ട്രംപ് കാണാതിരിക്കാൻ ഗുജറാത്തിന്റെ ഫോട്ടോഷോപ് വികസനം മതിലുകെട്ടി അടയ്ക്കുന്നു

197

ഗുജറാത്തിലെ ചേരികൾ ട്രമ്പ് കാണാതിരിക്കാൻ കൂറ്റൻ മതിലുകൾ പണിയുന്ന തിരക്കിലാണ് അവിടുത്തെ സർക്കാർ. അഹമ്മദാബാദ് എയർപോർട്ടിൽ നിന്നും ഗാന്ധിനഗറിലേക്കുള്ള വഴിയിൽ ഏഴടി ഉയരത്തിൽ അര കിലോമീറ്ററിലധികം ദൂരമാണ് മതിൽ പണിയുന്നത്. റോഡ് കടന്നു പോകുന്ന വഴിയിലുള്ള ചേരികൾ ട്രമ്പിന്റെ കാഴ്‌ചയിൽ നിന്ന് മറക്കാനാണ് ധൃതി പിടിച്ചുള്ള മതിൽ നിർമ്മാണമത്രെ.

ഒരുപക്ഷേ ഫോട്ടോഷോപ് ചെയ്ത ഒരുപാട് ചിത്രങ്ങൾ നമ്മുടെ പുള്ളി ട്രമ്പിന് മുമ്പ് അയച്ചു കൊടുത്തിട്ടുണ്ടാകും. ഇതൊക്കെ എന്റെ സ്വന്തം ജന്മദേശമാണ് എന്ന് കാച്ചിക്കൊണ്ട്.. അങ്ങനെ ഒരു സ്വപ്നലോകം പ്രതീക്ഷിച്ചെത്തുന്ന ആ ദോസ്ത് ചേരി കണ്ടാൽ ഉടനെ മൊബൈലിൽ ക്ലിക്കി ട്വീറ്റ് ചെയ്‌തെന്നും വരും. അജ്‌ജാതി കിറുക്കനാണ്. ഇനി ആകാശത്ത് നിന്ന് കാണാതിരിക്കാൻ ആ കൂരകൾക്ക് മേൽ ടാർപോളിൻ ഷീറ്റ് വിരിക്കുമോ എന്നും അറിയില്ല. ആലോചിക്കുന്നത് അതല്ല, സീരിയസായി തന്നെ പറയുകയാണ്.

ട്രമ്പ് കടന്ന് പോകുന്ന ആ റോഡിൽ പത്ര വാർത്തകൾ പ്രകാരം ഏതാണ്ട് അഞ്ഞൂറോളം കൂരകളാണ് ഉള്ളത്. രണ്ടായിരത്തി അഞ്ഞൂറോളം മനുഷ്യർ. ഒരു കൂറ്റൻ മതിൽ നിർമിച്ച് ആ പാവം മനുഷ്യരെ എന്നെന്നേക്കുമായി കാഴ്ചയിൽ നിന്ന് മറയ്ക്കുന്നതിന് പകരം, അവരെ അവരുടെ ദുരിതങ്ങളിൽ കുറ്റിയടിച്ച് കെട്ടിയിടുന്നതിന് പകരം, അഞ്ഞൂറ് കൊച്ച് വീടുകൾ നിർമ്മിച്ച് അവരെ മാറ്റിപ്പാർപ്പിക്കാൻ ബുദ്ധി തോന്നിയില്ലല്ലോ എന്നാണ്. അങ്ങനെ തോന്നണമെങ്കിൽ ഇച്ചിരി മനുഷ്യപ്പറ്റ് വേണം, ഇത്തിരി കരുണ വേണം. മനുഷ്യനെ തമ്മിലടിപ്പിച്ച് ആ ചോരയിൽ സാമ്രാജ്യം പണിത് അതിന് മുകളിൽ കുത്തിയിരിക്കുന്നവർക്ക് എന്ത് മനുഷ്യപ്പറ്റ്.. എന്ത് കരുണ.. അല്ലേ?

(കടപ്പാട്)