ഈ ജീവിതത്തില്‍ നിങ്ങള്‍ എന്തുകണ്ടു?

644

”ത്രീ ഡെയ്‌സ് ടു സീ എന്ന ലേഖനത്തില്‍ ഹെലന്‍ കെല്ലര്‍ എഴുതി: ”ജീവിതത്തിന്റെ പ്രാരംഭദശയില്‍ ഏതാനും നാള്‍ അന്ധരും ബധിരരും ആയിത്തീരുക എല്ലാ മനുഷ്യര്‍ക്കും വലിയൊരു അനുഗ്രഹമായിരിക്കും.”

ആ വാക്കുകള്‍ പലരെയും അത്ഭുതപ്പെടുത്തി. അപ്പോള്‍ ഹെലന്‍ കെല്ലര്‍ വിശദീകരിച്ചു.

“കേവലം 18 മാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചയും കേള്‍വിയും എന്നന്നേക്കുമായി നഷ്ടപ്പെട്ട വ്യക്തിയാണ് ഞാന്‍. എഴുത്തും വായനയും അഭ്യസിച്ചതുപോലും ബ്രയില്‍ സിസ്റ്റത്തിലൂടെയായിരുന്നു. കാഴ്ചയുടെ വില എന്താണെന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് ഞാനിങ്ങനെ എഴുതിയത്…”

ഒരു വനത്തിലൂടെ നടന്നിട്ട് തിരിച്ചുവന്ന ഒരാളോടു ഹെലന്‍ ചോദിച്ചു: ”കാട്ടില്‍ പോയിട്ടു നിങ്ങള്‍ എന്തു കണ്ടു?”

ഹെലനെ വിഷമിപ്പിക്കാതിരിക്കാന്‍ അയാള്‍ പറഞ്ഞു. ”ഓ, വിശേഷിച്ച് ഒന്നും കണ്ടില്ല” അലസമായ ആ മറുപടി ഹെലനെ വല്ലാതെ വിസ്മയിപ്പിച്ചു.

കാഴ്ചയും കേള്‍വിയുമില്ലാത്ത തനിക്കു പോലും ഒരു കാട്ടില്‍ക്കൂടെ കടന്നു പോകുമ്പോള്‍ എന്തെല്ലാം ആസ്വദിക്കുവാന്‍ കഴിയും…!

പച്ചിലച്ചാര്‍ത്തിന്റെ മൃദുലത, ചെറുകാറ്റിലുലയുന്ന സസ്യലതാതികള്‍, പൂക്കളുടെ സുഗന്ധം, കിളികളുടെ കളകളാരവം…
തനിക്കു മൂന്നു ദിവസത്തേക്കു കാഴ്ച ലഭിച്ചിരുന്നെങ്കില്‍ എന്തൊക്കെ കാണുവാന്‍ആഗ്രഹമുണ്ട് എന്ന് ഹെലന്‍ കെല്ലര്‍ വിശദീകരിക്കുകയാണ്, പ്രസ്തുത ലേഖനത്തില്‍.

ആദ്യമായി അവള്‍ കാണുവാന്‍ ആഗ്രഹിക്കുന്നത് അവളെ സ്‌നേഹിക്കുന്ന എല്ലാ നല്ല മനുഷ്യരേയുമാണ്. പ്രത്യേകിച്ചും, തന്നെ അക്ഷരങ്ങള്‍ മനസുകൊണ്ട് എഴുതാനും കൈവിരല്‍ കൊണ്ട് അതുവായിക്കാനും പഠിപ്പിച്ച ആനി സള്ളിവന്‍ എന്ന അധ്യാപികയെ.

ഇത്രയേറെ ബുദ്ധിമുട്ടി തനിക്ക് ഒരു ലോകം തുറന്നുതന്ന ആ സുഹൃത്തിനെ കാണുവാന്‍, ആ മുഖത്തു തന്നെ നോക്കി നില്ക്കുവാന്‍ അവളാഗ്രഹിക്കുന്നു.

അടുത്ത ആഗ്രഹം ഒരു കാട്ടിലൂടെ കടന്നു പോകുവാനാണ്-പ്രകൃതിയുടെ സൗകുമാര്യം ഹൃദയം നിറയെ കണ്ട് ആസ്വദിക്കുവാനുള്ള ആഗ്രഹം.

