അമ്പാട്ട് സുകുമാരന്‍നായര്‍

അനുകൂലമായ നല്ല കാലാവസ്ഥയില്‍ എനിക്ക് ഹിമാലയം സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവസരം കിട്ടിയത് ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍. മുപ്പതു വര്‍ഷംമുമ്പ് ഒരു നവംബര്‍ മാസത്തില്‍. ഹിമാലയത്തില്‍ മഞ്ഞുപൊഴിയുന്നസമയം. പല തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നവംബര്‍ രണ്ടാം വാരത്തിലാണ് ഞങ്ങള്‍ ബദരിയിലെത്തുന്നത്. ഞങ്ങളുടെ വാഹനത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുവന്ന ആള്‍ക്കാരുണ്ടായിരുന്നു. എല്ലാവരും സാമാന്യം നല്ല ധനസ്ഥിതിയുള്ള ആളുകള്‍. ബിഹാറില്‍ നിന്നുള്ള ഒരു ധനികകുടുംബവും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ആഭരണങ്ങളും വേഷവിധാനങ്ങളുമെല്ലാം ആ സമ്പന്നതയെ വിളിച്ചറിയിക്കുന്നതായിരുന്നു. കുടുംബനാഥന്‍ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ആളാണെന്നു തോന്നുന്നു. ഒരു വലിയ സ്വര്‍ണ്ണമാലയുണ്ട്. കൈത്തണ്ടയില്‍ നല്ല കനമുള്ള ഒരു വളയും. എപ്പോഴും മുറുക്കിക്കൊണ്ടിരിക്കണം.

മുറുക്കിത്തുപ്പുമ്പോള്‍ അതേറ്റുവാങ്ങാന്‍ കോളാമ്പിപോലുള്ള ഒരു പാത്രവുമായി ഒരു പരിചാരകന്‍ എപ്പോഴും കൂടെയുണ്ട്. അവന്‍ ആ കുടുംബനാഥന്റെ കാല്‍ചുവട്ടില്‍ തറയില്‍ ഇരിക്കണം. ഏതു സമയവും കാല് തടവിക്കൊടുക്കണം. സഹയാത്രികരുമായി യാതൊരു സമ്പര്‍ക്കവുമില്ല. എങ്കിലും എല്ലാവരും അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

അളകനന്ദയുടെ തീരത്തുകൂടി ബസ് ഓടിക്കൊണ്ടിരുന്നു. ഗ്രാമീണര്‍ കൂട്ടം കൂട്ടമായി മലയിറങ്ങുന്ന കാഴ്ചകണ്ടു. വീട്ടുസമാനങ്ങളെല്ലാം വലിയഭാണ്ഡങ്ങളിലാക്കി അവര്‍ തലയിലേറ്റിയിരുന്നു. പത്തും പന്ത്രണ്ടും വയസ്സായ കുട്ടികളുടെ തലയിലും എന്തെങ്കിലുമൊക്കെ സാധനങ്ങള്‍ കാണും. ചിലര്‍ ആട്ടിന്‍കുട്ടികളെ കുഞ്ഞുങ്ങളെ എടുക്കുന്നതുപോലെ തോളില്‍ കിടത്തിക്കൊണ്ടാണ് പോകുന്നത്. ഹിമാലയത്തില്‍ മഞ്ഞു വീഴുന്നതുകൊണ്ട് പുല്‍മേടുകള്‍ തേടിയാണ് താഴ്‌വാരങ്ങളിലേക്ക് അവരുടെ യാത്ര. ഒരു സ്ഥലത്തെ പുല്ലു തീര്‍ന്നു കഴിഞ്ഞാല്‍ അടുത്ത താവളത്തിലേക്കുള്ള പ്രയാണമാരംഭിക്കും. ഈ യാത്ര അവസാനിക്കാത്തത്താണ്.

പോകുന്നവഴിക്കുതന്നെ ആടുകളെ വില്‍ക്കും. ആവശ്യക്കാര്‍ക്ക് പാല് കറന്നു കൊടുക്കും. ഇങ്ങനെ അത്യാവശ്യം ചെലവിനുള്ള പണം അവര്‍ സമ്പാദിക്കും. ഈ യാത്രക്കിടയില്‍ ജനനവും മരണവുമൊക്കെ സംഭവിച്ചു കൊണ്ടേയിരിക്കും. ആറ് മാസം കഴിഞ്ഞേ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുകയുള്ളു.

