Pratheesh Jaison  എഴുതുന്നു

ഒരു സ്ത്രീയുടെ പാസ്പോർട്ട്‌ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ കീറിയ വാർത്ത കണ്ടപ്പോളാണ് ഇത് എഴുതണം എന്ന്‌ തോന്നിയത്. നമ്മുടെ എയർപോർട്ട് ബാക്കി ഉള്ള രാജ്യങ്ങളെ അപേക്ഷിച്ചു നല്ല വ്യത്യസ്‌തം ആണ്. വ്യത്യസ്തത എന്ന്‌ പറഞ്ഞാൽ, തല്ലിപ്പൊളി ആണോ, നല്ലതാണോ എന്ന്‌ വായിച്ചിട്ടു നിങ്ങൾ തീരുമാനിക്കുക…

Pratheesh Jaison

സ്ഥലം : തിരുവനന്തപുരം അന്തർ ദേശിയ വിമാനത്താവളം.

അങ്ങോട്ട്‌ വണ്ടി ഓടിച്ചു പോകുമ്പോൾ തന്നെ പാതാള യാത്ര നടത്തുന്നതിന് സമം ആണ്. കുണ്ടും കുഴിയുമായി ചാടി ചാടി ഒരു വിധം അങ്ങ് എത്തി. പിന്നെ റോഡ് പണി നടക്കുവല്ലേ. അടുത്ത വരവിനു ശരിയാകും എന്ന്‌ ആശ്വസിച്ചു *എല്ലാ കൊല്ലവും ഇങ്ങനെ തന്നെയാണ് ആശ്വസിക്കുന്നെ.

അങ്ങനെ എയർപോർട്ടിൽ എത്തി. അവിടെ ആണേൽ ഒരു പൂരത്തിന്റെ ജനം. അത് പിന്നെ സഹിക്കാം. നമ്മൾ മലയാളികൾ കുറച്ചു വികാരം കൂടിയവർ ആണെല്ലോ, ഒരു ആളുടെ കൂടെ 10 പേര് എങ്കിലും വേണം യാത്രയാക്കാൻ. അത് സാരമില്ല. വർഷങ്ങളിൽ ഒരിക്കൽ വന്നു പോകുന്നവർ അല്ലെ.

പക്ഷെ ഇനിയാണ് കളി (പണി ) തുടങ്ങുന്നേ.

സീൻ 1 : എയർപോർട്ടിന്റെ ഉള്ളിലേക്കുള്ള പ്രധാന ഡോർ.

തോക്കും പിടിച്ചു നിക്കുന്ന CIFS ഉദ്യോഗസ്ഥന്മാർ പാസ്പോർട്ട്‌, ടിക്കറ്റ് പരിശോധിക്കുന്നു എന്നിട്ടേ അകത്തോട്ടു കയറ്റു. പക്ഷെ ഇതിൽ ഞാൻ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. കാരണം നമ്മൾ മലയാളികൾ കുറച്ചധികം സെന്റിമെന്റൽ ആയതോണ്ട്, ഒരു ആൾ വിമാനം കയറാൻ വരുന്നുണ്ടേൽ കൂടെ ഒരു മിനിമം 4-5 പേരെങ്കിലും ഉണ്ടാവും. മിനി വാൻ ഒക്കെ പിടിച്ചു യാത്രയാക്കാൻ വരുന്നവർ ഉണ്ട്. അതുകൊണ്ട് എല്ലാരേയും അകത്തു കയറ്റിയാൽ നിന്നും തിരിയാൻ സ്ഥലം ഉണ്ടാവില്ല…
അത് കഴിഞ്ഞു ബാഗ് സ്കാൻ ചെയ്തു ചെക്കിന് കൗണ്ടറിൽ.
ബോർഡിങ് പാസ്സും വാങ്ങി മുകളിൽ എമിഗ്രേഷൻ കൗണ്ടറിലേക്ക്.

സീൻ 2 : എമിഗ്രേഷന്റെ ക്യു ഇൽ കയറാൻ നിൽക്കുമ്പോൾ ഒരു സാർ പാസ്പോർട്ട്‌+ ബോർഡിങ് പാസ്സ് വാങ്ങി നോക്കുന്നു.
*Qustion : എമിഗ്രേഷൻ ഓഫിസറും ഇത് തന്നെ അല്ലെ നോക്കുന്നെ ..? അപ്പൊ ഈ ചെക്കിങ് ആവിശ്യം ..? ഹാ ..തമ്പുരാന് അറിയാം…

