സദ്ദാമില്ലാത്ത ലോകത്തിന് ഒരു വ്യാഴവട്ടം.

Adv Jahangeer Razaq Paleri
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി സദ്ദാം ഹുസൈന് എന്ന ധീരനായ പോരാളിയില്ലാത്ത ലോകമാണ് കടന്നു പോകുന്നത് . ലോകം കുറ്റവാളിയെന്നോ അക്രമിയെന്നോ കശാപ്പുകാരനെന്നോ വിളിച്ചാലും മരണത്തിനു മുന്നിലും തോല്ക്കാതെനിന്ന അചഞ്ചലമായ വ്യക്തിത്വമായിരുന്നു സദ്ദാം ഹുസൈന്.!
1) 1979 മുതല് 2003 വരെ ഇറാഖിനെ രണ്ടര പതിറ്റാണ്ട് നയിക്കുകയും അമേരിക്കന് അധിനിവേശത്തിനെതിരെ പൊരുതുകയും ഒടുവില് ധീരതയോടെ തൂക്കുമരത്തില് കയറുകയും ചെയ്ത സദ്ദാം ലോകത്തിലെ സാമ്രാജ്യത്വ പ്രതിരോധ പോരാട്ടത്തിന്റെ കനല്വഴികളില് അത്രമേല് സമാനതകളില്ലാത്തവനായ ധീരപോരാളി തന്നെയാണ്. കൊലക്കയര് കഴുത്തില് വീഴുമ്പോഴും അചഞ്ചലമായ ധീരതയോടെ സ്വന്തം രാഷ്ട്രത്തിനു വേണ്ടി ശബ്ദ്രമുയര്ത്തുന്ന ആ ധീരന്റെ മുഖം മനസില് ന്നിന്നു മായുന്നില്ല. മരണം കണ്മുന്നില് നഗ്നനൃത്തമാടുമ്പോഴും യാങ്കി- സയണിസ്റ്റ് ഭീകരതക്കെതിരെ അമേരിക്കയും ഇസ്രായേലും തുലയട്ടെയെന്നും ഫലസ്തീന് നീണാള് വാഴട്ടെയെന്നും ആവര്ത്തിച്ച് മുദ്രാവാക്യം മുഴക്കുവാനും, കൊലമരത്തിലേക്ക് നോക്കി ‘ഇത് ആണുങ്ങള്ക്ക് വേണ്ടിയുള്ളതാണ്’ എന്ന് പറയുവാനും സാധിച്ച ധീരന്മാര് എത്രപേരുണ്ട് ചരിത്രത്തില്?!
2) നാല് വർഷങ്ങള്ക്ക് മുന്പാണ് , സദ്ദാമിന്റെ കാലത്ത് സി.ഐ.എ ഉദ്യോഗസ്ഥനായിരുന്ന ജോണ് നിക്സണ് എഴുതിയ ‘ഡിബ്രീഫിങ് ദ പ്രസിഡന്റ്: ദ ഇന്െറാറൊഗേഷന് ഓഫ് സദ്ദാം ഹുസൈന്’ എന്ന പുസ്തകം ലോകം വായിച്ചു ഞെട്ടിത്തരിക്കുന്നത് . സദ്ദാം കൂട്ടനശീകരണായുധങ്ങള് സംഭരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ജോര്ജ് ബുഷിന്െറ നേതൃത്വത്തില് ഇറാഖ് ആക്രമണത്തിന് ഐക്യരാഷ്ട്രസഭയില് യു.എസ് അനുമതി നേടിയെടുത്തത്. എന്നാല്, ആ വാദം തെറ്റായിരുന്നെന്ന് ആഴ്ചകള്ക്കുമുമ്പ് സി.ഐ.എ ഉദ്യോഗസ്ഥനായിരുന്ന ജോണ് നിക്സണ് വെളിപ്പെടുത്തുകയുണ്ടായി. യു.എസ് പിടിയിലായശേഷം നിക്സണാണ് സദ്ദാമിനെ ചോദ്യംചെയ്തിരുന്നത്. ലോകം മനസ്സിലാക്കിയതില്നിന്ന് തീര്ത്തും വിഭിന്നനായിരുന്നു സദ്ദാമെന്ന് നിക്സണ് പുസ്തകത്തില് പറയുന്നു . യു.