ബദരിയിലെത്താറായപ്പോള്‍ ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടന്നതുപോലെ മഞ്ഞുപൊഴിയാന്‍ തുടങ്ങി. ബസ്സിലുള്ള യാത്രക്കാര്‍ അത് ഭഗവാന്റെ വിഭൂതിയാണെന്നു പറഞ്ഞ് കൈനീട്ടിവാങ്ങി. അത് പന്തുപോലെ ഉരുട്ടി സന്തോഷം പ്രകടിപ്പിച്ചു. മുല്ലപ്പൂ വീഴുന്നതുപോലെ ഇങ്ങനെ ഇടതടവില്ലാതെ മഞ്ഞുപെയ്യുന്നത് ഞാനാദ്യമായി കാണുകയാണ്.

ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഭക്തജനങ്ങളുടെ തിക്കും തിരക്കുമൊന്നുംമുണ്ടായില്ല. ഒക്ടോബര്‍ പകുതിയാകുമ്പോള്‍ത്തന്നെ ആളുകളുടെ വരവുനിലയ്ക്കും. ഞങ്ങള്‍ ചെല്ലുമ്പോള്‍ ലോഡ്ജുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ട് മുറികിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ തണുത്തു വിറച്ചു. മുറിയില്‍ ചെന്ന് അല്‍പമൊന്നു വിശ്രമിച്ചപ്പോള്‍ ഒരു പയ്യന്‍ കെറ്റലില്‍ ചൂടുകാപ്പിയും ലഘുഭക്ഷണവുമായി വന്നു. കാപ്പി കുടികഴിഞ്ഞ് ക്ഷേത്രത്തിലേക്കു നടന്നു. ദീപാരാധനയ്ക്കുള്ള സമയമായി. അളകനന്ദയുടെ മറുകരെയാണ് ക്ഷേത്രം. പാറക്കെട്ടുകളില്‍ തട്ടിത്തടഞ്ഞ് അളകനന്ദ പതഞ്ഞൊഴുകുന്ന കാഴ്ച അതീവ സുന്ദരമാണ്. ക്ഷേത്രത്തിലേക്കു പോകാന്‍ ഒരു പാലമുണ്ട്. പാലം കടന്നക്കരെയെത്തിയപ്പോള്‍ ഒരുഷ്ണ ജലപ്രവാഹം കണ്ടു. മഞ്ഞു മലയുടെ അടിയില്‍ നിന്നാണ് ഒഴുകി വരുന്നത്. വെള്ളത്തിന് വലിയ ചൂടൊന്നും കാണില്ല എന്നു കരുതി ഞാനത് കൈകൊണ്ട് കോരി നോക്കി. കൈ പൊള്ളിപ്പോയി. വേഗം കൈ കുടഞ്ഞ് തറയില്‍ നിന്ന് കുറച്ച് മഞ്ഞ് വാരിയെടുത്തു. എന്തായാലും കൈ കുമളച്ചില്ല. സമീപത്തു തന്നെ ഒരു കുളം നിര്‍മ്മിച്ചിട്ടുണ്ട്. ആ കുളത്തില്‍ ചൂടുവെള്ളവും തണുത്തവെള്ളവും ഒരു പ്രത്യേക അനുപാതത്തില്‍ ഒഴുക്കിവിടുന്നുണ്ട്. അതുകൊണ്ട് ആ കുളത്തില്‍ കുളിക്കാന്‍ പാകത്തിനുള്ള ചൂടുവെള്ളം എപ്പോഴും സുലഭമായി ലഭിക്കും. ഗരംകുണ്ട് എന്നാണ് ഈ കുളത്തിന്റെ പേര്.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് ലോഡ്ജില്‍ തിരിച്ചെത്തി. പ്രധാന പുരോഹിതനായ റാവല്‍ജിയെ ചെന്നു കണ്ടു. മലയാളിയാണദ്ദേഹം. ഹൃദ്യമായ പെരുമാറ്റം. ഞങ്ങള്‍ ലോഡ്ജില്‍ തിരിച്ചെത്തി. ആളുകള്‍ പരക്കം പായുകയാണ്. ചൂടത്തു ചായ വേണം. എന്തെങ്കിലും ഭക്ഷണം വേണം. ചായ കൊണ്ടുവരുന്നവരുടെ കൈയില്‍ ചായപ്പൊടിയും പാല്‍പ്പൊടിയും പഞ്ചസാരയുമൊന്നും അധികം സ്‌റ്റോക്കില്ല. ഈ തണുപ്പത്ത് നല്ല ചൂടുള്ള ചായയും കാപ്പിയും കുടിക്കാതെ പിടിച്ചു നില്‍ക്കാനാവില്ല. എല്ലാവരും അവരവരുടെ കൈവശമുള്ള റൊട്ടിയും ബിസ്‌ക്കറ്റുമൊക്കെ പങ്കുവച്ചു. രാത്രിയായപ്പോള്‍ കഴിക്കാന്‍ ഭക്ഷണമൊന്നുമില്ല. എല്ലാവരും വിശപ്പു സഹിച്ച് അന്നത്തെ രാത്രി കഴിച്ചുകൂട്ടി. രക്തം പോലും കട്ടപിടിക്കുന്ന രീതിയിലുള്ള തണുപ്പുകാരണം ആര്‍ക്കും ഉറക്കം വന്നില്ല. ഒരു വിധം നേരം വെളുപ്പിച്ചു.

