മുത്വലാക്ക്: മുസ്ലിം സമുദായം പുനര്‍ വിചിന്തനത്തിനു തയ്യാറാകണം

889

01

മുസ്‌ലിം സമുദായങ്ങളില്‍ തലാഖ് ചൊല്ലി വിവാഹമോചനം നിരോധിക്കണമെന്നു ഇപ്പോള്‍ വനിതാ ശിശു ക്ഷേമ വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നു. മുസ്ലിം സമുദായത്തില്‍ ആഭ്യന്തരമായി വലിയ ചര്‍ച്ച നടക്കേണ്ട ഒരു വിഷയം തന്നെയാണ് ഇത്. കോടതി വരാന്തകളില്‍ കറുത്ത കോട്ടിട്ട വക്കീലന്‍മാരെക്കാള്‍ കൂടുതല്‍ കറുത്ത പര്‍ദ്ദ ഇട്ട മുസ്ലിം സ്ത്രീകളെ കാണാം. വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസുകളുമായാണ് ഈ സ്ത്രീകള്‍ കോടതി വരാന്തകളിലും വക്കീല്‍ ഓഫിസുകളിലും കയറിയിറങ്ങേണ്ടി വരുന്നത്.

തോന്നും പോലെ കെട്ടാനും തോന്നും പോലെ ഒഴിവാക്കാനും ഇസ്ലാമില്‍ വകുപ്പില്ല എന്നിരിക്കെ വിവാഹത്തെയും ത്വലാക്കിനെയുമൊക്കെ ദുരുപയോഗം ചെയ്യുന്ന ഒരു വിഭാഗം സമുദായത്തില്‍ ഉണ്ടാകുമ്പോള്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയല്ല സമുദായം ചെയ്യേണ്ടത്. വിവാഹ ബന്ധ ത്തെ വളരെ പവിത്രമായി കാണുകയും ഒരുമിച്ച് ജീവിച്ച് പോകാനുള്ള ഒരു സാഹചര്യവും നില നില്‍ക്കില്ല എന്ന് വന്നാല്‍ മാത്രം കൃത്യമായ ചില നടപടി ക്രമങ്ങള്‍ക്ക് ശേഷം അനുവദനീയമാക്കപ്പെട്ട ത്വലാക്കി നെ ഒന്നും ചൊല്ലി രണ്ടും ചൊല്ലി മൂന്നും ചൊല്ലി എന്ന് പറഞ്ഞു നിമിഷങ്ങള്‍ക്കുള്ളില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കുന്ന നിസ്സാരമായ ഒന്നാക്കി ആരെങ്കിലും മാറ്റിയിട്ടുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാന്‍ മുസ്ലിം സമുദായത്തിലെ ഉല്‍പതിഷ്ണുക്കള്‍ തന്നെയാണ് മുന്നോട്ടു വരേണ്ടത്. ത്വലാക്കിനെ വ്യാപകമായി ദുരുപയോഗം ചെയ്യുകയും അതിന്റെ ഇരകളായി സമുദായത്തിലെ സ്ത്രീകള്‍ കെടുതികള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ അതിനോട് ഇനിയും പുറം തിരിഞ്ഞു നില്‍ക്കുന്നത് ഒട്ടും ഭൂഷണമല്ല

ത്വലാക്കിനെ ഒരു കുട്ടിക്കളി ആക്കിയിരിക്കുന്നു. മൂന്നു ത്വലാക്കും ഒരുമിച്ച് എപ്പോള്‍ വേണമെങ്കിലും ചൊല്ലുന്ന സാഹചര്യമാണ് നമ്മുടെ നാട്ടില്‍ കണ്ടു വരുന്നത്. തുര്‍ക്കി, ടുണിഷ്യ, ഇറാക്ക്, ഇറാന്‍ ബംഗ്ലാദേശ്, അള്‍ജീരിയ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലൊക്കെ നിയമം കൊണ്ട് തന്നെ നിരോധിച്ചിട്ടുണ്ട് ഈ മൂന്നു ത്വലാക്ക് ചൊല്ലുന്ന പരിപാടി. പാകിസ്ഥാനില്‍ പോലും മൂന്നു ത്വലാക്ക് ഒരുമിച്ച് ചൊല്ലാന്‍ സാധിക്കില്ല. ഒരു ത്വലാക്ക് ചൊല്ലുമ്പോള്‍ തന്നെ അത് സര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാര്‍ അവരുടെ ഭാര്യയുമായി ബന്ധപ്പെടുകയും മേല്‍ പറഞ്ഞ ഇദ്ധ കാലയളവ് കഴിഞാല്‍ മാത്രമേ പൂര്‍ണ്ണ വിവാഹ മോചനം സാധ്യമാകൂ.