എസും ബ്രിട്ടനും പ്രചരിപ്പിച്ചതുപോലെ സദ്ദാം കൂട്ടനശീകരണായുധങ്ങള് സംഭരിക്കുകയോ ഭീകരസംഘടനകളെ വളര്ത്തുകയോ ചെയ്തിരുന്നില്ളെന്നും നിക്സണ് പറയുന്നു.പ്രസിഡന്റ് പദവി പതുക്കെ സഹായികള്ക്ക് കൈമാറുന്ന പ്രക്രിയ സദ്ദാം ആരംഭിച്ചിരുന്നു. ഒപ്പം, ഒരു നോവലിന്െറ രചനയും അദ്ദേഹം തുടങ്ങിയിരുന്നു. ‘ബഗ്ദാദിലെ കശാപ്പുകാരന്’ എന്ന് യു.എസ് വിശേഷിപ്പിച്ച ഭരണാധികാരിയെ നേരില് കണ്ടപ്പോള് മറ്റൊരു ചിത്രമാണ് ലഭിച്ചതെന്ന് നിക്സണ് പറയുന്നു.!
3) സദ്ദാമിനെക്കുറിച്ച് സി.ഐ.എ വിശ്വസിച്ചിരുന്ന കഥകള് പലതും നുണയായിരുന്നു. സദ്ദാമിന് ഏറെ അപരന്മാരുണ്ടെന്ന കഥ അക്കൂട്ടത്തിലൊന്നാണ്. ഹലബ്ജയില് കുര്ദ് വംശജരെ ഉന്മൂലനം ചെയ്യാന് രാസായുധം പ്രയോഗിച്ചത് സദ്ദാം ഹുസൈന് ഉത്തരവ് നല്കിയത് പ്രകാരമാണെന്ന ആരോപണവും തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യമായി. ഇറാനുമായി ചങ്ങാത്തത്തിലായിരുന്ന കുര്ദുകള്ക്കെതിരെയുണ്ടാവുന്ന അതിക്രമം തന്െറ രാജ്യത്തിന് കൂടുതല് കുഴപ്പങ്ങള് സൃഷ്ടിക്കുമെന്ന് മറ്റാരെക്കാളും സദ്ദാമിന് അറിയാമായിരുന്നു. എന്നാല്, കുര്ദുകള്ക്കെതിരെ സദ്ദാം രാസായുധം പ്രയോഗിച്ചുവെന്ന കഥ സദ്ദാമിന്െറ മരണത്തിനുശേഷവും പ്രചരിച്ചു. യു.എസ് പ്രചാരണങ്ങളില് വിശ്വസിച്ച്, സദ്ദാമിന്െറ രക്തത്തിനായി മുറവിളികൂട്ടിയ യു.എസ് മാധ്യമങ്ങളില് പലതും ഇന്ന് പുനരാലോചനയിലാണ്. സദ്ദാമിനെ പിടികൂടാനായി നടത്തിയ ഇറാഖ് അധിനിവേശമാണ് ഇന്ന് പശ്ചിമേഷ്യയിലെ കുഴപ്പങ്ങളുടെ പ്രധാന കാരണമെന്ന് പലരും വിശ്വസിക്കുന്നു. അറബ് സോഷ്യലിസത്തിന്െറ പ്രയോക്താവായിരുന്ന സദ്ദാം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില് ഭീകരതക്കെതിരായ യുദ്ധത്തില് യു.എസിന്െറ വിശ്വസ്ത സുഹൃത്താവുമായിരുന്നു അദ്ദേഹമെന്ന് അവര് കരുതുന്നു. അല്ഖാഇദയുടെ കൂട്ടാളിയെന്ന യു.എസ് ആരോപണത്തില് സദ്ദാം അദ്ഭുതംകൂറിയിരുന്നു. ഭീകരതക്കെതിരായ യുദ്ധത്തില് യു.എസിന്െറ സ്വാഭാവിക സുഹൃത്തായിരിക്കും താനെന്ന് അദ്ദേഹവുമായുള്ള സംഭാഷണത്തില് സദ്ദാം പറഞ്ഞ കാര്യം നിക്സണും പങ്കുവെക്കുന്നു.