സീൻ 3 : എമിഗ്രേഷൻ ഓഫിസറിന്റെ ചോദ്യം ചെയ്യൽ. എവിടാ പോണേ..? എന്നാ വന്നേ ?? അവിടെ എന്ത് ചെയ്യുന്നു. .? എത്ര നാളായി .? വീട് എവിടെയാ (പെണ്ണുങ്ങളോട് ആണേൽ ചിലപ്പോ അതിൽ കൂടുതലും ചോദിക്കും) Etc ..
*എന്താണ് എന്ന്‌ അറിയില്ല നമ്മടെ സാറുമാർക്കു ഇങ്ങനെ കുറച്ചു ചോദ്യങ്ങൾ ചോദിച്ചാൽ മാത്രേ സുഖം കിട്ടൂ. കയ്യിൽ വേണ്ട രേഖകൾ ഇല്ലെങ്കിൽ ചോദിക്കാം.. ഇത് എല്ലാം വച്ച് കൊടുത്താലും ഒരുമാതിരി കോപ്പിലെ കുറെ ചോദ്യം ചോദിച്ചാൽ മാത്രേ സാറുമാർക്കു സമാധാനം കിട്ടൂ. ഇവനെയൊക്കെ… ഹ പോട്ടെ…

സീൻ 4 : എമിഗ്രേഷൻ സ്റ്റാമ്പ്‌ അടിച്ചു 10 അടി നടന്നു വരുമ്പോളുണ്ട് ഉടനെ ദാണ്ടെ വേറെ ഒരു സാർ.. പാസ്പോർട്ട്‌ഇൽ സ്റ്റാമ്പ്‌ അടിച്ചിട്ടുണ്ടോ, ബോർഡിങ് പാസ്സ് ഉണ്ടോ എന്ന്‌ നോക്കാൻ..

ശെടാ… ഇതല്ലേ എമിഗ്രേഷനിൽ ചെയ്യുന്നേ.. പിന്നെ എന്തിനാ വീണ്ടും ഒരു ആൾ. ? അപ്പൊ എമിഗ്രേഷനിൽ സ്റ്റാമ്പ്‌ അടിക്കുക എന്നാ ജോലിപോലും ചെയ്യാൻ അറിയാത്ത സാറുമാരാണോ ഇരിക്കുന്നെ ..? ഇല്ലെങ്കിൽ പിന്നെ തൊട്ടു അപ്പുറത്ത് ചെക്ക് ചെയ്യാൻ ആളെ ആവിശ്യം ഇല്ലല്ലോ…ഹാ… എന്തേലും ആവട്ടെ….

സീൻ 5 : സെക്യൂരിറ്റി ചെക്ക് ലൈനിന്റെ അറ്റത്തു ഒരു CIFS സാർ പാസ്പോർട്ട്‌, ബോർഡിങ് പാസ്സ് ചെക്കിങ് (നാലാമത്തെ ആളാണ് ഇത് ചെക്ക് ചെയ്യുന്നേ) …പോട്ടെ…

സീൻ 6 : മെറ്റൽ ഡിറ്റക്ടറിലൂടെ കയറി ഇറങ്ങിയ ശേഷം ബോഡി മുഴുവനും തപ്പി, വീണ്ടും ബോർഡിങ് പാസ്സും പാസ്സ്പോര്ട്ടും നോക്കി ബോർഡിങ് പാസ്സിൽ ഒരു സീലും അടിക്കുന്നു.

സെക്യൂരിറ്റി ചെക്കിന്റെ ഒപ്പം ഇങ്ങനെ ഇങ്ങനെ ബോർഡിങ് പാസ്സും പാസ്സ്പോര്ട്ടും സീൽ അടിക്കുന്ന സംഭവം ഞാൻ ഇതുവരെ പോയിട്ടുള്ള വേറെ ഒരു രാജ്യത്തും കണ്ടിട്ടില്ല. അതിന്റെ ആവിശ്യം ഇല്ല. ( ആൾറെഡി 4 പേര് ചെക്ക് ചെയ്തു, മാത്രമല്ല സെക്യൂരിറ്റി ചെക്ക് കഴിയാതെ ആർക്കും അകത്തു കയറാനും പറ്റില്ല)…ഹമ് ..പോട്ടെ..

സീൻ 7: ഒരു മണിക്കൂറിലധികം നീളുന്ന ee പരിപാടികൾ കഴിഞ്ഞു ഉള്ളിൽ വന്നപ്പോൾ കലശലായ ദാഹം. കൂട്ടത്തിൽ അസിഡിറ്റിയും. ഒരു 7up കുടിക്കാൻ ഒരു ചെറിയ ക്യാൻ വാങ്ങി. 200 രൂപ. കണ്ണ് തള്ളി..