രാവിലെ എഴുന്നേറ്റ് പുറത്തേക്കു വന്നപ്പോള്‍ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. എവിടെയും മഞ്ഞല്ലാതെ മറ്റൊന്നും കാണാനില്ല. അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മഞ്ഞുകൊണ്ടു നിര്‍മ്മിച്ചതാണെന്നു തോന്നി. വാഹനങ്ങളൊക്കെ മഞ്ഞില്‍ പുതഞ്ഞുപോയി. ഭൂമിയില്‍ നിന്ന് രണ്ടു മൂന്നടി കനത്തില്‍ മഞ്ഞുവീണുകിടപ്പുണ്ട്. പുറത്തേക്കൊന്നിറങ്ങാന്‍ നിര്‍വ്വാഹമില്ല. ആകെ പരിഭ്രാമമായി. എങ്ങനെ ഇവിടെ നിന്നൊന്നു രക്ഷപ്പെട്ടു? ആളുകള്‍ ബദരിനാഥനെ വിളിച്ച് രക്ഷിക്കണേ, രക്ഷിക്കണേ! എന്ന് കരഞ്ഞുകൊണ്ടപേക്ഷിച്ചു.
രാവിലെ എല്ലാവര്‍ക്കും ചൂടുള്ളചായയോ കാപ്പിയോ വേണം. ചായയും കാപ്പിയും കൊണ്ടുവരുന്നവരുടെ കൈയില്‍ പാല്‍പ്പൊടി ഇല്ല. കട്ടന്‍ചായ തരാമെന്നുപറഞ്ഞു. അമിതവിലകൊടുത്ത് കട്ടന്‍ചായ വാങ്ങിക്കുടിക്കേണ്ടി വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതും തീര്‍ന്നു. ഇവിടെ എല്ലാവരും തുല്യദുഃഖിതര്‍. ആര്‍ക്കും ആരെയും സഹായിക്കാനാവില്ല. കുഞ്ഞുങ്ങളെ അടക്കിയിരുത്താനാണ് ഏറ്റവും വലിയപാട്. തണുപ്പും വിശപ്പുമെല്ലാം സഹിക്കാനാവാതെ അവര്‍ കരച്ചിലോടു കരച്ചില്‍. ഒടുവില്‍ റാവല്‍ജിയും ദേവസ്വം അധികാരികളും ചേര്‍ന്ന് എന്തോ ഒരു തീരുമാനം കൈക്കൊണ്ടു. ദേവസ്വത്തില്‍ കുറച്ച് ആട്ടയും മൈടയും ഉരുളക്കിഴങ്ങുമൊക്കെ സ്‌റ്റോക്കുണ്ട്. കഷ്ടിച്ച് ഒന്നോ രണ്ടോ ദിവസത്തേക്കുള്ള ഭക്ഷണ സാധനം കാണും. ഉച്ചയ്ക്ക് എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതാണെന്ന പ്രഖ്യാപനമുണ്ടായി. ആ പ്രഖ്യാപനമുണ്ടായപ്പോള്‍ എല്ലാവര്‍ക്കും വലിയ ആശ്വാസമായി.

