും. ഒരുപക്ഷെ അനുഭവിക്കാൻ ആഗ്രഹിച്ച രസങ്ങളിലൂടെയൊക്കെ മുന്നേറി, സമൂഹസദാചാരത്തിന്റെ ജല്പങ്ങളിൽ ചെവികൾപൂട്ടിക്കെട്ടി മനസുകൊണ്ട് അപ്പൂപ്പന്താടികളായി ഇത്തരക്കാർ ജീവിതത്തിന്റെ ലാഘവത്വം ആഘോഷിക്കും. തെങ്ങിനുപകരം ഒരു വൻവംശവൃക്ഷം ആയിരുന്നെങ്കിലെന്ന് പിൽക്കാലത്തു ചിന്തിച്ചുപോകുന്നവർ ഇവരിൽ ഉണ്ടായേക്കാമെങ്കിലും എല്ലാമുള്ളതിനേക്കാൾ ഭേദം ഒന്നും ബാക്കിവയ്ക്കാതെ ഭൂമിയിൽ സമാധാനത്തോടെ ലയിക്കുന്നതാണ് നല്ലതെന്നു ആ ചിന്തയ്‌ക്കൊടുവിൽ നെടുവീർപ്പിടും. ഇത്തരക്കാരിൽ നിന്നും സന്യാസി(നി)മാരായും അനാർക്കിസ്റ്റുകളായും ചിന്തകന്മാരായും ശാസ്ത്രജ്ഞരായും അങ്ങനെ പലവിഭാഗത്തിലേക്കും പലായനങ്ങളുണ്ടാകും. കാരണം അതിജീവനം ഇവർ ഏറെ ആഗ്രഹിക്കുന്നു. അഭിരുചികളുടെ പാഠശാലയാക്കി ജീവിതത്തിന്റെ (അ)ലക്ഷ്യബോധങ്ങളെ വ്യവസ്ഥാപിതങ്ങളിൽ നിന്നും മോചിപ്പിച്ചുകൊണ്ടേയിരിക്കും.  

ജീവിതത്തിന്റെ മാവ് സിദ്ധാന്തം    
‘നമുക്കുവേണ്ടിയല്ല, മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോഴേ ജീവിതത്തിനു അർത്ഥമുണ്ടാകൂ’ എന്ന് ഇത്തരക്കാർ ഭാരമേറിയ വണ്ടി വലിക്കുമ്പോഴും ജപിച്ചുകൊണ്ടേയിരിക്കും. മാവായതിനാൽ തായ്ത്തടിയ്ക്ക് പൂവും കായും ഇല്ലെന്നും എല്ലാം ചില്ലകൾ അനുഭവിച്ചോട്ടെയെന്നുമുള്ള ഇവരുടെ ത്യാഗത്തിൽ കുതിർന്ന ഉദാരത ചില്ലകളുടെ അഗ്രങ്ങളിൽ വസന്തങ്ങളാകുന്നു. ഇത്തരക്കാരിൽ ചിലർ നിസ്വാർത്ഥരും ചിലർ ത്യാഗപർവ്വങ്ങൾ എഴുതി പ്രശംസകൾ ലഭിക്കാൻ കൊതിക്കുന്നവരുമാകും. ജീവിതത്തിന്റെ സുഖവും രസങ്ങളും ദൂരെനിന്നൊരു നെടുവീർപ്പോടെ മാത്രം നോക്കിക്കാണുകയും അപ്രാപ്യമായതിനെ പ്രാപ്യമാക്കാൻ ഒരു ചുവടുമുന്നോട്ടുവയ്ക്കുമ്പോൾ വീട്ടുകാരുടെ മുഖങ്ങളോർത്തു നൂറുചുവടുകൾ പിന്നോട്ടുവയ്ക്കുകയും ചെയ്യും. മറ്റൊരു വിരോധാഭാസം എന്താണെന്നുവച്ചാൽ, ഇത്തരക്കാരിലും അവിവാഹിതർ അപൂർവ്വമായി ഉണ്ടാകുമെങ്കിലും രക്തബന്ധങ്ങൾ ചില്ലകളായി വളർന്നു ആശ്രയിക്കുമെന്നതിനാൽ ഒറ്റത്തടികൾ ആകുന്നില്ല. ആരോഗ്യമുള്ളകാലത്തോളം ചുമടെടുത്തും വണ്ടിവലിച്ചും തളർന്നുകഴിഞ്ഞാൽ ഇത്തരക്കാരുടെ ജീവിതം പരമദയനീയം ആയിമാറാറുണ്ട്. ‘അലക്കൊഴിഞ്ഞിട്ടു കാശിക്കുപോകാം’ എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന തരത്തിലായിരിക്കും പല മോഹങ്ങളോടുമുള്ള ഇവരുടെ പ്രതികരണം. ഉത്തരവാദിത്തസങ്കീർണ്ണമായ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഇവരിൽ വിയർപ്പൊഴിഞ്ഞ നേരമുണ്ടാകില്ല. പൊള്ളുന്നപകൽ നിദ്രയിലും ഇവരെ പൊള്ളിച്ചുകൊണ്ടേയിരിക്കും. ആവശ്യങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വേരുകൾക്കിടയിലെ മണ്ണൊലിച്ചു പോകുമ്പോഴും തായ്‌വേരാകുന്ന പൂർവ്വികസ്മൃതികളിലെ വ്യവസ്ഥാപിത ജീവിതത്തിന്റെ അചഞ്ചലമായ പാരമ്പര്യ കാഴ്ചപ്പാടുകൾ ഇവരെ പിടിച്ചുനിർത്തും. ഗാർഹസ്ഥ്യത്തിന്റെ വിരസമായ ചട്ടക്കൂടുകൾ മനസിലാക്കാത്തതിനാൽ കുതറിമാറാനുള്ള ഊർജ്ജം മനസിലുണ്ടാകുന്നില്ല. ഇത്തരക്കാരിൽ നിന്നും പ്രവാസികളിലേക്കു അനുനിമിഷം പലായനങ്ങൾ സജീവമാണ്. ലക്ഷ്യബോധങ്ങളെ കുറിച്ച് വാചാലരാകുന്ന ഇവർ പ്രത്യക്ഷത്തിൽ അരസികരെന്നു തോന്നിപ്പിച്ചേയ്ക്കാം എങ്കിലും ‘നാളെ’യുടെ ആരാധകരാകയാൽ കണ്ട ചില സ്വപ്നങ്ങൾ വ്യാഖ്യാനിച്ചു തായ്ത്തടിയിലെ സങ്കല്പവസന്തത്തെ കാണിച്ചു നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്തേയ്ക്കാം.