‘ത്വലാക്ക് ബിദഅത്തു’ എന്നാണു നിയമ വൃത്തത്തില്‍ പോലും ഇന്ത്യയില്‍ ഈ മുത്തലാക്ക് അറിയപ്പെടുന്നത്. പ്രവാചകന്‍ ചെയ്യാത്തതും പ്രോല്‌സാഹിപ്പിക്കാത്തതുമായ കാര്യങ്ങളെയാണ് ബിദഅത്തു എന്ന് പറയാറുള്ളത്. അപ്പോള്‍ ആ വാക്കില്‍ തന്നെ ഉണ്ട് ഇത് അനിസ്ലാമികം ആണെന്ന്. മൂന്നു ത്വലാക്കും ഒരുമിച്ച്ഹ ചൊല്ലിയാല്‍ അത് സാധുവല്ല എന്ന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികള്‍ ഉണ്ടെങ്കിലും നിയമവൃത്തങ്ങല്‍ക്കൊന്നും ഒന്നും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ മുത്തലാക്ക് വ്യാപകമായി നടക്കുന്നു. ഇവിടെ കോടതിയുടെ പരിമിതി ത്വലാക്ക് സാധുവല്ല എന്ന് കോടതിക്ക് പറയാമെന്നല്ലാതെ രണ്ടാളെയും ഒരുമിപ്പിച്ച് ജീവിപിക്കാന്‍ കോടതിക്ക് സാധിക്കില്ലല്ലോ. ത്വലാക്ക് സാധുവല്ല എന്ന് പറഞ്ഞു കൊണ്ട് ഭാര്യക്ക് ചിലവിനോ നഷ്ടപരിഹാരമോ വാങ്ങി കൊടുക്കാനെ കോടതിക്ക് സാധിക്കൂ. ഭാര്യ എന്ന നിലയില്‍ ശാരിരിക മാനസിക പരിഗണനകള്‍ ഒന്നും ലഭിക്കാതെ ചിലവിനു മാത്രം ലഭിക്കുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. ആ അപമാനം സഹിക്ക വയ്യാതെ ആകുമ്പോള്‍ അവളും ത്വലാക്കിനു സമ്മതിക്കേണ്ടി വരുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു സുപ്രഭാത ത്തില്‍ മുത്തലാക്ക് ചൊല്ലിയാലും ക്രമേണ അത് തന്നെ നടപ്പിലായി വരുന്നു. അതിനിടയില്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങളൊക്കെ പടിക്ക് പുറത്ത് വെച്ച് ഒരു തരത്തില്‍ അല്ലാഹുവിനെ പറ്റിക്കാന്‍ നോക്കുന്ന പരിപാടി. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകള്‍ തന്നെയാണ് എന്ന് പ്രത്വേകം പറയേണ്ടതില്ലല്ലോ. അതില്‍ തന്നെ പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകളും ദുരിതക്കയത്തിലെക്ക് തള്ളപ്പെടുന്നു. അവര്‍ക്ക് മേലെയാണ് ടെമോക്ലസിന്റെ വാള്‍ പോലെ ഈ ത്വലാക്ക് തൂങ്ങി കിടക്കുന്നത്. ആര് സംരക്ഷിക്കും ഒരു തെറ്റും ചെയ്യാതെ ഒഴിവാക്കപ്പെടുന്ന മുസ്ലിം സ്ത്രീയെ ?അവളുടെ വേദനകള്‍ എന്നാണു ഇന്ത്യയിലെ മുസ്ലിം സമൂഹം തിരിച്ചറിയുക ?

Re post

Original Article was published in 2016