ഞങ്ങളുടെകൂട്ടത്തില്‍ ഏറ്റവും സമ്പന്നനും അഹങ്കാരിയുമായ ആ ബിഹാറുകാരനാണ് ഏറ്റവുമധികം അവശത പ്രകടിപ്പിച്ചതു. അദ്ദേഹത്തിന് കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ആ സമയം അല്‍പമൊന്നു തെറ്റിപ്പോയാല്‍ അദ്ദേഹം വളരെയധികം അസഹിഷ്ണുത പ്രകടിപ്പിക്കുമായിരുന്നു. ഇവിടെ മൂന്നുനേരം ആഹാരം കിട്ടാതെവന്നപ്പോള്‍ അദ്ദേഹം നേരത്തെ പൂട്ടിപ്പോയ ഹോട്ടലുകാരെയൊക്കെ ചീത്തവിളിച്ചു.

‘ഭഗവാനേ ബദരീനാഥാ, അങ്ങേക്ക് ഞങ്ങളോടിത്ര കരുണയില്ലാതെ പോയതെന്തുകൊണ്ടാണ്? ഞങ്ങളിവിടെക്കിടന്നുമരിക്കട്ടെ എന്നാണോ അങ്ങയുടെ തീരുമാനം…?’
ബിഹാറി കലര്‍ന്ന ഹിന്ദിയില്‍ അദ്ദേഹം തന്റെ വിവശത പ്രകടിപ്പിച്ചു. തന്റെ ഭാര്യയും മക്കളുമൊക്കെ പട്ടിണി കിടക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെപ്പോലെ തന്നെ സമ്പന്നരായ വേറെയും ആളുകള്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി എത്ര വേണമെങ്കിലും പണം മുടക്കാന്‍ അവര്‍ തയ്യാറാണ്. വിശപ്പിനു മുമ്പില്‍ എല്ലാവരും തുല്യ ദുഃഖിതരാണ്. അവിടെ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും സമന്മാര്‍.

ദേവസ്വത്തില്‍ ഭക്ഷണം തയ്യാറായി കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നറിയിച്ചു.
‘എല്ലാവര്‍ക്കും ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്. ഇല വേണ്ടവര്‍ ക്യൂവില്‍നിന്ന് അതുവാങ്ങണം.’
ഇതുകേട്ട മാത്രയില്‍ മറ്റെല്ലാ ചിന്തയും വെടിഞ്ഞ് ആളുകള്‍ ക്യൂവില്‍ നിന്നു. സ്ത്രീകളും കുട്ടികളും ക്യൂവില്‍ക്കുന്നതു കണ്ടു. ചെറിയ ചെറിയ ഇലകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ ഒരു വൃത്താകാരത്തിലുള്ള വലിയ ഇല. അതും കൈയില്‍ വാങ്ങി ആളുകള്‍ അവിടെത്തന്നെ നിന്നു. തണുപ്പു സഹിക്കവയ്യാതെ എല്ലാവരും കിടുകിടെ വിറയ്ക്കുന്നുണ്ടായിരുന്നു. യജമാനനും ഭൃത്യനും ആ ക്യൂവിലുണ്ട്. പരമദരിദ്രനും അതിസമ്പന്നരുമുണ്ട്. ആര്‍ക്കും പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല. എനിക്കു തോന്നുന്നത് ഭഗവാന്‍ ഒരു പാഠം പഠിപ്പിക്കുകയായിരുന്നുവേന്നാണ്. എത്രപൊന്നും പണവും കൈവശമുണ്ടെങ്കിലും ഇവിടെയതിന് ഒരു പുല്‍ക്കൊടിയുടെ വിലപോലുമില്ല. ആരോടും ഒരു സഹകരണവുമില്ലാതെ ധനികന്റെ അഹന്തയോടെ കഴിഞ്ഞിരുന്ന ബിഹാറുകാരനായ ആ ധനവാന്‍ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും അടുത്തിടപഴകി. വളരെസ്‌നേഹം പ്രകടിപ്പിച്ചു.