ജീവിതത്തിന്റെ പ്ലാവ് സിദ്ധാന്തം
ജീവിക്കുന്നവരിൽ ഏറ്റവും ബുദ്ധിശാലികളാണ് പ്ലാവ് സിന്ധാന്തക്കാർ. എങ്ങനെ ജീവിക്കണമെന്ന് അവർക്കാരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ചില്ലകളിലും കായ്ക്കും തായ്ത്തടിയിലും കായ്ക്കും വേണമെങ്കിൽ വേരിലും കായ്ക്കും, അതാണവരുടെ തന്ത്രപരമായ രീതി. ഇത്തരക്കാർ കുടുംബജീവിതത്തെ അളവറ്റു പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലുള്ളവരായിരിക്കും. എല്ലാര്ക്കും യഥേഷ്ടം പലതും നൽകുകയും തന്റെ സുഖങ്ങൾക്ക് ഒരു വിഹിതം നീക്കിവയ്ക്കുകയും ചെയ്യും. ജീവിതം ഒന്നേയുള്ളൂ അത് ഞാനല്ലാതെ പിന്നാര് ആസ്വദിക്കുമെന്നും ഒന്നും ആസ്വദിക്കാതെ മരിച്ചുപോയാൽ നമുക്കുമാത്രമേ നഷ്ടമുള്ളൂ എന്നുമുള്ള വാക്കുകൾ ഇവരിൽ നിന്നും പല രീതികളിൽ മുഴങ്ങിക്കേൾക്കും. ഭാര്യയെ പുണരുമ്പോൾ തന്നെ അയലത്തെ സുന്ദരിയെകൂടി ചിന്തയിൽ പരിഗണിക്കുന്ന അപാരമായ മെയ്‌വഴക്കം ഇവരിൽ സ്വതസിദ്ധമായി കാണപ്പെടുന്നു. സാമ്പത്തികമായി ലാഭമുണ്ടാക്കുന്ന മേഖലകളെ ആശ്രയിക്കുന്ന ഇത്തരക്കാർ പണമുണ്ടാക്കാനും മിടുക്കന്മാരാണ്. ചെല്ലുന്ന ഇടങ്ങളിലെല്ലാം ആത്മാർത്ഥത പ്രകടിപ്പിക്കുകയും ആവശ്യംവേണ്ട സന്ദർഭങ്ങളിൽ കണ്ണടച്ച് പാലുകുടിക്കുകയും ചെയ്യും.നന്നായി അഭിനയിക്കാനുള്ള മിടുക്കും ഉണ്ടായിരിക്കും. ഇവർ ആരോടും ജീവിതദുഃഖത്തെ കുറിച്ച് കാണ്ഡംകാണ്ഡമായി പറയാറുമില്ല ആ വിഷയങ്ങളെ കുറിച്ച് സാഹിത്യം ചലിച്ചു എഴുതാറുമില്ല. ജീവിതത്തിന്റെ തത്വശാസ്ത്രങ്ങളെ കുറിച്ച് ഒന്നും ചിന്തിക്കാത്ത ഇവർ വർത്തമാനകാലത്തെ അളവറ്റു സ്നേഹിക്കുന്നു. ഇവരിൽ നിന്നും പലായനങ്ങൾ അങ്ങനെ ഉണ്ടാകാറില്ല. അനുദിനജീവിതത്തിൽ മടുപ്പുകൾ ഇല്ലാത്തതുകൊണ്ടുതന്നെ കുതറി മാറാനുള്ള യാതൊരു താത്പര്യവും ഇത്തരക്കാർ പ്രകടിപ്പിക്കില്ല. തങ്ങളിൽ ആവശ്യത്തിലേറെയുള്ള സന്തോഷം മറ്റുള്ളവർക്കും നൽകാൻ ഇവർക്കൊരു മടിയുമില്ല. എന്നാൽ ഇവരിലെ ‘മിണ്ടാപ്പൂച്ചകൾ’ പ്രശ്നക്കാരാണ്.

ഇനി ചിന്തിക്കുക ഏതു വൃക്ഷത്തെയാണ് നിങ്ങൾ സ്വീകരിച്ചതെന്ന്. ഈ വൃക്ഷവ്യവസ്ഥകളിലൂടെ കടന്നുപോകാതെ ആരുമിവിടെ ജീവിക്കുന്നില്ല. ദ്വന്ദ്വവ്യക്തിത്വം ഉള്ളതുപോലെ ഒന്നിലധികം വൃക്ഷങ്ങളുടെ സ്വഭാവവും ചിലർ  കാണിച്ചേയ്ക്കാം എന്നുമാത്രം.