ലോകത്തു എല്ലാ ഐര്പോര്ട്ടിലും സാധനങ്ങൾ അൽപ്പം വില കൂടുതൽ ആവും. എന്നാലും ഇതുപോലെ കഴുത്തറപ്പ് ഉണ്ടാവോ…? അറിയില്ല

സീൻ 8: ഫ്ലൈറ്റ് 45 മിനിറ്റ് ലേറ്റ്..
ബോർഡിങ് കാൾ : “യാത്രക്കാരുടെ ശ്രദ്ധക്ക്..സീറ്റിങ് സോൺ C & D യിൽ ഉള്ളവർ ബോർഡ് ചെയ്യുക. ബാക്കിയുള്ളവർ വെയിറ്റ് ചെയ്യുക”.

കേൾക്കേണ്ട താമസം പെട്ടന്ന് ബിവറേജിൽ ക്യു നിക്കണ പോലെ അല്ലേൽ കല്യാണത്തിന് ആദ്യം ഉണ്ണാൻ ഇരിക്കാൻ എന്നപോലെ തിരക്ക്. സോൺ C & D എന്ന്‌ പറഞ്ഞിട്ട്, A മുതൽ Z വരെ യുള്ള എല്ലാ ആളുകളും ക്യു ഇൽ ഉണ്ട്. ഇതിൽ നിന്നും ഇനി ഓരോരുത്തരുടെയും ടിക്കറ്റ് നോക്കി ബാക്കിയുള്ളവരെ മാറ്റി നിർത്താൻ കഷ്ടപ്പെടുന്ന സ്റ്റാഫ്.

സീൻ 9: ആ യുദ്ധം വിജയിച്ചു ബോർഡിങ് ബ്രിഡ്ജിന്റെ തുടക്കത്തിൽ അടുത്ത റൗണ്ട് പാസ്സ്‌പോർട്ട് , ബോർഡിങ് പാസ്സ് ചെക്കിങ് ( ആറാം തവണ).

പക്ഷെ ഇത് എല്ലായിടത്തും ഉള്ളതാണ്. പരാതി ഇല്ല…

സീൻ 10: ബോർഡിങ് ബ്രിഡ്ജിൽ ആളുകൾ മുന്നോട്ടു പോകുന്നില്ല വലിയ ക്യു അങ്ങനെയേ നിക്കുന്നു. കുറച്ചു മുന്നോട്ടു പോയപ്പോളാ കാര്യം പിടി കിട്ടിയേ. 4-5 സാറുമാര് വീണ്ടും ഓരോരുത്തരുടെ ബാഗ് തുറന്നു പരിശോധിക്കുന്നു. അല്ലാ, അപ്പോൾ നേരത്തെ കഴിഞ്ഞ സെക്യൂരിറ്റി ചെക്കിങ് എല്ലാം തമാശ ആയിരുന്നോ..? അതോ ആദ്യം സെക്യൂരിറ്റി ചെക്ക് ചെയ്ത മിഷേൻ കംപ്ലെറ്റ് ആയിരുന്നോ..? ഒന്നുമേ പുരിയിലയെ… കുറച്ചു ലേറ്റ് ആയി ഇത്രയും മിനക്കെടുതിച്ചതു കൊണ്ടാകണം, ഫ്‌ളൈറ്റിൽ കയറുന്നതിനു തൊട്ടു മുന്നെ ഒരു സാറിന്റെ ദേഹ പരിശോധന. ദേഹം ആസകലം ഒന്ന് തപ്പി ഒന്ന് ഇക്കിളിയാക്കി ചിരിപ്പിച്ചു വിടും.
കൂട്ടത്തിൽ വീണ്ടും പാസ്സ്പോര്ട്ടും ബോർഡിങ് പാസ്സും ചെക്കിങ്ങും ( ഏഴാം തവണ).

അവസാന സീൻ: അങ്ങനെ വിമാനത്തിൽ കയറി , എയർ ഇന്ത്യ expressinte ഇളകുന്ന സീറ്റിൽ ഇരുന്നു ഞാൻ ആലോചിച്ചു..ഈ കാണിച്ചതെല്ലാം സുരക്ഷയാണോ..? അനാവശ്യ തുഗ്ലക് പരിഷ്‌കാരം ആണോ ..? അതോ വേറെ എന്തേലും ആണോ..?. എന്നേലും ഇവർക്ക് വിവരം വാക്കോ ..?
നമ്മുടെ കഷ്ടപ്പാട് എന്നേലും മാറോ ..?

എന്താ നിങ്ങള്ക്ക് തോന്നുന്നത്..?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.