ഇതേ രീതിയില്‍ മൂന്നുനാള്‍ കഴിഞ്ഞു. ഭൂമിയില്‍ വീണ മഞ്ഞുറഞ്ഞു കട്ടിയായി. വാഹനങ്ങള്‍ ഒന്നു ചലിപ്പിക്കാന്‍പോലും പറ്റില്ല. മഞ്ഞുപൊഴിച്ചില്‍ ഓരോ ദിവസവും ഒന്നിനൊന്നു വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇനിയെങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്നോര്‍ത്ത് സകലരും വിഷമിച്ചു. ആരോ പറഞ്ഞു, ഹെലിക്കോപ്റ്റര്‍ വരുന്നുണ്ടെന്ന്. എല്ലാവരും ഹെലിക്കോപ്റ്ററിന്റെ ശബ്ദം കേള്‍ക്കാന്‍ കാതോര്‍ത്തിരിപ്പായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഹെലിക്കോപ്റ്റര്‍ വന്നില്ല. സമയം പൊയ്‌ക്കൊണ്ടേയിരുന്നു. എല്ലാവരും നിരാശരായി. ക്ഷേത്രത്തിലേക്കു പോകാന്‍ പോലും പറ്റാത്ത അവസ്ഥ! എല്ലാവരും ലോഡ്ജില്‍ ഇരുന്ന് കരഞ്ഞുകൊണ്ട് ഭഗവാനോടു പ്രാര്‍ത്ഥിച്ചു.

ആ പ്രാര്‍ത്ഥനയുടെ ഫലമായിട്ടോ എന്തോ രാവിലെ ഒരു ശുഭവാര്‍ത്ത കേട്ടു. മിലട്രിവരുന്നുണ്ടെന്ന്. വഴിയിലുറച്ചുപോയ മഞ്ഞ് കോരിമാറ്റാനുള്ള സാമഗ്രികളുമായാണ് അവര്‍ വരുന്നത്! ആ വാര്‍ത്ത ശരിയായിരുന്നു. മഞ്ഞുമാറ്റിക്കൊണ്ട് അവര്‍ അകലെനിന്നേ വരുന്നതുകണ്ടു. നൂറുകണക്കിന് ജവാന്മാരും ആ മഞ്ഞില്‍ നിന്ന് പണിയെടുക്കുന്നുണ്ട്. ലോഡ്ജിലുണ്ടായിരുന്നവരെല്ലാം ആവേശത്തോടെ ആ കാഴ്ച നോക്കിനിന്നു. ഒടുവില്‍ അവര്‍ ബദരിയിലെത്തി. വാഹനങ്ങളെല്ലാം മഞ്ഞു കട്ട നീക്കി പുറത്തെടുത്തു. എന്താവേശമായിരുന്നു എല്ലാവര്‍ക്കും ബസ്സില്‍ കയറാന്‍!
ഹിമാലയത്തിലെ ഈ കഠിനമായ തണുപ്പും കഷ്ടപ്പാടുകളുമെല്ലാം സഹിക്കേണ്ടിവന്നത് ഒരു വലിയ ഭാഗ്യമായിട്ടാണ് എനിക്കിപ്പോള്‍ തോന്നുന്നത്. അനുകൂലമായ നല്ലകാലാവസ്ഥയിലാണ് ഹിമാലയം സന്ദര്‍ശിച്ചിരുന്നതെങ്കില്‍ ഈ മഞ്ഞുവീഴ്ചയും മലകളും താഴ്‌വരകളും സകലസസ്യജാലങ്ങളും മഞ്ഞിന്റെ ധവളിമയില്‍ മുങ്ങി നില്‍ക്കുന്ന കാഴ്ചയും കാണാന്‍ പറ്റുമായിരുന്നോ? ഈ അദ്ഭുതക്കാഴ്ച ഒരിക്കലും കാണാന്‍ പറ്റുമായിരുന്നില്ല. അതൊരു ഭാഗ്യം തന്നെയാണ്.