4) അമേരിക്കന് പ്രസിഡന്റ് ജോര്ജ്ജ് ബുഷിനോട് സദ്ദാം പറഞ്ഞ വാക്കുകള് ഇന്ന് അമേരിക്ക അക്ഷരംപ്രതി “അനുഭവിക്കുന്നതായും” മനസ്സിലാക്കാം. സദ്ദാം പറഞ്ഞു –
‘‘നിങ്ങള് പരാജയപ്പെടാന് പോവുകയാണ്. ഇറാഖ് ഭരിക്കുക എളുപ്പമല്ലെന്ന് നിങ്ങള്ക്ക് മനസ്സിലാവും. കാരണം, (ഇറാഖിന്െറ) ഭാഷയും ചരിത്രവും നിങ്ങള്ക്കറിയില്ല. അറബ് മനസ്സ് നിങ്ങള്ക്കറിയില്ല.’’
5) എന്ന് മാത്രമല്ല , സദ്ദാം ജീവിച്ചിരുന്നെങ്കില് ലോകത്തിനാകെ ഭീഷണിയായ ISIS അറബ് മണ്ണില് എവിടെയും വളരുമായിരുന്നില്ല , എന്ന് നിക്സന് മാത്രമല്ല, പടിഞ്ഞാറുള്ള അനേകം രാഷ്ട്രീയ നിരീക്ഷകര് ഈ വികാരം പങ്കുവയ്ക്കുന്നു.!
6) സദ്ദാമിനോട് വിയോജിപ്പുകളുണ്ട്; ചരിത്ര ബോധമുള്ള മുഴുവന് മനുഷ്യര്ക്കും സദ്ദാമിനോട് വിയോജിപ്പ് ഉണ്ടാവുകയുംചെയ്യും. കാലവും ചരിത്രവും മാപ്പ് നല്കാത്ത ചെയ്തികള് സദ്ദാമില് നിന്നു ഉണ്ടാകുമ്പോഴും, അമേരിക്കന് സ്വാര്ത്ഥ താല്പ്പര്യങ്ങള്ക്ക് മുന്നിലും, അവരുടെ സാമ്രാജ്യത്വ അജണ്ടകള്ക്ക് മുന്നിലും, പതറാത്ത ഒരേയൊരാൺകുട്ടി അറേബ്യന് മണലാരണ്യങ്ങളില് നിന്നു ജനിച്ചുദിച്ചുയര്ന്നത് സദ്ദാം ഹുസൈന് മാത്രമായിരുന്നു. സാംസ്കാരിക പൈതൃകത്തിന്റെയും, ചരിത്രാവശിഷ്ടങ്ങളുടെയും അതുല്ല്യ ഭൂമിയായിരുന്ന ഇറാഖ് ഇന്ന് കേവലം ഒരു രക്ത്തക്കളം മാത്രമാവുമ്പോള് സദ്ദാമിന്റെ മൂല്യം കൂടുതല് അനുഭവവേദ്യമാകുന്നു…!!
സാമ്രാജ്യത്വത്തിന്റെയും, ഫാഷിസത്തിന്റെയും അത്രമേല് ആസുരമായ ഈ കെട്ടകാലത്ത്, ആയിരം സദ്ദാമുമാര് ധീരമാതാക്കള്ക്ക്‌ പിറവിയുണ്ടാകട്ടെ..! അതുല്ല്യപോരാളിയുടെ ഓര്മ്മകള്ക്ക് മുന്നില് അശ്രുപൂക്കള്…!!
________________________________________
– Adv Jahangeer Razaq Paleri-
8136 888 889.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.