വര്‍ണ്ണാഭയാര്‍ന്ന അസ്തമയം, അന്ധകാരാവൃതമായ ലോകത്തെ പതുക്കപ്പതുക്കെ പകലാക്കി മാറ്റുന്ന സൂര്യോദയം, സിന്ദൂരം പുരണ്ട ത്രിസന്ധ്യകളുടെ മനോഹാരിത… ഒക്കെ കണ്‍കുളിര്‍ക്കെ കാണുവാനും ആ മനസ്സിനു മോഹമുണ്ട്!

നമുക്കുള്ളതിനെക്കാള്‍ എത്രയോ ചെറിയ ഒരംശം മാത്രം കൈമുതലായുള്ളവളായിരുന്നു ഹെലന്‍! അവളെക്കാള്‍ എന്തെന്തു ഭാഗ്യം പിറന്നവരാണു നാം! ഒരിക്കല്‍പോലും നാം അനുഭവിക്കാത്ത എത്രയോ വലിയ സൗന്ദര്യസമ്പത്ത് നമ്മുടെ ചുറ്റുപാടുമുണ്ട്!

ഏതെങ്കിലുമൊരു പൂവിലേക്കു കണ്ണോടിക്കുക! അതിന്റെ ഓരോ സൂക്ഷ്മാംശവും ചാരുത പകരും-ഇതളുകളുടെ വിതാനിപ്പുകള്‍, മൃദുലത, നിറക്കൂട്ട്, സാന്ദ്രമായ സുഗന്ധം, സര്‍വ്വോപരി ഉള്ളറകളിലേക്കുള്ള ആകര്‍ഷകമായ ആഴങ്ങള്‍…

ഒരു പച്ചില മാത്രം പരിശോധിക്കുക. എന്തെന്തു നൈപുണ്യത്തോടു കൂടിയാണ് അതിന്റെ ഓരോ അംശവും നെയ്‌തെടുത്തിരിക്കുന്നത്! ഇലകള്‍, കലാപരമായി സംവിധാനം ചെയ്യപ്പെട്ട ശാഖകള്‍…!’

എങ്കിലും, ഓര്‍മ്മ വച്ച കാലം മുതല്‍ നാം അവയുടെ ഇടയില്‍ക്കൂടെ കടന്നുപോകുന്നു തികഞ്ഞ നിര്‍വികാരതയോടെ. വനത്തില്‍ പോയി തിരിച്ചുവന്ന സുഹൃത്തിന്റെ മുമ്പില്‍ ഹെലന്‍കെല്ലര്‍ തൊടുത്തുവിട്ട ചോദ്യം ബാക്കി നില്ക്കുന്നു:

”നിങ്ങള്‍ എന്തു കണ്ടു?”
ജീവിതത്തിലേക്ക് ഒരിക്കല്‍ മാത്രം പ്രവേശിക്കുവാന്‍ അവസരം കിട്ടിയവരാണു നാമെല്ലാം.

തിരിച്ചുപോകാറാകുമ്പോള്‍ ‘ഈ ജീവിതത്തില്‍ നിങ്ങള്‍ എന്തുകണ്ടു?’ എന്ന് നമ്മോട് ആരെങ്കിലും ചോദിക്കുന്നുവെന്നിരിക്കട്ടെ എന്തായിരിക്കും നമ്മുടെ മറുപടി? ”

”എല്ലാ മനുഷ്യരും ജീവിതത്തിന്റെ പ്രാരംഭദശയില്‍ ഏതാനും നാള്‍ അന്ധരും ബധിതരും ആയിരുന്നെങ്കില്‍…!” എങ്കില്‍, തങ്ങള്‍ക്കുള്ള അനന്തസാധ്യതകളെക്കുറിച്ച് ശരിക്കുമൊരു ഗ്രാഹ്യം എല്ലാവര്‍ക്കും കൈവരുമായിരുന്നുവെന്ന ഹെലന്റെ വാക്കുകള്‍ നമുക്ക് ഊര്‍ജം പകരട്ടെ.