പണത്തിന്റെ ധാരാളിത്തത്തില്‍ മദിച്ചുനില്‍ക്കുന്നവരുടെ, ഞാന്‍ വലിയവനാണെന്ന ഭാവവും നിസ്വന്റെ നൈരാശ്യവും ഒരേസമയം സമീകരിച്ച് ആരും വലിയവനല്ല, ആരും ചെറിയവനല്ല എന്ന് പ്രത്യക്ഷത്തില്‍ ബോധ്യമാക്കിത്തന്ന ബദരീനാഥന്റെ വൈഭവം ശരിക്കും മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ നല്ല അവസരം മറ്റെവിടെ കിട്ടും? ബദരീനാഥന് പ്രണാമം!

You May Also Like

ആദ്യം ചാണ്ടി കൈവിട്ടു പിന്നെ വിഎസ്സും ; അവസാനം മാണി സാര്‍ മോഡിജിക്ക് കത്തയച്ചു.!

നരേന്ദ്ര മോഡിയെ അഭിനന്ദിച്ചാണ് മാണി സാര്‍ കത്ത് അയച്ചിരിക്കുന്നത്.

കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഇന്റര്‍നെറ്റ് അധിഷ്ടിത സേവങ്ങളിലെ സംരംഭകത്വം – അരുണ്‍ കുര്യന്‍

ആശയങ്ങള്‍ രൂപപ്പെടാന്‍ പകല്‍ സ്വപ്‌നങ്ങള്‍ കാണുകയും അല്പം പരിശ്രമവും മാത്രം. മികച്ച ആശയങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ധനകാര്യ സ്ഥാപങ്ങള്‍ മുതല്‍ മുടക്കുവാന്‍ തയ്യാറാകും.

സ്വാമിയും റംസാനും

ബാല്യകാലത്തു എത്ര വയസ്സിലായിരുന്നു ആദ്യ നോമ്പ് എന്നത് മറന്നു പോയെങ്കിലും ആദ്യ കാലത്തെ നോമ്പിനോടൊപ്പം ഓര്‍മ്മയില്‍ തെളിയുന്നതു സ്വാമിയുടെ മുഖമാണു.സ്വാമിയുടെ ശരിയായ പേരു ശ്രീധരന്‍ എന്നാണു. അദ്ദേഹം ആലപ്പുഴയിലെ വട്ടപ്പള്ളിയില്‍ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.

ഇ ദുരിതത്തിന്നു ഒരു അറുതിയില്ലേ!!

കാസര്‍ഗോഡ്‌ തിരുവനന്തപുരം ദേശിയപാതയില്‍ കണ്ണൂര്‍ മുതല്‍ മാഹി കുഞ്ഞിപള്ളി വരേ അനുഭവിക്കേണ്ടിവരുന്ന ദുരിത യാത്രക്ക് പരിഹാരമായി മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബൈപാസ്‌ റോഡിന്‍റെ നിര്‍മാണത്തിനായി സര്‍വേ നടത്തുകയും പലപ്പോയായി റീ സര്‍വേ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി നമ്പരിട്ടു വച്ചുള്ള മാഹിയിലെ പ്രാന്തപ്രദേശമായ പള്ളൂര്‍ പാറാല്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന നുറോളം കുടുംബങ്ങള്‍ അനുഭവിച്ചു വരുന്ന മാനസിക പീഡനത്തെ കുറിച്ചു ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങളോ അച്ചടി മാധ്യമങ്ങളിലോ ഇതൊരു വിഷയമേ ആവാത്തത് കാരണം പുറം ലോകം ഇക്കാര്യം അറിയാറേയില്ല എല്ലാത്തിനും പ്രതികരിക്കുന്ന മലയാളി ഈ ഒരു പ്രശ്നം ഏറ്റെടുക്കാത്തതിന്‍റെ പ്രധാന കാരണം മാഹി കേന്ദ്ര ഭരണ പ്രദേശമായതാണ്.